കണ്ണൂരിലെ ഉദയഗിരിയ്ക്കും പൈതൽമലയ്ക്കും ഇടയിലുള്ള മനോഹരമായ വെള്ളച്ചാട്ടമാണ് കാപ്പിമല വെള്ളച്ചാട്ടം. വനവും വെള്ളച്ചാട്ടവും അങ്ങനെ നിരവധി കാഴ്ചകൾ കാപ്പിമല സഞ്ചാരികൾക്ക് ഒരുക്കിവെച്ചിട്ടുണ്ട്. ഏറ്റവുമധികം കേട്ടുകേൾവിയുള്ള പൈതല്മലയുടെ അടുത്ത ഭാഗത്താണ് കാപ്പിമല സ്ഥിതി ചെയ്യുന്നത്. കാടുകളെ തലോടിയുള്ള യാത്ര സഞ്ചാരികളെ കൂടുതൽ ആവേശം കൊള്ളിക്കുന്നതാണ്. നടന്നു കയറുമ്പോൾ തന്നെ ചെറിയ രീതിയിലുള്ള എന്നാൽ ഏറ്റവും മനോഹരമായ രൂപത്തിൽ വെള്ളച്ചാട്ടം കാണാൻ സാധിക്കും.

എപ്പോഴും തണുപ്പിന്റെയും ഇളം കാറ്റിന്റെയും സാനിധ്യം കാപ്പിമലക്ക് സ്വന്തമാണ്. കാപ്പിമല വെള്ളച്ചാട്ടത്തിൽ എത്തിക്കഴിഞ്ഞാൽ മറ്റൊരു അനുഭവം തന്നെയാണ് സമ്മാനിക്കുന്നത്. തണുത്തുറഞ്ഞ വെള്ളവും അതിലുപരി വെള്ളത്തിന്റെ അതിശക്തമായി പതിക്കുന്ന ശബ്ദങ്ങളും ആസ്വദിക്കാൻ ഏറെ കൗതുകം നിറഞ്ഞതാണ്. പതഞ്ഞുകുമിയുന്ന വെള്ളത്തിന്റെ കാഴ്ച്ച പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. പോകാനുള്ള വഴി കൂടുതലും ഓഫ് റോഡാണ്.

അതിനാൽ ട്രെക്കിങ്ങ് ഉപയോഗിക്കുന്ന വാഹനം മാത്രമേ മുകളിലേക്ക് കയറാൻ സാധിക്കൂ അല്ലെങ്കിൽ വണ്ടിയുടെ അടിഭാഗം ഓഫ് റോഡിൽ നശിക്കാൻ സാധ്യത ഉണ്ട്. വിവിധ തരം കൃഷികളും പോകുന്ന വഴിയിൽ തന്നെ കാണാൻ സാധിക്കും. വെള്ളച്ചാട്ടത്തിലേക്ക് നടന്നടുക്കാൻ തുടങ്ങുമ്പോൾ തന്നെ ചുറ്റിനും വെള്ളച്ചാട്ടത്തിന്റെ ശബ്‌ദം നമ്മുടെ കൂടെ സഞ്ചരിക്കും. പോകുന്ന വഴിയിൽ ഒറ്റപ്പെട്ട വീടുകളും കാണാൻ സാധിക്കും. എന്നാലും ജനവാസം കുറവാണ്.

പാൽ വെള്ളച്ചാട്ടമാണ് കാണുമ്പോൾ തന്നെ ദൃശ്യമാകുന്നത്. വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങാമെങ്കിലും സഞ്ചാരികൾ കൂടുതൽ ജാഗ്രതയോടുവേണം ഇറങ്ങേണ്ടത്. കാണുമ്പോൾ തന്നെ പാറക്കെട്ടുകൾ നിർമ്മിച്ച കുളം പോലെയാണ് വെള്ളച്ചാട്ടം പതിക്കുന്ന ഇടം. ശേഷം വെള്ളം ഒഴുകുന്നതും പാറക്കെട്ടുകളിൽ ഇടിച്ചു വകഞ്ഞുമാറിയുള്ള ഒഴുക്കാണ്. മഴക്കാലം അല്ലാത്തപ്പോൾ തന്നെ കവിഞ്ഞൊഴുകുന്ന വെള്ളമുണ്ട് കാപ്പിമലയിൽ. അപ്പോൾ മഴക്കാലത്തിന്റെ അവസ്ഥ പറയണ്ടല്ലോ.

സഞ്ചാരികളുടെ യാത്രകളിൽ എപ്പോഴും കരുതലായി ഇരിക്കേണ്ട പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിക്ഷേപം പോലുള്ള പ്രകൃതിയെ നശിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപെടാതിരിക്കുക. ചിങ്ങം മാസം കാപ്പികമല കൂടുതൽ സൗന്ദര്യവതിയായി കാണാൻ സാധിക്കും. സഞ്ചാരികളെ എപ്പോഴും മാടിവിളിക്കുന്ന കാട്ടിലുള്ള കാപ്പിമല വെള്ളച്ചാട്ടം ജീവിതത്തിൽ ഒരിക്കലെങ്കിലും പോകാൻ ശ്രമിക്കുക. വെള്ളച്ചാട്ടങ്ങളിൽ കൂടുതൽ വ്യത്യസ്തത കാപ്പിമല എപ്പോഴും കത്ത് സൂക്ഷിക്കുന്നുണ്ട്.
