കാളപ്പൂട്ട് മലയാളികൾക്ക് സുപരിചിതമാണ്.നാട്ടിൽ മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്തും തൃശൂർ ജില്ലയിലെ പെരിമ്പിലാവിനടുത്തും കാളപ്പൂട്ട് മത്സരം നടക്കുന്നുണ്ടെങ്കിലും(കേരളത്തില്‍ അങ്ങോളമിങ്ങോളം എല്ലാ ജില്ലകളിലും ഉണ്ടെങ്കിലും തൃശൂർ – മലപ്പുറം ജില്ലാ അതിര്‍ത്തിയിൽ ഉള്ള ഞങ്ങൾക്ക് ഇതാണ് അടുത്ത് ) ഇത് വരെ നേരിട്ട് കാണാൻ പറ്റിയിട്ടില്ല. കാളപ്പൂട്ടും കാളപ്പോരും രണ്ടും വേറെ തന്നെയാണ്.
ജോലിത്തിരക്കുകൾക്കിടയിൽ കിട്ടുന്ന ഓരോ അവധി ദിവസവും കണ്ട് മടുത്ത സ്ഥിരം കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചു നടക്കുമ്പോഴാണ് ഫുജൈറയിലെ കാളപ്പോരിനെ കുറിച്ച് അറിയാൻ കഴിഞ്ഞത്. അങ്ങിനെ ഫുജൈറയിൽ ജോലി ചെയ്തിരുന്ന കൂട്ടുകരൻ ഷമീറിനെ വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചു. റമളാൻ ഒഴികെയുള്ള എല്ലാ മാസവും വൈകുന്നേരങളിൽ ആണ് പരിപാടി ഉണ്ടാവുക. എന്നാൽ അടുത്ത വെള്ളിയാഴ്ച ഇങ്ങോട്ട് പോരെ, നമ്മുക്ക് ഒരുമിച്ച് പോകാം എന്ന് പറഞ്ഞപ്പോൾ വേറെ ഒന്നും ആലോചിച്ചില്ല. ദുബൈയിൽ തന്നെയുള്ള ജേഷ്ഠനേയും, അനിയനെയും, കൂട്ടുകരൻ ഹഖിനെയും വിളിച്ചു വരുന്ന വെള്ളിയാഴ്ച ഫുജൈറ ട്രിപ്പ് പ്ലാൻ ചെയ്തു.
അങ്ങിനെ നാല് പേരും കൂടി വെള്ളിയാഴ്ച ഉച്ചയാവുമ്പോഴേക്കും ദിബ്ബയിൽ താമസിക്കുന്ന ഷമീറിന്റെ റൂമിൽ എത്തി. നാട്ട് വർത്തമാനങ്ങളെല്ലാം പറഞ്ഞു കുറച്ച് നേരം ഇരുന്നു. 4.30 നാണ് കാളപ്പോര് തുടങ്ങുകയുള്ളൂ. അപ്പോൾ ഭക്ഷണം കഴിച്ചു ഘോർഫുക്കാൻ ബീച്ചിൽ പോയി അവിടെ നിന്ന് നേരെ ഫുജൈറ പോകാം എന്ന് പറഞ്ഞു.
4.30 ആകുമ്പോഴേക്കും ഫുജൈറയിൽ എത്തി. ഫുജൈറയിൽ നിന്ന് കൽബ റൂട്ടിൽ ഒരു അഞ്ച് കിലോ മീറ്റർ പോയാൽ ബുൾഫൈറ്റിങ്ങ് മൈതാനത്ത് എത്താം. അവിടെ എത്തിയപ്പോൾ റോഡിന് ഇരുവശത്തും വാഹനങ്ങളുടെ നീണ്ട നിരയും മെഗാഫോണിലൂടെയുള്ള കമാന്റെറിയും വലിയ ജനക്കൂട്ടത്തെയും കാണാൻ കഴിഞ്ഞു. അറബ് വംശജരാണ് കൂടുതലും. പ്രായമായ അറബികൾ വാഹനങ്ങൾ മൈതാനത്തോട് ചേർത്ത് നിറുത്തി മത്സരം വീക്ഷിക്കുന്നതും കാണാം.
മറ്റു രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടത്തെ കാളപ്പോരിന്റെ പ്രത്യേകത രക്തം ചിന്താത്ത മത്സരം ആണെന്നതാണ്. ഒരുപാട് അറബികൾ കൂറ്റൻ കാളകളുമയി ഒരോരുത്തരുടെയും അവസരം കാത്ത് നിൽക്കുന്നത് കാണാൻ കഴിഞ്ഞു. ഏറിയാൽ മൂന്നോ നാലോ മിനിറ്റേ പോരിൽ ഏർപ്പെടുകയുള്ളൂ. ഏതെങ്കിലും ഒന്ന് സ്വയം പിന്മാറുകയോ കൊമ്പുകൾ കൂട്ടി എതിരാളിയെ പരാജയപ്പെടുത്തുകയോ ചെയ്യുന്നതോടെയാണ് മത്സരം അവസാനിക്കുന്നത്. എല്ലാ ആഴ്ചയിലും ആ ആഴ്ചയിലെ വിജയിയെ പ്രഖ്യാപിക്കും. കാഷ് പ്രൈസോ ട്രോഫിയോ ഒന്നും ഇല്ലാതിരുന്നിട്ടാണ് ഇത്രയും ആവേശത്തോടെ കാളകളെ തീറ്റിപ്പോറ്റി മത്സരത്തിനായി കൊണ്ട് വരുന്നതെന്ന് അറിയുമ്പോൾ അത്ഭുതപ്പെട്ടു പോകും
Location :Bull fighting arena Fujairah UAE 🇦🇪
Entry : Free
Travel date :03-03-17
