ബുള്ളറ്റിനെ ആരാധിക്കപ്പെടുന്ന ക്ഷേത്രം

ഇന്ത്യയിലെ ജോധ്പൂരിനടുത്തുള്ള പാലി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ആരാധനാലയമാണ് ഓം ബന്ന (ശ്രീ ഓം ബന്ന, ബുള്ളറ്റ് ബാബ). മോട്ടോർ സൈക്കിളിന്റെ രൂപത്തിൽ ഒരു ദേവതയ്ക്കായി സമർപ്പിതമാണ് ഇവിടെ. ഇവിടെയുള്ള പ്രതിഷ്ഠ വളരെ വിചിത്രമാണ്. പാലിയിൽ നിന്ന് 20 കിലോമീറ്റർ (12 മൈൽ), ജോഡ്‌ഫൂരിൽ നിന്ന് 53 കിലോമീറ്റർ (33 മൈൽ) അകലെ ചോട്ടില ഗ്രാമത്തിനടുത്താണ് പാലി-ജോധ്പൂർ ഹൈവേയിൽ പ്രസ്തുത ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. RNG7773 എന്ന നമ്പറിലുള്ള 350 സിസി റോയൽ എൻഫീൽഡ് ബുള്ളറ്റ് ആണ് ഇവ്ടെ പ്രതിഷ്ഠ ആയി വെച്ചിരിക്കുന്നത്.

ഈ പ്രദേശത്തെ യാത്രാ പ്രേമികൾക്ക് ഇതൊരു ദൈവമാണ്. നീണ്ട യാത്രകൾക്ക് പോകാൻ തയ്യാറാകുമ്പോൾ അവർ ഇവ്ടെ വന്ന് കാണിക്ക നൽകി പ്രാർത്ഥന നിർവഹിക്കുന്നു. നൂറുകണക്കിന് ഭക്തരാണ് ഓരോ ദിവസവും സുരക്ഷിതമായ യാത്രയ്ക്കായി ഇവ്ടെ വന്ന് പ്രാർത്ഥിച്ച് ബാബയുടെ അനുഗ്രഹവും നേടി മടങ്ങുന്നത്. 1991 ഡിസംബർ 2-ന് ഓം ബന്ന (മുമ്പ് ഓം സിംഗ് റാത്തോഡ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്; രജപുത്ര യുവാക്കൾക്ക് ഉപയോഗിച്ചിരുന്ന ഓണററി പദമാണ് ബന്ന) പാലിയിലെ സാന്ദരാവോയ്ക്കടുത്തുള്ള ബംഗ്ഡി പട്ടണത്തിൽ നിന്ന് ചോട്ടിലയിലേക്ക് യാത്ര ചെയ്യുകയായിരുന്നു.

യാത്രക്കിടെ ഒരു മരത്തിൽ തന്റെ ബുള്ളറ്റ് ഇടിക്കുകയും അപകടമുണ്ടാവുകയും ചെയ്തു. മോട്ടോർ സൈക്കിൾ അടുത്തുള്ള കുഴിയിൽ വീണെങ്കിലും അദ്ദേഹം സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അപകടം നടന്ന ദിവസം രാവിലെ തന്നെ പ്രാദേശിക പോലീസ് ആ മോട്ടോർ സൈക്കിളിനെ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാൽ അത്ഭുതകരമായി അടുത്ത ദിവസം സ്റ്റേഷനിൽ നിന്ന് ആ ബുള്ളറ്റ് അപ്രത്യക്ഷമായതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.

അന്വേഷണം നടത്തിയപ്പോൾ അതിനെ അപകടം ഉണ്ടായ സ്ഥലത്ത് നിന്ന് കണ്ടെത്താൻ കഴിഞ്ഞു. അവിടെ നിന്നും പോലീസ് ബുള്ളറ്റിനെ തിരികെ സ്റ്റേഷനിലേക്ക് തന്നെ കൊണ്ട് പോയി. പോലീസ് വീണ്ടും മോട്ടോർ സൈക്കിൾ അതീവ ജാഗ്രതയോടെ സൂക്ഷിച്ചു. , ഇത്തവണ ഇന്ധന ടാങ്ക് പൂർണമായും ശൂന്യമാക്കിയതിന് ശേഷം ശക്തമായ ലോക്കിട്ട് പൂട്ടുകയും വണ്ടിയുടെ കീ മറ്റൊരിടത് ഭദ്രമാക്കി വെക്കുകയും ചെയ്തു. എന്നാൽ അവരുടെ ഈ മുന്കരുതലൊന്നും ഉപകരിച്ചില്ല.

ഈ പരിശ്രമങ്ങൾക്കിടയിലും, പിറ്റേന്ന് രാവിലെ അത് വീണ്ടും അപ്രത്യക്ഷമാവുകയും അപകട സ്ഥലത്ത് കണ്ടെത്തുകയും ചെയ്തു. മോട്ടോർ സൈക്കിൾ അതേ കുഴിയിലേക്ക് മടങ്ങിവന്ന വാർത്ത ഒരു ഐതിഹ്യമായി പ്രചരിക്കാൻ തുടങ്ങി. ലോക്കൽ പോലീസ് സ്റ്റേഷനിൽ അതിനെ സൂക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. എല്ലായ്പ്പോഴും പ്രഭാതത്തിന് മുമ്പ് അതേ സ്ഥലത്തേക്ക് തന്നെ ബുള്ളറ്റ് മടങ്ങി പോയി. ഇതാണ് കഥയായി പ്രചരിക്കുന്നത്.

ഇത് പ്രാദേശിക ജനത ഒരു അത്ഭുതമായി കണ്ടു, അവർ “ബുള്ളറ്റ് ബൈക്ക്” ആരാധിക്കാൻ തുടങ്ങി. അത്ഭുത മോട്ടോർസൈക്കിളിനെക്കുറിച്ചുള്ള വാർത്ത സമീപ ഗ്രാമങ്ങളിലേക്ക് വ്യാപിച്ചു, പിന്നീട് അവർ ആരാധനയ്ക്കായി ഒരു ക്ഷേത്രം പണിതു. “ബുള്ളറ്റ് ബാബയുടെ ക്ഷേത്രം” എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ദുരിതത്തിലായ യാത്രക്കാരെ ഓം ബന്നയുടെ ആത്മാവ് സഹായിക്കുമെന്ന് അവിടെയുള്ള ജനങ്ങൾ ഇന്നും വിശ്വസിക്കുന്നു.

എല്ലാ ദിവസവും അടുത്തുള്ള ഗ്രാമീണരും യാത്രക്കാരും ബൈക്കിനോടും അതിന്റെ ഉടമ ഓം സിംഗ് റാത്തോഡിനോടും പ്രാർത്ഥിക്കുന്നു. മാത്രമല്ല ഇത് വഴി കടന്ന് പോകുന്ന യാത്രാ സംഘങ്ങൾ ഇവിടെ കാണിക്ക നൽകുന്നു. ആത്മാവിന്റെ ബഹുമാനാർത്ഥം വഴിപാടുകൾ ഉപേക്ഷിക്കുന്നു. ചില ഡ്രൈവർമാർ ഇവിടേക്ക് മദ്യക്കുപ്പികളും വാഗ്ദാനം ചെയ്യുന്നു. ശ്രീകോവിലിൽ പ്രാർത്ഥിക്കാൻ നിൽക്കാതെ കടന്ന് പോകുന്നവരുടെ യാത്ര അപകടകരമായ യാത്രയാണെന്ന് ഇവർ വിശ്വസിക്കുന്നു.

ഭക്തർ ‘തിലക്’ അടയാളം പ്രയോഗിക്കുകയും മോട്ടോർ ബൈക്കിൽ ചുവന്ന നൂൽ കെട്ടുകയും ചെയ്യുന്നു. ഓം ബന്നയുടെ പേരിൽ പ്രദേശവാസികൾ നാടൻ പാട്ടുകൾ പാടുന്നു. വർഷം തോറും വ്യത്യസ്തമായ ആഘോഷങ്ങൾ ഈ ക്ഷേത്രത്തിൽ അരങ്ങേറാറുണ്ട്. അന്നെ ദിവസങ്ങളിൽ രാജ്യത്തെ വിവിധ ദേശങ്ങളിൽ നിന്നും യാത്രികർ ഒരുമിച്ച് കൂടി വലിയ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഓം ബന്നയുടെ മരണത്തിന് കാരണമായ വൃക്ഷം വളകൾ, സ്കാർഫുകൾ മുതലായവ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

ധൂപവർഗ്ഗങ്ങൾ, പൂക്കൾ, തേങ്ങ, മദ്യം, ചുവന്ന നൂൽ, മധുരപലഹാരങ്ങൾ എന്നിവ ഇവിടേക്കുള്ള കാണിക്ക ഓഫറുകളിൽ ഉൾപ്പെടുന്നു. ശ്രീകോവിലിൽ ഒരു നിത്യ ജ്വാല ഇന്നും സൂക്ഷിച്ചിരിക്കുന്നു. ഈയടുത്ത് പുറത്തിറങ്ങിയ ടോവിനോ നായകനായ കിലോമീറ്റർ എന്ന ചിത്രത്തിൽ ഈ ക്ഷേത്രം പരാമര്ശിക്കപ്പെടുന്നുണ്ട്.മാത്രമല്ല ചിത്രത്തിന്റെ ചില വിശ്വലുകൾ ഇവിടെയാണ് ഷൂട് ചെയ്തിട്ടുള്ളത്. ഇന്ത്യ ചുറ്റുന്ന സഞ്ചാരികൾക്ക് ഈ ക്ഷേത്രം കൗതുകവും ഭക്തിയും ഉണർത്തുന്ന വിസ്മയകരമായ കാഴ്ച്ചയാണ്.

Leave a Reply