കടൽ ക്ഷോഭം തരണം ചെയ്തുള്ള മിനിക്കോയ് ദ്വീപിലേക്ക് യാത്ര

ഒന്നാം ഭാഗം

ഞാന്‍ ഒരു നാവികനാണ്. എന്‍റെകപ്പല്‍ ജീവിതത്തിലെ ആദ്യ ദൌത്യം ഇന്ത്യയിലെ ഒരു പ്രധാന തുറമുഘമായ കൊച്ചിയില്‍ നിന്നും ലക്ഷദ്വീപ് സമൂഹത്തിലേക്കു പോകുന്ന ഒരു യാത്രാ കപ്പലില്‍ ആയിരുന്നു. ലക്ഷദ്വീപ് സമൂഹം ഇന്ത്യയുടെ പടിഞ്ഞാറു സ്ഥിതി ചെയ്യുന്ന അറബിക്കടലില്‍ ആണ് സ്ഥിതിചെയ്യുന്നത്.ആകെ 36 ദ്വീപുകളുള്ള ഇവയില്‍ 10 എണ്ണത്തില്‍മാത്രമാണ് ജനവാസമുള്ളത്. ഈ ദ്വീപുകള്‍ അവയുടെ ബീച്ചുകള്‍ക്കും, ചിറകള്‍ക്കും(Lagoons), ജലവിനോദങ്ങള്‍ക്കും തെങ്ങിന്‍ കാടുകള്‍ക്കും പ്രസിദ്ധമാണ്.

പക്ഷെ ഇന്ത്യയില്‍ മറ്റെവിടെക്കും ചെല്ലുന്ന പോലെ സഞ്ചാരികള്‍ക്ക്അവരുടെ ഇഷ്ടം അനുസരിച്ച് ലക്ഷദ്വീപിലേക്ക് ചെല്ലുവാന്‍ സാധ്യമല്ല. LDCL(Lakshadweep Development Corporation Committee) എന്ന സ്ഥാപനം നടത്തുന്ന വ്യത്യസ്ത ടൂര്‍ പാക്കേജുകള്‍ വഴി മാത്രമേ അവിടേക്ക് ചെല്ലുവാന്‍ സാധിക്കുകയുള്ളൂ. യാത്രികരെ കൊച്ചിയില്‍ നിന്ന് കപ്പലില്‍ കയറ്റി, അവര്‍ നിശ്ചയിച്ചിട്ടുള്ള വിവിധ ദ്വീപുകളിലേക്കു കൊണ്ടു പോയി കാഴ്ചകളൊക്കെ കാണിച്ചു തിരികെ കൊണ്ടു വരും. ഞാന്‍ ജോലി ചെയ്തിരുന്ന കപ്പലും അവയില്‍ ഒന്നായിരുന്നു.

മിനിക്കോയ് എന്ന ദ്വീപ്‌ ലക്ഷദ്വീപ് സമൂഹത്തിലെ ഒരു പ്രസിദ്ധമായ ദ്വീപ്‌ ആണ്. ഈ ദ്വീപ്‌ മറ്റു ദ്വീപുകളില്‍ നിന്ന് ഒഴിഞ്ഞ്, ലക്ഷദ്വീപ് സമൂഹത്തിലെ ഏറ്റവും തെക്ക് ആയിട്ടാണ് സ്ഥിതി ചെയ്യുന്നത്. അത് കൊണ്ട് തന്നെ മിനിക്കോയ് ദ്വീപിലേക്ക് പോകുന്ന യാത്രയില്‍ വേറൊരു ദ്വീപും ഉള്‍പ്പെടുത്തിയിരുന്നില്ല. കൊച്ചിയില്‍ നിന്ന് യാത്ര തുടങ്ങിയാല്‍ 42 മണിക്കൂറില്‍ കൊച്ചിയില്‍ തിരിച്ചെത്താം. മാത്രമല്ല അഗത്തി എന്ന വേറൊരു ദ്വീപില്‍ അല്ലാതെ മിനിക്കോയില്‍ മാത്രമാണ് കടല്‍ പാലവും ഉള്ളത്.

ബാക്കിയെല്ലാ ദ്വീപുകളിലും കരയില്‍ നിന്ന്‍ ഒരു നിശ്ചിത ദൂരത്തില്‍ കപ്പല്‍ നങ്കൂരമിടും. എന്നിട്ട് ബോട്ടുകള്‍ വന്നു കപ്പലിലേക്ക് ചേര്‍ത്തു കെട്ടി അവയിലേക്ക് യാത്രക്കാരെയും അവരുടെ ബാഗ്ഗുകളും ഇറക്കും. “സ്പീഡ്” എന്ന പ്രസിദ്ധ ഹോളിവുഡ്സിനിമയെ ആ കാഴ്ച എന്നും അനുസ്മരിപ്പിച്ചിരുന്നു. മഴക്കാലത്ത്‌, കാലാവസ്ഥ മോശമായാല്‍, ഈ കാഴ്ചശ്വാസം അടക്കി പിടിച്ചു മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. കപ്പലും ബോട്ടും കാറ്റില്‍ ആടിയുലയും. രണ്ടും അടുത്തു വരുമ്പോള്‍ മാത്രം ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടണം.

അത് കൊണ്ട് തന്നെ ബോട്ടിനും കപ്പലിനും ഇടക്കുള്ള വെള്ളത്തിലേക്ക് ആളുകള്‍ വീഴുന്നതും സര്‍വ സാധാരണമാണ്. ഇടക്കൊരു ദിവസം കൊച്ചിയില്‍ പ്രസവം കഴിഞ്ഞു ദ്വീപിലേക്ക് വരുന്ന ഒരു സ്ത്രീയെയും ദിവസങ്ങള്‍ മാത്രം പ്രായമായ കൈകുഞ്ഞിനേയും ബോട്ടിലുള്ളവര്‍ കപ്പലില്‍ നിന്ന് സുരക്ഷിതമായി ബോട്ടിലേക്ക് മാറ്റിയത് ഞങ്ങള്‍ കൈ കൂപ്പിക്കൊണ്ടാണ് കണ്ടു നിന്നത്. വെള്ളത്തില്‍ വീണ് ബോട്ടിനും കപ്പലിനും ഇടയ്ക്കു ആളുകള്‍ ഞെരുങ്ങി അപകടങ്ങള്‍സംഭവിക്കാതിരിക്കാന്‍ കപ്പലിന്‍റെ വാതിലിനു ഇരുവശവും കുത്തനെ 2 humps കൊടുത്തിട്ടുണ്ട്‌.

യാത്രയുടെ ദൈര്‍ഖ്യക്കുറവും കടല്‍ പാലത്തിന്‍റെ സാന്നിധ്യവും ഉള്ള മിനിക്കോയ് തന്നെയാണ് എന്‍റെ മാതാപിതാക്കളെ കൊണ്ട് പോകാന്‍ പറ്റിയ ഏറ്റവും നല്ല സ്ഥലം എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു.

അങ്ങനെ 2012 ഡിസംബര്‍ 22ലേക്ക് ആ യാത്ര നിശ്ചയിച്ചു.നല്ല തെളിഞ്ഞ അന്തരീക്ഷമായിരുന്നു കൊച്ചിയില്‍. കാലാവസ്ഥക്ക് കപ്പല്‍ യാത്രയില്‍ നല്ല പ്രാധാന്യമുണ്ട് എന്നതു എടുത്തു പറയേണ്ട കാര്യമില്ല. യാത്ര സുഗമമാവാനും ദ്വീപില്‍ സര്‍ക്കാര്‍ ഏര്‍പ്പാടക്കിയിട്ടുള്ള വിവിധ ജല വിനോദങ്ങള്‍ ആസ്വദിക്കാനും കാലാവസ്ഥ തെളിഞ്ഞിരുന്നെ പറ്റു. പക്ഷെ അന്ന് കപ്പല്‍ കൊച്ചിയില്‍ നിന്ന് യാത്ര പുറപ്പെടും മുമ്പ് ഒട്ടും ശുഭകരമല്ലാത്ത ഒരു വാര്‍ത്ത വന്നു.ശ്രീലങ്കയ്ക്കടുത്തു ഒരു ന്യൂന മര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ മിനിക്കോയില്‍ കാലാവസ്ഥ മോശമാണെന്നും, ശക്തിയുള്ള കാറ്റു കടലില്‍ വീശുന്നുണ്ടെന്നും ആയിരുന്നു ആ വാര്‍ത്ത.

പക്ഷെ ആ വാര്‍ത്ത ഞാന്‍ എന്‍റെ അച്ഛനമ്മമാരില്‍ നിന്ന് ഒളിച്ചു വച്ചു. എന്തു കൊണ്ടെന്നാല്‍, കടലില്‍ യാത്ര ചെയ്തു തീരെ പരിചയമില്ലാത്ത അവര്‍ക്ക് കപ്പല്‍ ഈ യാത്രയില്‍ ആടിയുലയും എന്ന ധാരണ തന്നെ മനസ്സില്‍ ഭീതി നിറച്ചേക്കാം. അത് വഴി മനം പുരട്ടാനും ചര്ടിക്കാനും ഉള്ള സാധ്യത വളരെ കൂടുതല്‍ ആണ്. ഇംഗ്ലീഷില്‍ ‘pre-sea sickness’ എന്നാണ് ഇതിനു പറയുന്നത്.

കപ്പല്‍ കൃത്യം 2:30നു പുറപ്പെട്ടു. സാധാരണ ആളുകള്‍ക്ക് സാധ്യമാകുന്ന കാഴ്ച്ചയുടെ നേരെ എതിര്‍ ദിശയിലേക്കുള്ള കാഴ്ചകള്‍ ആസ്വദിച്ചു കൊണ്ട് അച്ഛനമ്മമാര്‍ കപ്പലിന്‍റെ മുന്‍വശത്ത് തന്നെ നിന്നു. ഫോര്‍ട്ട്‌ കൊച്ചി, വല്ലാര്‍പ്പാടം എന്നിവ പിന്നിട്ടു ഞങ്ങള്‍ വൈപ്പിന്‍ ദ്വീപിന്‍റെ അടുത്തെത്തി. വൈപ്പിനിലെ 2 ഗ്യാസ് സംഭരണികള്‍ ആണ് കൊച്ചിയില്‍ നിന്ന് കപ്പല്‍ പുറപ്പെട്ടാല്‍ നാം കാണുന്ന അവസാന കാഴ്ച. വൈകാതെ കര കാഴ്ചയില്‍നിന്നും മറഞ്ഞു. ചുറ്റും വെള്ളം മാത്രമായി.

സൂര്യന്‍ അസ്തമിക്കുന്നതിനു മുമ്പായി, കപ്പല്‍ മുഴുവന്‍ അവരെ ചുറ്റി നടന്നു കാണിച്ചു. സൂര്യാസ്തമയം കപ്പലിന്‍റെ പുറംതട്ടില്‍ നിന്ന് വീക്ഷിച്ചതിനു ശേഷം അവര്‍ റൂമിലേക്ക്‌ കടന്നു. അത്താഴം കപ്പലിലെ ക്യാപ്റ്റന്‍, ചീഫ് എഞ്ചിനീയര്‍ മുതലായ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക്ഒപ്പം ആയിരുന്നു.

എന്‍റെ ജോലി സമയം രാത്രി 8-12 ആയിരുന്നു. രാത്രി സമയങ്ങളില്‍, പ്രത്യേകിച്ച് മോശം കാലാവസ്ഥയില്‍, കപ്പലിന്‍റെ പുറത്തു ചില ഭാഗങ്ങളിലേക്ക് ആളുകളെ പോകാന്‍ സമ്മതിക്കാറില്ല. യാത്രികര്‍ കടലിലേക്ക്‌ വീണാല്‍ അറിയാതെ പോവും എന്നതു തന്നെയാണ് കാരണം. പുറം കാഴ്ചകള്‍ കാണാന്‍ കഴിയാത്തതിനാല്‍ അവര്‍ ഉറങ്ങാന്‍ തന്നെ തീരുമാനിച്ചു. എന്‍റെ ജോലി സമയം തീരുന്നതിനു മുമ്പ് തന്നെ കടല്‍ ക്ഷോഭത്തിന്‍റെ ലക്ഷണങ്ങള്‍കണ്ടു തുടങ്ങി. ജോലി കഴിഞ്ഞു അവരുടെ റൂമില്‍ പോയി നോക്കിയപ്പോള്‍അവര്‍ സുഖമായി ഉറങ്ങുന്നതാണ് കണ്ടത്. കപ്പലിന്‍റെ ഉലച്ചിലൊന്നും അവരെ ബാധിച്ച മട്ടില്ല. ആശ്വാസത്തോടെ ഞാനും എന്‍റെ റൂമിലേക്ക്‌ മടങ്ങി.

പിറ്റേ ദിവസം രാവിലെ ഏകദേശം 6 മണിക്ക് ഞാന്‍ ഉണര്‍ന്നു അച്ഛനമ്മമാരുടെ റൂമിലേക്ക്‌ പോയപ്പോള്‍ അവര്‍ ദ്വീപിലേക്ക് പോകാന്‍ തയ്യാറായി ഇരിക്കുന്നതാണ് കണ്ടത്. ശക്തിയേറിയ ഒരു പ്രകാശം അവരുടെ കണ്ണിലേക്കു നിശ്ചിത ഇടവേളകളില്‍ പതിച്ചതു കൊണ്ടാണത്രേ അവര്‍ ഉണര്‍ന്നത്. ആ പ്രകാശം ലൈറ്റ് ഹൌസില്‍ നിന്നും ആയിരുന്നു. ക്ഷണത്തില്‍ പ്രഭാത ഭക്ഷണം കഴിച്ചു ഞങ്ങള്‍ കപ്പലിന്‍റെ ഏറ്റവും അടിത്തട്ടിലേക്ക് പോയി. കടലിലേക്ക്‌ തുറക്കുന്ന വാതില്‍ അവിടെയാണ് സ്ഥിതി ചെയ്യുന്നത്.

കാലാവസ്ഥ മോശമായതിനാല്‍ വെള്ളവും ആകാശവും ഒരു പോലെ ചാര നിറം ആയിരുന്നു. കാറ്റില്‍ ചെറിയ തിരമാലകള്‍ കപ്പലിന്‍റെ ഉള്ളിലേക്ക് അടിക്കുന്നുണ്ടായിരുന്നു. കാല്‍മുട്ട് വരെ നനയാതെ ബോട്ടിലേക്ക് കയറിപ്പറ്റുക അസാദ്ധ്യം. ആ കാഴ്ച അച്ഛനെയും അമ്മയെയും കുറച്ചൊന്നു പരിഭ്രമിപ്പിച്ചു. എന്നാലും ബോട്ടിലുള്ളവരുടെയും കപ്പലിലുള്ളവരുടെയും സഹായം കൊണ്ട് അവര്‍ ബോട്ടില്‍ കയറി. അതിഥികള്‍ ആണെന്നു മനസ്സിലാക്കി ഏതോ 2 പേര്‍ അവര്‍ക്ക് സീറ്റും കൊടുത്തു. പക്ഷെ തുറന്ന ബോട്ട് ആണെന്നുള്ളതും ആളുകള്‍ വീഴാതിരിക്കാന്‍ വേണ്ട കൈവരികള്‍ ഇല്ലാത്തതും സുരക്ഷയുടെ കുറവ് തന്നെയാണ്. ബോട്ട് നിറഞ്ഞപ്പോള്‍ കപ്പലിലേക്ക് ചേര്‍ത്തു കെട്ടിയ കയര്‍ അഴിച്ചു മാറ്റി ഞങ്ങള്‍ കരയെ ലക്‌ഷ്യം വച്ചു നീങ്ങി.

ഞങ്ങള്‍ ദ്വീപിലേക്ക് പോകുമ്പോള്‍ കാറ്റു ബോട്ടിന്‍റെ പുറകില്‍ നിന്നായിരുന്നു വീശിയിരുന്നത്. അതു കൊണ്ട് തന്നെ ഒട്ടും ഉലച്ചില്‍ അനുഭവപ്പെടില്ല എന്നു മാത്രമല്ല ബോട്ടിന് വേഗത കൂടുകയും ചെയ്യും. പക്ഷെ കര അടുത്തപ്പോള്‍ ബോട്ട് 90 ഡിഗ്രീ തിരിഞ്ഞു, കാറ്റ് വലതു വശത്ത് നിന്നും വീശാന്‍ തുടങ്ങി. അതോടെ കപ്പല്‍ ഉലയാനും വെള്ളം ബോട്ടിലേക്ക് കയറിയിറങ്ങാനും തുടങ്ങി. മാത്രമല്ല പലപ്പോഴും തിരമാലകള്‍ ബോട്ടിന്‍റെ വലതു വശത്ത് ശക്തിയില്‍ ഇടിച്ചു ചിതറി, മഴ പോലെ ആളുകളുടെ മുകളിലേക്ക് വീണിരുന്നു. അതോടെ ചില സ്ത്രീകളും കുട്ടികളും കരയാനും തുടങ്ങി.

ദ്വീപു നിവാസികള്‍ ആയിരുന്നിട്ടും പലര്‍ക്കും പേടി മാറിയിട്ടില്ലെന്ന് സാരം. അമ്മയുടെ തൊട്ടടുത്തിരുന്ന സ്ത്രീ deputation-ല്‍ SBI ബാങ്കില്‍ ജോലി ചെയ്യുന്ന ആളുടെ ഭാര്യയാണ്. സ്വന്തം സ്ഥലം പട്ടാമ്പി. തീരെ പരിചയം ഇല്ലാത്ത അവര്‍ അമ്മയുടെ കൈ മുറുക്കെ പിടിച്ചിരുന്ന് നിശബ്ദമായി വിതുമ്പി കരയുകയായിരുന്നു. അമ്മയും ആകെ വികാരമില്ലാത്ത അവസ്ഥയില്‍ ആയിരുന്നെങ്കില്‍ അച്ഛനും SBI ഉദ്യോഗസ്ഥനും ഇതെല്ലാം ആസ്വദിക്കുകയായിരുന്നു. എനിക്ക് അത്ഭുതം തോന്നി. എന്തായാലും ഈ ബഹളത്തിനിടയില്‍ ബോട്ട് ജെട്ടിയില്‍ അണഞ്ഞു. ഞങ്ങളെല്ലാവരും ദ്വീപിലേക്ക് ഇറങ്ങി.

ദ്വീപുകളില്‍ നമുക്ക് കാണാന്‍ കഴിയുന്ന ഏറ്റവും ‘മുന്തിയ’ വാഹനം ഓട്ടോറിക്ഷ ആണ്. ദ്വീപുകളില്‍ വന്നിറങ്ങിയ ചരക്കുകള്‍ അതാതു വീടുകളിലും കടകളിലും എത്തിക്കാന്‍ പെട്ടി ഓട്ടോകള്‍ കൂടിയേ തീരൂ. ബൈക്കുകളും ഇലക്ട്രിക്‌ സ്കൂട്ടറുകളും സൈക്കിളുകളും കുറവല്ല. തലസ്ഥാനമായ കവരത്തിയില്‍ കാറുകളും കാണാം.

കപ്പലിലെ ഒരു ജോലിക്കാരന്‍റെ ബന്ധു മുഖേന ഞങ്ങള്‍ക്ക് സ്ഥലം കാണാന്‍ ഒരു ഓട്ടോ തയ്യാറാക്കിയിരുന്നു. കാഴ്ച ശരിക്കു കണ്ടാസ്വദിക്കാന്‍ അതൊരു പെട്ടി ഓട്ടോ ആയിരുന്നു എന്ന് അടുത്തു ചെന്നപ്പോഴാണ് മനസ്സിലായത്‌. ദ്വീപ്‌ നിവാസികളുടെ നിഷ്കളങ്കതയിലും ആതിഥ്യ മര്യാദയിലും ഞങ്ങള്‍ക്കേറെ ബഹുമാനം തോന്നി. ഞങ്ങളുടെ ആദ്യ യാത്ര ലൈറ്റ് ഹൌസിലേക്ക് ആയിരുന്നു.

ഈ ലൈറ്റ് ഹൌസ് പണി കഴിപ്പിച്ചത്1885-ല്‍ ആണ്. ലോകത്തിലെ തന്നെ മൂന്നാമത്തെയും ഏഷ്യയിലെ ആദ്യത്തെയും ആണ്. ഏകദേശം 15 നില ഉയരം ഉണ്ട്.ഒരു കൊമ്പൌണ്ടിന്‍റെ ഗേറ്റ് കടന്നു കുറച്ചു ദൂരം നടന്നാലേ ലൈറ്റ് ഹൌസില്‍ എത്തുകയുള്ളൂ. ലൈറ്റ് ഹൌസിനോട് ചേര്‍ന്നുള്ള ഒരു ചെറിയ റൂമില്‍ നിന്ന് ജീവനക്കാരന്‍ ഞങ്ങള്‍ക്കുള്ള ടിക്കറ്റ്‌ തരികയും ലൈറ്റ് ഹൌസിനു ഉള്ളിലേക്ക് കൊണ്ട് പോകുകയും ചെയ്തു.

ലൈറ്റ് ഹൌസിന്‍റെ ഉള്ളില്‍ ഒത്ത നടുക്കൊരു തൂണ്‍ മുകളിലേക്ക് പോകുന്നുണ്ട്. അതിനോട് ചേര്‍ന്ന് ഒരു വലിയൊരു ചക്രവും. പണ്ട്‘കീ’ കൊടുത്തു പ്രവര്‍ത്തിപ്പിക്കുന്ന ക്ലോക്ക് പോലെയായിരുന്നത്രേ ഈ ലൈറ്റ് ഹൌസും. അതിന്‍റെ ഉപകരണങ്ങള്‍ ആണിവ. ഏറ്റവും മുകളില്‍ ചെന്നാല്‍ ഇതിന്‍റെയെല്ലാം ബാക്കിപത്രമെന്നോണം ഒരു ഗിയര്‍ സിസ്റ്റവും കാണാം. ഇന്ന് ലൈറ്റ് കറക്കുന്നത്‌ മോട്ടോര്‍ വച്ചാണ്. കോണി ഉള്ളിലെ ചുമരിനോട് ചേര്‍ന്നു ചുറ്റി മുകളിലേക്ക് പോകുന്നു.
ഏറ്റവും മുകളിലെ ബാല്‍ക്കണിയില്‍ എത്തിയപ്പോഴാണ് കാറ്റിന്‍റെ ശക്തി ശരിക്കു മനസ്സിലായത്. അമ്മ ആദ്യം ബാല്‍ക്കണിയില്‍ വരാന്‍ വിസമ്മതിച്ചെങ്കിലും കൈ പിടിച്ചു കൊണ്ട് വന്നു. 15 നില ഉയരത്തില്‍ കടലിന്‍റെ അനന്തതയിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ ഭീകരതയാണ് തോന്നിയത്. നല്ല തെളിഞ്ഞ കാലാവസ്ഥയുള്ളപ്പോള്‍ ഇളം നീല ആകാശവും കടും നീല വെള്ളവും തമ്മില്‍ വേര്‍തിരിക്കുന്ന ചക്രവാളം തെളിഞ്ഞു കാണാം. പക്ഷെ ഇപ്പോള്‍ വെള്ളത്തിനും ആകാശത്തിനും ചാര നിറമാണ്. ചക്രവാളം മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. പോരാത്തതിനു ശക്തിയിലുള്ള കാറ്റും.

ഒരു പക്ഷെ കണ്ടു പരിചയം ഇല്ലാത്തതു കൊണ്ടാവാം, തെങ്ങിന്‍ തോപ്പ് മുകളില്‍ നിന്ന് നോക്കുമ്പോഴുള്ള കാഴ്ചരസം പകരുന്ന ഒന്നായിരുന്നു.

ലൈറ്റ് ഹൌസിന്‍റെ പ്രവര്‍ത്തന രീതി അയാള്‍ ഞങ്ങള്‍ക്ക് വിവരിച്ചു തന്നു. ബാല്ക്കണിയില്‍ ലൈറ്റ് ഹൌസിന്‍റെ ചുറ്റും കറങ്ങി, ഏകദേശം 20 മിനുറ്റ് അവിടെ ചിലവഴിച്ച് ഞങ്ങള്‍ താഴേക്കിറങ്ങി. ഒരു 50 മീറ്റര്‍ കൂടി നടന്നാല്‍ കടലില്‍ എത്താം.തിരകള്‍ക്കു പതിവിലും വലുപ്പകൂടുതല്‍ ഉണ്ട്. അച്ഛന്‍ പവിഴ പുറ്റിന്‍റെ ചെറിയ ചില കഷണങ്ങള്‍ പെറുക്കി കയ്യില്‍ വച്ചു.കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ തിരിച്ചു ഓട്ടോയില്‍ കയറി.

(തുടരും)

Rishi N Namboothiripad

Teacher and agriculturist by passion, Living near Perithalmanna

Leave a Reply