കുംതയും യാനയും ഗോകർന്ന യിലെയും യാത്ര വിശേഷങ്ങൾ

Nazeem Sali

Traveler

ബീച്ച് എന്ന് കേട്ടാൽ ശരാശരി നമ്മുടെ മലയാളികളുടെ മനസ്സിൽ പെട്ടന്ന് ഓടി എത്തുന്ന ഒരു സ്ഥലമാണ് ഗോവ. പക്ഷേ ഗോവ മാത്രം അല്ല അതുപോലെ സുന്ദരമായ മറ്റൊരു സ്ഥലമുണ്ട് ഗോകർണ. ഗോകർണ എന്ന പേര് കേൾക്കുമ്പോൾ നാട്ടിൻപുറങ്ങളിലെ സാധാരണക്കാരുടെ സംസാരങ്ങളിൽ കടന്നു വരാറുള്ള സ്ഥലമാണ് ‘നിനക്ക് വല്ല ഗോകർണത്തേക്കും പൊയ്ക്കൂടേ’???? ‘സത്യത്തിൽ ഈ പറയുന്ന പലർക്കും അറിയില്ല ഇന്ത്യയിൽ ഗോകർണ എന്ന പേരിൽ ഇങ്ങനെ ഒരു സുന്ദരമായ സ്ഥലം ഉണ്ടെന്നും അതിലേറെ മനോഹരമായ ബീച്ചുകൾഉണ്ടെന്നും .

കർണാടക സംസ്ഥാനത്തിലെ ഉത്തര കന്നഡ ജില്ലയിൽ ഗംഗാവലി, ആഗ്നാശിനി എന്നീ നദികളുടെ സംഗമസ്ഥാനത്ത് അറബിക്കടലിനോട് ചേർന്നു കിടക്കുന്ന ഗോകർണ കാണാനും അറിയാനും ആസ്വദിക്കാനും ഒത്തിരി സഞ്ചാരികൾ വരുന്നുണ്ട്. പണ്ടൊക്കെ വിദേശ സഞ്ചാരികളാണ് കൂടുതൽ വന്നിരുന്നത്. പക്ഷേ ഇപ്പോൾ ഇന്ത്യയിലെ എല്ലായിടത്തു നിന്നുമുള്ള സഞ്ചാരികളുടെ ഒഴുക്ക് നമുക്ക് അവിടെ കാണാൻ കഴിയും. അത്രയേറെ പ്രിയപ്പെട്ട ഒരിടമായി കഴിഞ്ഞിരിക്കുന്നു ഗോകർണ.
കേരളത്തിൽ നിന്നും പ്രധാനമായി റോഡ് അല്ലെങ്കിൽ ട്രെയിൻ മാർഗം എളുപ്പം ഗോകർണയിലേക്ക് നമുക്ക് എത്തിച്ചേരാൻ കഴിയും. തിരുവനന്തപുരത്ത് നിന്നും രാവിലെ ഒമ്പതരയ്ക്ക് പുറപ്പെടുന്ന നേത്രാവതി എക്സ്പ്രസ്സും എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്നും എല്ലാ ദിവസവും ഉച്ചക്ക് 1.15 നു പുറപ്പെടുന്ന മംഗള – ലക്ഷദ്വീപ് എക്സ്പ്രസ്സുമാണ് കേരളത്തിൽ നിന്നും ഗോകർണയിലേക്ക് പോകാനുള്ള പ്രധാന ട്രെയിൻ സർവീസുകൾ. അതിൽ കയറി കുംത സ്റ്റേഷൻ വരെ ടിക്കറ്റ് എടുത്തു കുംത യിൽ ഇറങ്ങി ഗോകർണയിലേക്ക് പോകാം. കുംത കഴിഞ്ഞു അടുത്ത സ്റ്റോപ്പാണ് ഗോകർണ റോഡ്. പക്ഷേ ആ സ്റ്റേഷനിൽ ലോക്കൽ ട്രെയിനുകൾക്ക് മാത്രമേ സ്റ്റോപ്പ് ഉള്ളൂ. ആ കാരണം കൊണ്ട് കുംതയിൽ ഇറങ്ങി ഗോകർണയിലേക്ക് ബസ് മാർഗം പോകുന്നവർ ആണ് കൂടുതൽ പേരും. നേത്രാവതി എക്സ്പ്രസിൽ ഗോകർണയിലേക്ക് പോകുന്നതാണ് ഏറ്റവും നല്ലത്. കാരണം മംഗള എക്സ്പ്രസ് കുംത സ്റ്റേഷനിൽ എത്തുന്നത് രാത്രി ഒന്നരയ്ക്കും നേത്രാവതി എത്തുന്നത് രാവിലെ മൂന്നരയ്ക്കും ആണ്. രാവിലെ ആറ് മണി മുതൽ ആണ് ഗോകർണത്തേക്ക് പോകേണ്ട ആദ്യ ബസ് പുറപ്പെടുന്നത് അപ്പൊ അത്രയും നേരം വെറുതെ റെയിൽവേ സ്റ്റേഷനിൽ സമയം കളയേണ്ട കാര്യം ഇല്ല. നേത്രാവതിയിൽ വന്നിറങ്ങി അവിടന്ന് ബസ് സ്റ്റാൻഡിലേക്ക് പോയി ഒരു കാപ്പി കുടിച്ചു കഴിയുമ്പോൾ തന്നെ സമയം ആറു മണിയോട് അടുക്കും. ആദ്യത്തെ ബസിൽ കയറി നമുക്ക് ഗോകർണയിലേക്ക് പോകാൻ കഴിയും. ഞാൻ പോയതും അങ്ങനെ ആണ്. ആ യാത്രയിലെ കാഴ്ചകളാണ് ഞാനിപ്പോൾ പറയാൻ പോകുന്നത്.

അന്ന് ട്രെയിൻ കുറച്ചു ലേറ്റ് ആയി പുലർച്ചെ നാല് മണി കഴിഞ്ഞിട്ടാണ് കുംത സ്റ്റേഷനിൽ എത്തിച്ചേർന്നത്. അത്യാവശ്യം വൃത്തി ഉളള റെയിൽവേ സ്റ്റേഷൻ ആണ് കുംത. നേരം പുലർന്നു വരുന്നേ യുള്ളൂ. ആറുമണി ആകാൻ ഇനിയും സമയം ഉണ്ട്. കുറച്ചു നേരം വെയ്റ്റിംഗ് റൂമിൽ അങ്ങനെ ഇരുന്നു. കൊതുകിന്റെ ശല്യം കാരണം വീണ്ടും പുറത്തേക്ക് ഇറങ്ങി കുംത ബസ് സ്റ്റാൻഡിൽ ലേക്ക് നടന്നു തുടങ്ങി. കുംത റെയിൽവേ സ്റ്റേഷനിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരമേ ഉള്ളൂ ബസ് സ്റ്റാൻഡിലേക്ക്. അതുകൊണ്ട് തന്നെ ഓട്ടോ പിടിക്കേണ്ട കാര്യം ഇല്ല. പിന്നെ രാത്രി ആയതുകൊണ്ട് ഓട്ടോ പിടിച്ചാൽ തോന്നിയത് പോലെ അവർ പൈസ വാങ്ങും. ബസ് സ്റ്റാൻഡിൽ എത്തി ഒരു ചായ കുടിച്ചു. സമയം അഞ്ചരയാകുന്നു. ആറുമണിക്ക് ഇനിയും സമയം ഉണ്ട് പുറത്തു എവിടെയോ ഗോകർണ, ഗോകർണ എന്ന് വിളിക്കുന്നത് പോലെ തോന്നി. ബസ് സ്റ്റാൻഡിൽ നിന്നും പുറത്തേക്കുള്ള റോഡിലേക്ക് ഞാൻ ഇറങ്ങിച്ചെന്നു. ഒരു ടെമ്പോ ട്രാവെലർ ആയിരുന്നു. അതിൽ ഒരു സീറ്റ് കൂടി ബാക്കി ഉണ്ടായിരുന്നു. ബസിന്റെ അതേ ടിക്കറ്റ് റേറ്റ് തന്നെയേ ടെമ്പോക്കും ഉള്ളൂ എന്നറിഞ്ഞ നിമിഷം ഞാൻ അതിലേക്ക് കയറി. സീറ്റ് ഫുള്ള് ആയെന്നു കണ്ടപ്പോൾ തന്നെ ഡ്രൈവർ വണ്ടി എടുത്തു. ഒരിക്കലും കുംതയിൽ നിന്നും ടാക്സി കാറിലോ, ഓട്ടോയിലോ ഗോകർണയിലേക്ക് പോകരുത്. കാരണം നമ്മൾ വരത്തർ ആണെന്ന് അറിഞ്ഞാൽ നമ്മുടെ കാശ് നല്ലത് പോലെ തട്ടിച്ചു എടുക്കാൻ അവർക്കറിയാം.

കുംതയിൽ നിന്നും ഏകദേശം 35 കിലോമീറ്റർ ദൂരമേ ഗോകർണത്തേക്കുള്ളൂ. വണ്ടിയിൽ കയറിയ ഉടൻ തന്നെ ഉറക്കത്തിലേക്കു വഴുതി വീണു. കുറച്ചു കഴിഞ്ഞു ഉണർന്നു പുറത്തേക്കു നോക്കി. സൂര്യന്റെ നേരിയ വെളിച്ചം ഭൂമിയിലേക്ക് വീഴുന്നതെ ഉള്ളൂ. റോഡിന്റെ ഇരു വശങ്ങളിൽ നിറയെ ഉപ്പുപാടങ്ങളാണ്. അതിന്റ നടുക്ക് കൂടെയാണ് ഞാൻ പോയിക്കൊണ്ടിരിക്കുന്നത്. ഉപ്പുണ്ടാക്കുന്നതിനു വേണ്ടി കടൽ ജലം ബണ്ടുകളായി വേർതിരിച്ചു പാടങ്ങളിൽ കെട്ടി നിർത്തിയിരിക്കുന്നു. അങ്ങിങ്ങായി മൺകൂനകൾ പോലെ കൂട്ടി ഇട്ടിരിക്കുന്ന ഉപ്പുകൂനകൾ കാണാം. ആറുമണി കഴിഞ്ഞപ്പോൾ ഗോകർണ എത്തി. സ്റ്റാൻഡിൽ ഇറങ്ങി ഹോട്ടൽ റൂം അന്വേഷിച്ചു നടപ്പായി. നേരം വെളുത്തു തുടങ്ങിയിട്ടേ ഉള്ളൂ. വഴിയിൽ നിറയെ കച്ചവടക്കാർ തലങ്ങും വിലങ്ങും ഓടുന്ന കാലികൾ. കൂടുതലും പൂ കച്ചവടക്കാർ ആണ്. അത്യാവശ്യം പൂക്കൾ വാങ്ങുന്ന കാഴ്ചകൾ ആണ് കൂടുതൽ കാണാൻ കഴിയുന്നത്.

കാരണം ഗോകർണ സ്റ്റാൻഡ്നോട് അടുത്ത് തന്നെയാണ് ഗോകർണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിൽ പോകുന്നവർ ചെണ്ടുമല്ലിപ്പൂ വാങ്ങി പോകുന്നതു കാണാം. 500 രൂപക്ക് അത്യാവശ്യം വൃത്തിയുളള ഡബിൾ റൂം കിട്ടി. ഒന്നുറങ്ങി എണീറ്റു ഫ്രഷ് ആയി ബ്രേക്ക് ഫാസ്റ്റും കഴിഞ്ഞു ഗോകർണ തെരുവിലൂടെ നടന്നു തുടങ്ങി. വന്നിറങ്ങിയപ്പോൾ കണ്ട മുഖമല്ലായിരുന്നു ഗോകർണക്ക് അപ്പോൾ. തെരുവുകളിൽ നല്ല തിരക്ക് അനുഭവപ്പെട്ടു. റോഡിൽ ഇരു വശവും നിറയെ കച്ചവടക്കാർ. പൂക്കൾ മാത്രമല്ല ഇപ്പോൾ ഓറഞ്ച്, ആപ്പിൾ, പപ്പായ,സപ്പോട്ട, ക്യാരറ്റ് അങ്ങനെ നിരവധി കച്ചവക്കാർ. അതിൽ കൂടുതൽ ഗോത്ര വർഗ്ഗത്തിൽ പെട്ട സ്ത്രീകൾ തന്നെ. എല്ലാവരും 50 നു മുകളിൽ പ്രായം ഉള്ളവർ. ഒരു പ്രത്യേക സ്റ്റൈലിൽ ആണ് അവരുടെ വസ്ത്രങ്ങളൊക്കെ. കയ്യിൽ സ്റ്റീൽ വളകൾ നിറയെ അണിഞ്ഞു കാതിൽ കടുക്കനും കല്ല് മാലകളും പരമ്പരാഗത വെള്ളി ആഭരണങ്ങളും അണിഞ്ഞിട്ടുണ്ട് ..

ഏതൊക്കെയോ ഇടവഴികളിലൂടെ ഞാൻ നടക്കുകയാണ്. കച്ചവടക്കാർ എന്നെ മാടി മാടി വിളിക്കുന്നുണ്ട്. കൂടുതലും ആന്റിക് കളക്ഷൻ ഐറ്റംസ് തന്നെയാണ്. കുറച്ചു മദാമ്മമാർ കയ്യിൽ പച്ച കുത്തുന്ന കാഴ്ച കണ്ടു. നടന്നു നടന്നു ആദ്യം എത്തിയത് ഗോകർണ ക്ഷേത്രതിനടുത്തുള്ള ബീച്ചിലേക്കാണ്. ഒട്ടക സവാരിയാണ് അവിടത്തെ പ്രത്യേകത. ഒരാൾക്കു 100 രൂപ. ഞാനും ഒട്ടകത്തിന്റെ പുറത്തേക്ക് കയറി. പുറമെ കാണുന്ന പോലെയല്ല ഒട്ടകത്തിന്റെ പുറത്തു കയറിയാൽ. താഴേക്ക് ഇപ്പോൾ വീഴുന്ന പോലെ പ്രതീതി, നടക്കുമ്പോൾ രണ്ടു വശത്തേക്കും ചരിയുന്ന പോലെ. അഞ്ച് മിനിറ്റ് കഴിഞ്ഞു ഒട്ടക സവാരി മതിയാക്കി ഓട്ടോ സ്റ്റാന്റിലേക്ക് നടന്നു.

തൊട്ടടുത്തു തന്നെയാണ് ഓട്ടോ സ്റ്റാൻഡ്. ഓട്ടോയിൽ കയറി ഓം ബീച്ചിലേക്ക് യാത്ര തിരിച്ചു. വെയിലിന്റെ കാഠിന്യം കൊണ്ടാണ് ഓട്ടോ പിടിച്ചത്. അല്ലെങ്കിൽ കുന്നിൽ ചെരുവുകളിലൂടെ നടന്നു ഗോകര്ണയുടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാമായിരുന്നു. ഗോകർണയിൽ പ്രധാനമായും അഞ്ച് ബീച്ചുകളാണുള്ളത്. ഗോകർണ ബീച്ച്, കുഡ്‌ല ബീച്ച്, ഓം ബീച്ച്, ഹാഫ് മൂൺ ബീച്ച്, പാരഡെയ്സ് ബീച്ച്. ഞാൻ പോയിക്കൊണ്ടിരിക്കുന്നത് ഓം ബീച്ചിലേക്കാണ്. പോകുന്ന വഴിയിൽ കുന്നുകളും അതിനു താഴെ ആയി നീല കടലും അതിന്റെ അരികിലൂടെ ഒരുപാട് പേർ ട്രെക്കിങ്ങ് ചെയ്യുന്നതുമായ കാഴ്ചകൾ കാണാം. ഒറ്റക്കല്ലായിരുന്നു എങ്കിൽ എനിക്കും ഇതുപോലെ കഥകൾ പറഞ്ഞു ട്രെക്ക് ചെയ്തു പോകാമായിരുന്നു.

ഓട്ടോ മുന്നോട്ടു പായുകയാണ്. അവസാനം ബീച്ചിന്റെ യാതൊരു സൂചനയും തരാത്ത ഒരു സ്ഥലത്ത് ഓട്ടോ നിർത്തി 150 രൂപയും വാങ്ങി. എന്നിട്ട് ഓട്ടോ ഡ്രൈവർ കൈ ചൂണ്ടി താഴേക്കു നടന്നിറങ്ങിയാൽ മതി എന്ന് പറഞ്ഞു. നടന്നു പോകുന്ന വഴിയിൽ ഓം ബീച്ച് എന്ന ബോർഡും കണ്ടു. ഒരു കുന്നിൻ മുകളിൽ ആണു നിൽക്കുന്നത് എന്ന് മനസ്സിലായി. അടുത്തൊരു ചെറിയ റെസ്റ്റോറന്റുണ്ട്. അവിടന്ന് ഒരു കുപ്പി വെള്ളവും വാങ്ങി താഴേക്കിറങ്ങി. ചെറുതായി കടലിന്റെ ഇരമ്പൽ കേൾക്കാൻ കഴിയുന്നുണ്ട്. ചെറിയ പടവുകൾ വഴി താഴേക്കു ഇറങ്ങുമ്പോൾ തന്നെ ഓം ആകൃതിയിൽ നീല നിറത്തിൽ കടൽ അങ്ങനെ തിളങ്ങുന്നതു കാണാം.

അപ്പോൾ ഇതിനു ഓം ബീച്ച് എന്ന പേര് വരാനുള്ള കാര്യം പ്രത്യേകം പറയേണ്ട കാര്യം ഇല്ലല്ലോ. ഓം ബീച്ചിൽ രാവിലെ തന്നെ നിറയെ ആളുകളുണ്ട്. കുറച്ചു പേര് യോഗ ചെയ്യുന്നുണ്ട് കുറച്ചു പേര് കടലിലെക്കു നോക്കി ഇരുപ്പുണ്ട്. കുറച്ചു പേര് കടലിൽ നീരാടുന്നുണ്ട്. തൊട്ടടുത്തുള്ള ഒരു മരത്തിന്റെ തണലിൽ ഒരു സുന്ദരി യായ മദാമ്മ മണലിൽ ബെഡ്ഷീറ്റും വിരിച്ച് കടലിലേക്ക് കണ്ണും നട്ടിരിക്കുന്നു. ഉടനെ എങ്ങും എണീറ്റു പോകുന്ന ലക്ഷണം ഇല്ല. എന്റെ പേഴ്സും മൊബൈലും അടങ്ങിയ ബാഗ് മദാമ്മയുടെ ബെഡ് ഷീറ്റിന്റെ അരികിൽ ആയി വെച്ചു. കരയിൽ മദാമ്മ ഉണ്ടല്ലോ എന്ന ധൈര്യത്തിൽ ഞാൻ കടലിലേക്കിറങ്ങി. ഒരു രണ്ട് മണിക്കൂറോളം കടലിൽ കുളിച്ചു. വെയിലിന്റെ ചൂട് കൂടിയപ്പോൾ കരയിലേക്കു കയറി ഡ്രസ്സ് മാറി മദാമ്മക്ക്് ഒരു താങ്ക്സ് പറഞ്ഞു തൊട്ടടുത്തുള്ള ഹാഫ് മൂൺ ബീച്ചിലേക്ക് പോയി. ആ നന്ദി പറച്ചിൽ എന്തിനാണെന്ന് അവർക്ക് മനസിലായിക്കാണില്ല. അതാകും എന്നെ പകച്ചുനോക്കിയത്.

ഹാഫ്മൂൺ ബീച്ച് അർദ്ധവൃത്താകൃതിയുള്ള ബീച്ച് ആണ്. ഓം ബീച്ചും ഹാഫ് മൂൺ ബീച്ചും വേർതിരിക്കുന്നത് കടലിലേക്കു നീണ്ടു കിടക്കുന്ന പാറക്കൂട്ടങ്ങളാണ്. അവിടെയും കുറച്ചു നേരം ചുറ്റിപ്പറ്റി നിന്ന ശേഷം മുകളിലേക്കു കയറി ആദ്യം കണ്ട റെസ്റ്റോറന്റിൽ കയറി ഫുഡ് കഴിച്ചു. നമ്മുടെ കേരള സ്റ്റൈൽ ഫുഡ് ഒന്നും തന്നെ അവിടെ ഇല്ല. ബിരിയാണി, ചൈനീസ്, നോർത്ത് ഇന്ത്യൻ ഐറ്റംസ് മാത്രം. ആഹാരം കഴിച്ചു പുറത്തേക്കിറങ്ങി. ഇനി അടുത്ത ലക്ഷ്യം ഗോകർണയുടെ സ്വർഗം എന്ന് വിളിപ്പേരുളള പാരഡൈസ് ബീച്ചിലേക്കുള്ള ട്രെക്കിങ്ങ് ആണ്. കടൽത്തീരവും കഴിഞ്ഞു ഓം ബീച്ചിന്റെ അറ്റത്തു നിന്നുള്ള പാറകൾ കടന്ന് മുകളിലേക്കു കയറി ഞാൻ നടന്നു. ഒരു മലയുടെ സൈഡിലൂടെ പാറക്കെട്ടുകൾ നിറഞ്ഞ വഴിയിൽ കഷ്ടിച്ച് ഒരാൾക്കു മാത്രം നടക്കാവുന്ന വഴിയിലൂടെയാണ് ഞാൻ മുന്നോട്ടു പോയികൊണ്ടിരിക്കുന്നത്. അത്യധികം ത്രില്ലിംഗും അതിലേറെ അപകടകരവുമായ യാത്രയാണിത് . കാരണം നടക്കുന്ന വഴിയിൽ കാലൊന്നു തെന്നിയാൽ മലയുടെ താഴെ കടൽത്തിരയടിച്ചു നുരയുന്ന പാറക്കെട്ടുകളിൽ വീണാൽ മരണം ഉറപ്പാണ്. ആ നടത്തത്തിൽ ഒരു സ്ഥലത്ത് പശ്ചിമഘട്ടവും മറുവശത്ത് അറബി കടലും ചേർന്നു ഒഴുകുന്ന മനോഹരമായ കാഴ്ചകൾ കാണാം. ഒരു പൊളിഞ്ഞ പഴയ കെട്ടിടത്തിനു അടുത്തുള്ള വഴിലൂടെ ബീച്ചിലേക്കിറങ്ങി ചെല്ലാം…. പൊളിഞ്ഞ കെട്ടിടത്തിന്റെ ചുമരുകളിൽ ആരോ വരച്ച സുന്ദരമായ ചിത്രങ്ങൾ കാണാം.

ഗോകർണ്ണയിലെ സ്വർഗം..

ഓം ബീച്ചിലോ ഹാഫ്മൂൺ ബീച്ചിലോ പോലെയുള്ള തിരക്കൊന്നുമില്ലാത്ത പാറകളാൽ ചുറ്റപ്പെടുന്ന ശാന്തവും അതിലേറെ മനോഹരമായ ഒരു കടൽ തീരം. അതാണ് പാരഡൈസ് ബീച്ച്. പേര് പോലെ തന്നെ ഇവിടം സ്വർഗ്ഗമാണ്. കർമ ബന്ധങ്ങളുടെ നൂലുകളെല്ലാം പൊട്ടിച്ചെറിഞ്ഞു ഏകാന്തതയെ പ്രണയിച്ച് ഒരു ധ്യാനത്തിലെന്നപോലെ മനസെന്ന പറവയെ കൂടു തുറന്ന് പ്രകൃതിയിലേക്ക് പറത്തി വിടുന്നവരുടെ പാരഡൈസ്. ലോകം ചുറ്റി തീർക്കാൻ കൊതിച്ചവർക്കും ഏകാന്ത യാത്രകൾ ഇഷ്ടപ്പെടുന്നവർക്കും കലാഹൃദയമുള്ളവർക്കും എഴുത്തുകാർക്കും ഒത്തിരി ഏകാന്തത ഇഷ്ടപ്പെടുന്നവർക്കും പറ്റിയൊരു ഇടമാണിത്. തിരക്ക് പിടിച്ച ലൗകിക ജീവിതത്തിൽ എല്ലാ മാനസിക പിരിമുറുക്കങ്ങളും കളഞ്ഞ് ഇവിടെ വന്നിരുന്നു ഒന്നു കണ്ണടച്ച് കടൽ കാറ്റേറ്റും കൊണ്ട് ഇരുന്നു നോക്കൂ. മറ്റേതോ ലോകത്തേക്ക് മനസ് നമ്മളെ കൊണ്ട് പോകും. അതൊക്കെ കൊണ്ടാകും ഇതിനു പാരഡൈസ് ബീച്ച് എന്നൊക്കെ പേര് വരാൻ കാരണം.


ഗോകർണയിൽ എത്തുന്ന സഞ്ചാരികൾ മിക്കവരും ഇവിടെയാണ് രാത്രിയിൽ തമ്പടിക്കുന്നത്. ടെന്റുകളോ സ്ലീപ്പിങ് ബാഗോ കൊണ്ടുവന്നാൽ ഓപ്പൺ ബീച്ചിൽ നല്ല കടൽ കാറ്റേറ്റ് സുന്ദരമായി ഉറങ്ങാം. ഭക്ഷണം കഴിക്കാൻ തട്ടുകട പോലെ രണ്ടു ചെറിയ സംവിധാനങ്ങൾ ഉണ്ട്. ബാത് റൂം ടോയ്ലറ്റ് പോലെ ഉളള സൗകര്യങ്ങൾ അവിടെ കണ്ടതായി ഓർക്കുന്നില്ല. സുരക്ഷാ മുന്നറിയിപ്പ് ബോർഡുകളോ കുളിക്കുന്നത് നിയന്ത്രിക്കാൻ ഉള്ള സെക്യൂരിറ്റി ഗാർഡുകളോ ഇല്ലാത്ത, സുന്ദരമായ കടലോരവും വിദൂരതയിലേക്ക് നോക്കി ഇരിക്കാൻ കൂറ്റൻ പാറകളും കടലിന്റെ സംഗീതവും കാറ്റിന്റെ താളവും ചേർന്ന ഒരു മായാലോകം പാരഡൈസ് ബീച്ച് നമുക്ക് നൽകുന്നുണ്ട്. എത്ര നേരം ഇരുന്നാലും തിരികെ പോകാൻ തോന്നാത്ത ഇനി തിരികെ പോയി കഴിഞ്ഞാൽ വീണ്ടും വീണ്ടും മാടി വിളിക്കുന്ന എന്തോ അദൃശ്യ ശക്തി പാരഡൈസ് ബീച്ചിനുണ്ട്. സമയം രാത്രിയോട് അടുക്കുന്നു സഞ്ചാരികൾ പലരും ടെന്റടിക്കാൻ ഉള്ള തിരക്കിൽ ആണ്. അവിടെ അലഞ്ഞു തിരിഞ്ഞു നടന്ന കാലിക്കൂട്ടങ്ങൾ ഒന്നിന് പുറകെ ഒന്നായി അതിന്റെ വാസസ്ഥലത്തേക്ക് അണയാൻ ധൃതി പിടിച്ചു പോകുന്ന പോലെയുളള കാഴ്ചകൾ കാണാം. അവർക്ക് പിന്നാലെ ഞാനും എന്റെ താമസ സ്ഥലത്തേക്ക് തിരിച്ചു.

റൂമിൽ എത്തിയ ശേഷം കുറച്ചു നേരം വിശ്രമിച്ച ശേഷം ഗോകർണത്തെ രാത്രി കാഴ്ചകൾ കാണാനായി പുറത്തേക്കിറങ്ങി. ക്ഷേത്രത്തിനടുത്തുള്ള ഗോകർണ ബീച്ചിലേക്ക് തന്നെ നടന്നു. പകൽ ഉള്ളതിന്റെ രണ്ടു മടങ്ങ് ആളുകളുണ്ട്. പകലിലെ ചൂടിന്റെ കാഠിന്യം കൊണ്ടാകും എല്ലാവരും രാത്രിയിൽ ഇറങ്ങിയത്. സ്വദേശീയരും വിദേശികളുമൊക്കെ ചേർന്നു ഗോകർണയിലെ രാത്രി യെ പകലാ ക്കുകയാണ്. ഗിത്താർ പോലെ യുള്ള വാദ്യോപകരണങ്ങൾ ഉപയോഗിച്ച് കുറച്ചു പേര് പാടുന്നുണ്ട് അതിനു അനുസരിച്ചു ഡാൻസ് ചെയുന്നുണ്ട് കുറച്ചു പേർ ബ്ലൂടൂത്ത് വഴി സ്പീക്കറിൽ മൊബൈൽ കണക്ട് ചെയ്തു സംഗീതം ആസ്വദിക്കുന്നു.

ഒരു ന്യൂ ഇയർ സെലിബ്രേഷനു ഫോർട്ട്കൊച്ചി കടൽ തീരത്ത് പോയി നിൽക്കുന്ന ഒരവസ്ഥ യാണ് അപ്പോൾ തോന്നിയത് ആകാശത്തു നിറയെ നക്ഷത്രങ്ങൾ താഴെ അതിനേക്കാൾ സുന്ദരമായി ഗോകർണ ബീച്ച് മിന്നി തിളങ്ങുന്നുണ്ട് ഞാനും ആ കൂട്ടത്തിൽ ചേർന്നു. ഒറ്റക്കുള്ള ഫീലിംഗ് വിട്ടുമാറിയത് അപ്പോളാണ് ഒരു സോളോ ട്രിപ്പിലാണ് ഞാൻ വന്നത് എന്നുള്ള ചിന്ത എങ്ങോ പോയി മറഞ്ഞു. അപ്പോഴേക്കും ഞാനും അവരിൽ ഒരംഗമായി തീര്ന്നു. രാത്രിഏറെ ആയപ്പോൾ ഞാൻ റൂമിലേക്കു പോയി പകൽ കണ്ട കാഴ്ചകൾ തന്നെയാണ് കണ്ണടക്കുമ്പോൾ തെളിയുന്നതു. പുലർച്ചെ എപ്പോളോ ഞാൻ മയക്കത്തിലേക്ക് വീണു..

രണ്ടാം ദിവസം

പിറ്റേന്ന് രാവിലെ ഞാൻ പോയത് കുഡ്‌ല ബീച്ചിലേക്കാണ്. കയാക്കിങ്ങും സർഫിങ്ങും ഒക്കെയാണ് ഇവിടത്തെ പ്രധാന ആകർഷണം. ധാരാളം ഫൈബർ ബോട്ടുകളും എയർ ബോട്ടുകളും കാണാം. ബോട്ടിൽ കയറി കുറച്ച് ഉള്ളിലേക്കു പോകുമ്പോൾ ഡോൾഫിൻ മത്സ്യങ്ങളെ കാണാമെന്നു പോയവർ പറയുന്നു. ബോട്ടിനു അടുത്ത് വന്നു ഡോൾഫിൻ മൽസ്യങ്ങൾ ഉയർന്നു ചാടുമത്രേ. ലക്ഷ ദ്വീപിൽ പോയി ഇതെല്ലാം കണ്ട് അനുഭവിച്ചറിഞ്ഞത് കൊണ്ട് തത്കാലം സർഫിങ്, കയാക്കിങ് ഒകെ വേണ്ടാന്ന് വെച്ച് ദൂരെ നിന്ന് ഇതെല്ലാം കണ്ട് ആസ്വദിച്ചു. സെപ്റ്റംബർ മുതൽ മെയ് വരെ തന്നെയാണ് ഗോകർണ യിലെ സീസൺ. . കുഡ്‌ല ബീച്ചിൽ വെറുതെ ഒന്ന് ചുറ്റിയ ശേഷം ഗോകർണയിൽ നിന്നും കുംത യിലേക്ക് ബസ് കയറി…. ഇനി കാണാൻ ഉള്ളത് മിർജാൻ ഫോർട്ടും യാന ഗുഹകളും ആണ്.

(തുടരും)

Leave a Reply