ഡെൽഹിയിൽ നിന്നും ലഡാക്കിലേയ്ക്ക് ഒരു ലോക്കൽ ബസ് യാത്ര

ലഡാക്ക് എന്നും സഞ്ചാരികളുടെ സ്വപ്നം തന്നെയാണ്. ലഡാക്കിലേക്ക് ബുള്ളറ്റ് യാത്ര. ആഹാ അന്തസ്സ്. കൂട്ടമായി പോകുമ്പോൾ വേറെ ലെവൽ. കളിതമാശകൾ പറഞ്ഞു യാത്രയുടെ അവസാനം വരെ കൂട്ടുകാരുമൊത്തുള്ള യാത്ര ഒന്നിനോടും തുല്യപ്പെടുത്താനാകില്ല. വിമൽ രാവണൻ എഴുതിയ മനോഹരമായ യാത്ര വിവരണം യാത്രഡയറിയുമായി പങ്കുവെക്കുന്നു.

ഡെൽഹിയിൽ നിന്നും 1268 km ദൂരെയുള്ള ലഡാക്കിലേയ്ക്ക് 1350/- രൂപയ്ക്ക് നടത്തിയ ഒരു ലോക്കൽ ബസ് യാത്ര

2016/July

യാത്രകളോടുള്ള പ്രണയം മനസിൽ കൊണ്ടു നടക്കുന്ന ഏതൊരു സഞ്ചാരിയുടേയും സ്വപ്നമാണ് ഹിമാലയം.2015 ലാണ് ആദ്യമായി ഹിമാലയൻ യാത്രയ്ക്ക് ഒരുങ്ങുന്നത് പക്ഷെ ആ യാത്രയിൽ ഹിമാലയം എന്ന ലക്ഷ്യം സാധ്യമായില്ല. 2016-റോടുകൂടിയാണ് ലെ – ലഡാക്ക് യാത്രകൾക്ക് കേരളത്തിലെ സഞ്ചാരികൾക്കിടയിൽ പ്രിയമാക്കുന്നത്. അതു വരെ ആരും പോയിട്ടില്ല എന്നല്ല, 2015-16 സമയത്തോടുകൂടിയാണ് റോയൽ എൻഫീൾഡ് ബൈക്കും അതിൻ്റെ ഒപ്പം ഹിമാലയൻ യാത്രകളും കേരളത്തിൽ തരംഗമായി മാറുന്നത്.

ബൈക്ക് ഇല്ലാതെ ചിലവ് കുറച്ച് എങ്ങനെ ‘ലെ’ പോകാം എന്നുള്ള ഗവേഷണത്തിലാണ് ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ(HRTC) ഫെയ്സ്ബുക്ക് പേജിൽ ഡെൽഹിയിൽ നിന്നും ആരംഭിച്ച് 48 മണിക്കൂർ സമയം കൊണ്ട് 1250/- രൂപ ചിലവിൽ ലെ – ലഡാക്ക് എത്തി ചേരുന്ന ഒരു ലോക്കൽ ബസിനെ കുറിച്ച് വായിക്കുന്നത്. അധികം പൈസ ചിലവ് ഇല്ലാതെ പോകാമെന്നുള്ളതുകൊണ്ട്,ആ യാത്ര യാഥാർധ്യമാക്കാൻ വളരെ കുറച്ചെ ചിന്തിക്കേണ്ടി വന്നൊള്ളൂ.ജോലി ഉണ്ടെങ്കിലും സാമ്പത്തികമായി അത്ര നല്ല നിലയിൽ ആയിരുന്നില്ല. അതുകൊണ്ട് ഡെൽഹിയിലേയ്ക്കും അവിടുന്ന് തിരിച്ചും ട്രെയിൻ ബുക്ക് ചെയ്യ്തു,850 രൂപയാണ് ഒരു വശത്തേയ്ക്ക് ടിക്കറ്റിന് വന്നത്.കൂടെ ജോലി ചെയ്യുന്ന ബിനോയ്, വിപിൻ എന്നീ സുഹൃത്തുക്കളാണ് യാത്രയ്ക്ക് കൂടെ കൂട്ടിയത്.

HRTC ടെ ഫെയ്സ് ബുക്ക് പേജിൽ നിന്നുള്ള ചെറിയ അറിവുകൾ മാത്രമേ യാത്രയ്ക്ക് മുൻമ്പ് ഉണ്ടായിരുന്നൊള്ളൂ. ബസ് പുറപ്പെടുന്ന ദിവസത്തിൻ്റെ തലേ ദിവസം മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയൂ, അതും നേരിട്ട് പോയി ബുക്ക് ചെയ്യണം ഡെൽഹിയിലെ സുഹൃത്ത് ജിതിനെ വിളിച്ച് യാത്രയെ കുറിച്ച് പറഞ്ഞപ്പോൾ അവനും കൂടെ വരാൻ തൽപര്യം അറിയിച്ചു, ഞങ്ങൾ എത്തുന്നതിൻ്റെ തലേന്ന് അവൻ കാശ്മീരി ഗെയ്റ്റ് ബസ് സ്റ്റാൻ്റിൽ ചെന്ന് ടിക്കറ്റും സംഘടിപ്പിച്ചു.

ഒരു പെരുമഴയത്താണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്ര തുടങ്ങുന്നത് രണ്ട് ദിവസത്തെ റെയിൽ ജീവിതം ചീട്ട് കളിച്ചും, ഉറങ്ങിയും കഴിച്ചു. ഡെൽഹിയിൽ സുഹൃത്ത് ജിതിൻ്റെ മുറിയിൽ എത്തിയ ശേഷം ഉച്ചവരെ ഡെൽഹിയിൽ കാഴ്ച്ചകൾ കണ്ടു തുടർന്ന് ആവശ്യ സാധനങ്ങൾ മാത്രം എടുത്ത് ഉച്ചയ്ക്ക് ശേഷം ബസ്സ് സ്റ്റാൻ്റിലേക്ക് തിരിച്ചു.

കാശ്മീരി ഗെയ്റ്റിൽ നിന്നും 2.20 pm നാണ് ബസ് പുറപ്പെടുന്നത്. തദ്ദേശിയരേക്കാൾ കൂടുതൽ ടൂറിസ്റ്റുകളെ ലക്ഷ്യം വച്ച് ഓടുന്ന ബസിൽ കൂടുതൽ ആഡബoരങ്ങളൊന്നും ഇല്ലെങ്കിലും, വൃത്തിയുള്ളതായിരുന്നു. അങ്ങനെ കുറച്ച് ഭക്ഷണമൊക്കെ വാങ്ങി കയ്യിൽ വച്ച് യാത്ര തുടങ്ങി.ചഡീബണ്ഡ് വരെ നല്ല റോഡായതു കൊണ്ട് യാത്ര കുറച്ച് വേഗത്തിലായിരുന്നു. ഇടക്ക് ഭക്ഷണം കഴിക്കാൻ നിർത്തിയതൊഴിച്ചാൽ തുടർച്ചയായ യാത്ര തന്നെയായിരുന്നു.

രാത്രി മണാലിയ്ക്ക് മുൻമ്പ് ബസിൻ്റെ ഡ്രൈവർ മാറി പുതിയൊരാൾ ബസിൻ്റെ നിയന്ത്രണം ഏറ്റെടുത്തു.ബസിൻ്റെ സീറ്റുകൾ തമ്മിൽ അകലം കുറവായതുകൊണ്ട് ഇരുന്നുറങ്ങാൻ പ്രയാസമാണ്. മണാലി വരെ ബിയാസ് നദിയുടെ അരികിലൂടെ ആയിരുന്നു യാത്ര കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയിൽ ഒഴുകുന്ന നദിക്ക് ചിലയിടത്ത് സാഹസികഭാവം കാണാം. വെളുപ്പിന് 7 മണിയോടു കൂടി മണാലിയിൽ എത്തി. അപ്പോഴേക്കും 540 കിലോമീറ്ററോളം യാത്ര ചെയ്തിരുന്നു.

ഡെൽഹിയിൽ നിന്നും പുറപ്പെടുമ്പോൾ മണാലി വരെയുള്ള ടിക്കറ്റേ ലഭിക്കുകയൊള്ളൂ. ഹിമാലയൻ റോഡിൻ്റെ അന്നത്തെ അവസ്ഥ നോക്കി,റോഡിൽ തടസങ്ങളൊന്നും ഇല്ലെങ്കിലേ മണാലിയിൽ നിന്നും റോഫ് തങ്ങ് പാസ് വഴി 116 km ദൂരത്തുള്ള കീലോങ്ങിലേയ്ക്ക് (Keylong) തുടർന്നുള്ള യാത്ര ആരംഭിക്കുകയൊള്ളൂ.കീലോങ്ങിൽ ഉച്ചകഴിഞ്ഞ് 3 മണിയോടു കൂടി എത്തിച്ചേരും എന്നാണ് പറഞ്ഞത് അന്ന് രാത്രി അവടെ തങ്ങി പിറ്റേ ദിവസമാണ് കീലോങ്ങിൽ നിന്നും ലെ ലഡാക്ക് വരെയുള്ള 450 km യാത്ര ചെയ്യേണ്ടത്.

കീലോങ്ങിലെ ഒരു ദിവസത്തെ താമസം ഹിമാലയൻ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ ശരീരത്തെ സഹായിക്കും എന്നാണ് പറയുന്നത്.പക്ഷേ എൻ്റെ അഭിപ്രായത്തിൽ ലഡാക്ക് പോകുന്നവർ തീർച്ചയായും മണാലിയിൽ ഒരു ദിവസം മുഴുവനും കഴിയണം.അതിനു ശേഷമേ റോഫ് തങ്ങ് പോലെയുള്ള ഉയരം കുടിയ പർവ്വത ഭാഗങ്ങളിലൂടെ യാത്ര ചെയ്യാവൂ.

മണാലിയിൽ ഇറങ്ങാതെ യാത്ര തുടരാനായിരുന്നു ഞങ്ങളുടെ പദ്ധതി, കിട്ടിയ കുറച്ച് സമയം പുറത്തിറങ്ങി പ്രാധമിക കർമ്മങ്ങൾ നിർവഹിച്ചു, കുറച്ച് ഭക്ഷണം വാങ്ങി കയ്യിൽ സൂക്ഷിച്ചു. മണാലിയിൽ നിന്നുള്ള യാത്ര മറക്കാൻ കഴിയാത്തതായിരുന്നു, എൻ്റെ ആദ്യ ഹിമാലയൻ ദർശനം കൂടിയായതുകൊണ്ട് തന്നെ മനസിൽ മഞ്ഞ് കോരിയിട്ട അനുഭൂതിയായിരുന്നു ആദ്യമായി മഞ്ഞു മൂടിയ ഹിമാലയൻ മലനിരകൾ കണ്ടപ്പോൾ.

ഇത്ര ദൂരം കണ്ട പ്രകൃതിയുടെ രൂപം മാറിയിരുന്നു, ചാരനിറമുള്ള മണ്ണും, അതിസാഹസികമായ വഴിയും യാത്രയിൽ ആവേശം പടർത്തി. റോഫ് തങ്ങ് പാസിൽ അൽപ നേരം വണ്ടി നിറുത്തിയിരുന്നു, ടൂറിസ്റ്റുകൾ കൂടുതൽ ഉള്ളതുകൊണ്ട് തന്നെ യാത്രയിൽ ചില പ്രധാനപ്പെട്ട സ്ഥലങ്ങളിൽ കാഴ്ചകൾ കാണാൻ നിറുത്തി തന്നിരുന്നു. അപ്പോഴേയ്ക്ക് ബിയാസ് നദിയോട് വിട പറഞ്ഞ് ഞങ്ങൾ ചെനാമ്പ് നദിയുടെ കൂടെ കൂടിയിരുന്നു.

റോഫ് തങ്ങ് പാസ് കടക്കാൻ കുറച്ചധികം സമയമെടുത്തു,റോഫ് തങ്ങ് കയറി ചെല്ലുന്നത് Khoksar എന്ന സ്ഥലത്താണ്, അവിടെയാണ് ഭക്ഷണത്തിന് ഇറങ്ങിയത്, നല്ല ചൂട് മൊമോസ് കഴിച്ച് അൽപ നേരം വിശ്രമിച്ചിട്ടാണ് പിന്നിട് യാത്ര തുടങ്ങിയത് . Tandi Bridge കടന്ന് ചെനാമ്പ് നദിയോടും വിട പറഞ്ഞു പിന്നീട് ബാഗാ (Bhaga ) നദിയുടെ വശം ചേർണാണ് യാത്ര തുടർന്നത്.

തുടർച്ചയായ യാത്രയും ഉറക്കകുറവും, ഉയരവും (Altitude), ശരീരത്തെ ബാധിച്ചു തുടങ്ങിയിരുന്നു. 3 മണിയോട് കൂടി തന്നെ കീലോങ്ങ് എത്തി, ചെറിയൊരു ബസ്സ് സ്റ്റാൻ്റും അതിനോട് ചേർന്ന് കുറച്ച് കടകളും, ഹോട്ടലും, താമസിക്കാനായി ലോഡ്ജുകളും ഒക്കെയുള്ള ചെറിയൊരു സിറ്റിയാണ് കീലോങ്ങ്. ഒരു നേപ്പാളി അമ്മായി നടത്തുന്ന ലോഡ്ജിൽ എല്ലാവർക്കും ഒരുമിച്ച് കിടക്കാനുള്ള ഒരു വലിയ മുറി കിട്ടി. ചെറിയൊരു ഉറക്കം കഴിഞ്ഞ് പുറത്തിറങ്ങി ഗൂഗിളിൽ കണ്ട Shashur gompa എന്നൊരു ബുദ്ധിസ്റ്റ് മൊണാസ്ട്രിയിലേക്ക് പോയി അധികമാരും എത്താതതുകൊണ്ടാണോ എന്നറിയില്ല അവിടുന്ന് നല്ല സ്വീകരണമാണ് ലഭിച്ചത്.

ഒരു ബുദ്ധ സന്യാസി ഞങ്ങളെ മൊണാസ്ട്രി മുഴുവൻ നടന്നു കാണിച്ചു ഔഷധ ഗുണമുള്ള ഒരു തരം ഭക്ഷണം കഴിക്കാനും തന്നു. രാത്രി 8 മണിയായിട്ടും പുറത്ത് അപ്പോഴും പ്രകാശം ഉണ്ടായിരുന്നു. തിരിച്ച് മുറിയിൽ എത്തി നേപ്പാളി അമ്മായി ഉണ്ടാകി തന്ന ഭക്ഷണവും കഴിച്ച് കിടന്നു.

പുലർച്ചെ 6 മണിയോടു കൂടി കീലോങ്ങിനോട് വിട പറഞ്ഞു. കൂടുതൽ ദുർഗടമായ ഹിമാലയൻ വഴികളിലൂടെയുള്ള യാത്രയായിരുന്നു പിന്നീട്, മറ്റു വണ്ടികൾക്ക് സൈഡ് കൊടുക്കുമ്പോഴും വളവുകൾ എടുക്കുമ്പോഴും ശ്വാസം അടക്കിപ്പിടിച്ചിരിക്കേണ്ട നിമിഷങ്ങൾ. ഇന്നലെ വരെ ഉണ്ടായ ഡ്രൈവർ മാറിയിരിന്നു, ഹിമാലയൻ റോസുകളിൽ പരിച്ചയ സമ്പത്തുള്ള ആളുകളെയാണ് ബസിൻ്റെ വളയം ഏൽപ്പിക്കുന്നത്. ജിസ്പയോട് അടുത്തപ്പോഴേക്കും ഹിമാലയത്തിൻ്റെ സൗന്ദര്യം കണ്ണ് മുന്നിൽ തെളിഞ്ഞു കണ്ടു തുടങ്ങി ജൂലൈ മാസം ആയതു കൊണ്ട് മഞ്ഞ് ഉണ്ടായിരുന്നില്ല.

ബൈക്കേഴ്സിൻ്റെ നല്ല തിരക്കുണ്ടായിരുന്നു. ചില പ്രധാന വ്യൂ പോയിറ്റിൽ യാത്രകാർക്ക് വേണ്ടി ബസ് നിറുത്തി തന്നിരുന്നു Taglang-la (17,480 ft), Lachulung-la (16,600 ft), Baralacha-la (16,050 ft) എന്നീ ഹിമാലയത്തിലെ ഉയരം കൂടിയതും, അപകടകരവുമായ പർവ്വതങ്ങൾ കടന്ന് രാത്രിയോടു കൂടി ലഡാക്ക് എന്ന ഹിമാലയൻ പട്ടണത്തിൽ എത്തിച്ചേർന്നു.ആദ്യ ഹിമാലയൻ യാത്ര ആയതു കൊണ്ട് പരിച്ചയക്കുറവുകൾ ഉണ്ടായിരുന്നു, കൂടാതെ തുടർച്ചയായ യാത്രയും, ഉയരങ്ങളിലെ ശ്വാസ വായുവിൻ്റെ കുറവും ചെറിയ ശാരീരികമായ പ്രശ്നങ്ങൾ അലട്ടിയിരുന്നെങ്കിലും കൂടുതൽ പ്രശ്നങ്ങൾ ഇല്ലാതിരുന്നതുകൊണ്ട് രണ്ട് ദിവസത്തെ ലഡാക്ക് കാഴ്ച്ചകൾക്ക് ശേഷം അടുത്ത ദിവസം ലഡാക്കിനോട് യാത്ര പറഞ്ഞ് ലഡാക്കിൽ നിന്നും ഡൽഹിയിലേയ്ക്ക് പോകുന്ന ബസിൽ തിരിച്ചു മണാലിയിൽ എത്തി. രണ്ട് ദിവസത്തെ മണാലി കാഴ്ചകൾക്ക് ശേഷം വീണ്ടും തിരിച്ച് ഡെൽഹിയിലേയ്ക്ക്….!

Note

HRTC ടെ സൈറ്റിൽ ബസിൻ്റെ സമയം കൃത്യമായി നോക്കി മനസിലാക്കുക.

മണാലിയാൽ ഒരു ദിവസം താമസിച്ചതിനു ശേഷം റോഫ് തങ്ങ് പാസ് പോലുള്ള ഉയരം കൂടിയ പർവ്വത റോഡുകളിലൂടെയുള്ള യാത്ര തുടങ്ങുക.

ധാരാളം വെള്ളം കുടിക്കുക,
വളരെ കുറച്ച് ഭക്ഷണം കഴിക്കുക
ലഹരി ഒഴിവാക്കുക
കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകൾ മറക്കാതെ കയ്യിൽ വക്കുക.
യാത്രയ്ക്ക് മുൻമ്പ് അൽപം ഫിറ്റ്നസിൽ ആയിരിക്കാൻ ശ്രദ്ധിക്കുക. ഇതൊകെ വഴി AMS(Altitude mountain sickness) കുറേയൊക്കെ ഒഴിവാക്കാം. AMS ന് ചില മരുന്നുകൾ ഉപയോഗിക്കാറുണ്ടെങ്കിലും ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം അതെല്ലാം ഉപയോഗിക്കുക. ശാരീരിക പ്രശ്നങ്ങൾ ഒരു പരിധിക്കപ്പുറം കാണിച്ചാൽ ഡോക്ടറെ കാണുകയോ ഉടനെ മലയിറങ്ങുകയോ ചെയ്യുക.

ഇത് ഒരു യാത്രയുടെ അവസാനമല്ല. പല യാത്രകളുടെയും തുടക്കം ഇവിടെ നിന്ന് തുടങ്ങും എന്നുള്ളത് സത്യമാണ്. യാത്രകളെ സ്നേഹിക്കുന്ന സഞ്ചാരികൾ ഈ കുറിപ്പിൽ പ്രോചോതിരായി അടുത്ത യാത്രയിലേക്കുള്ള സജ്ജീകരണം തുടങ്ങുമെന്നുള്ളത് തീർച്ചയാണ്

Leave a Reply