യാത്രികരുടെ മനസ്സിൽ എന്നും കൗതുകം നിറഞ്ഞ യാത്ര തന്നെയായിരിക്കും ഭൂട്ടാൻ സന്ദർശനം. തണുത്തുറഞ്ഞ അന്തരീക്ഷവും പച്ചപ്പുകൾ നിറഞ്ഞ മലനിരകളും നാട്ടിൻ പുറത്തുകാരുടെ ജീവിത ശൈലികളും ഏതൊരു സഞ്ചാരിയെയും ആനന്ദം കൊള്ളിക്കുന്നതാണ്. ഈ കൊറാണയുടെ സാഹചര്യത്തിൽ അഖിൽ പി എസിന്റെ ഓർമ്മകൾ യാത്ര ഡയറിയിൽ പങ്കുവെക്കുന്നു.

ഭൂട്ടാനിൽ ചേരിയുണ്ടോ?
ഭൂട്ടാൻ യാത്രയിൽ കണ്ടതും എന്നാൽ അപ്പോൾ കൗതുകം തോന്നാതിരുന്നതും പിന്നീട് ആലോചിച്ചപ്പോൾ വളരെയേറെ കൗതുകം തോന്നിയതുമായ ഒരു കാര്യം. ഭൂട്ടാനിൽ ചേരിയുണ്ടോ? ലോകത്തെ സന്തോഷം നിറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ സ്കാന്റിനേവിയൻ രാജ്യങ്ങൾക്കു പുറകിൽ നിൽക്കുന്ന രാജ്യമായ ഭൂട്ടാനിലെ ജനങ്ങൾ ശെരിക്കും സന്തോഷവാന്മാരാണോ? കുറച്ചു കൊറോണ ചിന്തകൾ.ഭൂട്ടാനിലെ തിമ്പു നഗരം ഇൻറർനെറ്റിൽ തിരഞ്ഞാൽ കാണുന്ന ചിത്രങ്ങളിൽ ഏറ്റവും മുന്നിൽ ആയിരിക്കും തഷിച്ചോ ഡിസോങ്, വാങ് ചു നദിക്കരയിൽ തലയെടുപ്പോടെ നിൽക്കുന്ന ഭൂട്ടാനി വസ്തുശിൽപം.

എന്നാൽ വാങ് ചു നദിയുടെ മറുകരയിൽ, ആരാലും എത്തിനോക്കാതെ കിടക്കുന്ന തകരം മേഞ്ഞതും മരവും തകരവും ഉപയോഗിച്ച് മറച്ചതുമായ ഒരു കൂട്ടം വീടുകൾ. വീടുകൾ എന്നുപറയാനാകുമോ എന്നറിയില്ല എങ്കിലും മുംബൈലെയോ, ധാക്കയിലെയോ അല്ലെങ്കിൽ മറ്റു ഏതു മൂന്നാം ലോകരാജ്യത്തെയോ പോലെ പേടിപ്പെടുത്തുന്ന വൃത്തിഹീനമായ ഒരു സ്ഥലമല്ല ഭൂട്ടാനിലേത്. മുട്ടിമുട്ടി നിക്കുന്ന കൊച്ചു മുറികളും ഇടുങ്ങിയ നടവഴികളും തകരത്തിൽ മറച്ച ചുവരുകളും ഉള്ള ഒരു കുഞ്ഞൻ ചേരി. കുഞ്ഞു ജനലുകളുടെ പടിയിൽ കുട്ടികൾ പൂച്ചെടികൾ നട്ടുവളർത്തുന്നു അവിടെ.

ആദ്യമായിട്ടായിരിക്കും മനോഹരമായ ഒരു ചേരി എന്ന് പ്രയോഗിക്കുന്നത്. വർഷങ്ങൾക്കിപ്പുറം കൊറോണ കാലത്തു ഭൂട്ടാനി ഓർമ്മകൾ പൊടിതട്ടിയെടുത്തപ്പോഴാണ് ശെരിക്കും അന്നുകണ്ടത് ഒരു ചേരിയായിരുന്നില്ലേ എന്ന് പോലും ചിന്തിക്കുന്നത്.ഒരിക്കലും പ്രതീക്ഷികാതെയാണ് അവിടെ എത്തിപ്പെട്ടത്. തഷിച്ചോ ഡിസോങ് കാണാൻ പുറപ്പെടുകയും എന്നാൽ അറ്റകുറ്റ പണികൾക്കായി ഡിസോങ് അടച്ചിട്ടതിനാൽ നിരാശരായി മടങ്ങാൻ നിൽക്കവേ വാങ് ചു നദിക്കു കുറുകെയുള്ള പാലത്തിൽ വച്ചുകണ്ട കുറച്ചു സ്കൂൾ കുട്ടികളാണ് ഞങ്ങളെ അവിടെ എത്തിച്ചത്. നദിക്കപ്പുറം കണ്ട പൂന്തോട്ടത്തിന്റെ ഫോട്ടോ എടുത്തു നിൽക്കുമ്പോഴാണ് സ്കൂൾ വിട്ടുവരുന്ന കുട്ടികളുടെ കലപിലകേട്ടത്.
ഫോട്ടോ എടുത്തപ്പോൾ ചിലരൊക്കെ ഓടിമറഞ്ഞു. ഭൂട്ടാനിലെ പരമ്പരാഗത രീതിയിൽ സ്കൂൾ യൂണിഫോം ധരിച്ച ചിലവിരുതന്മാർ അരികിൽവന്നു. വന്നവർ എന്തൊക്കെയോ ഞങ്ങളോട് ചോദിച്ചു, ആദ്യമാദ്യം ഒന്നും മനസിലായില്ലെങ്കിലും പിന്നെ കാര്യങ്ങൾ കുറച്ചൊക്കെ മനസിലായിൽ. ഞങ്ങൾ പരസ്പരം പരിചയപെട്ടു.((പേരുകളൊക്കെ മറന്നു പോയി )) പെട്ടെന്നുതന്നെ സുഹൃത്തുക്കളുമായി. തമാശപറഞ്ഞു ചിരിച്ചു, ഫോട്ടോ എടുത്തു, കുഞ്ഞുങ്ങളോട് സംസാരിച്ചുനിന്നപ്പോൾ ഡിസോങ് കാണാൻ പറ്റാത്തതിലെ വിഷമം ഇല്ലാതായി. പിന്നെ അവർ ഞങ്ങളെ അവരുടെ വീട്ടിലേക് ക്ഷണിച്ചു. ഞങ്ങൾ വരാം എന്ന് സമ്മതിച്ചപ്പോൾ കുട്ടികളും ഹാപ്പി.

നടക്കാനുള്ള ദൂരം, ഞങ്ങൾ കൊണ്ട് പോകാം എന്ന് പറഞ്ഞപ്പോ അവരുടെ കൂടെ വീടുകാണാൻ പോയി. പറഞ്ഞതിലും കുറച്ചു കൂടുതൽ നടക്കണം , ഒരു കെട്ടിടത്തിന്റെ മതിലിനിടയിലൂടെ ഊർന്നുകടക്കണം എന്ന് വന്നപ്പോൾ ഞങ്ങൾ നിന്നു, ഈവഴിയല്ലേൽ കുറെ വഴി വളഞ്ഞു വരണം പിന്നെ ഇതൊക്കെ നമ്മുടെ സ്വന്തം സ്ഥലം അല്ലെ എന്നായി അവർ. അങ്ങനെ നടന്നു നടന്നു സ്ഥലം എത്തി. തകരം മേഞ്ഞ വീടുകൾ ആദ്യം അത്ഭുതം തോന്നിയെങ്കിലും ഞങ്ങളുടെ ശ്രദ്ധമുഴുവൻ കുട്ടിപട്ടാളത്തിലായിരുന്നു. അവർ അവിടെത്തെ കാര്യങ്ങൾ പറഞ്ഞുതരികയും വഴിയിൽ കണ്ട പ്രായമായവരോട് എന്തൊക്കെയോ പറയുകയും ചെയുണ്ടായിരുന്നു.

നടന്നു നടന്നു ഒരു തകരവീടിന്റെ മുന്നിലെത്തി, സ്കൂളിൽ പോയ ചേട്ടൻ മാരെ കാത്തുനിക്കുന്ന കുഞ്ഞനുജത്തി ആണ് ആദ്യം ഓടിവന്നത്, പിന്നെ അവരുടെ പൂച്ചകുട്ടിയും. നടന്നു ക്ഷീണിച്ച ഞങ്ങൾക്ക് കുടിക്കാൻ വെള്ളം തന്നു. പകൽ സമയമായതിൽ മുതിർന്നവരെല്ലാം ജോലിക് പോയിരിക്കയാവണം. ഒന്നുരണ്ടു സ്ത്രീകളും വൃദ്ധരും ആണ് അവിടെ ഉണ്ടായിരുന്നത്. കുട്ടികൾക്കു അവരുടെ വീട്ടിൽ വന്ന അന്യദേശക്കാരായ അവരുടെ അതിഥികൾക്ക് എന്തൊക്കെ കാണിക്കണം പറഞ്ഞുതരണം എന്നൊക്കെയുള്ള ആവേശം.
സത്യത്തിൽ അവരുടെ സ്നേഹത്തിനും സന്തോഷത്തിനും മുന്നിൽ ബാക്കിയെല്ലാം മറന്നു. കുട്ടികളുടെ കലപില കേട്ട് അടുത്ത വീട്ടിൽ നിന്നും മുതിർന്ന സ്ത്രീകൾ എത്തിനോക്കുനുണ്ടായിരുന്നു. അവരുടെ മുഖത്തൊന്നും വല്യ സന്തോഷം കാണാൻ കഴിഞ്ഞില്ല. ദരിദ്രരായ കുറച്ചു ജനങ്ങൾ. ഇതിനിടയിലാണ് ഞങ്ങളുടെ കൂടെ വന്ന ഒരാൾ നമ്മുടെ കാർ പാർക്ക് ചെയ്ത നദിയുടെ മറുകരയിൽ ആണല്ലോ എന്നോർത്ത്. അവന്റെ ഫോണിൽ ഇന്ത്യൻ സിം കാർഡ് ആണ് , അതുകൊണ്ട് നമ്മൾ എവിടെയാണ് എന്ന് ഫോണിൽ വിളിച്ചു പറയാനും പറ്റില്ല.

അതോർത്തപ്പോൾ ഞങ്ങൾ കുട്ടികളോട് യാത്ര പറഞ്ഞ് പെട്ടെന്ന് തന്നെ കാറിനടുത്തേക്ക് നടന്നു. കാറിനടുത് അക്ഷമനായി കാത്തുനിന്ന സുഹൃത്തിനെ സമാധാനിപ്പിച്ചു നേരെ പോയത് പറോയിലേക്. തിമ്പുവിൽ നിന്നും പറോയിലേക്ക് യാത്രചെയ്യുമ്പോഴാണ് കുറച്ചു മുന്നേ പോയസ്ഥലത്തെ കുറിച്ച് ശെരിക്കും ആലോചിക്കുന്നത്. കുട്ടികളോട് സംസാരിച്ചും അവരുടെ ഫോട്ടോസ് എടുത്തും നിന്നപ്പോൾ ആ സ്ഥലത്തിന്റെ ഫോട്ടോസ് എടുക്കാനും മറന്നു.പിന്നീട് കൊറോണ കാരണം വീട്ടിൽ ഇരുന്നപ്പോൾ ഭൂട്ടാൻ അനുഭവങ്ങൾ എഴുതുകയുണ്ടായി, അന്ന് വീണ്ടും ഭൂട്ടാനി കുട്ടിക്കൂട്ടം ഓർമയിൽ വന്നു. ഇൻറർനെറ്റിൽ തിരഞ്ഞപ്പോഴും അങ്ങനെയൊരുസ്ഥലത്തിന്റെ ഫോട്ടോസ് ഒന്നും കണ്ടില്ല.

വീണ്ടും അവരെ കുറിച്ച് ആലോചിച്ചപ്പോ തോന്നിയകൗതുകമാണ് ഈ പോസ്റ്റിനു കാരണം. 4 ദിവസം ഭൂട്ടാനിൽ യാത്ര ചെയ്തപ്പോളും ഒന്നും ഭൂട്ടാനിലെ ഉൾനാടുകളിലേക്കൊന്നും പോയില്ല അതുകൊണ്ടുതന്നെ എന്താണ് യഥാർത്ഥ ഭൂട്ടാൻ എന്നും അറിയില്ല. നഗരങ്ങൾ ഒന്നും അത്യാധുനികം എന്നും പറയാൻ പറ്റില്ല. ഇന്ന് നമ്മുടെ നാട്ടിൽ കാണുന്ന പലസൗകര്യങ്ങളും അവിടെ ഉണ്ടോ എന്നും അറിയില്ല. രാജ്യഭരണത്തിന് കീഴിലുള്ള രാജ്യത്തിൽ എന്ത് മാനദണ്ഡം ഉപയോഗിച്ചാണ് ജനങ്ങളുടെ യഥാർത്ഥ സന്തോഷം അളക്കുന്നത് എന്നും അറിയില്ല.

എന്തായാലും ഞങ്ങളുടെ യാത്ര സന്തോഷകരമായിരുന്നു. ഭൂട്ടാനിലെ ചേരികൾ എന്ന് പറയുമ്പോഴും, മുകളിൽ പറഞ്ഞതിൽ കൂടുതൽ വിവരങ്ങൾ താരനില്ല. അന്ന് കൂടുതൽ അന്വേഷിക്കാനും തോന്നിയില്ല. എങ്കിലും ഭൂട്ടാനിൽ യാത്ര ചെയ്തവർ തഷിച്ചോ ഡി സോങ്ങിനപ്പുറമുള്ള ഇ സ്ഥലം കണ്ടിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ ഇതുപോലെ സ്ഥലങ്ങൾ കണ്ടിട്ടുണ്ട് എങ്കിൽ തീർച്ചയായും വിവരങ്ങൾ പങ്കുവെക്കണം..
PS – ഭൂട്ടാനിലെ ചേരികൾ തേടിയോ അവിടത്തെ യഥാർത്ഥ സന്തോഷത്തിനു കാരണം തേടിയോ ഇറങ്ങിയതല്ല , ഓർമയിൽ വന്ന ഭൂട്ടാൻ കാഴ്ചകൾ പൊടിതട്ടിയെടുത്തപ്പോൾ തോന്നിയ കൗതുകമാണ്. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയുമാകാം…
PHOTO COURTESY : INSTA HANDLE (VISIT INTAGRAM PROFILE)
