വെള്ളച്ചാട്ടം മാത്രമല്ല തുഷാരഗിരിയിലെ കാഴ്ചകൾ അതുക്കും മേലെ

സെപ്തംബർ നവംബർ മാസത്തിൽ ഉറഞ്ഞുതുള്ളുന്ന തട്ടു തട്ടുകളായി നിലപതിക്കുന്ന ഏറ്റവും മനോഹരമായ വെള്ളച്ചാട്ടമാണ് തുഷാരഗിരി വെള്ളച്ചാട്ടം.സാഹസികത ഇഷ്ടപെടുന്ന യാത്രികർക്ക് ഒരുക്കിവെച്ചിരിക്കുന്ന പ്രകൃതിയുടെ വരദാനമാണ്. തുഷാരഗിരിയിലെ പല പാറക്കെട്ടുകളുടെ ഇടയിയിലൂടെയും വെള്ളച്ചാട്ടങ്ങളുടെ സാന്നിധ്യത്തിൽ മലകയറാനുമുള്ള ഒരു പറുദീസ തന്നെയാണ്.
തുഷാരഗിരിയിലേക്കുള്ള ബൈക്ക് യാത്രയിൽ നടത്തിയ അനുഭവങ്ങൾ സരിക ശ്രീജിത്ത് വിവരിക്കുന്നു

കോഴിക്കോടൻ യാത്ര എന്നു പറയുമ്പോൾ തന്നെ രുചിയൂറുന്ന വിഭവങ്ങളായിരിക്കുമല്ലോ മനസിലേക്കെത്തുക..
എടുത്തു പറയുകയാണെങ്കിൽ നൂറു കൂട്ടം രുചികളുടെ..
സ്നേഹത്തിന്റെ ആവി പറത്തുന്ന സുലൈമാനിയുടെ…
ചൂടൻ കപ്പലണ്ടിയുടെ ഗന്ധം പരത്തുന്ന കടപ്പുറത്തിന്റെ…
അതിലെല്ലാമുപരി
ഖൽബിൽ നിറയെ സ്നേഹം പേറുന്ന കുറെ നല്ല മനുസന്മാരുടെ കോയിക്കോട്.

അത് കൊണ്ടൊക്കെത്തന്നെ ട്രാൻസ്ഫർ കിട്ടി വിടപറഞ്ഞു പോരുമ്പോൾ എന്തെന്നില്ലാത്ത ഒരു സങ്കടക്കടല് നെഞ്ചിൽ ഇരമ്പിക്കൊണ്ടേയിരുന്നു..

രണ്ടുവർഷം കൊണ്ട് കോഴിക്കോടിനെ ഒരു വിധം ഒക്കെ അനുഭവിച്ചെങ്കിലും എത്തിപ്പെടാത്ത ഒന്നായിരുന്നു ജില്ലയിലെ തന്നെ ഏറ്റവും പേര് കേട്ട ഇക്കോ ടൂറിസം കേന്ദ്രമായ തുഷാര ഗിരി.

അങ്ങനെ വീണ്ടും കോഴിക്കോട്ടേക്ക് ഒരാവശ്യത്തിന് എത്തേണ്ട ദിനം തന്നെ വനിതാ ബുള്ളറ്റ് ക്ലബ്ബിന്റെ ഗ്രൂപ്പിൽ തുഷാരഗിരിയിലേക്കുള്ള യാത്രാചർച്ച ചൂട് പിടിച്ചു നടക്കുന്നത് കണ്ടു .

എന്തായാലും കൂടെ കൂടണം എന്നുറപ്പിച്ചു. ഇനി അങ്ങനെ ഒന്ന് ഉണ്ടായെന്നു വരില്ല.
പെൺകൂട്ടങ്ങൾ വണ്ടിയും മറ്റും തലേന്ന് തന്നെ സംഘടിപ്പിച്ചു വച്ചു. പുറത്തു നിന്ന് വന്ന ഞങ്ങൾ രണ്ടു പേർക്കൊഴികെ വണ്ടി സ്വന്തമായി ഉള്ളതാണ് .
ഗ്രൂപ്പ് നേതാവ് ഷൈനി ചേച്ചി Shyni Rajkumarഅറിയപ്പെടുന്ന ഒരു സഞ്ചാരി ആണ്. കന്യാകുമാരി മുതൽ ഹിമാലയം വരെ ബുള്ളറ്റിൽ ഒറ്റയ്ക്കും കൂട്ടായും യാത്രയൊക്കെ ചെയ്തു വാർത്തയിൽ ഇടം നേടിയ വനിതയാണ്.

വണ്ടി ഇല്ലാത്തതു കൊണ്ടു നിങ്ങൾ ഒഴിയണ്ട എന്നും പറഞ്ഞു ഞങ്ങൾക്കുള്ള വണ്ടി നിമിഷ നേരം കൊണ്ട് ചേച്ചി ഏർപ്പാട് ചെയ്തു. അതും കാലിക്കറ്റിന്റെയ് സ്വന്തം ഷോറൂം ആയ bluemountain മോട്ടോഴ്‌സ്ൽ നിന്നും.
ഫേസ്ബുക്കിലെ സഞ്ചാര കഥകൾ വായിച്ചു വെള്ളം ഇറക്കി ഇരിക്കാൻ തുടങ്ങിട്ട് കാലം കുറേയായി.
നേരത്തെ പ്ലാൻ ചെയ്താൽ പലതും നടക്കാറില്ല. പിറ്റേന്ന് യാത്ര പോകുന്നതിന്റെ ആവേശത്തോടെ രാത്രി വൈകി ഉറങ്ങാൻ കിടന്നു.

വെളുപ്പിന് 6 മണിക്ക് കോഴിക്കോട് കടപ്പുറത്താണ് എല്ലാവരും യാത്ര ആരംഭിക്കാനായി സന്ധിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

വെളുപ്പിനെ എഴുന്നേറ്റു
ചങ്കത്തിയെയും കൂട്ടി കടലോര പാതയിലൂടെ വച്ചു പിടിച്ചു. 6 മണി പറഞ്ഞെങ്കിലും എല്ലാരേം ഒപ്പിച്ചു യാത്ര തുടങ്ങിയപ്പോൾ സൂര്യൻ ഏകദേശം മുകളിൽ എത്തിയിരുന്നു.

വൈകി വന്ന ഇത്താത്തമാരെ എല്ലാരും നോക്കിയപ്പോൾ ‘മൂന്ന് പിള്ളേരുടെ തള്ളമാരുടെ രാവിലത്തെ നൊമ്പരം നിങ്ങൾക്കൊന്നും പറഞ്ഞ മനസിലാവില്ല്യ പെങ്കുട്ട്യോളെ’ എന്നും പറഞ്ഞു അവർ ചിറി കോട്ടി

അങ്ങനെ ഏഴുമണിയോടെ 8 വണ്ടികളിലായിഞങ്ങൾ യാത്ര പുറപ്പെട്ടു.

കോഴിക്കോട് കുന്നമംഗലം വഴി താമരശ്ശേരി ചുരത്തിലേക്കു.. ആകെ ത്രില്ലടിച്ചിരുന്ന മനസിനേ പൂട്ടി വച്ചിരുന്ന കടിഞ്ഞാൺ അഴിച്ചു വിട്ടു മലയോര മേഖലയിലേക്ക് കയറി.
താമരശേരി ചുരത്തിന്റെ അടിവാരത്തെത്തിയപ്പോൾ വിശപ്പിന്റെ വിളി നേതാവിനെ അറിയിച്ചു വണ്ടി സൈഡ് ആക്കി.

അവിടുന്ന് മസാല ദോശയും അടിച്ച് വീണ്ടും വണ്ടി എടുത്തു. ചുരത്തിനു മുൻപുള്ള പഴയ തുക്കടാ റോഡ് ഒക്കെ മാറി ഇപ്പോൾ പുതിയ ഒരു റോഡ് കണ്ടുപിടിച്ചിട്ടുണ്ടത്രെ …കൂട്ടത്തിൽ ഒരുത്തിയുടെ വെളിപ്പെടുത്തൽ.
‘എന്നാ മ്മക്ക് ആ വഴി പോവാ ‘
ഓഫ് റോഡ് റൈഡിങ് അലര്ജി ഉള്ള ഞാൻ വേഗം കൈ പൊക്കി.
‘എന്നാ എല്ലാരും ചുരം കേറാൻ റെഡി ആയിക്കോ ‘ഷൈനി ചേച്ചി തീരുമാനം അറിയിച്ചു.

‘ദേവ്യേ ഒരാവേശത്തിനു പറഞ്ഞതാണ് ചുരം കേറാൻ എന്നെകൊണ്ട് ആവുമോ ‘ആവശ്യമില്ലാത്ത ഒരു ആത്മവിശ്വാസക്കുറവ് അസ്ഥാനത്തു തലപൊക്കി.

‘ഇത്ര ദൂരം ഓടിച്ചത് നീ തന്നെ അല്ലെ’
ചേച്ചി നോട്ടം കടുപ്പിച്ചു.
ഒരു വളിച്ച ഇളിയോടെ വരുന്നിടത്തു വച്ചു കാണാം എന്നു കരുതി വീണ്ടും വണ്ടി എടുത്തു.
അങ്ങനെ നമ്മടെ പപ്പു പറഞ്ഞ താമരശ്ശേരി ചുരം കയറി തുടങ്ങി
ചുരത്തിന്റെ രണ്ടാം വളവിൽ നിന്നാണ് തുഷാര ഗിരിയിലേക്കുള്ള പുതിയ വഴി. വളവ് തിരിയാൻ തുടങ്ങിയതും വഴി തെറ്റിയോ എന്ന സംശയത്തിൽ മുന്നിൽ പോയവൾ ചെറുതായൊന്നു പാളിയതും
രണ്ടു ചെക്കന്മാർ ആ വഴി വന്നു രണ്ടു ഡയലോഗ്
‘വീട്ടിൽ നിനക്കൊന്നും വേറെ പണിയില്ലാഞ്ഞിട്ടാണോടി ബുള്ളറ്റ് എടുത്തു ഇറങ്ങി ഇരിക്കുന്നത് ‘??

ഞങ്ങൾ നേതാവിന്റെ മുഖത്തേക്ക് നോക്കി.

‘ തളരരുത് രാമൻകുട്ടി ‘ ചേച്ചിടെ മുഖം വിളിച്ചു പറയുന്നു.
അങ്ങനെ വീണ്ടും യാത്ര പച്ചപ്പും ഹരിതഭയും നിറഞ്ഞ കാനനവീഥിയിലേക്കു.അവിടന്ന് അങ്ങോട്ടുള്ള അഞ്ചു കിലോമീറ്റർ യാത്ര അത്രയും മനോഹരമായ അനുഭവമായിരുന്നു. പുതുക്കിയ റോഡ് ആയതു കൊണ്ടു അനായാസേന പ്രകൃതിയെ ആസ്വദിച്ചു കടന്നു പോകാൻ പറ്റി.
അങ്ങനെ ഒമ്പതരയോടെ ഞങ്ങൾ തുഷാര ഗിരിയുടെ മടിത്തട്ടിലെത്തി. പുഴക്ക് കുറുകെയുള്ള പാലം ആണ് ഞങ്ങളെ വരവേറ്റത്..
ഉദ്ദേശിച്ചത് മഴയാത്ര ആയിരുന്നെങ്കിലും ഇത്തവണത്തെ കാലവർഷത്തിന്റെ ചതിയിൽ വെയിൽ യാത്ര ആയിപ്പോയി.(2019 ആണ് കാലവർഷം വൈകിയെത്തിയതും പ്രളയമായതും പിന്നീട് ചരിത്രം )

സൂര്യൻ തന്റെ പണി തുടങ്ങിയപ്പോൾ പാലത്തിലുള്ള പടം പിടുത്തം നിർത്തി ഞങ്ങൾ പാർക്കിംഗ് സൈഡിലേക്ക് കയറി. താമരശ്ശേരി റേഞ്ചിലെ കോടഞ്ചേരിയിൽ ജീരകപ്പാറ വനത്തിലാണ് തുഷാരഗിരി ഇക്കോ ടൂറിസം മേഖല…. ഈരാറ്റു മുക്ക് വെള്ളച്ചാട്ടം, മഴവിൽ ചാട്ടം, തുമ്പി തുള്ളും പാറ വെള്ളച്ചാട്ടം, പുഴക്ക് കുറുകെയുള്ള തൂക്കുപ്പാലം, തുഷാരഗിരി ജല വൈദ്യുത പദ്ധതിയുടെ മിനി ഡാം, നാല് പേർക്ക് വരെ പൊള്ളയായ ഉൾവശത്ത് കയറി നില്ക്കാവുന്ന താന്നി മുത്തശ്ശി, സാഹസിക കാനന യാത്ര, ട്രെക്കിംഗ്, ക്യാമ്പിംഗ്, ഏറു മാടങ്ങൾ , പക്ഷി നിരീക്ഷണം, ചാലിപ്പുഴയിലെ കയാക്കിംഗ് ഇവയൊക്കെ ആണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.
ഞങ്ങളുടെ യാത്രയിൽ റൈഡിനു പ്രാധാന്യം കൊടുത്തിരുന്നത് കൊണ്ട് ഈരാറ്റുമുക്ക് വെള്ളച്ചാട്ടത്തിൽ ഒതുക്കാം എന്നു തന്നെ ആയിരുന്നു ഞങ്ങളുടെ ഉദ്ദേശം.

വണ്ടി പാർക്ക്‌ ചെയ്തു ഞങ്ങൾ പച്ച വിരിച്ച വഴിയിലേക്ക് കയറി 30 രൂപയാണ് ടിക്കറ്റ് നിരക്ക്…
തുമ്പിതുള്ളുംപാറ വരെയുള്ള ട്രെക്കിങ്ങിനു എൻട്രി ഫീ ആയ 30 മതിയാവും…

നിരവധി ചെറു ഹോട്ടലുകളിലായി ഭക്ഷണവും ലഭ്യമാണ്…
തൂക്കുപാലം കയറി ഞങ്ങൾ വെള്ളച്ചാട്ടത്തിലേക്കു നടന്നു. വെള്ളം കണ്ടതും ഒരുത്തി ഒറ്റ ചാട്ടത്തിനു വെള്ളത്തിലിറങ്ങി.
മാറ്റാനുള്ള ഡ്രസ്സ്‌ ഒന്നും കരുതിയിരുന്നില്ലെങ്കിലും ആവേശം മൂത്തു ഒന്ന് രണ്ടു പേരൊഴികെ കാട്ടിലെ തേനരുവിയിൽ നീന്തി തുടിച്ചു.
ഇടവപ്പാതിയിൽ നിറയേണ്ട വെള്ളച്ചാട്ടങ്ങൾ ഇത്തവണ പതുങ്ങിയതുകൊണ്ട് മാത്രം സുരക്ഷിതമായി കരക്ക്‌ കയറി.
പലയിനം ചൊറിയമ്പുഴുക്കൾ പാരച്ചൂട്ടിൽ ഇറങ്ങി വഴിയരികിൽ ഞങ്ങളെ വരവേറ്റു.
അട്ട ഇല്ലെന്നു ഗൈഡ് പറഞ്ഞ ധൈര്യത്തിൽ നഗ്നപാദരായി തിരിച്ചു നടന്നു.
ഒന്നര മണിക്കൂറിനുള്ളിൽ എല്ലാരും അത്രമേൽ ചങ്ങാതിമാരായി തീർന്നിരുന്നു. പന്ത്രണ്ടരയോടെ എല്ലാവരും തിരിച്ചു പോകാൻ തയ്യാറായിരുന്നു.
അടുത്ത ട്രിപ്പിന്റെ പ്ലാനുകളെ സ്വപ്നം കണ്ടു പെൺസംഘം തിരിച്ചു ചുരം ഇറങ്ങി.. ഒരിക്കൽ ഉൾക്കൊണ്ട ആവേശം സാർത്ഥകമാക്കിയ നേതാവിനോട് കടപ്പെട്ടുകൊണ്ട് ഇത്രയും ആത്മവിശ്വാസം നൽകിയ യാത്രയെ ചങ്കിൽ സ്വീകരിച്ചു എല്ലാരും യാത്ര പറഞ്ഞിറങ്ങി.
കോഴിക്കോടിന്റെ പറുദീസയെ കുറിച്ച് പറയാൻ ഇനിയുമേറെയുണ്ട്.വെള്ളച്ചാട്ടങ്ങളുടെ തഴുകൽ എന്നും ഒരു അനുഭവം തന്നെയാണ് കാടുകളുടെയും മേടുകളെയും തൊട്ടുരുമ്മിയുള്ള തണുത്തുറഞ്ഞ ജലം താഴേക്ക് പതിക്കുന്നത് നോക്കി നിൽക്കാൻ തന്നെ ആനന്ദകരമാണ്