യൂറോപ്പിലെ ക്രിസ്മസ് വ്യാപാരത്തിന്റെ ദൃശ്യവിരുന്നു

Dibin Jacob

Travelouge

തൃശൂർ ജില്ലയിലെ കൃഷ്ണൻകോട്ടയിൽ ജനനം. പൊയ്യ എ കെ എം ഹൈസ്‌കൂൾ,ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്,തൃശൂർ എൻജിനീയറിങ് കോളേജ്, അയർലൻഡിലെ ഡബ്ലിൻ ബിസിനസ് സ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇപ്പോൾ കാനഡയുടെ പടിഞ്ഞാറൻ തീരത്ത് വാൻകൂവറിൽ സ്വയം തൊഴിൽ.വിവാഹിതൻ,ഒരു പെൺകുട്ടിയുടെ അച്ഛൻ. അന്വേഷി,സഞ്ചാരി,എഴുത്തുകാരൻ.

(ജോസ്റ്റിൻ ഗാർഡർ, ക്രിസ്മസ് മിസ്റ്ററി, 1992)

2017. Europe Christmas

യൂറോപ്പിലെ ജർമൻ ഭാഷ സംസാരിക്കുന്ന മേഖലകളിൽ, പതിനാലാം നൂറ്റാണ്ടിൽ മധ്യ കാലഘട്ടത്തിന്റെ അവസാന വർഷങ്ങളിലാണ് ക്രിസ്മസ് വാണിഭ കേന്ദ്രങ്ങളുടെ ആരംഭം. ആഗമനകാലത്തെ നാല് ആഴ്ചകളിൽ, നഗരചത്വരത്തിൽ സംഘടിപ്പിക്കപ്പെടുന്ന മാർക്കറ്റിൽ ക്രിസ്മസിന്റെ തയ്യാറെടുപ്പിന് വേണ്ടതെല്ലാമുണ്ടാകും. ഭക്ഷണ പാനീയങ്ങൾ, നക്ഷത്രവിളക്കുകൾ, സുഗന്ധദ്രവ്യങ്ങൾ, മെഴുകുതിരികൾ, തേൻ, ശീതകാല വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ, അലങ്കാര സാമഗ്രികൾ. വീട്ടിലുണ്ടാക്കുന്ന വിഭവങ്ങളും കൃഷിയിടത്തിൽ നിന്നു പറിച്ചെടുത്ത പുതുമ ചോരാത്ത ഫലങ്ങളും വിപണിയുടെ ഭാഗമാണ്.

ജർമൻ നഗരങ്ങളായ ലീപ്സിഗ്, ഡ്രസ്ഡൻ, ഫ്രാൻക്ഫർട്ട്, ന്യൂൻബർഗ്, സ്റ്റുട്ഗർട്ട് എന്നിവ പഴയകാല ക്രിസ്മസ് മാർക്കറ്റിനു പേരുകേട്ടവയാണ്. ഇപ്പോഴും അവിടങ്ങളിലാണ് ഏറ്റവും വലിയ വിപണികൾ. ലീപ്സിഗിലെ ക്രിസ്മസ് മാർക്കറ്റ് സൊസൈറ്റി വാൻകൂവർ ഉൾപ്പെടെയുള്ള ക്രിസ്ത്യൻ സാന്നിധ്യമുള്ള ലോകനഗരങ്ങളിൽ യൂൾടൈഡ് സീസണിൽ ഈ മേള നടത്തുന്നു.

തീർച്ചയായും കച്ചവടവൽക്കരണമുണ്ട്, മാർക്കറ്റ് എന്ന പേരിൽ തന്നെ അതുണ്ടല്ലോ. എന്നാൽ പരമ്പരാഗത യൂറോപ്യൻ ക്രിസ്മസിന്റെ വികാരങ്ങൾ ഉണർത്താനും കഴിയുന്നുണ്ട്. വിൽക്കപ്പെടുന്ന വസ്തുക്കൾക്ക് ഉപരിയായി അതൊരു ദൃശ്യാനുഭവമാണ്. സൂര്യൻ മറയുമ്പോൾ രാത്രിയുടെ തിരശ്ശീല നീക്കി പ്രത്യക്ഷമാകുന്ന ഒരു മാന്ത്രികലോകം.

ഒരു ദശാബ്ദം മുമ്പ് അയർലൻഡിൽ നിന്നു മടങ്ങുമ്പോൾ ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്നും ബാംഗ്ലൂരിലേക്കുള്ള കണക്ഷൻ ലുഫ്താൻസ എയർലൈനായിരുന്നു. നാട്ടിൽ തിരിച്ചെത്തിയതിനു ശേഷമുള്ള ഓരോ ക്രിസ്മസ് കാലത്തും, യൂറോപ്യൻ നഗരങ്ങളിൽ സഞ്ചരിച്ച് ക്രിസ്മസ് മാർക്കറ്റിന്റെ ഭാഗമാകാൻ ലുഫ്താൻസയുടെ ഓഫറുകൾ എനിക്ക് ഇമെയിലിൽ വരുമായിരുന്നു.

ബർലിനിലും, ക്രാക്കോവിലും, ബേസലിലും, മാൽമോയിലും, കോപ്പൻ ഹേഗനിലും, ഹെൽസിങ്കിയിലും, ഓസ്ലോയിലും ഗൂഗിൾ ചിത്രങ്ങൾ കണ്ട് ഭാവനയിൽ പറന്നു നടന്നു തൃപ്തിയടഞ്ഞു. കണ്ടിരിക്കേണ്ട കാര്യങ്ങളിലൊന്നായി ഈ ക്രിസ്മസ് അത്ഭുതത്തെ മനസ്സിൽ ഭദ്രമായി നിക്ഷേപിച്ചു.

ആറ് വർഷം മുമ്പ് വാൻകൂവറിൽ അതെന്നെ തേടി വന്നു – ക്രിസ്മസ് മാർക്കറ്റ്. ആ വർഷത്തെ ഏറ്റവും തണുപ്പുള്ള രാത്രിയിൽ അവിസ്മരണീയമായ അനുഭവം. പല നിരകളിലായി ബഹുവർണ വൈദ്യുത വിളക്കുകളാൽ അലംകൃതമായ എൺപത് കുടിലുകൾ. ഒരു ഭാഗത്ത് ജർമനിയിലെ റോതൻബർഗിലെ വിദഗ്ധരായ കലാകാരുടെ കരകൗശല വസ്തുക്കളുടെ പ്രത്യേക പ്രദർശനം. സ്വന്തം കുഞ്ഞിന് ക്രിസ്മസ് സമ്മാനം നൽകാൻ ഒരാൾ തുടങ്ങിയ സംരംഭം ഇപ്പോൾ വലിയ ലാഭം നേടുന്ന കമ്പനിയാണ്.

മാർക്കറ്റിന്റെ നടുവിൽ ഒരു മരഗോപുരത്തിൽ ഏതാനും മാലാഖമാർ നിരന്നു നിൽക്കുന്നു. അതിനു താഴെ സംഗീതജ്ഞരും ഗായകരും. ഭക്ഷണ ശാലകളിൽ നിന്നുള്ള കൊതിപ്പിക്കുന്ന ഗന്ധം ചുറ്റും പടരുന്നു. ഇളം ചൂടുള്ള മൾഡ് വൈൻ കുടിക്കാൻ നീണ്ട നിര, മ്യൂണിക്കിലെ ഒക്ടോബർ ഉൽസവം പോലെ പോർക്ക് സോസേജ്, ബീഫ്‌ സ്റ്റ്യൂ, പ്രെറ്റ്സൽ വിഭവങ്ങൾ അവിടെത്തന്നെ പാകം ചെയ്യുന്നു. ബവേറിയൻ ബിയറിന്റെ ലഹരി നുകരുന്ന യുവമിഥുനങ്ങളുടെ ചിരി മുഴങ്ങുന്നു.

_

2023.Europe Christmas

ക്രിസ്മസ് മാർക്കറ്റിൽ ഞാനിത് അഞ്ചാം തവണ. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം പോയിട്ടും പഴയ ആവേശം ഉണ്ടായില്ല. അനുഭവങ്ങളുടെ മാന്ത്രികത അതിപരിചയം മൂലം നഷ്ടമാകും. കാഴ്ചകൾ സുന്ദരം തന്നെ.

ആദ്യമായി കാണുന്നവർക്ക് അത്യാനന്ദം. ക്രിസ്മസ് മാർക്കറ്റിൽ ഞാനിനിയും പോകും. അതൊരു യൂറോപ്യൻ നഗരമാണെങ്കിൽ ബഹുകേമം, ജർമനിയിലെ ബവേറിയൻ പ്രദേശം ഉചിതം.

Previous Article of Author: https://www.yathradiary.com/alberta-province-with-peace-and-safe-travel-destination/

Leave a Reply