
Nazeem Sali
Traveler
പണ്ടെങ്ങോ കേട്ടു മറന്നൊരു അറബി കഥയിലെ നീല കടലും പായ് കപ്പലും പവിഴ ദ്വീപ് കളുമൊക്കെ മനസിൽ എപ്പോളൊക്കേയൊ വിസ്മയങ്ങൾ തീർത്തിരുന്നു പിന്നെയും കാലങ്ങൾ കഴിഞ്ഞു . കഥകളിൽ കേട്ട പോലെ അങ്ങനെയും ചില സ്ഥലങ്ങൾ ഇന്ത്യയിൽ തന്നെ ഉണ്ടെന്നും കടൽ കടന്നെത്തിയാൽ കഥകളിൽ കേട്ട സ്വപ്ന ലോകത്തേക് എത്തിച്ചേരാമെന്നും അറിയാൻ കഴിഞ്ഞു. അന്ന് മുതൽ ലക്ഷദ്വീപ് ലേക്കുള്ള യാത്ര ജീവിതത്തിലെ ലഷ്യങ്ങളിൽ ഒന്നായി തീർന്നു.സ്പോൺസർ ചെയ്യാൻ ആളുണ്ടെകിൽ ഏറ്റവും ചിലവ് കുറച്ചു കൂടുതൽ കാഴ്ച്ചകൾ കാണാൻ കഴിയുന്ന ഒരേ ഒരു സ്ഥലം ലക്ഷദീപുകൾ ആണ് .
അറബി കടലിൽ ചിന്നി ചിതറി കിടക്കുന്ന 36 ദീപുകളിൽ അതിൽ ജനവാസമുള്ള 10 ദ്വീപുകൾ ആയ അഗത്തി മുതൽ ആൻഡ്രോത് വരെയുള്ള ഏതു ദീപിൽ പോയാലും അതു മറ്റൊരു ലോകത്തേക് ഇറങ്ങി ചെല്ലുന്ന പ്രതീതിയാണ് ജനിപ്പിക്കുന്നത്. പോകുന്നെങ്കിൽ അതു കപ്പലിൽ തന്നെയാകണം. കടൽ കാഴ്ചകളും കണ്ടു കാറ്റിനോടും ഓളങ്ങളോടും കഥ പറഞ്ഞു ഉദയവും അസ്തമയവും കണ്ടൊരു യാത്ര ആകണം . മുൻപ് ഒരിക്കൽ കാലിക്കറ്റ് നിന്നും കൊച്ചി വരെ യുള്ള ട്രെയിൻ യാത്രയിൽ പരിചയപ്പെട്ട ഒരു ലക്ഷദീപ് ലെ സുഹൃത് വഴിയാണ് എനിക്ക് അങ്ങോട്ടേക്കുള്ള പെർമിറ്റ് റെഡി ആയതു. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉം മറ്റു കടമ്പകളും ഒക്കെ കഴിഞ്ഞു ഏകദേശം 4 മാസങ്ങൾ പിന്നിട്ടപ്പോൾ ലക്ഷദീപ് ലെ മിനികൊയ് ദീപിലേക് ഉള്ള യാത്രക്കുള്ള ദിവസം വന്നെത്തി.
പ്രതീക്ഷിച്ച ദിവസം കൊച്ചിയിൽ നിന്നും ടിക്കറ്റ് കിട്ടാതായപ്പോൾ മനസ്സൊന്നു പിടഞെങ്കിലും കാലിക്കറ്റ് ലെ ബേപ്പൂർ നിന്നും ടിക്കറ്റ് റെഡി ആയി . രാവിലെ 8. 30 ന്റെ ബോഡിങ് പാസ്സ് ഒക്കെ കഴിഞ്ഞു കപ്പലിലേക് കയറി എങ്കിലും ഏകദേശം ഉച്ചയോടടുത്തു ബേപ്പൂർ തുറമുഖത്തു നിന്നും ലക്ഷദീപിലേക്ക് പുറപ്പെടാൻ. പതിയെ പതിയെ കരയോട് വിടപറഞ്ഞു കപ്പൽ കടലിലേക്കു ഇറങ്ങി . ഒരു മണി ആയപ്പോൾ കപ്പലിൽ നിന്നും അനൗൺസ്മെന്റ് കേട്ടു. ഫുഡ് റെഡി ആയി . ആവശ്യമുള്ളവർ കാന്റീൻ ലേക്ക് എത്തിച്ചേരുവാൻ. 1.30വരെ യാണ് ലാസ്റ്റ് ടൈം അതിനു മുൻപ് ചെല്ലണം എന്നാൽ മാത്രം ഫുഡ് കിട്ടുകയുള്ളു. ചോറും ദാൽ കറിയും ചിക്കൻ പൊരിച്ചതും ചേർത്ത് 50 രൂപയെ ഉള്ളു . ഭക്ഷണവും കഴിഞ്ഞു ഒന്ന് മയങ്ങിയ ശേഷം വൈകുന്നേരം കപ്പലിന്റെ മുകൾ തട്ടിലേക് കയറി കടൽ കാഴ്ചകൾ ആസ്വദിക്കാൻ തുടങ്ങി . പേരറിയാത്ത കടൽ പക്ഷികൾ കരയെ ലക്ഷ്യമാക്കി പറന്നു പോകുന്നുണ്ട് . എങ്ങോട് നോക്കിയാലും കടൽ തന്നെയാണ് ..നേരം സന്ധ്യ യോട് അടുത്തു. പടിഞ്ഞാറെ മാനത്തു പൊട്ടു പോലെ പതിയെ പതിയെ താഴ്ന്നു പോകുന്ന അസ്തമയ സൂര്യന്റെ കാഴ്ചകൾ മാഞ്ഞു തുടങ്ങി.. അതോടൊപ്പം അരണ്ട മങ്ങിയ വെളിച്ചം കടലിലാകെ വാരി വിതറി.. അങ്ങ് ദൂരെ യായി ചെറിയ ചെറിയ വിളക്ക് കളുടെ പ്രകാശം കാണാം . കപ്പലോ അല്ലെങ്കിൽ മീൻ പിടിത്തക്കാരുടെ ബോട്ടുകളോ ആകാം. ആകാശത്തു ചന്ദ്രകല ചെറുതായി കണ്ടു തുടങ്ങി.
അതിന്റെ പ്രകാശം ചെറിയ രീതിയിൽ പരക്കുന്നുണ്ട് . ഇടയ്ക്കിടെ വീശി അടിക്കുന്ന തണുത്ത കാറ്റിൽ . കടലിലെ ഓളങ്ങൾ ഇളകി മറിയുന്നത് നോക്കി നിന്നു. രാത്രി ഭക്ഷണത്തിനായുള്ള. അനൗൺസ്മെന്റ് വീണ്ടും മുഴങ്ങി കേട്ടതോടെ പതിയെ താഴെ തട്ടിലേക് ഇറങ്ങി കാന്റീൻലേക് നടന്നു. തലേ ദിവസത്തെ ഉറക്ക ക്ഷീണം കൊണ്ടോ കപ്പലിന്റെ ചാഞ്ചാട്ടം കൊണ്ടാണോ എന്തോ അന്ന് പതിവിലും നേരത്തെ സുഖമായി ഉറങ്ങി..
പിറ്റേന്ന് രാവിലെ എണീറ്റു ഒരു കപ്പ് കാപ്പിയും ആയി കപ്പലിന്റെ മുകൾ തട്ടിലേക്ക് പോയി.. ഉദിച്ചു വരുന്ന സൂര്യന്റെ പൊന്ന്കിരണങ്ങൾ കണ്ണ്കുളിർക്കെ കണ്ടു. കിഴക്ക് വെള്ള വീശുംബോൾ മേഘങ്ങൾക്ക് പൊന്നിന്റെ നിറമാണ്. അതിനേക്കാൾ സുന്ദരം ഡോൾഫിൻ മത്സ്യത്തിന്റെ വെള്ളത്തിലേക്കു ഉയർന്നു പൊങ്ങിയുള്ള ചാട്ടമാണ്. ഫ്ലൈയിങ്ങ് ഫിഷ്ഉം ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. കപ്പൽ ജീവനക്കാരിൽ കുറച്ചു പേര് മലയാളികൾ ആയിരുന്നു .
. നല്ല കാലാവസ്ഥ ആയതു കൊണ്ട് ഇങ്ങനെ മുകളിൽ കയറി ഇരിക്കാവുന്നതു അല്ലേൽഛർദിച്ചു താഴെ എവിടേലും കിടന്നേനെ എന്നവർ പറഞ്ഞു . കാരണം കാറ്റും മഴയും ഉള്ള സമയങ്ങളിൽ കപ്പൽ നന്നായി ഇളകും ഒരു തരം കടൽ ചൊരുക്കു ഉണ്ടാകും അപ്പൊ സ്വാഭാവികമായും ആദ്യം പോകുന്ന യാത്രക്കാർക്കു മനം പിരട്ടൽ ഛർദി എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട് . . ഇതിനിടയിൽ കപ്പൽ ജീവനക്കാർ ചൂണ്ട ഇട്ടു മീൻ പിടിക്കുന്നുണ്ട് . വലിയ വലിയ ചൂര മീൻ ഒക്കെ കിട്ടുന്നുണ്ട്. അതവർക്കുള്ള ഉച്ച ഭക്ഷണത്തിനു വേണ്ടിയാണു. ഏകദേശം 9/മണിയോടെ കപ്പൽ ലക്ഷദീപ് തീരത്തേക് നങ്കുരം ഇട്ടു. മിനിക്കോയ് തീരത്തു ആഴം കുറവാണു. വാർഫിലേക്കു കപ്പൽ അടുപ്പിക്കാൻ കഴിയില്ല ഇനിയുള്ള യാത്ര ബോട്ടിൽ കൂടിയാണ് . 9.15;ആയപ്പോൾ ബോട്ട് എത്തി കപ്പലിന്റെ വാതിൽക്കൽ നിർത്തി ഓരോരുത്തർ ആയി അതിലേക്കു കയറി.പകുതിയും കച്ചവടക്കാർ ആണ് ചിലരുടെ കയ്യിൽ ഒരു വലിയ ബോക്സ് തന്നെയുണ്ട്. എല്ലാം പലചരക്കു സാധനങ്ങളാണ് .പച്ചക്കറി യും പഴങ്ങളും തുണിത്തരങ്ങളും ഒക്കെയുണ്ട് ദ്വീപ്ൽ സുലഭമായി കിട്ടുന്നത് തേങ്ങയും മീനും മാത്രമാണ്..ബാക്കി ഉള്ളത് ഒക്കെ നല്ല വിലകൊടുത്തു വാങ്ങണം .
അതിനാലാണ് അവർ ഇടയ്ക്ക് ഇടെ കൊച്ചിയിലും കോഴിക്കോട്മൊക്കെ വന്നു സാധനങ്ങൾ വാങ്ങി പോകുന്നത്. കപ്പലിൽ വന്ന യാത്രക്കാരെയും കയറ്റി നീല കടലിലൂടെ ബോട്ട് കുതിച്ചു പാഞ്ഞു. മേഘാലയിലെ ദ ദ്വാഗി തടാകം പോലെ കടലിന്റെ അടിഭാഗം നല്ല വ്യക്തമായി കാണാം കണ്ണാടി പോലെ തെളിഞ്ഞ ജലത്തിൽ വർണ മൽസ്യങ്ങൾ ഓടി കളിക്കുന്നുണ്ട് . 9.45 ഓടെ ബോട്ട് മിനിക്കോയ് തീരത്തു അണഞ്ഞു. പുറത്തേക്കു ഇറങ്ങുന്ന വഴിയിൽ പോലീസ് കാർ നില്പുണ്ട്. അവർ നമ്മുടെ പെർമിറ്റ് ഒക്കെ പരിശോധിച്ച ശേഷം മാത്രമേ റോഡിലേക്കു ഇറക്കി വിടുകയുള്ളൂ . പെർമിറ്റ് വാങ്ങി നോക്കിയ ശേഷം പോലീസ് പറഞ്ഞു 10.30 ആകുമ്പോൾ പോലീസ് സ്റ്റേഷൻ ൽ വന്നു റിപ്പോർട്ട് ചെയ്യണം .
റൂം ഉണ്ടോ ഇല്ലെങ്കിൽ ഞാൻ റൂം കിട്ടുന്ന സ്ഥലം പറഞ്ഞു തരാം ഒരു ഓട്ടോ വിളിച്ചു പോയാൽ മതി പോയി കുളിച്ചു ഫ്രഷ് ആയ ശേഷം സ്റ്റേഷനിൽ വന്നാൽ മതി എന്നൊക്കെ അവിടെ ഒരു പോലീസ് ഉദ്യോഗസ്ഥ ന്റെ ഭാഷയിൽ അല്ല അയാൾ സംസാരിച്ചത് ഒരു ടൂറിസ്റ്റ് ഗൈഡ് ന്റെ ലെവൽ ആയിരുന്നു. യാത്രക്കാരെ അഥിതി കളെ പോലെ ഇരു കൈയും നീട്ടി സ്വീകരികുന്നത് ദ്വീപ് കാരുടെ മാത്രം പ്രത്യേകത യാണ്.
പോർട്ടിൽ നിന്നും ഔട്ടോ പിടിച്ചു ദീപിലെ സുഹൃത് എനിക്ക് വേണ്ടി ബുക്ക് ചെയ്തിരുന്ന റൂം ലേക്ക് പോയി. വൈറ്റ് ഹൗസ് എന്നാണ് റൂമിന്റെ പേര്. പേര് പറഞ്ഞപ്പോൾ തന്നെ ഓട്ടോ ഡ്രൈവർ അതിന്റെ മുന്നിൽ കൊണ്ടു നിർത്തി. താഴെ വീടും ടൂറിസ്റ്റ് കൾക്ക് താമസിക്കാൻ മുകളിൽ രണ്ടു മുറികളും ..മുറികളുടെ ജനാലയിലൂടെ പുറത്തേക് നോക്കുമ്പോൾ കോടി ബീച്ചും കടൽപാല വുമൊക്കെ കാണാം. പെട്ടന്ന് തന്നെ റൂമിൽ നിന്നിറങ്ങി പോലീസ് സ്റ്റേഷനിലേക്ക് പോയി രജിസ്റ്റർ ചെയ്ത ശേഷം നാട്ടിലേക് തിരിച്ചുള്ള ടികെറ്റ്ഉം എടുത്തു . ഇനി അടുത്ത ലക്ഷ്യം സ്കൂബ യാണ്. തൊട്ടടുത്തുള്ള തുണ്ടി ബീച്ചിലാണ് സ്കൂബ ഡൈവിങ് ഉള്ളത്. . തുണ്ടിയിലേക് പോകും മുന്നേ പോർട്ട് നു അടുത്തായിട്ടുള്ള ഹോട്ടലിൽ കയറി . പക്ഷെ ഭക്ഷണം ഒന്നും അവിടെ ഉണ്ടായില്ല. അതിനു ഹോട്ടൽ ഉടമ പറഞ്ഞ മറുപടി വളരെ വിചി ത്രമായിരുന്നു.ഇവിടെ ഹോട്ടലിൽ വന്നു ആരും ഉച്ചക്ക് ആഹാരം കഴിക്കാറില്ല. എല്ലാവരും വീടുകളിൽ പോയിതന്നെയാണ് കഴിക്കുന്നത്.
രാവിലെ പോർട്ട് ൽ വരുന്ന മത്സ്യ തൊഴിലാളികൾ ക്കു വേണ്ടി മാത്രം ആണ് ഈ ഹോട്ടൽ തുറക്കുന്നത്. ചായയും ചെറു കടികളും മാത്രമേ ഇവിടെ ഉണ്ടാകാറുള്ളു. നിങ്ങളെ പോലെ ടൂറിസ്റ്റ് കൾ ബുക്ക് ചെയ്താൽ മാത്രം ഭക്ഷണം ഉണ്ടാക്കി വെയ്ക്കുള്ളു. നാളെ നിങ്ങൾക് വേണേൽ ഞാൻ ഫുഡ് ഉണ്ടാക്കിത്തരാമെന്നുപറഞ്ഞു ..ആകെക്കൂടി 12 കിലോമീറ്ററിനകത്തു വരുന്ന ഈ സ്ഥലത്ത് രണ്ടു ഹോട്ടൽ മാത്രമേയുള്ളു. അതിലൊന്ന് വൈകുന്നേരം തുറക്കുന്ന ബിസ്മി ഹോട്ടലാണ്. അതിനു ബുക്ക് ചെയ്യേണ്ട ആവശ്യമില്ല ചെന്നാൽ മതിയെന്നും അങ്ങോട്ടേക്കുള്ള വഴിയും പറഞ്ഞു തന്നു. ഹോട്ടലുടമയോട് നന്ദിയും പറഞ്ഞു തിരിഞ്ഞു നടന്നപ്പോൾ പിന്നിൽ നിന്നും വിളി വന്നു.ദീപിൽ വന്നവർ ആരും വിശന്നിരിക്കാൻ പാടില്ലന്നു പറഞ്ഞു കടയിലേക്ക് വിളിച്ചു ഇരുത്തി ചെറു കടികളും ഹോട്ടൽ ഉടമയുടെ വീട്ടിൽ നിന്നും ഭക്ഷണവും അദ്ദേഹം വരുത്തി തന്നു..
മുകളിലേക്കു നോക്കിയാൽ നീലാകാശവും പളുങ്ക് പോലെ മിന്നി തിളങ്ങുന്ന കടലും സ്നേഹിക്കാൻ മാത്രം അറിയാവുന്ന നിഷ്കളങ്ക രായ ഒരു കൂട്ടം ജനങ്ങളും തിങ്ങി പാർക്കുന്ന ഇവിടം മറ്റൊരു സ്വർഗം തന്നെയാണ്.. നാളത്തേക്കുള്ള ഭക്ഷണത്തിനു ഓർഡർ ഉം കൊടുത്തു തുണ്ടി ബീച്ച് ലക്ഷ്യമാക്കി നടന്നു . പോകുന്ന വഴികളിൽ എല്ലാം ചെറിയ ചെറിയ വീടുകൾ ആണ് . ഷീറ്റും ഓടും തന്നെയാണ് മിക്ക വീടുകളും. കോൺഗ്രീറ്റു വീടുകൾ വളരെ ചുരുക്കം.. നമ്മുടെ വീടിന്റെ മുറ്റത്തു ഉള്ളപോലെ ഭംഗിയുള്ള പൂന്തോട്ടം ഒന്നുമില്ല.. എല്ലാ വീട്ടിനോടും ചേർന്നുള്ള ചായ്പ്പിൽ വളർത്തു മൃഗങ്ങളെ കെട്ടിയിട്ടുണ്ട്. മത്സ്യ ബന്ധനവും ആട് വളർത്തലും കോഴി വളർത്തലും തന്നെയാണ് പ്രധാന ഉപ ജീവന മാർഗം .
തുണ്ടി ബീച്ചിലേക് എത്തിയപ്പോൾ സമയം 2 കഴിഞ്ഞു. ആഴം തീരെ കുറഞ്ഞ ഈ ബീച്ചിലൂടെ മുട്ടോളം വെള്ളത്തിൽ കിലോമീറ്റളോളം കടലിലേക്കു ഇറങ്ങി നടക്കാം. കരയിൽ നിറയെ മുത്തു ചിപ്പികളും വെണ്ണ പോലെയുള്ള കല്ലുകളും തൂവെള്ള മണൽത്തരികളുമാണ്.
ആഴമില്ലാത്തത് കൊണ്ടാകാം പച്ച കലർന്ന നീല നിറമാണ് കടൽ വെള്ളത്തിനു. തിര നിശേഷമില്ല കാറ്റിനു അനുസരിച്ചുള്ള ചെറിയ ഓളം വെട്ടൽമാത്രമേയുള്ളു സൂര്യന്റെ പ്രകാശത്തിൽ കടലാകെ മിന്നി തിളങ്ങുന്നുണ്ട് ഇന്ത്യയിൽ ഇങ്ങനെ അതിമനോഹരമായ ഒരു സ്ഥലമുണ്ടെന്നു ഒരിക്കലും വിശ്വസിക്കാൻ പറ്റുന്നില്ല . പായ്വഞ്ചി പോലെയുള്ള വായു നിറച്ച ബോട്ടിൽ തീരത്തു നിന്നും കുറച്ചു ഉള്ളിലേക്കു കൊണ്ട് പോയി നിർത്തി അവിടെ മുതലാണ് കടലിന്റെ ആഴംതുടങ്ങുന്നതും. ഗൈഡ് ന്റെ ട്രെയിനിങ് കഴിഞ്ഞു കടലിനടിയിലേക് ഊളിയിട്ടു..
അതു മറ്റൊരു മായിക ലോകമായിരുന്നു. സ്വർണ വർണ്ണ മൽസ്യങ്ങൾ കൈകളെ ഉമ്മ വെച്ച് തഴുകി പോകുന്നുണ്ട്. ചിലത് ചുറ്റുമിങ്ങനെ കറങ്ങുന്നുണ്ട്. കൈയിൽ മീനിന്റെ ഫുഡ് മായാണ് വെള്ളത്തിലേക്കു താഴുന്നത് . പവിഴപുറ്റു കൾക്കിടയിൽ നിന്നും
.അതു കൊത്തി പറിക്കാൻ കൂട്ടമായി മീനുകളുടെ ഒരു വരവുണ്ട്. ആകെ 10മിനിറ്റ് മാത്രമായിരുന്നു സമയം അതു 10 സെക്കന്റുകൾ പോലെ പോയി. അത്രയും മനോഹരമായ കാഴ്ചകളായിരുന്നു. വെള്ളത്തിനു മുകളിൽ സ്നോർക്കലിംഗ് ചെയ്തു പിന്നെയും ഏറെനേരം അവിടെ കിടന്നു.
വൈകുന്നേരം പോയത് മിനികൊയ് ലൈറ്റ് ഹൗസ് ലേക്ക് ആയിരുന്നു. ബ്രിട്ടീഷ് ഭരണ കാലത്തു 1885 ൽ നിർമിച്ച ലൈറ്റ് ഹൌസ് ആണിത്. ഇതിനു മുകളിൽ കയറിയാൽ മിനികൊയ് ദ്വീപ് മുഴുവനായും കാണാൻ കഴിയും. 6 മണി കഴിഞ്ഞപ്പോൾ അവിടന്ന് ഇറങ്ങി ഔട്ടോ പിടിച്ചു റൂമിലേക്കു പോയി. ഓട്ടോ വിളിക്കാൻ ഒരു നമ്പർ ഉണ്ട് അതിലേക് വിളിച്ചു ലൊക്കേഷൻ പറഞ്ഞു കൊടുത്താൽ മതി ഓട്ടോ നമ്മുടെ അടുത്തേക് വരും. അതിനു വേണ്ടി ഒരു ഓഫീസും ഉം അവിടെ ഉണ്ട്. നമ്മുടെ നാട്ടിലെ പോലെ റിട്ടേൺ വരുന്ന ഓട്ടോയിൽ കയറാൻ പാടില്ല . ഒന്ന് രണ്ടെണ്ണം ആ വഴി വന്നപ്പോ കൈ കാണിച്ചെങ്കിലും അതിൽ കയറ്റിയില്ല. ഡ്രൈവർ പറഞ്ഞു നിങ്ങൾ സ്റ്റാൻഡിലെ നമ്പർ ലേക്ക് വിളിക്കു അവർ ഇങ്ങോട്ടെക് വണ്ടി അയക്കുമെന്ന് അതാണ് ദീപിലെ നിയമം.
രാത്രി മാത്രം ഭക്ഷണം കിട്ടുന്ന ഹോട്ടലിലേക്കു നടന്നു . സ്ത്രീകളൊക്കെ രാത്രിയും റോഡിലൂടെ ഇറങ്ങി നടക്കുന്നുണ്ട് . സ്ത്രീകൾക് അത്രമേൽ ബഹുമാനം കൊടുക്കുന്ന നാടാണ് ലക്ഷദീപ്. സ്ത്രീധന സമ്പ്രദായം തീരെയില്ല ഇവിടെ.അതുപോലെ തന്നെ വിവാഹവും വളരെ ലളിതമായ രീതിയിൽ ഒതുക്കി തീർക്കും.കവലകളിലൊക്കെ ചെറുപ്പക്കാർ കൂട്ടം കൂടി ഇരിക്കുന്നുണ്ട്. ആരുടെ കയ്യിലും മൊബൈലൊന്നും കാണുന്നില്ല. പരസ്പരം മുഖത്തേക് നോക്കി സംസാരിച്ചു സൗഹൃദത്തെ ഊട്ടി ഉറപ്പിക്കുകയാണവർ. മൊബൈൽ നു തീരെ റേഞ്ച് ഉം ഇല്ല അതു മറ്റൊരു സത്യം. ഹോട്ടലിലേക്കു ഉള്ള വഴി ചോദിച്ചപ്പോൾ അതു കാണിക്കാനായി ഒന്ന് രണ്ടുപേർ കൂടെ വന്നു. ഇടവഴി ആയതു കൊണ്ട് വഴിതെറ്റുമെന്ന് തോന്നിയത് കൊണ്ടാകും.നാട്ടിലെ വിശേഷങ്ങളൊക്കെ ചോദിച്ചു കൂടെ നടന്നു. ശെരിക്കും സാധുക്കളാണ് അവർ . ദീപിലെ ഭാഷ മഹൽ ആണേലും ഒട്ടുമിക്ക പേർക്കും മലയാളം അറിയാം. പക്ഷെ ഉച്ചാരണ രീതിയിൽ ഒരുപാടു മാറ്റങ്ങൾ ഉണ്ട്. ചിലതൊക്കെ മനസിലാക്കാൻ ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നെങ്കിലും അവിടന്ന് തിരിച്ചു പോകുന്നത് വരെ അവരുടെ സ്നേഹവും കരുതലും ശെരിക്കും അനുഭവിച്ചറിഞ്ഞു.
പിറ്റേന്ന് പോയത് കോടി ബീച്ചിലെ കാഴ്ചകൾ കാണാനായിരുന്നു. കടൽപ്പാലത്തിൽ ഇരുന്നു ചൂണ്ടയിടുന്ന കുറച്ചു പേരെ കണ്ടു. സ്വന്തം വീട്ടവശ്യത്തിന് വേണ്ടിയായിരുന്നു മീൻ പിടുത്തം . ആവശ്യത്തിനുള്ള മീൻ കിട്ടിയാൽ അതുംകൊണ്ട് വീട്ടിലേക് പോകുന്നവരെയും കാണാം. കോടി ബീച്ചിൽ ചെറുതായി തിരയുണ്ട്. കടൽ പാലത്തിൽ നിന്നും നോക്കുമ്പോൾ വലിയ വലിയ മീനുകൾ നീന്തി തുടിക്കുന്നത് കാണാൻ കഴിയും. അതുകൊണ്ട് ചൂണ്ടയിടൽ വലിയ പ്രയാസമൊന്നും ഇല്ല.അവരോട് ചങ്ങാത്തം കൂടിയാൽ നമുക്ക് എത്ര വേണേലും മീൻ പിടിച്ചു തരും..ഡിസംബർ മാസത്തിലാണ് മിനികൊയ് ഫെസ്റ്റ് തുടങ്ങുന്നത്. ആ സമയം ദീപുകൾ ആളുകളെ കൊണ്ട് നിറയും മറ്റു ദീപിൽ നിന്നും ധാരാളം പേര് ഇങ്ങോട്ടെക് വരും. മിനികൊയ് മുഴുവനും ലൈറ്റും അലങ്കാരങ്ങളുംകൊണ്ട് നിറയും ..ബീച്ചിന്റെ അരികിലെ റോഡിലൂടെ സൈക്കിൾ ൽ സ്കൂൾ കുട്ടികൾ നിരയായി പോകുന്നുണ്ട് .കുഞ്ഞു കുട്ടികൾ വരെ സൈക്കിളിൽ പോകുന്നത് കാണുമ്പോൾ കൂട്ടത്തോടെ ചിത്ര ശലഭങ്ങൾ പോകുന്ന പോലെ തോന്നും..
12മണിയോടെ പോലീസ് സ്റ്റേഷൻ ൽ എത്തി രജിസ്റ്റർ ൽ ഒപ്പിട്ടു തിരിച്ചു പോകാനുള്ള പെർമിറ്റ് പേപ്പറും വാങ്ങി പോകാനിറങ്ങി. വളരെ സമാധാന പരമായ അന്തരീക്ഷമായിരുന്നു അവിടെ കണ്ടത്. തുറന്നു കിടക്കുന്ന ജയിലുകളാണ് അവിടെ ഉണ്ടായിരുന്നത്. ലൈസൻസ് ഇല്ലാതെ വണ്ടി ഓടിക്കുന്നത് മാത്രമാണ് ഇവിടെ റിപ്പോർട്ട് ചെയുന്ന ആകെകൂടിയുള്ള കേസ്.
2 മണിക്കുള്ള കപ്പലിൽ കയറാൻ വേണ്ടി ഒരു മണിയോടെ പോർട്ടിൽ എത്തി. പോർട്ടിലെ പതിവ് പരിശോധനകളൊക്കെ കഴിഞ്ഞു ബോട്ടിൽ കയറി കപ്പലിലേക്ക് യാത്രയായി. അങ്ങകലെ ഒരു കൊതുമ്പു വള്ളം പോലെ കപ്പൽ നങ്ക്കൂരമിട്ടിരിക്കുന്നത് കാണാം.. വൈകുന്നേരം നാലുമണിയോടെ ദീപിനോട് വിടപറഞ്ഞു കപ്പൽ കൊച്ചിയിലേക് തിരിച്ചു . കപ്പലിന്റെ മുകൾ തട്ടിൽ കയറി നിന്നുകൊണ്ട് കണ്ണിൽ നിന്നും ആ സുന്ദര ഭൂമി മായുന്നവരെ നോക്കി നിന്നു ഞാൻ..
















