സ്വിസ് യാത്രയുടെ അവസാന ഘട്ടത്തിലേക്ക്

Dibin Jacob

Travelouge

തൃശൂർ ജില്ലയിലെ കൃഷ്ണൻകോട്ടയിൽ ജനനം. പൊയ്യ എ കെ എം ഹൈസ്‌കൂൾ,ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്,തൃശൂർ എൻജിനീയറിങ് കോളേജ്, അയർലൻഡിലെ ഡബ്ലിൻ ബിസിനസ് സ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇപ്പോൾ കാനഡയുടെ പടിഞ്ഞാറൻ തീരത്ത് വാൻകൂവറിൽ സ്വയം തൊഴിൽ.വിവാഹിതൻ,ഒരു പെൺകുട്ടിയുടെ അച്ഛൻ. അന്വേഷി,സഞ്ചാരി,എഴുത്തുകാരൻ.

(തുടർച്ച)


പ്രഭാതം.

സൂറിച്ചിലെ കോർട്ട്യാർഡ് മാരിയറ്റ് ഹോട്ടൽ. സമൃദ്ധമായ കോൺടിനെന്റെൽ ബ്രേക്ക് ഫാസ്റ്റ്. പലതരം ബ്രഡ്-വൈറ്റ്,വീറ്റ്,ഹോൾ ഗ്രെയിൻ, ഫ്രഞ്ച് ബഗറ്റ്,ആർട്ടിസാൻ. ക്രൊസങ്-പ്ളെയിൻ,ബട്ടർ, ചീസ്,ചോക്കലേറ്റ്. ഹാം,ബേക്കൺ,ടർക്കി,ചിക്കൻ, വിവിധ തരം ചീസ്,ബെറികൾ,ഒലിവ്. ആപ്പിൾ,മുന്തിരി,ഓറഞ്ച്,മെലൺ, കോൺഫ്ളേക്സ്,ഓട്സ്. ചായ,കോഫി,ഓറഞ്ച് ജ്യൂസ്. ഒരാൾക്ക് ഒരാഴ്ച തിന്നാനുള്ള വിഭവം

നിരത്തി വച്ചിട്ടുണ്ട്. ആവശ്യത്തിന് മാത്രം ഭക്ഷിക്കുക- അതാണ് മര്യാദ,ചാക്കിലാക്കി കൊണ്ടു പോകാനുള്ള പ്രലോഭനം ഉപേക്ഷിക്കണം. ഫ്രൻഡ് ഓഫീസിലെ ഈജിപ്തുകാരനോട്അ ഭിവാദ്യം പറഞ്ഞ് പ്രാതൽ കഴിച്ച്,
ഉന്മേഷത്തോടെ പുറത്തേക്കിറങ്ങി. നഗരം സജീവമാകുന്നു. ആകാശം മേഘാവൃതം. ട്രാമിൽ കയറി സൂറിച്ച് സെൻട്രൽ സ്റ്റേഷനിൽ-ലക്ഷ്യം ലുസേൺ. മോടിയുള്ള ഡബിൾ ഡെക്കർ ട്രെയിൻ. പുറത്തെ കാഴ്ച ചേതോഹരം എന്നു പറഞ്ഞാൽ കുറഞ്ഞു പോകും. ജഴ്സി പശുക്കൾ മേയുന്ന കുന്നിൻ ചരിവുകൾ,തടാകം,താഴ്വര,നീലാകാശം.

It’s picture postcard stuff. Zurich to Lucern. Among the best scenic routes in the world. പശുക്കൾ സ്വിറ്റ്സർലൻഡിന്റെ ഐശ്വര്യമാണ്. പരമ്പരാഗത കർഷകർ മുതൽ യൂണിവേഴ്‌സിറ്റി ഡിഗ്രി നേടിയവർ വരെ ഈ ജോലി ചെയ്യുന്നു.കൃഷിയും കന്നുകാലി വളർത്തലും ഡിഗ്രി കോഴ്സാണ്. പാലിൽ നിന്ന് കലാപരമായി ചീസും വൈറ്റ് ചോക്കലേറ്റും ഉണ്ടാക്കുന്നു. കാൽപനിക ഭംഗിയാർന്ന സ്വിസ് ഫാമുകളിലേക്ക് ഇത്തവണ യാത്രയില്ല, ചോക്കലേറ്റ് ഫാക്ടറിയുമില്ല അജണ്ടയിൽ. ബാങ്ക്,വാച്ച്,ചോക്കലേറ്റ്,ചീസ്- പ്രമുഖമായ സ്വിസ് ബ്രാൻഡുകളിൽ മറ്റൊന്നു കൂടിയുണ്ട്-സ്വിസ് നൈഫ്.

പലമുനകളും ഉപയോഗവുമുള്ള കത്തി. സമ്മോഹനമായ ടെന്നിസ് കളിക്കുന്ന റോജർ ഫെഡറാണ് ഈ നാടിന്റെ ഏറ്റവും പ്രശസ്തനായ അംബാസിഡർ. നാടിന്റെ സൗന്ദര്യത്തോടും കാര്യക്ഷമതയോടും കിടപിടിക്കുന്ന കളി. ഫെഡറർ ജനിച്ചു വളർന്ന ബാസെലിൽ ഇത്തവണ യാത്രയില്ല. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ആസ്ഥാനമായ ദാവോയും നഷ്ടം. നഷ്ടപ്പെടുന്ന കാഴ്ചകളെ പറ്റിയുള്ള
ചിന്ത വിട്ട് മുന്നിൽ ദീപ്തമായ പ്രകൃതിയിലേക്ക് കണ്ണുതിരിച്ചു. ട്രെയിൻ നിശ്ചലമായി.

ലുസേൺ. തടാകക്കരയിലെ ചെറിയ നഗരം. മധ്യകാല നിർമിതികളാലും സ്മാരകങ്ങളാലും സമ്പന്നം. ഇവിടെ അധികം സമയമില്ല. ഉച്ചയ്ക്ക് രണ്ടുമണിക്കു മുമ്പ്സൂ റിച്ചിൽ തിരികെയെത്തണം. ഹാഫ് ഡേ സിറ്റി ടൂർ. ലുസേൺ വിശദമായ അന്വേഷണം അർഹിക്കുന്നു,സമയക്കുറവ് പ്രശ്നമാണ്. കെട്ടിടങ്ങളുടെ പുരാതനത്വം അത്ഭുതാവഹം. ആധുനിക നിർമിതിയായ കൺവെൻഷൻ സെന്റർ പ്രകൃതിയോടും പഴമയോടും
ലയിച്ച് നിലകൊള്ളുന്നു. മരത്തണലിൽ നിന്ന് കാണാവുന്ന ഹരിതജല സംഭരണിയുണ്ട് അതിനു മുന്നിൽ.
തടാകത്തിൽ ഒരു സവാരി പോയി.

യൂറെയിൽ പാസ് ഉള്ളവർക്ക് ടിക്കറ്റ് വേണ്ട. സ്വിസ് പതാക പാറുന്ന ഒരു ബോട്ട്. ലൈവ് കുക്കിംഗ് റസ്റ്ററന്റ്. ലഹരി നുകർന്ന് ദൃശ്യങ്ങളെ മനസ്സിൽ ആവാഹിക്കുന്നവർ. ജലത്തിൽ പ്രതിഫലിക്കുന്ന മലനിരകൾ. സ്വച്ഛമായ ജലോപരിതലത്തിൽ ഓളമിളക്കി എതിരെ കടന്നു പോകുന്ന യാനപാത്രങ്ങൾ. മറുകരയിലിറങ്ങി മ്യൂസിയങ്ങളിലേക്ക് പോകുന്ന സഹയാത്രികർ. അതിന്ന് എന്റെ നഷ്ടം. പുറപ്പെട്ട സ്ഥലത്ത് തിരിച്ചുവന്ന് ഒരു പുരാതന ശേഷിപ്പ് തേടി നടന്നു.

അഞ്ചു നൂറ്റാണ്ട് പഴക്കമുള്ള ചാപ്പൽ പാലം. ഒന്നിലധികം അഗ്നിബാധയെ അതിജീവിച്ച് തലമുറകളെ സാക്ഷിയാക്കി, അതങ്ങനെ നിൽക്കുന്നു. മേൽത്തരം മരത്തിൽ വിദഗ്ധമായ കൊത്തു പണികൾ.
പെട്ടെന്ന് കണ്ണെത്താത്ത ഇടങ്ങളിൽ പ്രണയികൾ തങ്ങളുടെ സാന്നിധ്യം രേഖപ്പെടുത്തി വച്ചിരിക്കുന്നു. കൈവരികളിൽ പൂക്കൂടകൾ. മച്ചിൽ മധ്യകാല ചിത്രങ്ങൾ. മനസ്സില്ലാ മനസ്സോടെ ലുസേണിനോട് വിടചൊല്ലി സൂറിച്ചിലേക്ക്.

സെൻട്രൽ സ്റ്റേഷനിൽ നിന്ന് ടാക്‌സിയിൽ കയറി സിറ്റി ടൂർ ബസിന്റെ സ്റ്റോപ് ലക്ഷ്യമാക്കി പാഞ്ഞു. രാവിലെ തുടങ്ങിയ പര്യടനമാണ്. പകുതി ദിനം എനിക്ക് കിട്ടും, പകുതി നിരക്കിൽ. ടൂർ ബസിൽ ഒരേയൊരു സീറ്റ് ഒഴിവുണ്ട്. പല ദേശവാസികൾ,പല ഭാഷകൾ. ഗൈഡ് സരസനാണ്. ബസ് നീങ്ങിത്തുടങ്ങി. ക്ളാസിക് സ്പർശമുള്ള കെട്ടിടങ്ങൾ ഇരുവശവും നിരന്നു നിൽക്കുന്ന വീഥിയിലൂടെ യാത്ര. തടാകക്കരയിൽ അരയന്നങ്ങളോട്സം വദിക്കുന്നവർ.മെഡീവൽ സ്പർശം ഇപ്പോഴും വിട്ടു പോകാത്ത പഴയ
നഗരഭാഗം.

ബസ് ഒരു കേബിൾ കാർ സ്റ്റേഷനിൽ ചെന്നു നിന്നു.മരത്തലപ്പുകളെ തൊട്ടു തൊട്ടില്ല എന്ന പോലെ
ഗൊൻഡൊളയിൽ മുകളിലേക്ക് കയറി. കുന്നിൻ മുകളിൽ ഒരു റസ്റ്ററന്റ്. വ്യൂപോയിന്റിൽ നിന്നാൽ നഗരത്തിന്റെ വിശാലത കാണാം. താഴ്വരയിൽ മൂടൽ മഞ്ഞ് വ്യാപിക്കാൻ തുടങ്ങി. ഗൈഡിനു പിന്നാലെ ഒരു കാട്ടിലേക്ക് നടന്നു. ഈറനണിഞ്ഞ ഇലച്ചാർത്തുകൾ, നിശബ്ദതയെ ശല്യം ചെയ്യുന്ന ഞങ്ങളുടെ കാലടികൾ.ഉന്മേഷം നൽകുന്ന തണുപ്പ്, ശുദ്ധവായു,സ്വഛത.

സ്വിറ്റ്സർലൻഡിന്റെ ടോപോഗ്രഫിയെ ഗൈഡ് വർണിച്ചു-മലയും താഴ്വരയും വനവും സമതലവും തടാകവും. ആൽപ്സിന്റെ പിന്തുണയിൽ നിലനിൽപ് തുടരണമെങ്കിൽ അതീവ ശ്രദ്ധ അനിവാര്യം.
The beauty is fragile. Balanced on a knife edge. പരിസ്ഥിതി ലോല പ്രദേശത്തെ അതിജീവനത്തിന് ജനങ്ങളുടെ മനോഭാവത്തിലും ജീവിതരീതിയിലും സന്തുലനം ആവശ്യം. മൊത്തം ഭൂപ്രദേശത്തിന്റെ 30 ശതമാനവും വനമാണ്.

വ്യവസായിക-ഗാർഹിക ആവശ്യങ്ങൾക്ക് മരം മുറിക്കുമ്പോൾ,ഇത്രയും വനഭൂമി തെല്ലും കുറയാതെ നിലനിർത്തും. അര മണിക്കൂർ കഴിഞ്ഞ് ഗൊൺഡോള സമതലത്തിലേക്ക് തിരിച്ചിറങ്ങി. ഒരു ഗാർഹിക മേഖല കടന്ന് സൂറിച്ച് തടാകത്തിനരികിൽ. ഫെറിയിൽ തടാകം കുറുകെ കടന്ന് ഗോൾഡ് കോസ്റ്റിൽ കയറി. അതിസമ്പന്നരുടെ രമ്യഹർമങ്ങൾ. ഹോളിവുഡ് സെലിബ്രിറ്റികൾക്ക് ഇവിടെ വീടുകളുണ്ട്. സുവർണതീരം കടന്ന് രജതതീരത്ത് (silver coast).ചേതോഹരമായ ഭവനങ്ങൾ, അവയുടെ മുന്നിലെ വള്ളിപ്പടർപ്പിൽ വിളഞ്ഞ മുന്തിരികൾ.

ജാലകപ്പടിയിൽ ഫ്ളവർ ബാസ്കറ്റ്. ഇപ്പോൾ കടന്നു പോകുന്ന തെരുവുകളുടെ അടിയിൽ സ്വിസ് ബാങ്കുകളുടെ
രഹസ്യ നിലവറകളുണ്ട്- ഗൈഡ് സംഭാഷണം തുടർന്നു. ലോകമെമ്പാടും നിന്നുള്ള കള്ളപ്പണം,
സ്വർണം,രത്നങ്ങൾ. ഏകാധിപതികളും,അഴിമതിക്കാരായ രാഷ്ട്രീയക്കാരും,ധാർമികതയില്ലാത്ത ബിസിനസുകാരും രാജ്യത്തേയും ജനങ്ങളേയും കൊള്ളയടിച്ച് ശേഖരിച്ചു വച്ച ചോരപ്പണം.
Blood money from the world’s dark underbelly.

നിക്ഷേപകർക്ക് പലിശ കൊടുക്കാതെ നിക്ഷേപത്തിന് ഫീസ് വാങ്ങി നിധി കാക്കുന്ന ഭൂതങ്ങളാണ്സ്വി സ് ബാങ്കുകൾ. പകരം നിക്ഷേപകരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ഈ ബാങ്കുകൾ തടിച്ചു കൊഴുക്കുന്നതല്ലാതെ സ്വത്ത് കൊണ്ടു പോയിട്ടവർക്കത് ഉപകാരപ്പെടുന്നുണ്ടോ? നിശ്ചയമില്ല. സ്വിസ് ഫ്രാങ്ക് നോട്ടിന്റെ സുരക്ഷാ പ്രത്യേകതകൾ ഗൈഡ് വിവരിച്ചു. ഈ രാജ്യം യൂറോപ്യൻ യൂണിയനിൽ അംഗമല്ല. എന്നാൽ യൂണിയന്റെ കച്ചവട ബന്ധങ്ങളിൽ ഉടമ്പടിയുണ്ട്.

അതിർത്തി തടസമില്ലാതെ പലരാജ്യങ്ങളിൽ സഞ്ചരിക്കാവുന്ന ഷങ്കൻ വിസയേയും സ്വിറ്റ്സർലൻഡ് മാനിക്കുന്നു. വിനോദ സഞ്ചാരത്തിന് ഇത് ഗുണമാണ്. ജർമൻ ഭാഷയിൽ സ്ട്രാസെ(strasse) എന്നു പേരുള്ള തെരുവുകൾ കാണാം. കുലീനമായ കെട്ടിടങ്ങളുള്ള സംഗീതം വായുവിൽ പടരുന്ന നഗര ജീവിതത്തിന്റെ വൈവിധ്യം നിറഞ്ഞ ആ ഇടങ്ങളിലേക്ക് ഇന്ന് പോകാനാവില്ല. ഗൈഡഡ് ടൂറിന്റെ ഒരു ദോഷമാണിത്.
വരച്ച വരയിൽ നിൽക്കണം.

ഏകാന്തനായ ബാക്ക് പാക്കറുടെ സ്വാതന്ത്ര്യത്തിന് ഇത് തടസ്സമാകുന്നു. ഇതിനൊരു മറുവശമുണ്ട്. തദ്ദേശവാസിയായ വഴികാട്ടികൾ വിദേശ സഞ്ചാരി കാണാനിടയില്ലാത്ത കാഴ്ചകളിലേക്ക് നയിക്കും. അറിയാക്കഥകൾ പറഞ്ഞു തരും. നഗരപര്യടനത്തിൽ ആൽബർട്ട് ഐൻസ്റ്റൈൻ പഠിച്ച(1896-1900) ഫെഡറൽ പോളി ടെക്നിക് സ്കൂൾ കണ്ടു. എട്ടു വർഷത്തിനു ശേഷം സൂറിച്ച് യൂണിവേഴ്‌സിറ്റി ഐൻസ്റ്റൈനു വേണ്ടി
തിയററ്റിക്കൽ ഫിസിക്സിൽ അസോസിയേറ്റ് പ്രൊഫസർ തസ്തിക സൃഷ്ടിച്ചു.ഈ നഗരത്തിൽ വച്ചാണ് ലോകചരിത്രം മാറ്റിയെഴുതിയ ആശയങ്ങൾക്ക് ഐൻസ്റ്റൈൻ വ്യക്തത നൽകിയത്.

പിന്നീട് അലൻ ലൈറ്റ്മാൻ എഴുതിയ പുസ്തകത്തിലൂടെ മറ്റൊരു സ്വിസ്ന ഗരമായ(ഈ യാത്രയിൽ ഒരു സ്റ്റോപ്പോവർ മാത്രമുണ്ടായിരുന്ന)ബേൺ നഗരത്തിലെ തെരുവുകൾ എന്റെ മനസ്സിൽ വിചിത്രമായ ഒരു ചിത്രമായി തെളിഞ്ഞു. Einstein’s dreams. 30 ചെറിയ സ്വപ്നങ്ങൾ. എല്ലാം സമയത്തെ പറ്റി ഐൻസ്റ്റൈൻ കാണുന്നത്. വർഷം 1905. വസന്തത്തിന്റെ അവസാനം. നഗരത്തിലെ പേറ്റന്റ് ഓഫീസിൽ ജോലി ചെയ്യുന്ന ഐൻസ്റ്റൈൻ സ്പെഷ്യൽ റിലേറ്റിവിറ്റി തിയറിയുടെ അവസാന ഘട്ടത്തിൽ. ഒരു സ്വപ്നത്തിൽ മനുഷ്യർ ഒരൊറ്റ ദിവസം മാത്രമാണ് ജീവിക്കുന്നത്.

മറ്റൊരു സ്വപ്നത്തിൽ അവർ എന്നേക്കും ജീവിക്കുന്നു. അല്ലെങ്കിൽ ലോകാവസാനത്തിന് തയ്യാറെടുക്കുന്നു, അതുമല്ലെങ്കിൽ ഭൂതകാലത്തിലേക്ക് വീഴുന്നു,സമയത്തിൽ കുടുങ്ങി കിടക്കുന്നു. മറ്റൊരു സ്വപ്നത്തിൽ ഭാവി മുൻകൂർ അറിയാനാവുന്നു, അതുമല്ലെങ്കിൽ ഭാവിയുടെ മേൽ നിയന്ത്രണം ഇല്ലാതാകുന്നു. സമയം വേതയാർജിക്കുന്നു, മെല്ലയാകുന്നു, കുത്തിയൊഴുകുന്നു, തിരിയുന്നു,പിന്നോട്ട് പോകുന്നു, പല കൈവഴിയായി പിരിയുന്നു, നിശ്ചലമാകുന്നു.

ഈ നോവലിലെ മനുഷ്യർക്ക് പൊതുവായ ധർമസങ്കടമുണ്ട്. സമയത്തെ എങ്ങനെ പിടിച്ചു നിർത്തും? യൗവനം നിലനിർത്താൻ. വിലപിടിച്ച ഒരു നിമിഷത്തെ എന്നും സൂക്ഷിക്കാൻ. ജീവിതം പൂർണമായി ജീവിക്കുന്നില്ല എന്ന ഖേദം അവർക്ക്. സമയത്താൽ ബന്ധിതർ അവർ. ഇരുൾ പരന്നപ്പോൾ ഞാൻ ഹോട്ടലിലേക്ക് മടങ്ങി. നാളെ ഈ നഗരം വിടുന്നു. ബിറ്റർസ്വീറ്റ് ഫീലിംഗ്. സൂറിച്ച്, ലുസേൺ-
അധികം നേരം ഇവിടെയുണ്ടായില്ല.

കാണാക്കാഴ്ചകൾ ഇനിയുമേറെ. രാത്രി ജീവിതവും അന്യം. പക്ഷേ കിട്ടിയ സമയം കൊണ്ട് കണ്ടതിന്റെ
ആനന്ദം എന്നും കൂടെയുണ്ടാകും. പിറ്റേന്ന് രാവിലെ മുറിയൊഴിഞ്ഞു. പ്രാതൽ കഴിക്കാൻ ചെന്നപ്പോൾ എന്തോ പന്തികേട് തോന്നി. വിഖ്യാതമായ സ്വിസ് വൃത്തിയേയും അച്ചടക്കത്തേയും ഒരു കൂട്ടം സഞ്ചാരികൾ പൊളിച്ച് അടുക്കിയിരിക്കുന്നു. സ്ഥാനം തെറ്റിയ മേശകളും കസേരകളും. മേശയിലും നിലത്തും പരന്നു കിടക്കുന്ന ഭക്ഷണ ശകലങ്ങൾ.

തോന്നിയ പോലെ വിതറിയ പ്ളേറ്റുകളും സ്പൂണുകളും. വടക്കേ ഇന്ത്യക്കാരുടെ ഒരു സംഘം കേറി മേഞ്ഞതാണ്. അവർ ഇപ്പോഴും പോയിട്ടില്ല. ഭക്ഷണം കഴിക്കുന്നതിന്റെ ബഹളം. ഫ്രണ്ട് ഓഫീസിൽ ഈജിപ്തുകാരനും സഹപ്രവർത്തകയും പുച്ഛം കലർന്ന ചിരിയോടെ നിൽക്കുന്നു. ഇന്ത്യൻ സഞ്ചാരികളോട്
യൂറോപ്യൻ ഹോട്ടൽ ജീവനക്കാർക്ക് ‘നല്ല മതിപ്പാണ്’. ഐൻസ്റ്റൈൻ കണ്ട മറ്റൊരു സ്വപ്നമാകാം
എന്നു സമാധാനിച്ച്, എന്തെങ്കിലും കഴിച്ചെന്ന് വരുത്തി ഞാൻ സെൻട്രൽ സ്റ്റേഷനിലേക്ക് നീങ്ങി.

ഞായറാഴ്ചയുടെ ആലസ്യം നിറഞ്ഞ നിരത്തിൽ നിന്ന് ട്രാമിൽ കയറി. എട്ട് മണിയോടെ യൂറെയിൽ ട്രെയിൻ
യാത്ര പുറപ്പെട്ടു. ട്രെനിറ്റാലിയ-മിലാൻ വഴി വെനീസ്.


(അവസാനിച്ചു)


PART 1 : https://www.yathradiary.com/a-malayali-diary-about-switzerland/

PART 2 : https://www.yathradiary.com/jungfrau-snow-filled-swis/

Leave a Reply