മഞ്ഞുമലകളിലേക്കുള്ള യാത്ര : നാർകണ്ഡ ട്രക്കിംങ്ങ്

മഞ്ഞുമലകൾക്കിടയിലൂടെ വടിയും കുത്തി തണുപ്പിൽ നിന്ന് രക്ഷനേടാനുള്ള എല്ലാ സജ്ജീകരണങ്ങളോട് കൂടെ ഒരു ട്രെക്കിങ്ങ് ആഗ്രഹിക്കാത്തവർ ആരുമില്ല. എന്നാൽ ഏറ്റവും മനോഹരമായി നമ്മൾക്ക് വേണ്ടി പ്രകൃതി ഒരുക്കിവെച്ചിരിക്കുത് ഹിമാചലിലെ ഷിംലയിലാണ്. എന്നാൽ തന്റെ യാത്രകളെല്ലാം മുടങ്ങി ഹിമാചലിലെ ഷിംലയിൽ പോകേണ്ടി വരുന്ന വിമൽ രാവണൻറെ യാത്ര വിശേഷങ്ങൾ വായിക്കാം

ശ്രീലങ്കൻ യാത്രക്ക് എല്ലാ തയ്യാറെടുപ്പുകളോടും കൂടി എയർപോർട്ടിൽ എത്തിയപ്പോഴാണ്, ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപ്പിക്കുന്നത്. അങ്ങനെ ആ യാത്ര ഉപേക്ഷിക്കേണ്ടിവന്നതിന്റെ കനത്ത സാമ്പത്തീക നഷ്ടത്തിന്റേയും, മാനസിക ദു:ഖത്തിന്റേയും മേലെ നിന്നാണ് എയർപോർട്ട് കാർ പാർക്കിംങ്ങിൽ ഇരുന്ന് പിറ്റേ ദിവസത്തേയ്ക്ക് ഡെൽഹിക്ക് ട്രെയ്ൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. രാജസ്ഥാൻ,പഞ്ചാബ് എന്നീ സ്ഥലങ്ങളായിരുന്നു മനസിൽ ഉണ്ടായിരുന്നത്, രാജസ്ഥാനിൽ നാല് ദിവസം തങ്ങിയ ശേഷം ഡെൽഹി വഴി പഞ്ചാബ് പോകാം എന്നൊക്കെ ആയിരുന്നു വിചാരിച്ചത്.കൂടെയുള്ള രണ്ട് പേർക്കും ചില ശാരീരിക പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് ഹിമാലയൻ യാത്ര മനസിലേ ഉണ്ടായിരുല്ല. അതു കൊണ്ട് തന്നെ തണുപ്പിനെ പ്രതിരോധിക്കാൻ ഒന്നും കയ്യിൽ എടുത്തിരുന്നില്ല. പ്ലാൻ ചെയ്യാൻ എന്തായാലും രണ്ട് ദിവസം ട്രെയ്നിൽ ലഭിക്കുമല്ലോ എന്ന ആശ്വാസത്തിലാണ് യാത്ര തുടങ്ങിയത്.പക്ഷേ യാത്ര പിന്നീട് ഡെൽഹി വരെ എത്തി, രാജസ്ഥാൻ മോഹം തൽക്കാലം മാറ്റി വച്ചു

ഡെൽഹിയിൽ എത്തി നേരെ സുഹൃത്തിന്റെ മുറിയിൽ പോയി ഉറക്കവും,കുളിയും മറ്റു കാര്യങ്ങളൊക്കെ കഴിഞ്ഞ്. രാത്രിയ്ക്ക് അമൃത്സറിലേയ്ക്ക് ‘റെഡ് ബസ്’ അപ്പ് വഴി ബസ് ബുക്ക് ചെയ്തു,തുടർന്ന് പകൽ മുഴുവനും കൂടെ വന്ന സുഹൃത്തുക്കളായ പ്രദീഷിനേയും, ജ്യോതിഷിനേയും ഡെൽഹി കാണിച്ചു ആ സമയം തന്നെ അവരെ ഹിമാലത്തിലേയ്ക്ക് അടുപ്പിക്കാൻ എന്റെ ശ്രമം നടന്നുകൊണ്ടിരുന്നു, എല്ലാ സഞ്ചാരികളുടേയും പോലെ അവരുടെയും സ്വപ്നം തന്നെയായിരുന്നു ഹിമാലയം, ശാരീരികമായ പ്രശ്നങ്ങളായിരുന്നു അവരുടെ മുന്നിലെ വെല്ലുവിളി,ആ വെല്ലുവിളിക്കപ്പുറം മഞ്ഞ് കാണാനും, മഞ്ഞ് പുതച്ച മലകളെ കാണാനുമുള്ള ആഗ്രഹം ഉളളിൽ കിടക്കുന്നതു കൊണ്ട് അവസാനം ഒരു സാഹസത്തിന് അവർ തയ്യാറായി.

രണ്ട് ദിവസത്തെ അമൃത്സർ കാഴ്ച്ചകൾക്ക് ശേഷം ചണ്ഡീഗഡ് എത്തി അവിടുന്ന് ഒരു ലോക്കൽ ബസ് പിടിച്ചാണ് ഷിംലയിലെ കൊടും തണുപ്പിലേയ്ക്ക് എത്തുന്നത്. രാജസ്ഥാൻ മരുഭൂമിയിലേയ്ക്ക് പാക്ക് ചെയ്ത ബാഗായതു കൊണ്ട് തണുപ്പിനെ അകറ്റാൻ ഒന്നും എടുത്തിരുന്നില്ല. ഡെൽഹിയിൽ നിന്നു സുഹൃത്തിന്റെ മുറിയിൽ നിന്നും എടുത്ത മൂന്ന് ജാക്കറ്റ് തുണയായി, അമൃത്സറിൽ ‘ഡെക്കാത്തലോൺ’ ഷോപ്പിൽ പോയി ഗ്ലൗസും വാങ്ങിയിരുന്നു.

ഷിംലയിലെ ഒരു ദിവസത്തെ കാഴ്ച്ചകളൊക്കെ കണ്ട് രാത്രി ‘മാൾറോഡിൽ’ മഞ്ഞ് കൊണ്ടു നടക്കുമ്പോഴാണ് ഒരു ടാക്സികാരനിൽ നിന്നും നാർകണ്ഡയെ കുറിച്ച് കേൾക്കുന്നത്.മാർച്ച് മാസം സാധാരണ സിംലയിൽ മഞ്ഞ് കാണാൻ പ്രയാസമാണ് മഞ്ഞ് കാണിക്കാൻ കൊണ്ട് വന്നിട്ട് കാണാതെ പോകേണ്ടി വരുമോ എന്നാലോച്ചിരിക്കുമ്പോഴാണ് ടാക്സിക്കാരൻ ബ്രോ യെ പരിച്ചയപ്പെടുന്നത്,മലയുടെ മുകളിൽ മാത്രമേ ഈ സമയം മഞ്ഞ് ഉണ്ടാക്കുകയൊള്ളൂ, ബാക്കിയെല്ലാം മാർച്ച് മാസത്തിന് മുൻമ്പ് ഉരുക്കി പോകും.

ടാക്സി ബ്രോയുടെ സുഹൃത്ത് നാർകണ്ഡയിൽ ക്യാമ്പ് സൈറ്റ് നടത്തുന്നുണ്ട് അവർ വേണ്ട സൗകര്യങ്ങൾ ചെയ്തു തരും എന്നാണ് പറഞ്ഞത്, സ്പോട്ടിൽ തന്നെ ക്യാമ്പ് സൈറ്റ് നടത്തുന്നവരെ അവനെ കൊണ്ട് തന്നെ വിളിപ്പിച്ച് പൈസയുടെ കാര്യമൊക്കെ ഉറപ്പിച്ചു. വെളുപ്പിന് നേരത്തെ തന്നെ ബ്രൊയുടെ കാറിൽ തന്നെ പോകാനും തിരുമാനിച്ചു.അതു വരെ പ്രദീഷിനും ജ്യോതിഷിനും ഉയരങ്ങളിലെ കാലാവസ്ഥയോട് പൊരുത്തപ്പെടാൻ കഴിഞ്ഞത് അവർ രണ്ട് പേർക്കും ട്രെക്കിംങ്ങിനുള്ള മാനസിക ധൗര്യം നൽക്കി. ഒരിക്കലും മഞ്ഞ് കാണാൻ കഴിയില്ല എന്നുറപ്പിച്ചിരുന്ന രണ്ടു പേരും സന്തോഷത്തിലായി. മാൾ റോഡിന്റെ തെരുവിൽ അർദ്ധരാത്രി വരെ മഞ്ഞ് കൊണ്ടു നടന്നിട്ടാണ് മുറിയിലേയ്ക്ക് പോയത്.

ട്രെക്കിംങ്ങിന് പോകുമ്പോൾ ബാഗ് കാറിൽ വക്കാം എന്നുള്ളതുകൊണ്ട്
മുറി ‘ചെക്ക് ഔട്ട്’ ചെയ്താണ് നാർകണ്ഡയിലേയ്ക്ക് പോയത്. സിംലയിൽ നിന്നും 60 കിലോമീറ്റർ ദൂരത്താണ് നാർകണ്ഡ പർവ്വതം സ്ഥിതി ചെയ്യുന്നത്, രണ്ട് മണിക്കൂർ യാത്രയുണ്ട്, എകദേശം അഞ്ച് കിലോമീറ്റർ മലകയറിയാലേ മുകളിൽ എത്തൂ. ഫെബ്രുവരി മാസം വരെ മഞ്ഞുമൂടി പോകുന്ന മലയുടെ മുകൾ ഭാഗത്ത് മാത്രമേ ഇപ്പോൾ മഞ്ഞൊള്ളൂ. ‘സ്നോ’ ട്രെക്കിംങ്ങിനാവശ്യമായ വസ്ത്രങ്ങളും, ഷൂവും ക്യാമ്പ്സൈറ്റിൽ നിന്നും ലഭിച്ചു.അങ്ങനെ മലകയറ്റം തുടങ്ങി തുടക്കത്തിൽ പ്രദീഷിനും, ജ്യോതിഷിനും ശ്വാസം എടുക്കാൻ ബുദ്ധിമുണ്ട് ഉണ്ടായെങ്കിലും സാവധാനത്തിൽ അത് ശരിയായി. വളരെ പതുക്കെയാണ് മല കയറിയത്. കുത്തനെയുള്ളൊരു മല കയറി മറ്റൊരു മലയുടെ അരിക് പിടിച്ച് നടത്തം തുടർന്നു. മുകളിലോട്ട് അടുക്കും തോറും ചെറിയ മഞ്ഞിന്റെ ഭാഗങ്ങൾ ഉരുകാൻ മടിച്ച് കിടക്കുന്നത് കണ്ട് തുടങ്ങി, അങ്ങകലെ വിദൂരതയിൽ ഹിമാലയൻ പർവ്വതനിരകളും ദൃശ്യമായി .


മലയുടെ മഞ്ഞുമൂടിയ ഭാഗത്തേക്കാണ് അവസാനം നടന്നു കയറിയത്. കണ്ണ്മുന്നിൽ ഒരു മായലോകം, ശരീരത്തേയും, മനസിനേയും ഒരുപോലെ കുളിരണിയിക്കുന്ന പ്രകൃതിയുടെ മറ്റൊരു ഭാവം ,മറ്റൊരു മായകാഴ്ച. മലയുടെ മുകൾ ഭാഗം വരെ മഞ്ഞ് ഉറഞ്ഞുകിടക്കുന്ന വഴികളിലൂടെ നടന്നു. ലഡാക്ക് യാത്രയിൽ മഞ്ഞ് കണ്ടിരുന്നെങ്കിലും ഇതുപോലെയൊരു അനുഭവം ആദ്യമാണ്. രണ്ട് മണിക്കൂറോളം മലയുടെ മുകൾ ഭാഗത്ത് കഴിച്ചുകൂട്ടി, മഞ്ഞ് കാലത്ത് ഒരുപാട് സഞ്ചാരികൾ എത്തുന്ന ഒരു സ്ഥലമാണിവിടം, ഒരുപാട് സാഹസീക വിനോദങ്ങളും ആ സമയത്ത് നടക്കും. ‘ഹത്തു’മലയിലേക്കുള്ള യാത്രയാണ് നാർകണ്ഡയിലെ മറ്റൊരു ആകർഷണം.

ജീവിതത്തിൽ ഒരിക്കലും മഞ്ഞ് കാണാനും, ഹിമാലയം കാണാനും കഴിയില്ല എന്നുറച്ചു വിശ്വസിച്ചിരുന്ന രണ്ട് പേരുടെ കണ്ണിൽ സന്തോഷത്തിന്റെ തിളക്കവും, ‘സ്നോ ട്രെക്കിംങ്ങിന്റെ’ ആവേശത്തിൽ നിന്നും ഉണ്ടായ അത്മവിശ്വാസവും കണ്ടു. ഇങ്ങനെ ഒരു അനുഭവം ഇല്ലായിരുന്നെങ്കിൽ മാൾ റോഡിലെ മഞ്ഞ് കൊണ്ട് നടന്ന ഓർമ്മകളുമായി മാത്രം ചുരം ഇറങ്ങേണ്ടി വരുമായിരുന്നു.

ജീവിതത്തിൽ ചുരുക്കം ചിലർക്ക് മാത്രം ലഭിക്കുന്ന ചില അനർഘനിമിഷമാണ് മഞ്ഞുമലകളിലുള്ള ട്രെക്കിങ്ങ്. മഞ്ഞുമലകളോടുള്ള അതിയായ ആഗ്രഹം ഉള്ളവർക്ക് യാത്ര നടത്താനുള്ള ഒരു ഇടം തന്നെയാണ് നാർകണ്ഡ ട്രക്കിംങ്ങ്. യാത്രകളെ നിങ്ങൾ പ്രണയിക്കുന്നെങ്കിൽ നിങ്ങളുടെ ലക്ഷ്യ സ്ഥാനത്ത് ഏഴുക തന്നെ ചെയ്യും