യങ്ഫ്രോ കൊടുമുടി മഞ്ഞിൽ മുഖം പൂഴ്ത്തുന്ന മലനിരകൾ

Dibin Jacob

Travelouge

തൃശൂർ ജില്ലയിലെ കൃഷ്ണൻകോട്ടയിൽ ജനനം. പൊയ്യ എ കെ എം ഹൈസ്‌കൂൾ,ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്,തൃശൂർ എൻജിനീയറിങ് കോളേജ്, അയർലൻഡിലെ ഡബ്ലിൻ ബിസിനസ് സ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇപ്പോൾ കാനഡയുടെ പടിഞ്ഞാറൻ തീരത്ത് വാൻകൂവറിൽ സ്വയം തൊഴിൽ.വിവാഹിതൻ,ഒരു പെൺകുട്ടിയുടെ അച്ഛൻ. അന്വേഷി,സഞ്ചാരി,എഴുത്തുകാരൻ.

(തുടർച്ച)

സെപ്റ്റംബർ 2009.
ഇന്റർലാക്കൻ.
പ്രഭാതം.

കോൺടിനെന്റെൽ ബ്രേക്ക് ഫാസ്റ്റ്. ഡൈനിങ് ടേബിളിൽ നിരന്നിരിക്കുന്ന ബുദ്ധ പ്രതിമകൾ. അരികിൽ അലങ്കാര വീഞ്ഞ് കുപ്പികൾ. തൊട്ടടുത്ത ടേബിളിൽ ആഹാരം കഴിച്ചു കൊണ്ടിരുന്ന ഡച്ചുകാരി വൃദ്ധ
പ്രഭാത വന്ദനം പറഞ്ഞു. ഇടയിൽ ഉണങ്ങിയ ചെസ്നട്ട് പൊടിച്ചു കഴിക്കുന്നുമുണ്ട്. അവർ ഇന്ന് നാട്ടിലേക്ക് മടങ്ങുന്നു. ഒരു മാസത്തെ സ്വിസ് സഞ്ചാരം പൂർത്തിയായി. ബെൻസ് ബസിൽ കയറി ഇന്റർലാക്കൻ വെസ്റ്റ് സ്റ്റേഷനിൽ ഇറങ്ങി.

ലക്ഷ്യം യങ്ഫ്രോ കൊടുമുടി(Jungfrau). നൂറ് ഫ്രാങ്കിന് ടിക്കറ്റെടുത്തു. യങ്ഫ്രോ കൊടുമുടിയുടെ താഴെയുള്ള റിഡ്ജിൽ എത്തുന്നതിന് മുമ്പ് മറ്റു രണ്ടു ഗിരിനിരകൾ കടന്നു പോകണം-എയ്ഗർ,മൗഞ്ച്. മല കയറാൻ പ്രത്യേകം നിർമിച്ച കാഗ്വീൽ(cogwheel) ട്രെയിനുകൾ. ഇന്റർലാക്കനിൽ നിന്ന് ലാറ്റർബ്രൂനനിലേക്ക്. സമതലത്തിൽ നിന്ന് തീവണ്ടി മെല്ലെ മലഞ്ചരിവിനെ സ്പർശിച്ചു. കാടും മേടും കാട്ടരുവിയും. മഞ്ഞുരുകി അലതല്ലി ഒഴുകുന്ന പുഴ.

ഇവിടെ സുന്ദരമല്ലാത്ത എന്തുണ്ട്? താഴേക്ക് നോക്കിയാൽ ഭയവും ആവേശവും ആനന്ദവും കലർന്ന വികാരം. ആൽപൈൻ ഗ്രാമമായ ലാറ്റർബ്രൂനനിൽ ഇറങ്ങി. അൽപനേരം കാത്തുനിന്ന് മറ്റൊരു കാഗ്വീൽ ട്രെയിനിലേക്ക് മാറിക്കയറി,ലക്ഷ്യം ക്ളെയിൻ ഷെയ്ഡഗ്. ഇന്ദ്രിയങ്ങൾ ഉണരുന്നു. ഇനി കയറ്റം ഏറെ കഠിനം.
വണ്ടിയിലിരിക്കുമ്പോൾ അത് തോന്നില്ല. കിതയ്ക്കുന്നത് തീവണ്ടിയാണ്, യാത്രികരല്ല.വർത്തമാന നിമിഷത്തിൽ

മുഴുകുമ്പോൾ വിഷാദമില്ല. കാഴ്ചയിൽ നിന്ന് മുഖം തിരിച്ച് വർത്തമാനം പറയുന്നവർ. വിഷയം ഓഹരി വിപണി. കഴിഞ്ഞ ദിവസം കാലിന് പരിക്കേറ്റ ഭാര്യയേയും ചേർത്തുപിടിച്ച് നിൽക്കുന്ന മുംബൈക്കാരൻ യുവാവ്. യാത്ര ഉപേക്ഷിക്കാനാകില്ല. ജീവിത സായന്തനത്തിൽ നടക്കാൻ പാടുപെടുന്നു എങ്കിലും,യങ്ഫ്രോ എന്ന സ്വപ്നത്തെ ഉപേക്ഷിക്കാതെ ആവേശത്തോടെ മുന്നോട്ടു പോകുന്ന യൂറോപ്യൻ വൃദ്ധദമ്പതികൾ.
എന്റെ ക്യാമറയ്ക്ക് പോസ് ചെയ്യുന്ന രണ്ട് ഫ്രഞ്ച് കമിതാക്കൾ.

ട്രെക്കിംഗ്,സ്കീയിംഗ് ഗിയറുമായി സാഹസികർ. കാലദേശങ്ങളെ കടന്നുവന്ന ഒരു കൂട്ടം സഞ്ചാരികൾ ഒരൊറ്റ ലക്ഷ്യം മുന്നിൽ കണ്ട് ഈ ട്രെയിനിൽ ഒരുമിച്ചു കൂടണം എന്നത് ഒരു നിയോഗമാകാം. എയ്ഗർ പർവതത്തിന്റെ വടക്കേ മുഖം തെളിഞ്ഞു. കണ്ണഞ്ചിപ്പോകുന്ന വെണ്മ. ഇതിനകം മറ്റൊരു ട്രെയിനിലേക്ക്മാ റിക്കഴിഞ്ഞു. ക്ളെയിൻഷെയ്ഡഗിൽ നിന്ന് യങ്ഫ്രോ. യാത്രയുടെ അവസാന പാദത്തിലെ ഏറെ
ഭാഗവും ചുറ്റിവളഞ്ഞ ഒരു തുരങ്കം വഴിയാണ്.2000 മീറ്റർ ഉയരത്തിൽ നിന്ന് 3300 മീറ്ററിലേക്ക് പർവതത്തിന്റെ ഉള്ള് തുരന്ന് നിർമിച്ച പിരിയൻ റെയിൽപാത (spiral rail track)യിലൂടെ കയറും.

റെയിൽവേ എൻജിനീയർമാർക്ക് സ്തുതി! രണ്ടു തവണ തുരങ്കത്തിൽ ട്രെയിൻ നിർത്തും. പാറ തുരന്നുണ്ടാക്കിയ ഗ്ളാസ് പാളിയിട്ട ജനലിലൂടെ ആൽപ്സിന്റെ അപൂർവ ദൃശ്യം കാണാം. ഉറഞ്ഞതും ഉരുകുന്നതുമായ മഞ്ഞ്. ഹിമയുഗത്തിലെ ഹിമാനികൾ. തീവണ്ടിപ്പാതയിലെ ഇരുട്ടിനെ കീറിമുറിക്കുന്ന വെള്ളിവെളിച്ചം. വീണ്ടും യാത്ര. അവസാനം യങ്ഫ്രോ പർവത ശിഖരത്തിന്റെ താഴെ വണ്ടി നിൽക്കുന്നു. ഇവിടെ ഒരു ടൂറിസ്റ്റ് സെന്ററുണ്ട്.

ഇപ്പോൾ ഞങ്ങൾ 3571 മീറ്റർ ഉയരത്തിൽ. Jungfraujoch-Top of europe എന്ന് ഒരു തൂണിൽ രേഖപെടുത്തിയിരിക്കുന്നു. യങ്ഫ്രോ,എയ്ഗർ എന്നീ 4000 മീറ്ററിൽ അധികം ഉയരമുള്ള പർവതങ്ങൾക്ക്
ഇടയിലെ റിഡ്ജാണ് യങ്ഫ്രോയോ. ഇനി മുകളിലേക്ക് കയറുന്നത് പർവ്വതാരോഹകർ മാത്രം. ഗിഫ്റ്റ് ഷോപ്പിൽ പതിവ് സുവനീർ. അരികിൽ യൂറോപ്പിലെ ഏറ്റവും ഉയരമുള്ള സ്ഥലത്തെ പോസ്റ്റ് ഓഫീസ്. കേരളത്തിലേലേക്ക് നാല് പിക്ചർ പോസ്റ്റ്‌ കാർഡുകൾ. അപ്പുറത്ത് സ്വിസ് ആഢംബര വാച്ചുകളുടെ ശേഖരം-കാർട്ടിയർ,റാഡോ, മോറിസ് ലാക്ര്വാ,സെനിത്ത്.

പുറത്ത് പൂജ്യത്തിനു താഴെ നാല് ഡിഗ്രിയാണ് തണുപ്പ്. വേനലിൽ മലമുടിയിൽ ഇത് സുഖകരമായ കാലാവസ്ഥ. ശൈത്യകാലത്ത് മൈനസ് നാൽപത്. ടൂറിസ്റ്റ് സെന്ററിൽ ചില്ലുവാതിലിന്റെ അപ്പുറം ഉരുക്കുകൊണ്ട് നിർമിച്ച നിരീക്ഷണസ്ഥലം. താഴേക്ക് നോക്കിയാൽ മനസ്സ് പാളും. പ്ളാറ്റ്ഫോമിൽ വെയിൽ വീഴുന്നു. ഐൽ ഓഫ് മാൻ ദ്വീപിൽ നിന്നു വന്ന, പോണിടെയിൽ കെട്ടിയ ഒരു യുവാവും ഭാര്യയും ചെറിയ കുട്ടിയും. അവരുമായി സംസാരത്തിൽ മുഴുകി. സഞ്ചാരപ്രിയർ-ഇന്ത്യയിൽ വരുന്നത്ഒ രു സ്വപ്നം.

ഇംഗ്ലണ്ടിനും അയർലൻഡിനും ഇടയിലെ ചെറുദ്വീപാണ്,സ്വയംഭരണ പ്രദേശമായ Isle of Man.കെൽറ്റിക്,വൈക്കിംഗ്, മെഡീവൽ സ്വാധീനം ഇപ്പോഴുമുണ്ട്. പുറത്തിറങ്ങി സുരക്ഷാവലയം തീർത്ത മഞ്ഞുകൂനയിൽ നടക്കാം. The snow walk. To stamp your authority at the top of europe. ഇതിനിടയിൽ വിലക്ക് ലംഘിച്ച് അതിർത്തി കടക്കുന്നവർ,തിരിച്ചു വിളിക്കാൻ സുരക്ഷാ ഗാർഡുകൾ. തെല്ലകലെ ഒരു ശാസ്ത്ര ഗവേഷണകേന്ദ്രം.

ഉയർന്ന പ്രദേശത്ത് സൂക്ഷ്മ ജീവികളുടെ വാതക ഉൽപാദനവും ഹരിതഗൃഹ വാതകങ്ങളുടെ പ്രഭാവവും പഠിക്കുന്നു. ദൂരെ ട്രെക്കിംഗിനു പോകുന്ന മൂന്നു പേർ. ഭീമാകാരമായ മലകൾ അവരെ ചെറുതാക്കുന്നു.
പക്ഷേ മനസ്സിന്റെ ആഗ്രഹങ്ങൾക്കും സാധ്യതകൾക്കും പരിധിയില്ല. തണുപ്പുകാലത്ത് അസ്ഥി തുളയ്ക്കുന്ന കാറ്റ് വീശുന്ന ഈ ഹിമശൈലങ്ങളെ വരുതിയിലാക്കാനായ, മുമ്പേ പോയ മനുഷ്യരുടെ ഭാവനയാണ് ഇപ്പോൾ ഞങ്ങളെ ഇവിടെ നിൽക്കാൻ സഹായിച്ചത്. അതിർവരമ്പിനപ്പുറം അഗാധമായ താഴ്വര.

വഴിതെറ്റി അകപ്പെട്ടാൽ സഹസ്രാബ്ദങ്ങളോളം ശീതനിദ്ര പൂകാം. ചുറ്റിനും മേഘമാലയിൽ മുഖം പൂഴ്ത്തുന്ന
ഗിരിനിരകൾ.ആൽപ്സിലെ ഏറ്റവും വലിയ ഗ്ളേഷ്യറും (Aletsch)കാണാം. The remnant of ice age. ആൽപ്സിനെ തുരന്ന് നിർമിച്ച മഞ്ഞുഗുഹയിലൂടെ നടന്നു. The slippery thrill walk through the ice cave. കാലുതെറ്റിയാൽ ഇനിയുള്ള യാത്ര കഠിനമാകും. തൊട്ടു മുന്നിൽ ഭാര്യയുടെ കൈപിടിച്ച് മെല്ലെ നടന്നു പോകുന്ന വൃദ്ധൻ. They are living the dream! അര മണിക്കൂറിനു ശേഷം മറ്റൊരു വഴിയിലൂടെ മടങ്ങി.

ഗ്രിൻഡൽവാൾഡിന്റെ ഗ്രാമ്യപ്രകാശം. മഴ ചാറാൻ തുടങ്ങി. മനസ്സ് ശാന്തമാണ്. ആകാശത്തെ തൊട്ട ആനന്ദം ഇനിയും വിട്ടു പോയിട്ടില്ല. ഇന്റർലാക്കന്റെ ഹരിത സമൃദ്ധിയിലേക്ക്ട്രെ യിൻ മെല്ലെയിറങ്ങി.
അടുത്ത പകൽ,മറ്റൊരു ട്രെയിൻ. ലക്ഷ്യം സൂറിച്ച്. ചില സഞ്ചാരികൾ യൂറോപ്യൻ നഗരങ്ങൾക്കിടയിൽ യാത്ര ചെയ്യാൻ രാത്രി ട്രെയിനുകൾ ഉപയോഗിക്കും. ആ രാത്രിയിലെ ഹോട്ടൽ വാടക ലാഭം. നഗരത്തിൽ പകൽ സമയം കൂടുതൽ കിട്ടും.

ഞാൻ ആ കൂട്ടത്തിൽ പെടില്ല. നഗരം മാത്രം കാണാനല്ല യാത്ര. ഗ്രാമങ്ങൾ കാണണം. പട്ടണങ്ങളും ട്രെയിൻ സ്റ്റേഷനുകളും പോകുന്ന വഴിയിലെ പ്രകൃതിയും. കാണുന്ന കാഴ്ചകളും കണ്ടു മുട്ടുന്ന മനുഷ്യരും അവരുമായുള്ള നൈമിഷിക സൗഹൃദവും ചേരുന്നതാണ് സഞ്ചാരം. യൂറെയിൽ സർക്യൂട്ടിലെ
പകൽ യാത്രയെന്നാൽ പറുദീസയിലേക്കുള്ള ടിക്കറ്റാണ്. അതു നൽകുന്ന അനുഭൂതികൾ വാക്കുകളിൽ വിവരിക്കാൻ കഴിയില്ല.

അടുത്ത പ്രഭാതത്തിലെ ട്രെയിൻ യാത്രയുടെ ആവേശം തലേ രാത്രിയിലെ ഉറക്കം കെടുത്തും.
അജ്ഞാതമായ ഒന്നിനെ അറിയാൻ പോകുന്നതിന്റെ ഭയവും കൂടെയുണ്ട്. ആവേശത്തിനും ഭയത്തിനുമിടയിലെ ആന്ദോലനമാണ് ഒറ്റയ്ക്കുള്ള യാത്ര. പാതയുടെ ഇടതു വശത്ത് ബ്രിയൻസ് തടാകത്തിന്റെ നീലിമ. രണ്ടു ദിനം മുമ്പ് കുറേനേരം അതിനരുകിൽ ഉണ്ടായിരുന്നു. മരം കൊണ്ടുള്ള വിലകൂടിയ കരകൗശല ൽപന്നങ്ങൾക്ക് പേരുകേട്ട ബ്രിയൻസ് പട്ടണത്തിനു മുകളിലൂടെ തീവണ്ടി
പാഞ്ഞു പോയി.

ലുംഗെൺ,ഗിസ്വിൽ ഗ്രാമങ്ങൾ കഴിഞ്ഞപ്പോൾ,അകലെ ഇടതു വശത്ത് സാഷെയ്ൻ തടാകത്തിന്റെ പ്രശാന്തമായ പരപ്പ്. ഒരു മണിക്കൂർ കഴിഞ്ഞ് ട്രെയിൻ ലുസേൺ തടാക നഗരത്തിൽ കിതച്ചു നിന്നു. ഇതൊരു ലക്ഷ്യസ്ഥാനമാണ്, പക്ഷേ ഇപ്പോൾ ഇറങ്ങുന്നില്ല. ഇന്ന് സൂറിച്ചിലേക്ക് പോയി നാളെ തിരിച്ചു വരാം.ഇവിടെ നിന്ന് 45 മിനിറ്റുണ്ട് സൂറിച്ച് നഗരത്തിലേക്ക്. ട്രെയിൻ തടാകതീരം പിന്നിട്ട്, ഉയർന്ന സ്ഥലത്തേക്ക് കയറി. സ്വിസ് ഗ്രാമഭംഗി കണ്ണുകളെ അടയാൻ അനുവദിച്ചില്ല. ഹാൻഡിക്യാമിൽ ദൃശ്യങ്ങൾ പതിഞ്ഞു.

ഭൂമിയുടെ നിമ്നോന്നതങ്ങളിൽ ചാഞ്ചാടി ട്രെയിൻ സ്വപ്ന യാത്ര തുടർന്നു. ഉച്ചയോടെ സൂറിച്ചിൽ. രാജ്യത്തിന്റെ വടക്കു ഭാഗത്ത് സൂറിച്ച് തടാകത്തിന്റെ കരയിൽ പഴമയും പുതുമയും ചേരുന്ന ക്ളാസിക് നഗരി. ലോകത്തിലെ പ്രമുഖമായ ബാങ്കിംഗ്, ഫിനാൻസ് സെന്റർ. തിരക്കേറിയ സ്റ്റേഷനിൽ നിന്ന് പുറത്തു കടന്ന് ഒരു ടാക്‌സി പിടിച്ച്, ഹോട്ടൽ കോർട്ട് യാർഡ് മാരിയട്ടിലേക്ക്. സിറ്റി സെന്ററിൽ നിന്ന് എട്ട് കിലോമീറ്റർ. 3 star ഹോട്ടൽ,കണ്ടിട്ട് 5 star ലുക്ക്. അയർലൻഡിലെ ട്രാവൽ ഏജന്റ്
ബുക്ക് ചെയ്തതാണ്.

പണം നേരത്തെ അടച്ചു. പക്ഷേ ഹോട്ടൽ കണ്ടിട്ട് സംശയം തോന്നി. 50 യൂറോ ദിവസ വാടക. ഈ യാത്രയിൽ ഇതേ നിരക്കിന് ഇതിലുമേറെ സൗകര്യം കുറഞ്ഞ ഹോട്ടലുകളിൽ കയറിക്കഴിഞ്ഞു. എല്ലാം ഓകെ അല്ലേ? റിസപ്ഷനിസ്റ്റോട് ചോദിച്ച് ഉറപ്പു വരുത്തി. മൂന്നാം ദിനം മുറി ഒഴിയുമ്പോൾ രണ്ടു ദിവസം കൂടി താമസിച്ച്
പാത്രം കഴുകിയിട്ട് പോയാൽ മതി എന്നവർ പറഞ്ഞാൽ പ്രശ്നമാണ്. I’m on a shoe string budget. കുഴപ്പമില്ല.
വാടക നേരത്തെ നൽകിയിരിക്കുന്നു.

മാരിയട്ടിന്റെ രാജകീയ പ്രൗഢിയിലേക്ക് താങ്കൾക്ക് സ്വാഗതം! ആദ്യമായാണ് ഇത്രയും ആഢംബരം. എല്ലാം പുതുമ തന്നെ. മുറി തുറക്കാനുള്ള കാർഡുപയോഗിച്ചാണ്വൈ ദ്യുത വിളക്കുകൾ തെളിക്കുന്നത്. ഇത് മനസ്സിലാക്കാൻ അൽപം സമയമെടുത്തു.മുറിയിൽ കയറിയപ്പോൾ ടിവി സ്ക്രീനിൽ സുന്ദരിയായ
ഒരു സ്വിസ് യുവതി. Dear Mr.Dibin Kallarakkal It is a pleasure to welcome you at the Courtyard Marriott, Zurich north.
സ്ക്രീനിൽ തെളിഞ്ഞ അക്ഷരങ്ങൾ. സന്തോഷമായി.

ഞാൻ എത്തിയ വിവരം ഇവൾ അറിഞ്ഞു കഴിഞ്ഞിരിക്കുന്നു! ചായയുണ്ടാക്കാൻ കെറ്റിൽ,തേയില,പാൽ. ചെറിയ ഫ്രിഡ്ജ്,ബിയർ ശേഖരം ഇല്ല. പുറത്തു നിന്ന് വാങ്ങണം. വാഷ്റൂം വിശാലമാണ്. ഗ്ളാസ് പാർട്ടിഷൻ,ടോയ്ലറ്റ്റിസ്. വെൺമയുള്ള ബാത് ടവൽസ്. മഞ്ഞ വെളിച്ചമുള്ള മുറി. ടേബിൾ ലാംപ്,ചാരുകസേര. വെള്ളവിരിച്ച ബെഡ്,ബ്ളാങ്കറ്റ്. നല്ല വീതിയുള്ള കട്ടിൽ. ഇണയുടെ കുറവ് മാത്രം. സാമഗ്രികൾ അകത്തു വച്ച് ഞാൻ പുറത്തു പോയി.

സിറ്റി ട്രെയിനിൽ കയറി തടാകക്കരയിലേക്ക് പോകാനുള്ള പദ്ധതി ഉപേക്ഷിച്ചു. നഗരപ്രാന്തത്തിൽ ചുറ്റി നടന്നു. ചെറിയൊരു കടയിൽ നിന്ന് കെബാബ്. നിരത്തിൽ നടന്നു നീങ്ങുന്ന മനുഷ്യർ, മന്ദഗതിയിൽ പോകുന്ന ട്രാമുകൾ. കുഞ്ഞിനെ ഇരുത്തിയ കാര്യേജ് ഘടിപ്പിച്ച സൈക്കിൾ ചവിട്ടി കടന്നു പോകുന്നവർ.
മദ്രാസ് കറി ഹൗസിൽ നിന്ന് പരിചിത ഗന്ധം. അപ്പോത്തിക്കിരി-മെഡിക്കൽ ഷോപ്പ്. ഇറോട്ടിക് സിനിമ മാത്രം പ്രദർശിപ്പിക്കുന തിയറ്റർ.

സൂപ്പർമാർക്കറ്റിൽ ബിയറിന്റെയും വൈനിന്റേയും വൻശേഖരം. സ്വിറ്റ്സർലൻഡിന്റെ പ്രതീകാത്മക സ്ത്രീരൂപമായ ഹെൽവീഷ്യ(Helvetica)യുടെ പേരിലുള്ള ഒരു ബിയർ ക്യാൻ വാങ്ങി. റോമൻ അധിനിവേശത്തിനു മുമ്പ്ഈ പ്രദേശത്ത് വസിച്ചിരുന്ന ഗോലിഷ് ട്രൈബ് ഹെൽവിറ്റിയാണ് പ്രചോദനം. തെരുവിൽ വലിയ കരുക്കളുമായി ചതുരംഗത്തിൽ ഏർപ്പെട്ടവർ. സായാഹ്നത്തിൽ കാഴ്ക്കാരായി
ഷോപ്പിങ് ബാഗുമായി വൃദ്ധർ.

ഇരുൾ പരന്നപ്പോൾ ഹോട്ടലിലേക്ക് നടന്നു. അൽപനേരം ലോബിയിൽ. തുടർന്ന് പുറത്ത് നിന്നു വാങ്ങിയ ഭക്ഷണം കഴിച്ച് ഹെൽവീഷ്യ ബിയർ നുകർന്ന്, നേറ്റീവ് അമേരിക്കൻ സംഗീതത്തിന് കാതോർത്തു. പാൻപൈപ്പിൽ നിന്നൊഴുകുന്ന ആദിമസംഗീതത്തിന്റെ മാധുര്യം, ദ്രുതതാളങ്ങളുടെ വന്യത. റൂട്ട് മാപ്പ് നോക്കി. നാളത്തെ പ്ളാൻ തയ്യാർ.കഴിഞ്ഞ പകലിന്റെ അനുഭവങ്ങൾ അക്ഷരങ്ങളായി നോട്ട് ബുക്കിലേക്ക് പകർന്ന് നിദ്രയിലേക്ക്.