ഹിമാചൽ പ്രദേശിലെ കാൻഗ്ര ജില്ലയിൽ ദൗലദ്ധർ മലനിരകളുടെ തണലിൽ വിശ്രമം കൊള്ളുന്ന ധർമ്മശാല എന്ന മനോഹരമായ പട്ടണം. താഴെ ധർമ്മശാല കോട്‌വാലി ബസാറും സ്കിർട്ടിംഗ് മാർക്കറ്റുകളും കൊണ്ട് ശബ്‌ദമുഖരിതമാണെങ്കിൽ മേലെ ധർമ്മശാല തിങ്ങിയ പൈൻ മരങ്ങൾ ദേവദാരു, ഹിമാലയൻ ഓക്ക് വനങ്ങളാൽ സമൃദ്ധമാണ് മക്ലിയോഡ് ഗഞ്ചിന്റെ ചുറ്റുഭാഗം. ടിബറ്റൻ ബുദ്ധമത സംസ്കാരത്തെക്കുറിച്ച് കാണാൻ സാധിക്കുന്നത് ടിബറ്റൻ സമൂഹത്തിന്റെ ആധിപത്യമുള്ള മക്ലിയോഡ് ഗഞ്ചിലാണ്.
2,082 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ധർമ്മശാലയിലെ പ്രധാന തെരുവിൽ ടിബറ്റൻ കലകളും കരകൗശലങ്ങൾ വില്കപ്പെടുന്ന കടകളും അത്പോലെ തെന്തു മുതൽ മോമോസ് വരെയുള്ള വിവിധതരം ടിബറ്റൻ വിഭവങ്ങൾ വിളമ്പുന്ന ഭക്ഷണശാലകളും കാണാൻ സാധിക്കും. പതിനാലാമത്തെ ദലൈലാമയുടെ ഔദ്യോഗിക വസതിയായ സുഗ്ലാഗ്ഖാംഗ് സമുച്ചയത്തിന് ചുറ്റുമാണ് മാർക്കറ്റുകളുടെ മുഖ്യ കേന്ദ്രം. ധർമ്മശാലയുടെ ടിബറ്റൻ വശം കണ്ടുകഴിഞ്ഞാൽ, ബ്രിട്ടീഷ് രാജിന്റെ കാലം മുതലുള്ള പ്രേത്യേക ഘടനയിൽ നിർമ്മിതമായ വൈൽഡെർനെസിലെ സെന്റ് ജോൺസ് പള്ളിയിലേക്ക് പോകുക.
1905 ലെ ഭൂകമ്പത്തെ അതിജീവിച്ച ഈ പ്രദേശത്തെ ചുരുക്കം ചില കെട്ടിടങ്ങളിൽ ഒന്നാണിത്. ധർമ്മശാലയിലേക്കുള്ള യാത്രയ്ക്കിടെ സന്ദർശിക്കേണ്ട മറ്റൊരു സ്ഥലമാണ് ഭാഗ്‌സുനാഗ് വെള്ളച്ചാട്ടം. ദൂരെ നിന്ന് നോക്കുമ്പോൾ മനോഹരമായ കാഴ്ചയാണ് സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത് തന്നെ രണ്ടു ഭാഗത്തേക്കാണ്. മക്ലിയോഡ് ഗഞ്ചിനും ഭാഗ്‌സുനാഗ് ക്ഷേത്രത്തിനും സമീപത്താണ് ഈ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്.
ഡൽഹിയിൽ നിന്നും ചണ്ഡീഗഡിൽ നിന്നും ധർമശാലയിലെ വിമാനത്താവളത്തിലേക്ക് ഡൊമസ്റ്റിക് വിമാനങ്ങൾ ലഭ്യമാണ്. പത്താൻകോട്ട്, പഞ്ചാബ്, ദില്ലി എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഹിമാചലിൽ സോളൻ, ഉന എന്നീ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയാൽ ധർമ്മശാലയിൽ എത്തിച്ചേരാൻ സാധിക്കും. ടാക്‌സി, ഓട്ടോ, ബസ് തുടങ്ങിയ പ്രാദേശിക ഗതാഗത സേവനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ധർമ്മശാലയിലെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക …
