
അനീഷ് കൃഷ്ണ മംഗലം
Traveler
ട്രാവലർ മാസിക (2021april) പ്രസിദ്ധീകരിച്ചത്
“അന്നപൂർണയുടെ ഹിമമുടിയിൽ നിന്നും താഴേക്കൊഴുകി നേപ്പാളിനെ ഹരിത സമൃദ്ധയാക്കുന്ന ഗണ്ടകി നദി. അതിന്റെ കുളിർ ജലത്തിൽ മറഞ്ഞു കിടക്കുന്ന സാളഗ്രാമശിലകൾ…”
എപ്പോഴൊക്കെ നേപ്പാൾ എന്ന കൊച്ചു രാജ്യത്തെക്കുറിച്ച് കേൾക്കുന്നുവോ അപ്പോഴൊക്കെ മനസ്സിലാദ്യം തെളിയുന്നത് ഇത്രയുമായിരുന്നു.
ബൗദ്ധരും ഹൈന്ദവരും ബോൺ മതക്കാരും ഒരേപോലെ വിശുദ്ധമായി കരുതുന്ന “മുക്തിനാഥ്” എന്ന ഹിമാലയ ധാമത്തിലേക്ക് യാത്ര തിരിക്കുമ്പോൾ കഥകളും വിശ്വാസവും ഇഴ ചേർന്ന അവ്യക്തമായൊരു ചിത്രം മാത്രമായിരുന്നു മനസ്സിൽ.
വടക്കൻ നേപ്പാളിലെ മസ്തങ് ജില്ലയിൽ ടിബറ്റിലേക്കുള്ള തോറോങ് ലാ ചുരത്തിൽ 3710 മീറ്റർ ഉയരത്തിലാണ് മുക്തിനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാഠ്മണ്ഡുവിൽ നിന്നോ, പോഖ്റയിൽ നിന്നോ റോഡ് മാർഗവും വിമാനത്തിലുമായി ജോംസം എന്ന ഗ്രാമത്തിലെത്തി, അവിടെ നിന്നും മല കയറി മുക്തിനാഥിലെത്താം. പണ്ട് കാലത്ത്
പോഖ്റയിൽ നിന്നു ദിവസങ്ങളോളം നടന്നായിരുന്നു യാത്രികരെത്തിയിരുന്നത്. ഇപ്പൊൾ പർവ്വതചരിവിലൂടെയുള്ള മനോഹരമായ പാതയിലൂടെ ഒരു പകൽ കൊണ്ട് പോഖ്റയിൽ നിന്നും ജോംസം വരെ വാഹനത്തിൽ എത്തിച്ചേരാം.
തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന രപ്തി സാഗർ എക്സ്പ്രസിൽ, ഉത്തർ പ്രദേശിലെ ഗോരഖ് പൂരിലെത്തി അവിടെ നിന്നും പോഖ്റ വരെ ബസിലാണ് ഞങ്ങൾ യാത്ര ചെയ്തത്. ഹിമാലയത്തിന്റെ മുകളിലൂടെയുള്ള അകാശയാത്ര ആസ്വദിക്കുന്നതിനായി പോഖ്രയിൽ നിന്നും ജോംസമിലേക്ക് വിമാന മാർഗ്ഗം പോകുവാനും തീരുമാനിച്ചു. കിഴക്കേടം മുരളീധരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഭഗവത് സ്മൃതി എന്ന അദ്ധ്യാത്മിക കൂട്ടായ്മ സംഘടിപ്പിച്ച ‘നേപ്പാൾ ദർശൻ” എന്ന യാത്രാ പരിപാടിയുടെ ഭാഗമായാണ് ഞാനും ഫോട്ടോഗ്രാഫറായ ബിജു ഭാവച്ചിത്രയും ഈ യാത്രയിൽ പങ്കെടുത്തത്.
ഇരുപത് പേർക്ക് സഞ്ചരിക്കാവുന്ന കൊച്ചു വിമാനങ്ങളാണ് പോഖ്രയിൽ നിന്ന് ജോംസമിലേക്ക് സർവീസ് നടത്തുന്നത്. അത് കൊണ്ട് തന്നെ ഞങ്ങളുടെ സംഘത്തിന് രണ്ട് ദിവസങ്ങളിലായാണ് ടിക്കറ്റ് ലഭിച്ചത്. രണ്ടാം ദിനമാണ് അവസരമെന്നതിനാൽ അന്ന് മുഴുവൻ പോഖ്റാ നഗരത്തിലെ ഫേവ തടാകവും ഡേവിസ് വെള്ളച്ചാട്ടവും ഗുപ് തേശ്വർ മഹാദേവ് ഗുഹയുമൊക്കെ കാണാൻ സമയം കണ്ടെത്തി.
പിറ്റേന്ന് അതിരാവിലെ പോഖ്റയിലെ വിമാനത്താവളത്തിലെത്തുമ്പോൾ സൂര്യനുദിച്ചിരുന്നില്ല. കാഠ്മണ്ഡുവിൽ നിന്നും വരുന്ന വലിയ വിമാനങ്ങളിറങ്ങുവാനുള്ള സൗകര്യമുള്ളതാണ് പോഖ്രയിലെ വിമാനത്താവളം. റൺവേക്ക് സമീപം ഒരു കൊച്ചു കെട്ടിടത്തിലാണ് കൗണ്ടറുകളും സുരക്ഷ പരിശോധനാ മുറികളുമെല്ലാം പ്രവർത്തിക്കുന്നത്.
രണ്ട് വിമാനങ്ങളാണ് പ്രധാനമായും ജോംസമിലേക്ക് പോകുന്നത്. പച്ചക്കറികളും ചക്കുകെട്ടുകളുമൊക്കെയായി ഒരു ബസിൽ കയറുന്ന ലാഘവത്തോടെയിരിക്കുന്ന നേപ്പാളികളോടൊപ്പം ധാരാളം വിദേശികളുമുണ്ട്.
ആദ്യ ബാച്ച് ആളുകൾ കയറിയതോടെ രണ്ട് വിമാനങ്ങളും പറന്നുയർന്നു. ജോംസമിൽ നിന്നു മടങ്ങുന്ന യാത്രക്കാരുമായി ഒരു മണിക്കൂറിനകം അവ തിരിച്ചെത്തും. അപ്പോഴാണ് ഞങ്ങൾക്ക് അവസരം. മൂടൽ മഞ്ഞും കാറ്റും ശക്തമായാൽ ഉച്ചയോട് കൂടി സർവീസ് അവസാനിപ്പിക്കാറാണ് പതിവ്. അംബര ചുംബികളായ പർവ്വതങ്ങളുടെ ഇടയിലൂടെ വിമാനം പറപ്പിക്കുന്നത് അതീവ ദുഷ്കരമായതിനാൽ കാറ്റ് ശക്തമായാൽ ആ ദിവസം സർവീസ് തന്നെ ഉണ്ടാവില്ല.
കാത്തിരിപ്പിനൊടുവിൽ വിമാനങ്ങൾ മടങ്ങിയെത്തി. അതിൽ വന്നിറങ്ങിയ തലേദിവസം പോയ സംഘം മുക്തിനാഥിന്റെ സൗന്ദര്യത്തെക്കുറിച്ച് വർണിച്ചത് കേട്ടപ്പോൾ തൊട്ട് മനസ്സ് തുടിക്കാൻ തുടങ്ങി. വിമാനത്തിലെ ഒരേയൊരു എയർ ഹോസ്റ്റസ് മിഠായി തന്നാണ് ഞങ്ങളെ സ്വീകരിച്ചത്. ഓരോ തവണ ജോംസമിൽ പോയി വരുമ്പോഴും ജോലിക്കാർ വിമാനത്തിന്റെ ചിറകിൽ കയറിയിരുന്നു ഇന്ധനം നിറക്കുന്നുണ്ടായിരുന്നു.
കർട്ടനിട്ട് മറച്ച ചെറിയ കോക്പിറ്റിന്റെ പിന്നിൽ പഴക്കം ചെന്ന് കീറി തുടങ്ങിയ സീറ്റുകൾ. ചെവി തുളക്കുന്ന ഇരമ്പലോടെ ആ കൊച്ചു വിമാനം ആകാശത്തെക്കുയരുമ്പോൾ ഇരുവശവും പർവ്വത ഭിത്തികളല്ലാതെ ആകാശം കാണാൻ സാധിക്കില്ല. വിമാനം ഒഴുകി നീങ്ങുകയൊന്നുമല്ല. കുണ്ടും കുഴിയും നിറഞ്ഞ കേരളത്തിലെ ഒരു റോഡിലൂടെ ബസിൽ സഞ്ചരിക്കുന്നത് പോലെയുള്ള അനുഭവം. പുറത്തെ കനത്ത കാറ്റ് മൂലമാവണം, അതിശക്തമായ കുലുക്കമാണ്.
ദൂരേ “മച്ച്ച പൂചരെ” എന്ന് പ്രാദേശികമായി വിളിക്കുന്ന “fishtail” കൊടുമുടി തലയുയർത്തി നിൽക്കുന്നു. “മച്ച്ച പുചരെ” എന്നതിന് മത്സ്യത്തിന്റെ വാൽ എന്നാണ് അർത്ഥം. ചുറ്റിലും നിരന്നു നിൽക്കുന്ന ധൗള ഗിരിയുടെയും അന്നപൂർണയുടെയും വശ്യഭംഗി നുകർന്നു കൊണ്ടിരിക്കെ ഇരുപത് മിനിട്ട് കൊണ്ട് വിമാനം ലക്ഷ്യത്തിലെത്തി.
വളരെ അപകടം പിടിച്ച ലാൻഡിങ് ആണ് ജോംസമിൽ നടത്തേണ്ടത്. പർവ്വതങ്ങളുടെ ഇടയിൽ അല്പസ്ഥലം നിരപ്പാക്കി ടാർ ചെയ്തതാണ് റൺവേ. വിമാനത്തിൽ നിന്ന് പുറത്തെ തണുപ്പിലേക്കിറങ്ങുമ്പോൾ ഞങ്ങൾ വന്ന വിമാനത്തിൽ കയറി മടങ്ങാൻ ആകാംക്ഷയോടെ കാത്ത് നിൽക്കുന്ന യാത്രികർ. ചെറിയൊരു കെട്ടിടത്തിലാണ് ഓഫീസ്. ഒരു രജിസ്റ്റർ ബുക്കിൽ ഒപ്പിട്ട് പുറത്തേക്കിറങ്ങുന്നത് ജോംസമിലെ കല്ലു പാകിയ ഗ്രാമവഴികളിലേക്കാണ്.
ആദ്യകാഴ്ചയിൽ തന്നെ ഇൗ ഹിമാലയഗ്രാമം നമ്മുടെ മനസ്സ് കവരും. ആധുനികത തെല്ലും വികൃതമാക്കാത്ത നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങളും വീടുകളും. റൺവേയിലോഴികെ ഒരിടത്തും ടാർ ചെയ്ത റോഡുകളില്ല. വെള്ളാരം കല്ലുകൾക്കിടയിലൂടെ തെളിനീരുമായി ഒഴുകുന്ന ഗണ്ടകി. അതിന്റെ ഇരുകരകളിലുമായി ജീവിതം കരു പിടിപ്പിക്കുന്ന ഹിമാലയമക്കൾ. ചൈനയോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ ടിബറ്റൻ ഛായയാണ് ആളുകൾക്ക്.
പുഴയുടെ മറുകരയിൽ “ദിസോങ് സോമ്പ” എന്ന ബുദ്ധ വിഹാരത്തിനോട് ചേർന്ന ഹോട്ടലിലാണ് ഞങ്ങൾക്ക് താമസം ഏർപ്പാട് ചെയ്തിരുന്നത്. അമ്മയും രണ്ട് മക്കളുമാണ് നടത്തിപ്പുകാർ. വലിയ വൃത്തിയോ സൗമ്യമായ പെരുമാറ്റമോ ഒന്നും അവിടെ കാണാൻ കഴിഞ്ഞില്ല. ഭക്ഷണം പോലും നെപ്പാളികൾ വന്നാൽ അവർക്ക് കൊടുത്തിട്ട് മാത്രമെ ഇന്ത്യക്കാർക്ക് നൽകൂ. അത്തരം മനോഭാവം എല്ലാവർക്കും അല്പം മന:പ്രയാസം ഉണ്ടാക്കുകയും ചെയ്തു. അന്നാട്ടുകാരെ പിണക്കാതെ ബിസിനെസ്സ് നടത്താൻ ചിലപ്പോൾ അങ്ങിനെയൊക്കെ വേണ്ടി വരുന്നതാവാം. പ്രഭാത ഭക്ഷണമായി ചപ്പാത്തിയും ദാലും കഴിച്ചു കൊണ്ടിരിക്കെ മുക്തിനാഥിലേക്ക് പോകുവാനുള്ള മിനിബിസ് എത്തിച്ചേർന്നു.
മങ്കിക്യാപ്പും ജാക്കറ്റും ക്യാമറയും മാത്രമെടുത്ത് വണ്ടിയുടെ മുൻ സീറ്റിൽ തന്നെ ഇരിപ്പുറപ്പിച്ചു. ബസ് ഗ്രാമത്തിന്റെ പുറത്തേക്ക് കടക്കുമ്പോൾ ദൂരെ മല അരിഞ്ഞുണ്ടാക്കിയ പാതയിലൂടെ പൊടി പറത്തി വാഹനങ്ങൾ അരിച്ചരിച്ച് നീങ്ങുന്നത് കാണാം. കല്ലും മണ്ണുമല്ലാതെ ഒരു പുൽനാമ്പ് പോലും ഇൗ പ്രദേശത്തെങ്ങും കാണാൻ ഇല്ല. ഇടയ്ക്ക് ഗണ്ടകി നദിയുടെ ഒരു കൈവഴി കുറുകെ കടന്നു. അവിടെ വിശാലമായ നദിയുടെ നടുവിൽ മാത്രം ഉയരത്തിൽ പണിതീർത്ത ചെറിയൊരു പാലം. ബാക്കി ഭാഗം ഓരോ പ്രളയത്തിന് ശേഷവും മണ്ണിട്ട് വഴി നിർമിക്കുകയാണെന്ന് തോന്നുന്നു.
വളഞ്ഞ് പുളഞ്ഞ് മുകളിലേക്ക് കയറും തോറും ദൂരെ അന്നപൂർണയും ധൗളഗിരിയുമടങ്ങുന്ന ഹിമപർവ്വതങ്ങൾ തെളിഞ്ഞ് വന്നു. ജാർകൊട്ട് എന്ന ഗ്രാമം കഴിഞ്ഞ് “രാണിപൗവ” വരെ ഇപ്പൊൾ റോഡ് പണി തീർത്തിട്ടുണ്ട്. ഇടത് വശത്ത് വഴിയുടെ താഴെയാണ് കാഗ്ബെനി എന്ന ഗ്രാമം. നടന്നു വരുന്ന യാത്രക്കാർക്ക് കാഗ്ബെനി ഒരു ഇടത്താവളമാണ്. ഭക്ഷണവും കിടക്കാനുള്ള മുറികളുമൊക്കെ അവിടെയുള്ള ധക്കാലി അടുക്കള എന്ന് വിളിക്കുന്ന ഹോം സ്റ്റേകളിൽ നമുക്ക് ലഭിക്കും.
“നുബിൻ ഹിമാൽ” ഹിമാനിയിൽ നിന്നും ഒഴുകിയെത്തുന്ന കാളിഗണ്ടകി നദിയും മുക്തിനാഥ് ക്ഷേത്രത്തെ ചുറ്റി ഒഴുകിയെത്തുന്ന ജോജ് ഖൊലയെന്ന കൃഷ്ണയും കാഗ്ബെനിയിൽ വച്ചാണ് ഒന്നായി തീരുന്നത്. ലോകത്തിലെ തന്നെ ആഴമേറിയ മലയിടുക്കായ ‘അന്ധ ഗൽചി’ യിലൂടെ കടന്നു വരുന്ന ഗണ്ടകി, 630 കി മീ ഒഴുകി ഒടുവിൽ ബിഹാറിലെ സോൺപൂരിൽ വച്ച് ഗംഗയിൽ ലയിക്കുന്നു. ചുറ്റിലുമുള്ള പർവ്വതങ്ങളുടെ കൂടി ഉയരം കണക്കാക്കിയാൽ അന്ധ ഗൽച്ചി മലയിടുക്കിന് അമേരിക്കയിലെ പ്രസിദ്ധമായ ഗ്രാൻഡ് കാനിയനേക്കാൾ താഴ്ച ഉണ്ടെന് പറയപ്പെടുന്നു.
പോഖറയിൽ കൂടി ഒഴുകിയെത്തുന്ന സേതി ഗണ്ടകിയും തൃശൂലി നദിയും മുഗ്ളിങ് എന്ന സ്ഥലത്ത് സംഗമിച്ച് ഒടുവിൽ ദേവഘട്ടിൽ വച്ച് കാളിഗണ്ടകിയിൽ ചേരുന്നു. ഇവിടെ നടക്കുന്ന കുംഭമേള പ്രശസ്തമാണ്. ഇവിടം മുതൽ നാരായണി എന്ന പേര് കൂടി ഗണ്ടകിക്ക് ഉണ്ട്. 46300 ചതുരശ്ര കിലോമീറ്റർ ഭൂമിയാണ് ഗണ്ടകി ഫലഭൂയിഷ്ടമാക്കിത്തീർക്കുന്നത്. കാളി ഗണ്ടകി, സേതി, മാദി, ദരൗതി, തൃഷൂലി, മർസ്യൻസി, ബുധി എന്നിങ്ങനെ ഏഴ് കൈവഴികൾ ചേർന്ന സപ്ത ഗണ്ടകിയാണ് നേപ്പാളിലെ പ്രധാന ജല സ്രോതസ്സ്.
സ്വർണ്ണവർണ്ണമണിഞ്ഞ് ഇല പൊഴിക്കറായി നിൽക്കുന്ന മരങ്ങൾ നിറഞ്ഞ കിംഖർ ഗ്രാമം പിന്നിട്ട് “രാനിപൗവ്വ” യിൽ ബസ് യാത്ര അവസാനിച്ചു. വാഹനത്തിൽ നിന്നും ഇറങ്ങിയപ്പോഴേക്കും കുതിരക്കാരും പോർട്ടർമാരും മുകളിലേക്കുള്ള വഴിയുടെ കഠിന്യത്തെപ്പറ്റി പറഞ്ഞ് കൊണ്ട് ചുറ്റും കൂടി. വീശിയടിക്കുന്ന പൊടിക്കാറ്റിൽ നിന്നും ചെവിയും കണ്ണും സംരക്ഷിക്കുവാൻ തുണി കൊണ്ട് മൂടികെട്ടി. കുതിരപ്പുറത്ത് കയറിയവർ മുന്നിൽ പോയതോടെ ഞങ്ങള് മെല്ലെ മല കയറാൻ തുടങ്ങി. വഴിയരികിലെല്ലാം കമ്പിളിതൊപ്പിയും കൈയുറയും പഴവർഗ്ഗങ്ങളും ഒക്കെയായി ഗ്രാമീണർ പ്രതീക്ഷയോടെ ഇരിക്കുന്നു.
ഗ്രാമത്തിൽ അവിടവിടെയായി കോൺക്രീറ്റ് കെട്ടിടങ്ങൾ ഉയരുന്നുണ്ട്. എങ്കിലും പഴമ പേറി നിൽക്കുന്ന തടി വീടുകൾക്കും കരിങ്കൽ വീടുകൾക്കും പ്രത്യേകമായ ഒരു ഭംഗിയുണ്ടെന്ന് തോന്നി. എല്ലാ കെട്ടിടങ്ങളും അകവും പുറവും മനോഹരമായ പൂച്ചെടികൾ കൊണ്ട് നിറഞ്ഞതാണ്. ജനൽ പടികളിലോക്കെ ചെടിച്ചട്ടികൾ വച്ച് പരിപാലിക്കുന്നത് നേപ്പാളിന്റെ മിക്ക സ്ഥലങ്ങളിലും കാണാം.
രാനിപൗവയിൽ നിന്നും മുക്തിനാഥ് വരെ പോകുന്നതിനു പ്രത്യേക സൈക്കിളുകളും ബൈക്കും വാടകക്ക് കിട്ടും. വിദേശികൾ പലരും മുകളിൽ നിന്നും കല്ലുകളിൽ കൂടി സൈക്കിളുകളിൽ ഇറങ്ങി വരുന്നുണ്ട്. മഞ്ഞ് മലകളിൽ നിന്നും വീശുന്ന കാറ്റിൽ തണുപ്പ് കഠിനമായികൊണ്ടിരുന്നു.
മുക്തിനാഥ് ക്ഷേത്രം ഉൾപ്പെടുന്ന പ്രദേശം ഒരു ചോലവനം പോലെയാണ്. ഇടതൂർന്ന മരങ്ങൾക്കിടയിൽ കല്ല് പാകിയ നടവഴി. പഴുത്തു വീണ ഇലകൾ തീർഥാടകർക്ക് പരവതാനി വിരിച്ചതു പോലെ. കാടിനുള്ളിൽ പലയിടത്തും ചെറിയ ക്ഷേത്രങ്ങളുമുണ്ട്. അവയുടെ മുകളിൽ പാറിപറക്കുന്ന കൊടികൾ മൂകമായ പ്രാർത്ഥന മന്ത്രങ്ങൾ ഉരുക്കഴിക്കുന്നുണ്ടാവണം. മുകളിൽ നിന്നും കാട്ടിലൂടെ ഒഴുകി വരുന്ന ഉറവജലം പല വഴികളിലൂടെ ചാലു വെട്ടി ഒഴുക്കി വിടുന്നു.
ക്ഷേത്രത്തിന്റെ മുറ്റത്തേക്ക് പടവുകൾ കയറുമ്പോൾ തന്നെ പല നിലകളുള്ള കനക വിമാനമെന്ന ശ്രീകോവിൽ കാണാം. ക്ഷേത്ര മുറ്റത്ത് ചതുരാകൃതിയിൽ ചക്രതീർത്ഥമെന്ന രണ്ട് കുളങ്ങൾ. കൈ തൊട്ടാൽ മരവിച്ച് പോകുന്ന തണുത്ത ജലമാണതിൽ. നട തുറക്കാൻ ഒരു മണിക്കൂർ കൂടിയുണ്ട്. പുറത്തെ മുറ്റത്ത് നിർവ്വികാരവും നിശ്ശബ്ദവുമായ മുഖത്തോടെ കാത്തിരിക്കുന്ന തീർത്ഥാടകർ.
ക്ഷേത്രത്തിന്റെ പുറത്ത് മൂന്ന് വശങ്ങളിലും പ്രത്യേകം നിർമിച്ച പശുവിന്റെ മുഖമുള്ള നൂറ്റിയെട്ട് ശിൽപത്തിൽ നിന്നും തീർത്ഥജലം വീണു കൊണ്ടിരിക്കുന്നു. ഗണ്ടകിയിൽ നിന്നുള്ള ജലമാണിത്. ജന്മപാപങ്ങളിൽ നിന്നും മുക്തി നേടുവാനായി തീർഥത്തെ ശിരസ്സിൽ തളിക്കുന്നവർ.
ഓരോ ഉറവയിൽ നിന്നും തീർത്ഥം കൈ കുമ്പിളിൽ കോരി ശരീരത്തിൽ തളിച്ചു. തണുപ്പ് ഉള്ളിലേക്ക് കിനിഞ്ഞിറങ്ങി. തിളച്ചു മറിയുന്ന മനസ്സിന്റെ ഉള്ളറകളിലെവിടെയോ അത് ചെന്ന് വീണു.
എല്ലാ തീർത്ഥങ്ങളിലും കുളിച്ചതിനു ശേഷം മുന്നിലെ രണ്ട് കുളങ്ങളിലും കൂടി മുങ്ങുകയെന്നത് വളരെ പവിത്രമായി കരുതുന്നു. നൂറ്റിയെട്ട് തീർത്ഥങ്ങൾ എന്നർത്ഥമുള്ള “ച്യുമിങ്ഗ്യാൽസെ” എന്ന ടിബറ്റൻ പേരിലാണിവിടെ മുക്തിനാഥ് അറിയപ്പെടുന്നത്.
ഞങ്ങളുടെ സംഘത്തലവനായ മുരളീധരൻ തിരുമേനിയും ചില സഹയാത്രികരും സാഹസികമായ ഇൗ സ്നാനം നടത്തി. നേപ്പാളികളും വിദേശികളും വിറച്ച് കൊണ്ട് മുങ്ങി നിവരുന്നു. ചിലർ നിലവിളിക്കുന്നു. കുളിച്ച് കയറിയ ചിലർ ഓടിനടന്ന് ശരീരം ചൂടാക്കാൻ ശ്രമിക്കുന്നു. കുളി കഴിഞ്ഞ ചിലർ തണുപ്പ് സഹിക്കാനാകാതെ ശർദ്ദിക്കുന്നതും കണ്ടൂ.
കുളക്കരയിലെ ചാരു ബെഞ്ചിൽ വെറുതെയിരിക്കാൻ രസമാണ്. ഭക്തിയിൽ രമിക്കുന്ന തീർഥാടകരും പ്രകൃതിയിൽ ലയിക്കുന്ന സഞ്ചാരികളും. ക്ഷേത്ര പൂജാരി എത്തിയെന്നറിഞ്ഞതോടെ നീളൻ ക്യൂ രൂപപ്പെട്ടു. കുളത്തിൽ നിന്നും മുങ്ങിയെടുത്ത നാണയത്തുട്ടുകൾ ഗോപുരവാതിലിന്റെ ഇടയിലൊക്കെ ചിലർ തിരുകി വക്കുന്നത് കണ്ടൂ.
അകത്തേക്ക് കയറുമ്പോൾ വലത് വശത്ത് എരിയുന്ന ചിരാതുകൾ. ശ്രീകോവിലിനു ചുറ്റും കത്തിച്ച് വച്ച കർപ്പൂരവും ചന്ദനതിരികളും. ചെറുപ്പക്കാരിയായ ഒരു വനിതയാണ് പകൽ സമയം പ്രധാന പൂജകൾ ചെയ്യുന്നത്. രാവിലെയും വൈകീട്ടും മാത്രം ഒരു ഹൈന്ദവ പൂജാരി എത്തുമെന്നാണ് അറിയാൻ കഴിഞ്ഞത്. മഹാവിഷ്ണുവാണ് മൂർത്തിയെങ്കിലും ബുദ്ധമത വിഭാഗക്കാരാണ് ക്ഷേത്രം പരിപാലിക്കുന്നത്. വാതിൽ പാതി മറച്ചു നിന്നു കൊണ്ട് വനിതാലാമ പ്രസാദ വിതരണം നടത്തുകയും ദക്ഷിണ സ്വീകരിക്കുകയും ചെയ്തു. അകത്ത് ഒരാൾപ്പൊക്കമുള്ള നാരായണ പ്രതിഷ്ഠ. ഭാരത വർഷത്തിന്റെ വടക്കൻ അതിരിലെ മാഹവിഷ്ണുക്ഷേത്രത്തിന്റെ നടയിൽ നിൽക്കുമ്പോൾ തെക്ക് അനന്തശായിയായ ശ്രീപത്മനാഭനെ ഓർത്ത് പോയി. വിശ്വം നിറയുന്ന അലൗകിക തേജസ് താഴ്വരയാകേ നിറയുന്ന പോലെ. നൂറ്റിയെട്ട് വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നായാണ് മുക്തിനാഥ് പരിഗണിക്കപ്പെടുന്നത്.
108 വൈഷ്ണവ ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട എട്ട് ക്ഷേത്രങ്ങളിലൊന്നാണ് മുക്തിനാഥ്. ശ്രീ രംഗം, ശ്രീമുഷ്ണം, തിരുപ്പതി, നൈമിശാരണ്യം, തോതാദ്രി, പുഷ്കർ, ബദരീനാഥ് എന്നിവയാണ് മറ്റ് ക്ഷേത്രങ്ങൾ. തമിഴ് അധ്യാത്മിക സാഹിത്യത്തിലെ “നാലായിരം ദിവ്യ പ്രബന്ധ” ങ്ങളിലും മുക്തിനാഥ് പരാമർശിക്കപ്പെടുന്നുണ്ട്.
ഇവിടെ നിന്നും അല്പമകലെയായിട്ടാണ് ജ്വാലാമയി ക്ഷേത്രം. ഭൂമിക്കടിയിൽ നിന്നുമുയരുന്ന തീജ്വാലയെ ദേവിയുടെ ശക്തി സ്വരൂപമായി ഇവിടെ ആരാധിക്കുന്നു. നൂറ്റാണ്ടുകളായി അണയാതെ ആ അഗ്നി ജ്വലിക്കുന്നു.
സാളഗ്രാമം എന്ന് കൂടി മുക്തിനാഥിന് പേരുണ്ട്. ഗണ്ടകി നദിയിൽ കാണപ്പെടുന്ന സവിശേഷ രൂപമാർന്ന കറുത്ത ശിലകളാണ് സാളഗ്രാമം എന്നറിയപ്പെടുന്നത്. വൈഷ്ണവ ആരാധനകളിൽ വളരെ പ്രാധാന്യമുള്ളതാണ് വിഷ്ണുവിന്റെ പ്രതിരൂപമായ സാളഗ്രാമം. ഇത് രണ്ട് തരത്തിലുണ്ട്. ഭൂമിയിൽ നിന്നും ലഭിക്കുന്ന സ്ഥലജവും നദിയിൽ കാണപ്പെടുന്ന ജലജവും. ജലത്തിൽ നിന്നും ലഭിക്കുന്നതാണ് വിശുദ്ധമായി കരുതുന്നത്. ഇൗ കല്ലുകളുടെ ഉള്ളിൽ ശംഖ്, ചക്രം, ഗദാ, പത്മം തുടങ്ങിയ രൂപങ്ങൾ പ്രത്യേക ക്രമത്തിൽ കാണാം. ഇൗ ക്രമം മാറുന്നതനുസരിച്ച് ഇരുപത്തിനാല് തരം സാളഗ്രാമങ്ങളുണ്ടെന്ന് പറയപ്പെടുന്നു. ഗണ്ടകി നദിയുടെ ഉദ്ഭവസ്ഥാനത്തുള്ള “ദാമോദരകുണ്ഡ”മെന്ന വിശുദ്ധ തടാകം മുതൽ മുക്തിനാഥ് വരെയുള്ള ഭാഗത്താണ് സാളഗ്രാമങ്ങൾ കൂടുതലായി കാണപ്പെടുന്നത്.
തിരുവനന്തപുരത്തെ ശ്രീ പത്മനാഭ സ്വാമിയുടെ വിഗ്രഹവും ഒറീസയിലെ പുരി ജഗന്നാഥ വിഗ്രഹവും ബദരിനാഥ വിഗ്രഹവും സാളഗ്രാമശിലകളിൽ നിർമ്മിച്ചതാണ്.
ഇന്തോ – ആസ്ത്രേലിയൻ , യുറേഷ്യൻ ഭൂഫലകങ്ങളുടെ കൂട്ടിയിടിയിൽ കടൽ ഉയർന്നു രൂപപ്പെട്ടതാണ് ഹിമാലയം എന്ന് പഠനങ്ങൾ പറയുന്നു. അങ്ങിനെ നിക്ഷേപിക്കപ്പെട്ട സമുദ്ര ജീവികളുടെ അമോണൈറ്റ് ഫോസിലുകളാണ് സാള ഗ്രാമങ്ങൾ. ഇൗ ശിലകൾ മുക്തിനാഥ് ഉൾപ്പെടുന്ന ഗണ്ടകി തടത്തിൽ മാത്രമേ കാണപ്പെടുന്നുള്ളു. ഗണ്ടകി നദിക്ക് ഹിമാലയ പർവ്വതത്തേക്കാൾ പഴക്കമുള്ളതായും കരുതുന്നു.
പ്രസിദ്ധമായ “നർസിങ് ഗോമ്പാ” എന്ന ബുദ്ധ വിഹാരവും ഇൗ ചോലവനത്തിനുള്ളിലാണ്. ചെറിയൊരു കുന്നിൽ മുകളിൽ താഴ്വരക്ക് അഭിമുഖമായിരിക്കുന്ന ശാക്യമുനിബുദ്ധ വിഗ്രഹം, കരുണ വഴിയുന്ന മിഴികളോടെ തന്റെ ജനത്തിനെ നോക്കിയിരിക്കുന്നു. 12- ആം നൂറ്റാണ്ടിൽ ടിബറ്റിലേക്കുള്ള യാത്രാമദ്ധ്യേ ഗുരു റിംപോചെ എന്നറിയപ്പെടുന്ന “പത്മസംഭവ” ഇവിടെ ധ്യാനിച്ചതായും ഇൗ ബുദ്ധ വിഹാരം സ്ഥാപിച്ചതായും വിശ്വസിക്കപ്പെടുന്നു.
ബൗദ്ധ- ഹൈന്ദവ ഗുരുപരമ്പരയുടെ ധ്യാന മൗനങ്ങളുടെ പുണ്യ ഭൂമിയിലാണ് മുക്തിനാഥ് ക്ഷേത്ര സങ്കേതം.
മുക്തിനാഥ് സന്ദർശനം കഴിഞ്ഞ് പോഖറയിലേക്കുള്ള മടക്കയാത്ര റോഡ് മാർഗ്ഗമായാൽ അത് മറക്കാനാവാത്ത അനുഭവമായിരിക്കും. ഹിമാലയത്തിന്റെയും ഗണ്ടകി തീരത്തിന്റെയും ഭംഗി നുകർന്നുള്ള ആ യാത്ര വിവരിക്കാനാവില്ല. പലപ്പോഴും വഴി ഇല്ലാതെ പുഴയിലൂടെയും മറ്റും വാഹനം ഓടിക്കേണ്ടി വരും. പത്ത് മുതൽ പതിനാലു മണിക്കൂറെങ്കിലും സമയം എടുത്തേക്കാം.
സെപ്റ്റംബർ മുതൽ നവംബർ വരെയാണ് മുക്തിനാഥ് സന്ദർശിക്കുവാൻ ഏറ്റവും മികച്ച സമയം. മഴക്കാലം കഴിഞ്ഞ് മാലിന്യങ്ങളും മറ്റും മാറി ശുദ്ധമായ താഴ്വരയുടെ ഭംഗി ആസ്വദിക്കാം. പക്ഷേ പൊടി ശല്യം ഇൗ സമയത്ത് കൂടുതൽ ആയിരിക്കും. ഡിസംബർ മുതൽ ഫെബ്രുവരി വരെ കനത്ത തണുപ്പും മഞ്ഞ് വീഴ്ചയും യാത്രികരെ ആകർഷിക്കും. യാത്രികരെ സംബന്ധിച്ചിടത്തോളം മോശം സമയം എന്നൊന്നില്ലല്ലോ. ഓരോ കാലത്തും പ്രകൃതിയുടെ ഓരോ ഭാവങ്ങൾ. കഷ്ടപ്പാടുകളെ അവഗണിച്ച് കടന്നു വരുന്നവരെ കാളിഗണ്ടകീ തീരം കാത്തിരിക്കുന്നു. സാളഗ്രാമത്തിൽ ഒളിപ്പിച്ച വിശുദ്ധിയുമായി…
*****
ചിത്രം പകർത്തിയത്: ബൈജു സി നായർ































