അമ്പത്തിയഞ്ചു കിലോമീറ്റർ കൊടുംകാട്ടിലൂടെ ഒറ്റയ്ക്ക് ഒരു യാത്ര.

Tony Mathew

tonymathew895@gmail.com

Traveler

തമിഴ്‌നാട്‌ സംസ്ഥാനത്തിലെ കോയമ്പത്തൂർ ജില്ലയിലെ ഒരു താലൂക്കും ഹിൽസ്റ്റേഷനുമാണ് വാൽപ്പാറ. പ്രധാനമായും 2 വഴികൾ മാത്രമാണ് ഇവിടേയ്ക്ക് വരാൻ ഉള്ളത്. പൊള്ളാച്ചിയിൽ നിന്ന് 65 കിലോമീറ്ററും ചാലക്കുടിയിൽ നിന്നും 108 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. ആദ്യം പോയത് നല്ലമുടി വ്യൂ പോയിന്റിലേയ്ക്കാണ്. എപ്പോൾ വേണമെങ്കിലും ആനയിറങ്ങാവുന്ന ഒരു സ്ഥലമാണ് നല്ലമുടി വ്യൂ പോയിന്റ്. വാഹനങ്ങൾ വ്യൂ പോയിന്റിനടുത്തേയ്ക്ക് കൊണ്ടുപോകാൻ അനുവാദമില്ല. അതുകൊണ്ട്‌ വാഹനങ്ങളിൽ വരുന്നവർ ടിക്കറ്റ് എടുക്കുന്ന സ്ഥലത്ത് വാഹനം പാർക്ക് ചെയ്ത് അല്പദൂരം നടന്നു വേണം വ്യൂ പോയിന്റിനരികിൽ എത്താൻ. അതിമനോഹരമാണ് ആനമുടി എസ്റ്റേറ്റിന് അടുത്തുള്ള ഈ വ്യൂ പോയിന്റിൽ നിന്നുള്ള കാഴ്‌ച്ച. തേയിലതോട്ടവും കാടും അതിരു പങ്കിട്ട് നിൽക്കുന്ന ഈ പ്രദേശം സഞ്ചാരികൾക്ക് പുതിയ കാഴ്ച്ച തന്നെയാവും സമ്മാനിക്കുക.ഇവിടെനിന്നു നോക്കിയാൽ അങ്ങു ദൂരെയായി വനത്തിനുള്ളിലെ വെള്ളച്ചാട്ടവും ആളുകൾ വസിക്കുന്ന ഒറ്റപ്പെട്ട സ്ഥലങ്ങളും കാണാം.


ഉച്ചയാകുന്നതിനു മുൻപ് തന്നെ മലക്കപ്പാറ – അതിരപ്പിള്ളി റൂട്ടിൽ തിരിച്ചു. പോകുന്ന വഴി അപ്പർ ഷോളയാർ ഡാമും അതിന്റെ വശങ്ങളിലെ മനോഹരമായ തോട്ടങ്ങളും കാണാം. തേയില തോട്ടത്തിന്റെ സൗന്ദര്യം കാണാൻ ഇവിടം കഴിഞ്ഞേ ഉള്ളു വേറെ സ്ഥലം. 
അപ്പർ ഷോളയാർ ഡാമിന്റെ സ്പിൽവേയ്ക്ക് അടുത്തായുള്ള ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച് വീണ്ടും മുൻപോട്ട് നീങ്ങി മലക്കപ്പാറ ചെക്ക്പോസ്റ്റിൽ എത്തി. ഇവിടെനിന്ന് ഒരു പാസ്സ് വാങ്ങാനുണ്ട്. വാഴച്ചാൽ എത്തുമ്പോൾ ആ പാസ്സ് അവിടത്തെ ചെക്ക്പോസ്റ്റിൽ കാണിക്കണം.
“ആദ്യമായിട്ടാണോ ഈ വഴി?” അവിടിരുന്ന ഉദ്യോഗസ്ഥൻ ചോദിച്ചു. 
“അതെ” ഞാൻ പറഞ്ഞു.
“വണ്ടിയിൽ പെട്രോളൊക്കെ ഉണ്ടല്ലോ അല്ലേ? ഇനിയങ്ങോട്ട് പത്തമ്പത്തഞ്ചുകിലോമീറ്റർ കൊടുംകാടാണ്. പമ്പൊന്നുമില്ല.” അദ്ദേഹം പറഞ്ഞു.
“പെട്രോൾ ഉണ്ട്” ഞാൻ പറഞ്ഞു. അവിടുന്ന് പാസ്സ് വാങ്ങി ഇറങ്ങുമ്പോൾ ഞാൻ മനസ്സിൽ ചിന്തിച്ചു – എന്ത് കരുതലാണീ മൻസന്…
അങ്ങനെ ആ സാഹസികയാത്ര തുടങ്ങുകയായി. ഷോളയാർ റിസർവ്‌ഡ് ഫോറസ്റ്റിനുള്ളിലെ ഇടുങ്ങിയ വഴിയിലൂടെ 55 കിലോമീറ്റർ അപ്പുറമുള്ള വാഴച്ചാലിലെ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി എന്റെ വണ്ടി നീങ്ങുകയാണ്. ആൾതാമസമുള്ള പ്രദേശങ്ങളോ കടകളോ പെട്രോൾ പമ്പോ ഒന്നും ഈ ദൂരം നമുക്ക് കാണാനാവില്ല.
കുറേ ദൂരം ചെല്ലുമ്പോൾ ലോവർ ഷോളയാർ റിസർവോയർ കാണാം. 1965ൽ നിർമാണം പൂർത്തിയായ ഈ അണക്കെട്ടിൽ സംഭരിക്കുന്ന വെള്ളം താഴെയുള്ള ഷോളയാർ പവർ ഹൗസിലേക്ക് വലിയ പെൻസ്റ്റോക്ക് പൈപ്പുകൾ വഴി എത്തിക്കുന്നു. 18 മെഗാവാട്ട്‌ ശേഷിയുള്ള ഉള്ള 3 ടർബൈനുകൾ ഉപയോഗിച്ച് 54 മെഗാവാട്ട് വൈദ്യുതി ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്.
ഹെയർപിൻ വളവുകൾ തിരിഞ്ഞു മുൻപോട്ടേക്ക്… ദൂരം പിന്നിടുന്തോറും പ്രകൃതിയുടെ രൂപവും കാലാവസ്ഥയുമെല്ലാം മാറിവരുന്നത് നന്നായി അറിയാൻ കഴിയും. പോകുന്ന വഴിയിൽ അങ്ങിങ്ങായി കുരങ്ങന്മാരുടെ കൂട്ടങ്ങളും കാണാം. ദീർഘമായ ഈ യാത്രയിൽ വാഴച്ചാലിനോട് അടുക്കുന്നു എന്നതിന്റെ സൂചനയായി ചാലക്കുടിപ്പുഴയ്ക്ക് കുറുകെയുള്ള വാഴച്ചാൽ പാലവും കടന്നു.
ഒടുവിൽ വാഴച്ചാലിലെത്തി. മലക്കപ്പാറ ചെക്ക് പോസ്റ്റിൽ നിന്നും തന്നുവിട്ട സ്ലിപ്പ് അവിടെ കൈമാറി. വാഴച്ചാൽ വെള്ളച്ചാട്ടം കണ്ടു. അതിനു ശേഷം അവിടെ നിന്നും അഞ്ചു കിലോമീറ്റർ പിന്നിട്ട് അതിരപ്പിള്ളിയിൽ എത്തി.
വെള്ളച്ചാട്ടം എന്നു കേൾക്കുമ്പോൾ ആദ്യം തന്നെ മനസ്സിൽ വരുന്ന ഒരു പേരാണ് ആതിരപ്പള്ളി. ഏതാണ്ട് 24 മീ. ഉയരത്തിൽ നിന്നും താഴേക്കുപതിക്കുന്ന ഈ ജലപാതം ചാലക്കുടിപ്പുഴയിലാണ്.
ഇന്ത്യൻ സിനിമയുടെ തന്നെ ഒരു പ്രിയപ്പെട്ട ലൊക്കേഷനാണ് ഇവിടം. ബാഹുബലി, രാവൻ തുടങ്ങി നിരവധി സിനിമകൾക്ക് ആതിരപ്പള്ളി ലൊക്കേഷനായിട്ടുണ്ട്. അതുപോലെ തന്നെ അപകടവും നിറഞ്ഞതാണീ സ്ഥലം. അപകട സാദ്ധ്യതയും മുന്നറിയിപ്പ് ബോർഡുകളും വകവയ്ക്കാതെ അലക്ഷ്യമായി വെള്ളത്തിലിറങ്ങിയുള്ള 35-ൽ ഏറെ ആളുകളുടെ ജീവൻ പലപ്പോഴായി ഇവിടെ നഷ്ടമായിട്ടുണ്ട്.
അങ്ങനെ അതിരപ്പിള്ളിയിലെ കാഴ്ചകളും കണ്ട് വിജനമായ വഴിയിലൂടെ ഞാൻ കരിമ്പനക്കാടുകൾ പിന്നിട്ടു, റബ്ബർ എസ്റ്റേറ്റുകൾ പിന്നിട്ടു, തേക്കിൻ കൂപ്പുകൾ പിന്നിട്ടു വൈകിട്ട് ഏതാണ്ട് ഏഴുമണിയോടെ തിരികെ വീട്ടിൽ എത്തി.

കൂടുതൽ കാഴ്ചകൾ ആസ്വദിക്കാനായി താഴെയുള്ള യാത്രികന്റെ വീഡിയോ കണ്ടു നോക്കൂ.

Leave a Reply