ഒരു മലയാളിയുടെ സ്വിറ്റ്സർലാൻഡ് കാഴ്ചകൾ

Dibin Jacob

Travelouge

തൃശൂർ ജില്ലയിലെ കൃഷ്ണൻകോട്ടയിൽ ജനനം. പൊയ്യ എ കെ എം ഹൈസ്‌കൂൾ,ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്,തൃശൂർ എൻജിനീയറിങ് കോളേജ്, അയർലൻഡിലെ ഡബ്ലിൻ ബിസിനസ് സ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇപ്പോൾ കാനഡയുടെ പടിഞ്ഞാറൻ തീരത്ത് വാൻകൂവറിൽ സ്വയം തൊഴിൽ.വിവാഹിതൻ,ഒരു പെൺകുട്ടിയുടെ അച്ഛൻ. അന്വേഷി,സഞ്ചാരി,എഴുത്തുകാരൻ.

ലോകത്തിലെ ഏറ്റവും മനോഹരമായ തീവണ്ടിപ്പാതകൾ സ്വിറ്റ്സർലൻഡിലാണ്. ഭൂമിയിലെ ഏറ്റവും സുന്ദരമായ സ്ഥലങ്ങൾ. ട്രെയിൻ യാത്രയെ എന്നല്ല,ഏതൊരു യാത്രയേയും സുന്ദരമാക്കും.
എന്നാൽ ട്രെയിനിൽ സഞ്ചരിക്കുമ്പോൾ ഇവയുടെ ഗരിമ കൂടുന്നു. ബോഗികളുടെ താളവും അവിശ്വസനീയമായ രീതിയിൽ പണിതെടുത്ത പാതകളുമാകാം കാരണം. വിശാലമായ കാൻവാസിൽ പ്രകൃതി വരച്ച ചിത്രമാണ് സ്വിറ്റ്സർലൻഡ്.

മഞ്ഞുമൂടിയ മലനിരകളെ തീവണ്ടിപ്പാതകൾ ബന്ധിപ്പിക്കുന്നു. ട്രെയിൻ പോകാത്തിടത്ത്ഗൊ ൻഡോളകൾ(cable car). ആകാശത്തിനും ഭൂമിക്കുമിടയിൽ ബന്ധിച്ച ഉരുക്ക് കയറിൽ അവ മേലേക്കും താഴേക്കും നീങ്ങുന്നു. അലസസുന്ദരമായ ട്രെയിൻ യാത്രയിൽ, ആൽപ്സിലെ മഞ്ഞുരുകി രൂപം കൊണ്ട നീലത്തടാകങ്ങളുടെ വശ്യത കാണാം. പർവതങ്ങൾക്കിടയിലെ താഴ്വരകളിൽ
ഉറങ്ങുന്ന ഗ്രാമങ്ങൾ.

കലാചാതുര്യവും സൗന്ദര്യവും സമ്മേളിക്കുന്ന വീടുകൾ. വേഗം കൂടിയതെങ്കിലും സ്വച്ഛമായ നഗരങ്ങൾ-എങ്ങോട്ടു തിരിഞ്ഞാലും പ്രചോദനം നൽകുന്ന പ്രകൃതി. യൂറോപ്പിലെ ട്രെയിനുകളുടെ സൗകര്യവും
കാര്യക്ഷമതയും കൃത്യതയും മൂന്നാംലോക സഞ്ചാരികളെ ഞെട്ടിക്കുക തന്നെ ചെയ്യും.
19-ആം നൂറ്റാണ്ടിന്റെ അവസാന കാലത്ത് നടന്ന റെയിൽ വിപ്ളവം സ്വിറ്റ്സർലൻഡിൽ സഞ്ചാരികളുടെ കാൽപനിക യുഗത്തിന് വഴിതുറന്നു.

ആൽപൈൻ സ്വർഗം തേടി അന്നുമുതൽ അവർ വന്നു കൊണ്ടേയിരുന്നു. തലമുറകൾ അവരെ പിന്തുടർന്നു. എൻജിനീയർമാർക്കും വ്യവസായികൾക്കും നന്ദി! അസാധ്യമെന്ന് കരുതിയ പദ്ധതികൾ ഭാവനയും സാങ്കേതിക ജ്ഞാനവും പണവും ഇച്ഛാശക്തിയും കൊണ്ട് അവർ യാഥാർത്ഥ്യമാക്കി. സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും,ശാരീരിക ബലഹീനത ഉണ്ടെങ്കിൽ പോലും ആയിരക്കണക്കിന് അടി ഉയരമുള്ള പർവത ശിഖരത്തിലേക്ക് പോകാവുന്ന വിധമാണ് ഈ പാതകളുടെ സംവിധാനം,അങ്ങേയറ്റം സുരക്ഷിതം. സ്വപ്നം വഴിയിൽ കളയേണ്ടതില്ല.

എന്റെ കോഗ് വീൽ ദിനങ്ങൾ: പത്ത് വർഷം മുമ്പ്. 2009 സെപ്റ്റംബർ രണ്ടാം വാരത്തിലെ ബുധനാഴ്ച രാവിലെ പാരീസിലെ ഗാരെ ഡി നോർഡ് സ്റ്റേഷനിൽ നിന്ന് യാത്ര തുടങ്ങി. ലക്ഷ്യം സ്വിസ് തലസ്ഥാനം ബേൺ. അഞ്ചു മണിക്കൂർ യാത്ര. യൂറെയിൽ സർക്യൂട്ടിലെ ഒരു ആഢംബര ട്രെയിൻ. രണ്ടാഴ്ചത്തെ ഫസ്റ്റ് ക്ളാസ് യൂറെയിൽ പാസ് എടുത്തിട്ടുണ്ട്. നഗരം വിട്ട് ട്രെയിൻ ഫ്രഞ്ച് ഗ്രാമങ്ങളിൽ പ്രവേശിച്ചു. എതിരെയുള്ള ഇരിപ്പിടത്തിൽ സ്വർണ വർണമുള്ള മുടിയുള്ള ഇരട്ട പെൺകുട്ടികൾ.

ഫ്രഞ്ച്-സ്വിസ് അതിർത്തിയിലെ ഒരു ഗ്രാമത്തിൽ അമ്മൂമ്മയെ സന്ദർശിക്കാനുള്ള യാത്ര. കൃഷിയിടങ്ങൾ കടന്ന് ട്രെയിൻ മലയിലെ തുരങ്കത്തിൽ പ്രവേശിച്ചു. ഡിജോൺ പട്ടണം കടന്നു പോയി. ദൂരമേറെ കഴിഞ്ഞ് ഒരു സ്റ്റേഷനിൽ നിന്ന് സ്വിസ് പോലീസ് കയറിയപ്പോളാണ് അതിർത്തി കടന്ന വിവരം അറിയുന്നത്.
ചെക്ക് പോസ്റ്റുകളും കമ്പിവേലികളും ഇവിടെയില്ല, പൊലീസ് യാത്രാരേഖകൾ പരിശോധിച്ചതുമില്ല.
ന്യൂഷാഫലിൽ ശുഭദിനം നേർന്ന് എന്റെ സഹയാത്രികകൾ ഇറങ്ങി.

ഒരു മണിക്കൂറിനു ശേഷം ട്രെയിൻ ബേൺ നഗരത്തിൽ പ്രവേശിച്ചു. പുറത്തിറങ്ങി മറ്റൊരു ട്രെയിൻ പ്രതീക്ഷിച്ച് നിൽപായി. നഗരം കാണാൻ സമയമില്ല, ഉടൻ തന്നെ ആൽപൈൻ പട്ടണമായ ഇന്റർലാക്കനിലേക്ക് പോകണം. പ്ളാറ്റ്ഫോം നമ്പർ ശരിയാണെന്ന് ഒരു വനിതയോട് ചോദിച്ച് ഉറപ്പു വരുത്തി. ഇതുവരെ ഇംഗ്ലീഷ് ഉപയോഗിച്ച് പിടിച്ചു നിന്നു,കോളിൻസ് പോക്കറ്റ് ഡിക്ഷനറി വാങ്ങി പഠിച്ച അവശ്യ വാക്കുകൾ പോലും ഉപയോഗിക്കേണ്ടി വന്നില്ല.

ആവശ്യം വരുമായിരിക്കും. അടുത്ത ട്രാക്കിൽ ഒരു ഡബിൾ ഡെക്കർ ട്രെയിൻ വന്നു കിടക്കുന്നു. ആദ്യമായാണ് നേരിട്ട് കാണുന്നത്. സന്തോഷിന്റെ സഞ്ചാരത്തിൽ കണ്ട ഓർമ. നീണ്ടു പോകുന്ന പാത: അയർലൻഡിലെ ഡബ്ളിനിലെ ഈസൺ ബുക്ക്‌ഷോപ്പിൽ ഒരു ട്രാവലോഗിൽ കണ്ട വാചകങ്ങൾ മനസ്സിൽ തെളിഞ്ഞു:


Heaven is
Where the Police are British
The chefs French
The mechanics German
The lovers Italian &
It’s all organised by the Swiss
Hell is
Where the chefs are British
The mechanics French
The lovers Swiss
The police German &
It’s all organised by the Italians

എന്റെ ട്രെയിൻ പ്ളാറ്റ്ഫോമിനോട് ചേർന്ന് കിതച്ചു നിന്നു. ബാഗുകളുമായി പണിപ്പെട്ട് അകത്തു കയറി. ഒറ്റയ്ക്കാണ് യാത്ര. വർഷങ്ങളുടെ സ്വപ്ന സാക്ഷാൽക്കാരം. രണ്ടു വർഷമായി തയ്യാറെടുപ്പിലാണ്.
സ്വപ്നം ജനിച്ചത് അതിനും ഏറെ മുമ്പ്. ഒരു സ്ഥലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ലക്ഷ്യസ്ഥാനത്തെ ഹോട്ടൽ മുറിയിൽ എത്തുന്നത് വരെ അങ്കലാപ്പാണ്. ബാഗുകൾ സൂക്ഷിക്കണം. (ട്രോളി ബാഗ് എടുക്കാതിരുന്നത് മണ്ടത്തരമായി). ലാപ്ടോപ്പിന്റെ ഭാരം തോളിൽ തൂക്കിയ മറ്റൊരു ബാഗിനെ താഴേക്ക് പിടിച്ചു വലിക്കുന്നു.
സ്വയം ശ്രദ്ധിക്കണം,വഴി തെറ്റരുത്.

ഇതിനിടയിൽ പടങ്ങൾ എടുക്കണം. അതിലുപരി ഓരോ നിമിഷവും അവിടെ ആയിരിക്കണം. ബേൺ നഗരത്തിലെ പുറം കാഴ്ചകളിൽ തവിട്ടു നിറമുള്ള കെട്ടിടങ്ങൾ. വെറുമൊരു സ്റ്റോപ്പോവർ മാത്രമുള്ള ഒരു നഗരം പിന്നിടുമ്പോൾ നഷ്ടബോധമാണ്. ഇനി ഈ വഴി വരുമോ? കുതിച്ചു പാഞ്ഞ വണ്ടി വൈകാതെ ഗ്രാമഭംഗിയിലേക്ക് കയറി. എല്ലാ സ്വിസ് ചേരുവകളും ചേർന്ന കാഴ്ചകൾ മനസ്സിലെ ആകുലത മായ്ച്ചു.
ഈ രാജ്യം സ്വർഗതുല്യമാണ്.

ബെൽപ്,തൺ,സ്പീസ് എന്നീ ചെറു പട്ടണങ്ങൾ പിന്നിട്ട് എന്റെ വാഹനം ഇന്റർലാക്കനിൽ പ്രവേശിച്ചു. ഒരു സാൻഡ് വിച്ച് കഴിച്ച് ഈസ്റ്റ് സ്റ്റേഷനിൽ നിന്ന് ടാക്സി വിളിച്ച് ഹോട്ടൽ ബർഗ്സീലിയിൽ. പരമ്പരാഗത രീതിയിൽ നിർമിച്ച കെട്ടിടം. ബാറിൽ കയറാതെ മുറിയിലേക്ക് പോകാൻ കഴിയില്ല. അങ്ങനെയാണ് എൻട്രി. ആഹാ! ചാരായ ഷാപ്പിന്റെ അടുത്തു കൂടിയുള്ള വഴിയിലൂടെയും നമുക്ക് വീട്ടിലേക്ക് പോകാമല്ലോ.
മുറി കിട്ടി.

നേരത്തെ ബുക്ക് ചെയ്തതാണ്. ആൽപ്സിലെ ഒരു മലനിരയുടെ തൊട്ടു താഴെ. ഇത് മായയോ യാഥാർത്ഥ്യമോ?
ഇവിടെ മഞ്ഞില്ല,ഇടതൂർന്ന മരങ്ങൾ. ജനാലച്ചില്ലിലൂടെ കാണുന്ന ചെറിയ മരക്കുടിലുകൾ. തൊട്ടടുത്ത മുറിയിൽ ഡച്ചുകാരിയായ ഒരു വൃദ്ധയുണ്ട്. അവർ അഭിവാദ്യം ചെയ്തു നടന്നു പോയി. ഇന്നിനി പട്ടണ ഹൃദയത്തിലേക്ക് പോകുന്നില്ല, തടാകത്തിൽ യാത്രയുമില്ല.
ഉച്ചകഴിഞ്ഞതേയുള്ളൂ.

സന്തത സഹചാരി സോണി സൈബർ ഷോട്ട് ഡിജിറ്റൽ ക്യാമറയുമായി പുറത്തേക്ക് നടന്നു. പരിസരത്ത് ചുറ്റിനടക്കാം. ഇന്റർലാക്കൻ. യൂറോപ്പിലെ മറഞ്ഞിരിക്കുന്ന അമൂല്യ രത്നം. മധ്യ സ്വിറ്റ്സർലൻഡിലെ റിസോർട്ട് ടൗൺ. അക്ഷരാർത്ഥത്തിൽ രണ്ടു തടാകങ്ങൾക്കിടയിലെ പട്ടണം(inter-lake) മരതക വർണമുള്ള
തൺ തടാകത്തിനും ബ്രിയൻസ് തടാകത്തിനും ഇടയിലെ താഴ്വരയിലാണ് സ്ഥിതി ചെയ്യുന്നത്.

പല വലുപ്പമുള്ള മരവീടുകൾ, ഹെറിറ്റേജ് വില്ലകൾ, ചക്രവാളത്തെ ചുംബിക്കുന്ന താഴ്വര, മാനം തൊടുന്ന കൊടുമുടികൾ, അവയിലേക്ക് റെയിൽ പാതകൾ, മുകളിൽ ഭീമൻ മഞ്ഞു പാളി, ഹിമാനികൾ,നീരുറവകൾ, നിബിഢവനങ്ങൾ. പ്രധാന നിരത്തിലെ മരവീടുകൾ അത്യന്തം ആകർഷകം. തൂങ്ങുന്ന പൂക്കൂടകൾ ചേരുമ്പോൾ ഉദാത്തമായ ദൃശ്യം. ഈ കാഴ്ചകളുടെ പ്രചോദനം പിന്നീട് നാട്ടിൽ പണിയുന്ന സ്വപ്ന ഭവനത്തിന്റെ രൂപകൽപനയെ സ്വാധീനിച്ചു. സ്വിസ് കാലാവസ്ഥയ്ക്ക് യോജിച്ച മേന്മകൾ
അതേപോലെ കേരളത്തിലേക്ക് പറിച്ചു നടാനാകില്ല.

കാഴ്ചയുടെ ഭംഗിക്കും യാത്രയുടെ ആത്മാവിനും ചേർന്ന ചിലതെല്ലാം ഉൾപ്പെടുത്താം. കൂടുതൽ ചരിഞ്ഞ മേൽക്കൂര, വുഡൻ ഫിനിഷ് പുറം ചുമരുകൾ, വലിപ്പംകൂടിയ ചില്ലു ജാലകം, ഫ്ളവർ ബാസ്കറ്റിലെ ചെന്തീ പോലുള്ള പൂക്കൾ. അകത്തും പുറത്തും നിറയുന്ന പച്ച. റോഡിന്റെ ഓരം ചേർന്ന് നടന്നു. ഏതാനും ഔട്ട്ലോ ബൈക്കർമാർ എന്നെ കടന്നു പോയി. ഹാർലി ഡേവിഡ്സൺ ഇരമ്പി. വേനലിൽ യൂറോപ്പിലും അമേരിക്കയിലും സ്ഥിരം കാഴ്ച. തെല്ലു ദൂരം നടന്നപ്പോൾ കുതിരകളെ തെളിച്ച് ഒരു യുവതി.

എതിർവശത്ത് ഒരു കലാസൃഷ്ടിയായി ബസ് സ്റ്റോപ്. ഓരോ വളവിലും തിരിവിലും ഭംഗി. പ്രകൃതി കനിഞ്ഞ നാട്. എന്നാൽ ലാൻഡ് സ്കേപ്പിംഗും പ്രധാനം. മനുഷ്യന്റെ സഹകരണമില്ലാതെ ഈ സൗന്ദര്യം നിലനിൽക്കില്ല. അതിന് പരമപ്രാധാന്യം നൽകുന്ന ഗവൺമെന്റും നിയമങ്ങളും പൗരബോധവും ഇവിടെയുണ്ട്. ഓരോ അണുവിലും ഭംഗിയും വൃത്തിയും ഉണ്ടെങ്കിൽ അതിനു പിന്നിൽ അണുവിട മാറാത്ത ശ്രദ്ധയും അച്ചടക്കവും കാര്യക്ഷമതയുമുണ്ട്.

പ്രധാന വീഥി വിട്ട് ഉൾവഴിയിലേക്ക് കയറി. വേനൽക്കാലത്ത് മറ്റു രാജ്യങ്ങളിൽ നിന്നെത്തിയ സഞ്ചാരികളുടെ വാഹനങ്ങൾ നിറഞ്ഞ വലിയ പാർക്കിംഗ് സ്പെയ്സ്. ഇവർക്ക് സ്വന്തം വീട് രണ്ടു മാസത്തേക്ക് വാടകയ്ക്ക് നൽകി അയൽ രാജ്യങ്ങളിൽ സഞ്ചാരത്തിന് പോയിരക്കയാണ് ദേശവാസികൾ. ബ്രിയൻസ് തടാകക്കരയിൽ ഇളം തെന്നലെറ്റ് അൽപനേരം നിന്നു. തടാകത്തിന്റെ അപാര നീലിമ, അകലെ ഓളങ്ങളിൽ ഉലയുന്ന ഒരു യാനപാത്രം. അതിനപ്പുറം തലയെടുപ്പോടെ മലകൾ. വീണ്ടും നടന്നു.

ഇടവഴികൾ എങ്ങോട്ടാണ് നയിക്കുന്നത്? അരികിൽ അതിമനോഹരമായ ഒരു ശ്മശാനം. തണൽമരങ്ങൾക്ക് താഴെ പൂക്കളുടെ ഇടയിൽ ഉറങ്ങുന്നവർ. അന്തിമ വിശ്രാന്തി കൊള്ളാൻ ഇതിലും സ്വഛമായ ഒരിടമുണ്ടോ?
കുറേ പടികൾ കയറി ചെറിയൊരു ചാപ്പലിന്റെ കവാടത്തിലെത്തി. അതിനപ്പുറം ബ്രിയൻസ് തടാകം.
ആ നിമിഷത്തിൽ ആയിരിക്കുക എന്നതു തന്നെ ഏറ്റവും നല്ല പ്രാർത്ഥന. ആ കുന്നിൻ മുകളിൽ കുറേ നേരം നിന്നു. രാവിലെ തുടങ്ങിയ യാത്രയാണ്. അല്ല അതിനും ഏറെനാൾ മുമ്പേ.

വീട്ടിൽ നിന്നും ഇപ്പോൾ ഏറെ ദൂരെ. ശരീരത്തിന് ക്ഷീണമുണ്ട്, മനസ്സിനില്ല. വിശ്രമം ഉടനെയില്ല. താഴെ തൊട്ടു തൊട്ടു നിൽക്കുന്ന മരവീടുകൾക്കിടയിലെ പാതയിലൂടെ ഒരു തീവണ്ടി കൂകി പാഞ്ഞു പോയി.
ഹോട്ടലിലേക്ക് നടക്കുമ്പോൾ വീടുകളുടെ ഉമ്മറപ്പടിയി്‌ൽ തേജോമയമായ പുഷ്പങ്ങൾ. പുൽപ്പരപ്പിൽ ചെമ്മരിയാടുകൾ. വീട്ടുമുറ്റത്ത് ജ്വലിക്കുന്ന സൂര്യകാന്തിപ്പൂക്കൾ. വൈകുന്നേരം ജലസ്നാനം കഴിഞ്ഞ് റസ്റ്ററന്റിലേക്ക് നടന്നു. ബാറിൽ അന്തേവാസികളുടെ എണ്ണം കൂടിയിരിക്കുന്നു. ജർമൻ ഭാഷയിൽ അവർ തമാശകൾ പറയുന്നു.

ഒരു ബിയർ നുകർന്ന് സംഗീതത്തിന് കാതോർത്ത് ഞാനിരുന്നു.നാളെ മലമുടിയിലേക്ക്.യങ്ഫ്രോ-ടോപ് ഓഫ് യൂറോപ്.
(തുടരും)