ദ്വീപിലെ ജല വിനോദങ്ങളുടെ ഇടമായ ലഗൂണിലേക്ക്

ഞങ്ങളുടെ അടുത്ത ലക്‌ഷ്യം ലഗൂണ്‍ ആയിരുന്നു. കരയുടെ ഉള്ളിലേക്ക് വെള്ളം കയറി നില്‍ക്കുന്ന ഭാഗത്തിനെയാണ് ലഗൂണ്‍ എന്ന് പറയുന്നത്. ലക്ഷദ്വീപിലെ ഏതൊരു ദ്വീപിലെയും ഏറ്റവും ഭംഗിയുള്ള സ്ഥലം ഇതാണ്. കടലിന്‍റെ തന്നെ ഭാഗമാണെങ്കിലും ഒട്ടും ആഴമില്ല. തിരകള്‍ ഇല്ലെന്നു തന്നെ പറയാം. വെള്ളത്തിനാണെങ്കില്‍ അടിത്തട്ടു വരെ തെളിഞ്ഞു കാണാവുന്ന സ്ഫടിക തുല്യ ഇളം നീല നിറം. സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ജല വിനോദങ്ങള്‍ ഇവിടെയാണ്‌ നടത്തുന്നത്.പക്ഷെ അവിടെയെത്തിയപ്പോള്‍ ശരിക്കു സങ്കടമാണ് തോന്നിയത്.

മേല്‍പറഞ്ഞ ഒരു കാര്യം പോലും അന്നവിടെ കാണാന്‍ കഴിഞ്ഞില്ല. കാലാവസ്ഥ മോശമായത് തന്നെ കാരണം. വെള്ളത്തിനു ഇവിടെയും നല്ല ചാര നിറം. അതു കൊണ്ട് ജല വിനോദങ്ങള്‍ എല്ലാം നിര്‍ത്തി വച്ചിരിക്കുകയാണ്. ബോട്ടുകള്‍ കരയിലേക്ക് വലിച്ചു കയറ്റി ഇട്ടിരിക്കുന്നു. ആറ്റു നോറ്റ് കിട്ടിയ സന്ദര്‍ഭമായിരുന്നു അച്ഛനും അമ്മയ്ക്കും ഈ യാത്ര. അത് മുതലാക്കാന്‍ കഴിയാതെ പോയതില്‍ നല്ല വിഷമം തോന്നി.

ഇവിടെയും കരയില്‍ കുറച്ചു നേരം ചിലവിട്ടു ഓട്ടോയില്‍ കയറി. പോകുന്ന വഴിയില്‍ ഒരു കുളത്തിന് അരികെ ഒരു ചായക്കട കണ്ടപ്പോള്‍ ഒരു ചായ കുടിച്ചു. ടൂറിസ്റ്റ് ആണെന്ന് മനസ്സിലാക്കി കടയിലെ ജീവനക്കാരന്‍ അച്ഛന് ഒരു ബീഡ സമ്മാനമായും കൊടുത്തു.

ഞങ്ങള്‍ പിന്നീട് പോയത് ദ്വീപിന്‍റെ ഏറ്റവും തെക്ക് ഭാഗത്തേക്കാണ്. ആള്‍താമസമില്ലാത്ത ഒരു ദ്വീപുണ്ട് അവിടെ-വിര്‍ജിന്‍ ഗിലി. അതിനെയും ദൂരെ നിന്ന് നോക്കി കണ്ടു ഞങ്ങള്‍ക്കു തൃപ്തിപ്പെടേണ്ടിവന്നു. തെളിഞ്ഞ കാലാവസ്ഥ ആണെങ്കില്‍ ദ്വീപിലേക്ക് നടന്നു ചെല്ലാന്‍ സാധിക്കുമെങ്കിലും വിഷമുള്ള തവളകളും, മീനുകളും, ഞണ്ടുകളും ഒക്കെ അവിടെ ഉണ്ടത്രേ. ആള്‍താമസം ഇല്ലാത്ത ദ്വീപുകള്‍ എല്ലാം നാവിക സേനയുടെ കീഴില്‍ ആണ്.

ഏറ്റവും ഒടുവിലായി അയാള്‍ കൊണ്ട് പോയത് കപ്പല്‍ ജെട്ടിയില്‍ ആണ്. അവിടെ തിരകളുടെ വലുപ്പവും കരയിലേക്കും ജെട്ടിയിലെക്കും അടിക്കുന്ന ശക്തിയും നമ്മളെ ശരിക്കു ഭയപ്പെടുത്തും. ഈ അവസ്ഥയില്‍ കപ്പല്‍ കരയിലേക്ക് അടുപ്പിക്കുന്നത് ആലോചിക്കാനേ പറ്റില്ല.

അപ്പോഴേക്കും സമയം 1 മണി ആയിരുന്നു. ഒട്ടും കേമമില്ലാത്ത ഒരു ഹോട്ടലിലേക്ക് ഡ്രൈവര്‍ ഞങ്ങളെ കൊണ്ടു പോയി. സസ്യാഹാരികള്‍ക്ക് ലക്ഷദ്വീപില്‍ പിടിച്ചു നില്ക്കാന്‍ പറ്റില്ല എന്ന് തന്നെ പറയാം. ഞങ്ങള്‍ക്ക് കിട്ടിയ ആഹാരവും ഒട്ടും സ്വാദിഷ്ടമായി തോന്നിയില്ല.
ആഹാരത്തിന് ശേഷം ഡ്രൈവര്‍ ഞങ്ങളെ ബോട്ട് ജെട്ടിയില്‍ കൊണ്ട് വിട്ടു. 800 രൂപയാണ് അയാള്‍ക്ക് ഞങ്ങള്‍ കൊടുത്തത്. അതൊട്ടും അധികമല്ലെന്നാണ് തോന്നിയത്, കാരണം പെട്രോളിനും ഡീസലിനും ദ്വീപില്‍ വില നാട്ടിലേക്കാള്‍ വളരെ കൂടുതലാണ്. 2:30നു ആണ് കപ്പലിലേക്കുള്ള ബോട്ട് സര്‍വീസ് തുടങ്ങുന്നത്. അത് വരെ ഞങ്ങള്‍ ബീച്ചില്‍ ഇരുന്നു സമയം നീക്കി

ഞങ്ങള്‍ കയറിയത് കപ്പലിലേക്കുള്ള രണ്ടാമത്തെ ബോട്ടില്‍ ആണ്. ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത, എന്നാല്‍ ഭീകരത കൊണ്ട് തന്നെ മറക്കാനും കഴിയാത്ത ഒരു ബോട്ട് യാത്രയായിരുന്നു ഞങ്ങള്‍ പിന്നീട് നടത്തിയത്. കാറ്റ് യാത്രയുടെ നേരെ എതിര്‍ ദിശയില്‍ നിന്നാണ് വീശിക്കൊണ്ടിരുന്നത്. അത് കൊണ്ട് ഉലച്ചില്‍ കഠിനമായിരുന്നു. തിരകള്‍ക്കു മുകളിലേക്ക് കയറുമ്പോള്‍ ബോട്ടിന്‍റെമുന്‍ഭാഗം ഏതാണ്ട് കുത്തനെ മുകളിലേക്കും താഴേക്കു ഇറങ്ങുമ്പോള്‍ കുത്തനെ താഴേക്കുംആയിരുന്നു.

ഒട്ടും ഇടതടവില്ലാതെ ഓരോ തിരയും വരുമ്പോള്‍ ഈ യാത്ര ഒട്ടും സുഖകരമായിരിക്കില്ല. മുന്നില്‍ പോകുന്ന ബോട്ടിന്‍റെ പോക്ക് കണ്ടാലാണ്‌ കൂടുതല്‍ ഭീകരത തോന്നിയിരുന്നത്. പലപ്പോഴും കുത്തനെ താഴേക്കു പോയാല്‍ അതിനെ ഏകദേശം 2-3 സെക്കണ്ടു കഴിഞ്ഞാണ് കാണുന്നത്. ആ ബോട്ട് മുങ്ങിപ്പോയോ എന്നു വരെ തോന്നിപ്പോയിരുന്നു. പല തവണയും ഞങ്ങള്‍ക്ക് മുന്നില്‍ ഏകദേശം 10 അടിക്കും മുകളിലുള്ള തിരകള്‍ വന്നിരുന്നു. വെള്ളം ശക്തിയോടെ ഞങ്ങളുടെ മുകളിലേക്ക് വന്നു വീഴുമെന്നും, ബോട്ട് അതിന്‍റെ ആഘാതത്തില്‍ ചിതറി തെറിക്കുമെന്നും, ഞങ്ങളെല്ലാം കടലിലേക്ക്‌ തെറിച്ചു വീഴുമെന്നും ആ ഘട്ടങ്ങളില്‍ തോന്നി. പക്ഷെ അപ്പോഴൊക്കെ ബോട്ട് ആ തിരക്കു മുകളിലേക്ക് കയറി അത് പോലെ ഊര്‍ന്നിറങ്ങുകയാണ് ചെയ്തത്.

ഇതിനെല്ലാം പുറമേ ബോട്ടിലേക്ക് വന്നിടിച്ചു ചിതറി തെറിച്ചു മഴത്തുള്ളികള്‍ പോലെ വീഴുന്ന വെള്ളവും. ഇതെല്ലം കൊണ്ട് കരച്ചിലുകളും രോദനങ്ങളും ഒട്ടും കുറവല്ലായിരുന്നു. പലരും കടലിലേക്കും, കയ്യില്‍ കരുതിയിരുന്ന കവറുകളിലെക്കും ചര്ടിച്ചുകൊണ്ടിരുന്നു. ഏകദേശം അര മണിക്കൂര്‍ ഇങ്ങനെ യാത്ര തുടര്‍ന്നപ്പോള്‍ കരയും കണ്ണില്‍ നിന്ന് മാഞ്ഞു. ചുറ്റും നോക്കിയപ്പോള്‍ ചാര നിറം മാത്രം, കടലിനും ആകാശത്തിനും. രൌദ്ര ഭാവം പൂണ്ടു നില്‍ക്കുന്ന കടലില്‍ ഞങ്ങള്‍ തികച്ചും ഒറ്റപ്പെട്ട പോലെ തോന്നി. അമ്മ തീര്‍ത്തും നിര്‍വികാര മുഖത്തോടെ ഇരിക്കുമ്പോള്‍, അച്ഛന്‍ ഇതെല്ലം ചിരിച്ചു കൊണ്ടാണ് ആസ്വദിച്ചിരുന്നത്. ഇത്രയധികം ഉലച്ചില്‍ ഉണ്ടായിട്ടും, ചുറ്റിലും ഇരിക്കുന്ന പലരും ചര്ടിച്ചിട്ടും ഇവര്‍ക്ക് മാത്രം ഒരു കുഴപ്പവും കണ്ടില്ല. എനിക്ക് ഭയങ്കര അത്ഭുതം തോന്നിച്ച ഒരു കാര്യമായിരുന്നു അത്.

കുറച്ചു കഴിഞ്ഞപ്പോള്‍ ദൂരെ ഒരു പൊട്ടു പോലെ കപ്പല്‍ കണ്ടു. അതോടെ ബോട്ട് ഓടിച്ചിരുന്ന ആള്‍ എഞ്ചിന്‍ ഓഫ്‌ ചെയ്തു. തീര്‍ത്തും പ്രകൃതിക്ക് വിധേയരായി ഞങ്ങള്‍ കൂടുതല്‍ ഉലയാന്‍ തുടങ്ങി. ബോട്ട് നീങ്ങി കൊണ്ടിരുന്നപ്പോള്‍ ഡ്രൈവര്‍ മുന്നില്‍ വരുന്ന തിരയുടെ വലുപ്പവും വേഗതയും ദിശയും അനുസരിച്ച് കുറച്ചു ഇടത്തേക്കും വലത്തേക്കും ബോട്ടിനെ തിരിക്കുകയും, സ്പീഡ് കൂട്ടുകയും കുറയ്ക്കുകയും ചെയ്തിരുന്നു.

അതിലൂടെ കുറച്ചൊക്കെ ആട്ടത്തിന് കുറവുണ്ടായിരുന്നെന്നു ബോട്ട് നിര്‍ത്തിയിട്ടപ്പോഴാണ് മനസ്സിലായത്‌. ഏകദേശം മുക്കാല്‍ മണിക്കൂറു കൊണ്ട് കപ്പല്‍ ഞങ്ങളുടെ അടുത്തെത്തി. അപ്പോഴേക്കും ആടിയുലഞ്ഞും ചര്ടിച്ചും ഞങ്ങളില്‍ പലരും അവശരായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഡ്രൈവര്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട്‌ ചെയ്ത് കപ്പലിന്‍റെ വാതിലിന്‍റെ അടുത്തേക്ക് കൊണ്ട് ചെന്നു. കയറുകള്‍ എറിഞ്ഞു കപ്പലിലേക്ക് ചേര്‍ത്തു കെട്ടി ആളുകളെ കപ്പലിലേക്ക് ഇറക്കാന്‍ തുടങ്ങി

പക്ഷെ എന്‍റെ അമ്മ ഇറങ്ങാന്‍ തുനിഞ്ഞപ്പോള്‍ കപ്പലും ബോട്ടും തമ്മിലുള്ള അകലം വര്‍ദ്ധിക്കുകയും, അമ്മ കടലിലേക്ക്‌ വീഴുകയും ചെയ്തു. പക്ഷെ കപ്പലിന്‍റെ വാതിലിനു ഇരുവശവും, ബോട്ടില്‍ ആളുകളെ ഇറങ്ങാന്‍ സഹായിക്കാനും നിന്നിരുന്ന ആളുകളുടെ വൈദഗ്ധ്യം കൊണ്ടാവാം, മുട്ടു വരെ മുങ്ങിയപ്പോഴേക്കും തന്നെ അമ്മയെ അവര്‍ വലിച്ചു കപ്പലിലേക്ക് കയറ്റി.

ഞാന്‍ ഈ കാഴ്ച കണ്ടെങ്കിലും അച്ഛന്‍റെ ശ്രദ്ധ ആ സമയത്ത് അവിടെയായിരുന്നില്ല. അതു കൊണ്ട് കപ്പലില്‍ കയറിയതിനു ശേഷമാണ് ഞാന്‍ അച്ഛനോട് അമ്മ വീണത്‌ പറഞ്ഞത്. യാത്രാ കപ്പല്‍ ആയതിനാല്‍ ഡോക്ടര്‍ കപ്പലില്‍ ഉണ്ടാകും. അദ്ദേഹത്തിന്‍റെ സേവനം ഞങ്ങള്‍ ഉപയോഗപ്പെടുത്തി. ഇരുമ്പില്‍ ഉരഞ്ഞുണ്ടായ കാലിലെ മുറിവ് മരുന്ന് വച്ചു കെട്ടി ഒരു TT ഇന്‍ജക്ഷനും എടുത്തു.

അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത്, അവിടെ കടലിന്‍റെ ആഴം ഏകദേശം 300 മീറ്റര്‍ ആണെന്ന്. അതായതു 100 നില കെട്ടിടത്തിന്‍റെ ഉയരം. അതു കേട്ടപ്പോള്‍ അമ്മയുടെ മുഖം ഒരു നിമിഷ നേരത്തേക്ക് വിളറി വെളുത്തത് പ്രകടമായി കണ്ടു.എല്ലാവരും കയറി കഴിഞ്ഞു കപ്പല്‍ ഏകദേശം 5 മണിയോടെ കൊച്ചിയിലേക്ക് തിരിച്ചു.

കപ്പലില്‍ ഉലച്ചില്‍ താരതമ്യേന കുറവായിരുന്നിട്ടും, മോശം കാലാവസ്ഥയില്‍ പല തവണ യാത്ര ചെയ്ത അനുഭവം ഉണ്ടായിട്ടും ചില ഉദ്യോഗസ്ഥര്‍ വയറിനു സുഖമില്ലെന്നു പറഞ്ഞു അത്താഴം ഒഴിവാക്കിയിരുന്നു. പക്ഷെ ഇത്രയധികം കുലുക്കം സഹിച്ചിട്ടും ഒരു കുലുക്കവുമില്ലാതെ നില്‍കുന്ന അച്ഛനെയും അമ്മയെയും കണ്ടിട്ട് അവര്‍ക്ക് അത്ഭുതമായി. പലരും എന്നോട് തമാശ രൂപേണ ‘അച്ഛന്‍ പണ്ട് കപ്പിത്താനായിരുന്നോ’ എന്ന് വരെ ചോദിച്ചു. പക്ഷെ ഇതെല്ലം ഒരു വ്യക്തിയുടെ ശരീരപ്രകൃതി മാത്രമാണ്. ബസില്‍ കയറിയാല്‍ ശര്ടിക്കുന്നതും ഇതിന്‍റെ ഒരു വകഭേദം മാത്രം.

മടക്ക യാത്രയില്‍ കാറ്റ് വീശിയിരുന്നത് കപ്പലിന്‍റെ പുറകില്‍ നിന്നായിരുന്നതിനാല്‍ കുലുക്കം തീരെ ഇല്ലായിരുന്നു. പക്ഷെ എന്‍റെ മനസ്സ് വല്ലാതെ സങ്കടത്തിലായിരുന്നു. ലക്ഷദ്വീപ് സമൂഹത്തിന്‍റെ ഭംഗി അച്ഛനെയും അമ്മയെയും കാണിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, അവര്‍ക്ക് വളരെയധികം കഷ്ടപ്പാടുകള്‍ സഹിക്കേണ്ടിയും വന്നു. ഒരര്‍ത്ഥത്തിലും അവര്‍ക്ക് ഈ യാത്ര പിന്നീട് സുഖമുള്ള ഓര്‍മ്മകള്‍ സമ്മാനിക്കുന്ന ഒന്നായിരിക്കില്ല.

പക്ഷെ കപ്പല്‍ കൊച്ചിയില്‍ അണഞ്ഞ്‌ തീരത്തു ഇറങ്ങിയപ്പോള്‍ അച്ഛന്‍ പറഞ്ഞത് ഇപ്രകാരം ആയിരുന്നു, “ഓരോ സ്ഥലത്തിനും ഓരോ കാലാവസ്ഥയിലും വിവിധ മുഖങ്ങളാണ്. പ്രകൃതിയുടെ വിവിധ മുഖങ്ങള്‍ മനസ്സിലാക്കാന്‍ അവയെല്ലാം നമ്മള്‍ ആസ്വദിക്കേണ്ടതുമാണ്. ശരിയാണ്, ഞങ്ങള്‍ക്ക് ലക്ഷദ്വീപിന്‍റെ തനതു ഭംഗി ആസ്വദിക്കുവാന്‍ സാധിച്ചില്ല,

പക്ഷെ വേറൊരു സഞ്ചരിക്കും കാണാന്‍ സാധിക്കാത്ത കാര്യങ്ങളാണ് ഞങ്ങള്‍ അവിടെ കണ്ടതും, അനുഭവിച്ചതും. ഞങ്ങള്‍ ആദ്യമായി അനുഭവിക്കുന്ന കാര്യങ്ങള്‍ ആയിരുന്നു അവയില്‍ എല്ലാം. അത് കൊണ്ട് തന്നെ ഈ യാത്ര ഞങ്ങള്‍ക്ക് വളരെ പ്രത്യേകത നിറഞ്ഞതായിരുന്നു.

ഞങ്ങളെക്കാള്‍ ഒരു പടി കൂടുതല്‍ അനുഭവിച്ച അമ്മയും അച്ഛന്‍റെ വാക്കുകളോട് ശരി വച്ചു. ഏകദേശം 9 മണിയോടെ എന്‍റെ ഒരു സഹോദരന്‍ അച്ഛനെയും അമ്മയെയും കാറില്‍ കയറ്റി കൊണ്ടു പോയി. അവരെ യാത്രയാക്കി തിരിച്ചു കപ്പലില്‍ കയറുമ്പോള്‍ ദ്വീപിലേക്ക് പോകുവാന്‍ ആളുകള്‍ കപ്പലിന്‍റെ അടുത്ത് അനുമതി കാത്തു നില്‍ക്കുകയായിരുന്നു.
വീണ്ടും കടലിലേക്ക്‌!!!

Rishi N Namboothiripad

Teacher and agriculturist by passion, Living near Perithalmanna

Leave a Reply