കൊടും കാടിനുള്ളിലൂടെയുള്ള ആ യാത്ര: ആതിരപ്പള്ളി മലക്കപ്പാറ

അധിക സ്‌കൂളുകളുടെയും വെക്കേഷൻ ടൂറിൽ തിരഞ്ഞെടുക്കുന്ന ഒരു മനോഹരമായ വെള്ളച്ചാട്ടമാണ് അതിരപ്പള്ളി.അങ്ങനെ നീണ്ടുകിടക്കുന്ന അതിരപ്പിള്ളിലേക്കുള്ള യാത്രകളിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ .അത്പോലെ തന്നെയാണ് ഇടതൂർന്നു നിൽക്കുന്ന തേയിലത്തോട്ടങ്ങളും പ്രകൃതി മനോഹാരിതയിൽ കുളിച്ചു നിൽക്കുന്ന മലക്കപ്പാറ വിസ്മരിക്കേണ്ട ഒന്ന് തന്നെയാണ്.തൃശൂരിന്റെ വന്യ സൗന്ദര്യമായാ അതിരപ്പിള്ളി-മലക്കപ്പാറയുടെ യാത്ര അനുഭവം സരിക ശ്രീജിത്ത് പങ്കുവെക്കുന്നു..

യാത്രയോട് ഹരം തോന്നി തുടങ്ങിയ കാലം മുതൽ എവിടെയോക്കെ അലഞ്ഞിട്ടുണ്ടെങ്കിലും ഒരു മോഹമായി ബാക്കിയായിരുന്നതായിരുന്നു മലക്കപ്പാറ.

വന്യ സൗന്ദര്യം നുകർന്നു ഒരു സാഹസിക ബൈക്ക് റൈഡ് ആയിരുന്നു ആഗ്രഹം കിടന്നിരുന്നതെങ്കിലും അവസരം വന്നത് ബസ് യാത്രയാണ്.
പുതിയ ജോലി സ്ഥലത്തേക്കുള്ള പറിച്ചു നടലിൽ വേരാഴ്ന്നു പിടിക്കാനുള്ള വ്യഗ്രതയായിരുന്നു.ചെന്ന് രണ്ടു ദിവസത്തിനകം എല്ലാരും കൂടി യാത്ര പ്ലാൻ ചെയ്തു കഴിഞ്ഞിരുന്നു.
ഞങ്ങൾ മൊത്തം മുപ്പതോളം പേർ. രാവിലെ 7 മണിക്ക് ബസ് പുറപ്പെടുന്നത് വരെയും റൂട് മാത്രമാണ് വ്യക്തതയുണ്ടായിരുന്നത്.

‘എല്ലാർക്കും റിലാക്സ് ചെയ്തു ആസ്വദിച്ചു പോകാനൊരു യാത്ര അതാണ് നമ്മുടെ ഒരു ഇത് ‘
ടൂർ കോർഡിനേറ്റർ ലിൻസി ടീച്ചർ നയം വ്യക്തമാക്കി.

പുത്തൻചിറയിൽ നിന്നും എല്ലാരേയും തെളിച്ചു കൊണ്ട് ബസ് പുറപ്പെടുമ്പോൾ ഏകദേശം 8 മണിയോടടുത്തിരുന്നു.
ചാലക്കുടി ആനമല റോഡിൽ കാത്തു നിന്നിരുന്ന രണ്ടു പേരെയും കൂടി എടുത്തു ബസ് അതിരപ്പിള്ളി റോഡിലൂടെ കൊമ്പ് കുലുക്കി പായാൻ തുടങ്ങിയിരുന്നു.

വിനോദസഞ്ചാര മേഖലയുടെ കവാടമായ തുമ്പൂർമുഴി ശലഭോദ്യാനം, ചാലക്കുടിപുഴയിലെ തൂക്കുപാലം, അതിരപ്പിള്ളി, ചാർപ്പ, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ, പെരിങ്ങൽക്കുത്ത്, ഷോളയാർ ഡാമുകൾ, ആനക്കയം എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങൾ കാണാനാകും.

മ്യൂസിക് സിസ്റ്റത്തിൽ ഡിജെ സോങ് തകർക്കാൻ തുടങ്ങിയെങ്കിലും കുട്ടി കുറുമ്പൻമാർ ആരും തന്നെ കേട്ട ഭാവം ഇല്ലാതെ സീറ്റിൽ തന്നെ ഇരുപ്പാണ്.

അമ്മമാർ ഇറങ്ങി ഡാൻസ് തുടങ്ങിയതോടെ ഓരോരുത്തരുടെ മുഖത്തും നാണം തെളിഞ്ഞ ചിരി.

അതിരപ്പിള്ളി ഒരു സ്ഥിരം സന്ദർശന സ്ഥലം ആയതുകൊണ്ട് ഈ പ്രാവശ്യം അതങ്ങു ലിസ്റ്റിൽ നിന്നും ഒഴിവാക്കി വിട്ടു.
വാഴച്ചാൽ മേഖലയിൽ ബസ് നിർത്തി ടിക്കറ്റ് എടുത്തു എല്ലാരും അകത്തു കടന്നു. അതിരപ്പിള്ളി എത്രയോ പ്രാവശ്യം വന്നു പോയിട്ടും വാഴച്ചാൽ ഇതുവരെ വരാതെ വിട്ടു പോയത് എങ്ങിനെയെന്ന് ഒരു പിടിയും കിട്ടിയില്ല.

ചാലക്കുടി പുഴ ശാന്തമായി ഒഴുകുന്നു. പ്രളയം തകർത്തു വച്ച ചില തിരുശേഷിപ്പുകൾ അങ്ങിങ്ങായി ടൂറിസം വകുപ്പ് മേക്കപ്പ് ചെയ്തു കൊണ്ടിരിക്കുന്നു.

വനമേഖലയിൽ ശൗചാലയം ഉണ്ടാവില്ലെന്ന ആരുടെയോ മുന്നറിയിപ്പു പ്രകാരം വാഴച്ചാലിൽ വച്ച് തന്നെ ടോയ്ലറ്റ് കണ്ടു പിടിച്ചു കാര്യം സാധിക്കൽ കൂടിയായിരുന്നു സംഘത്തിന്റെ പ്രധാന ലക്ഷ്യം .

കയ്യിൽ കരുതിയിരുന്ന ബ്രേക്ക് ഫാസ്റ്റും കഴിച്ച് പൂർവാധികം ശക്തിയോടെ അവിടെ നിന്നും യാത്ര തിരിച്ചു.
അവിടെ നിന്നും പിന്നീടുള്ള വഴി കൊടും വനത്തിലേക്കുള്ള വാതിൽ തുറക്കലായിരുന്നു.
കാടിന്റെ വശ്യ സൗന്ദര്യവുമായി വനം ഞങ്ങളെ വരവേറ്റു.

ഡ്രൈവർ പാട്ട് നിർത്തിയപ്പോൾ കുട്ടികൾ നെറ്റി ചുളിച്ചു.
വനമേഖലയിൽ പാട്ട് നിഷിദ്ധമാണെന്നറിയിച്ചു ഡ്രൈവർ വണ്ടി മുന്നോട്ടെടുത്തു.

പെട്ടന്ന് നിശബ്ദരായ സംഘത്തെ നമുക്ക് അന്താക്ഷരി കളിക്കാം എന്ന് പറഞ്ഞു വീണ്ടും ഉഷാറക്കിയത് ഉപേന്ദ്രൻ മാഷാണ്..
പാട്ടുകൾ പാടി തകർക്കുന്നതിനിടയിൽ ബസിനിരുവശവും നിറഞ്ഞ കാട് ഞങ്ങളെ പാട്ടിൽ നിന്നും പിൻവലിപ്പിച്ചു വന്യ സൗന്ദര്യത്തിലേക്കു മാടി വിളിച്ചു.

കൊടും കാടിനുള്ളിലൂടെയുള്ള ആ യാത്ര നിറച്ചത് ഒരു പ്രത്യേക തരം എനർജിയായിരുന്നു.

ജൈവവൈവിധ്യം കൊണ്ടും മനം മയക്കുന്ന കാഴ്ചകൾ കൊണ്ടും സമ്പന്നമായ പശ്ചിമഘട്ട മഴക്കാടുകളായ വാഴച്ചാൽ ഷോളയാർ വനമേഖലകളിലൂടെ ബസ് സാവധാനത്തിൽ നീങ്ങിക്കൊണ്ടിരുന്നു.
ബസ് ഷോളയാർ മേഖലയോടടുത്തപ്പോൾ കാടിന്റെ മുഖച്ഛായ പതിയെ മാറാൻ തുടങ്ങിയിരുന്നു.
പച്ച വിരിച്ച മൊട്ട കുന്നുകൾ പോലെ തോന്നിക്കുന്ന തേയില തോട്ടങ്ങൾ ഓർമിപ്പിച്ചത് മുൻപെന്നോ പോയ മൂന്നാർ യാത്രയെയാണ്.

സമയം നട്ടുച്ചയായിരുന്നു എങ്കിലും തണുത്ത ശീതൻകാറ്റ് ബസിന്റെ ചില്ലുകൾക്കിടയിലൂടെ വന്നു പൊതിഞ്ഞു. ഷോളയാർ ഡാമിനോടടുക്കുമ്പോൾ ചുവന്ന പൂവിരിച്ച വൻ മരങ്ങൾ തേയിലത്തോട്ടങ്ങൾക്ക് ഭംഗിയേകി.

ഇടക്കെപ്പോഴോ ഒരു കൂട്ടം സിഹവാലൻ കുരങ്ങുകൾ ഞങ്ങളെ അത്ഭുതപെടുത്തികൊണ്ട് കാഴ്ചയുടെ വിരുന്നൊരുക്കി തന്നു. വംശനാശനം സംഭവിച്ചു കൊണ്ടിരിക്കുന്ന കൂട്ടരാണെന്നു വായിച്ചറിഞ്ഞിട്ടുണ്ട്. വണ്ടി ഷോളയാർ ഡാമിനോട് ചേർന്ന് നിർത്തി എല്ലാരും ഉച്ചഭക്ഷണം കഴിക്കാൻ തുടങ്ങി.

ഡാമിനോട് ചേർന്ന ചരുവിൽ മേഞ്ഞു നടന്നിരുന്ന പശുക്കൾ ഞങ്ങൾ എന്തോ കഴിക്കുകയാണെന്നു കണ്ടു അങ്ങോട്ട് വന്നു. ബാക്കിയുണ്ടായ ബിരിയാണി ഒരു പ്ലേറ്റിൽ പശുവിനു വിളമ്പി ലിൻസി ടീച്ചർ മാതൃകയായി .

ഭക്ഷണം കഴിഞ്ഞു എല്ലാരുടെയും സൗകര്യാർത്ഥം ബസ് എടുക്കുമ്പോൾ സമയം കരുതിയതിൽ നിന്ന് കുറച്ചു കൂടി വൈകിയിരുന്നു. നീണ്ടു പരന്നു ഷോളയാർ ഡാം ആ വഴികൾക് മോടി കൂട്ടി.

ഇടക്കൊരു തേയിലത്തോട്ടത്തിൽ നിർത്തി ബസ് ഡ്രൈവർ വിശാല ഹൃദയനായി. ‘എല്ലാരും ഇറങ്ങി വേണ്ടത്ര പടം പിടിച്ചോളൂ. ‘
കേട്ട പാതി ക്യാമറയും തൂക്കി എല്ലാരും ചാടിയിറങ്ങി. പല പോസിലുള്ള പോട്ടം പിടുത്തത്തിൽ എല്ലാവരും മുഴുകിയിരിക്കുമ്പോൾ തോട്ടം നടത്തിപ്പുകാരൻ എന്ന മട്ടിലൊരാൾ കടന്ന് വന്നു ആകെ മൊത്തം സീൻ .

എല്ലാരേയും ആട്ടി തെളിച്ചു ബസിൽ കയറ്റി വീണ്ടും യാത്രയായി.
സായാഹ്നം സൂര്യന്റെ കിരണങ്ങളേറ്റു കൂടുതൽ സുന്ദരിയായി. വാല്പാറയും കടന്നു ബസ് ചുരമിറങ്ങി തുടങ്ങി. ചുരത്തിന്റെ ഒരു വശം ആളിയാർ ഡാം അതിന്റെ സർവ്വ സൗന്ദര്യവും വിരിച്ചു സായാഹ്‌ന സൂര്യനെ യാത്രയയക്കുന്നു. കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും മനോഹരമായ ഒരു ചുരമിറക്കം.പ്രകൃതി ഒരു സംഭവം തന്നെയാണെന്ന് വീണ്ടും വീണ്ടും തോന്നിപ്പിക്കുന്ന നിമിഷങ്ങൾ.
ഇറക്കത്തിനൊടുവിൽ ആളിയാർ ഡാമിനോട് ചേർന്ന് വണ്ടി നിർത്തി. ഇരുള് വീഴാൻ തുടങ്ങിരുന്നു.

200 പടികളും കയറി അസ്തമയ സൂര്യനെ യാത്രയയക്കൻ നമ്മളിൽ നിന്നും ഒരു സംഘം മുകളിലെത്തി. അസ്തമയം കഴിഞ്ഞ് ഇറങ്ങി അടുത്തുള്ള ചായ കടയിൽ നിന്ന് ഒരു സ്ട്രോങ്ങ്‌ ചായയും കുടിച്ചു യാത്ര തിരിച്ചു.
പൊള്ളാച്ചി വഴി -വടക്കുംചേരി -തൃശൂർ.
ഇരുട്ട് വീണത് കൊണ്ട് മാത്രം പൊള്ളാച്ചിയുടെ സൗന്ദര്യം ആസ്വദിക്കാനാവാത്തതിൽ എല്ലാവരും കുണ്ഠിതപ്പെട്ടു. എങ്കിലും ഒരു യാത്രയുടെ ആഹ്ലാദം മുഴുവനായി ആഘോഷിച്ചു ബസ് തൃശൂരിലേക്ക് തിരിച്ചു. പ്രകൃതിയുടെ വരധാനങ്ങളെയെല്ലാം തൊട്ടറിഞ്ഞുള്ള യാത്ര ഒരിക്കലും മറക്കാനാകാത്തതാണ്. നിബിഢവനങ്ങളാൽ ചുറ്റപ്പെട്ട പ്രദേശങ്ങൾ നവകാലത്തു ഭാഗികമായി നശിക്കുന്നതായി നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. നമ്മുടെ യാത്രകളെല്ലാം പ്രകൃതിയോട് ഇണങ്ങിചേർന്ന യാത്രകളാകട്ടെ.അരുവിയുടെ കളകള രാഗങ്ങളും കിളികളുടെ മധുരമാർന്ന ശബ്ദങ്ങളും നിറഞ്ഞ പ്രകൃതി നമുക്ക് വേണ്ടി സൗന്ദര്യവതിയായി ഒരുങ്ങി നിൽക്കുകയാണ് .