മുംബൈ നഗരത്തിന്റെ ആരേ കാട്

മുംബൈ നഗരം ഇപ്പോഴും സഞ്ചാരികൾക്ക് നഗരം എന്ന രൂപത്തിലെ കാണാൻ സാധിക്കുകയുള്ളു എന്നാൽ മുബൈയിലെ ഒരു കാടിന്റെ വിവരണം വായിച്ചാലോ.

ആമസോൺ മഴക്കാടുകൾ ലോകത്തിന്റെ ശ്വാസകോശമെന്ന് അറിയപ്പെടുന്നത് പോലെയാണ് മുംബൈ മഹാനഗരത്തിന് ആരേ കാടുകൾ. മുംബൈ നഗരത്തിന് നടുവിലെ സംരക്ഷിക്കപ്പെട്ടിട്ടുള്ള ഈ വനപ്രദേശം നഗരത്തിന്റെ ജീവനാഡി കൂടിയാണ്. ആമസോൺ മഴക്കാടുകൾ, സാമൂഹ്യദ്രോഹികൾ തീവെച്ചു നശിപ്പിക്കുന്നുവെന്ന വാർത്തകൾ വന്ന് കൊണ്ടിരിക്കേ മുംബൈയിൽ നിന്നും ദുഃഖ വാർത്തകൾ വന്ന് തുടങ്ങി. മരങ്ങൾ മുറിക്കപ്പെടുന്നതും ന്യായീകരിക്കാനാവാത്ത കാരണത്താൽ വന നശീകരണവും നൽകുന്ന പ്രശ്നം ഇപ്പോൾ മാത്രമല്ല, ഭാവിയിൽ ദീർഘ കാല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. വികസന മറവിൽ കഴിഞ്ഞ വർഷം ഈ വനത്തിലും കോടാലി വെയ്ക്കുന്ന നടപടി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായപ്പോൾ മുംബൈ ജനങ്ങൾ ഒറ്റക്കെട്ടായി എതിർത്ത്‌ തോല്പിച്ചതിന്റെ പിറകിലെ കാരണമറിയണമെങ്കിൽ നമുക്ക് ചരിത്രത്തിലൂടെ സഞ്ചരിക്കേണ്ടി വരും.

സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജനങ്ങൾ ബോംബെയിലേക്ക് കുടിയേറുന്ന അവസ്ഥയുണ്ടായി. അന്നത്തെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യകേന്ദ്രവും തുറമുഖ നഗരവുമായിരുന്ന ബോംബെയിലെ തൊഴിൽ സാധ്യതകൾ മനസ്സിലാക്കിയായിരുന്നു ആളുകൾ ബോംബെയിലേക്ക് തള്ളിക്കയറാൻ തുടങ്ങിയത്. നഗരം വിപുലീകരിച്ചതോടൊപ്പം നഗരത്തിൽ വസിക്കുന്നവർക്കുള്ള ആഹാര വസ്തുക്കളുടെ ഉപഭോഗം വർദ്ധിക്കുകയുണ്ടായി. ധാന്യങ്ങളും പച്ചക്കറികളുമൊക്കെ സമീപ പ്രദേശങ്ങളിൽ നിന്ന് ലഭ്യമാക്കാൻ സാധിച്ചുവെങ്കിലും, വളരെ ദൂരെ ദിക്കിൽ കൊണ്ട് വരുന്നത് പ്രായോഗികമല്ലാത്ത പാലിന്റെയും പാലുല്പന്നങ്ങളുടെയും ലഭ്യതക്കുറവ് പ്രശ്നമായി തുടർന്നു. പാലിന്റെ ദൗർലഭ്യത്തിന് പരിഹാരം കണ്ടെത്തിയത് ആരേ മിൽക്ക് കോളനി സ്ഥാപിച്ചതോടെയാണ്.

ക്രിസ്തുവിന് മുമ്പുള്ള രണ്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതെന്ന് കരുതുന്ന കാൻഹേരി ഗുഹകൾ നിലനിൽക്കുന്ന തുള്സി, വിഹാർ തടാകങ്ങൾ ഉൾപ്പെടുന്ന പ്രദേശം 1942 മുതൽ കൃഷ്ണഗിരി ദേശീയ ഉദ്യാനം എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ഉദ്യാനത്തിന്റെ തെക്കേ ഭാഗത്തുള്ള ഇടതൂർന്ന മരങ്ങളും പുല്മേടുകളുമുള്ള പ്രദേശത്ത് ഡയറി ഫാം ആരംഭിക്കാമെന്ന നിർദേശം മുന്നോട്ട് വെച്ചത് ധാരാ നുസ്സർവന്ജി ഖുരോഡി എന്ന ബോംബെ ക്ഷീര വകുപ്പ് കമ്മീഷണറായിരുന്നു. ഇന്ത്യൻ ധവള വിപ്ലവത്തിന്റെ പിതാവായി അറിയപ്പെടുന്ന വർഗീസ് കുര്യന്റെ കൂടെ 1963 ലെ മാഗ്‌സാസെ അവാർഡ് പങ്കിട്ടെടുത്ത ശാസ്ത്രജ്ഞനായിരുന്നു ധാരാ നുസ്സർവന്ജി ഖുരോഡി. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ ദീർഘ വീക്ഷണത്തിന്റെ ഫലമായി 1949 ൽ തുടക്കമിട്ട പദ്ധതി 1951 ല് നിലവിൽ വന്നു. അതാണ് ആരേ മിൽക്ക് കോളനി. ഇന്ന് ആരേ മിൽക്ക് കോളനിയിലെ 3200 ഏക്കർ സ്ഥലത്ത് ഇരുപതിനായിരത്തോളം കന്നുകാലികൾ വളർത്തപ്പെടുന്നുണ്ട്.

ഇന്ന് ഈ ആരേ മിൽക്ക് കോളനിയും ഉൾപ്പെടുന്നതാണ് മുംബൈയിലെ സംരക്ഷിതമേഖല. 1942 ല് 21 ചതുരശ്ര കിലോമീറ്റർ വീതിയുണ്ടായിരുന്ന കൃഷ്ണഗിരി ഉദ്യാനം പിൽക്കാലത്ത് പലവട്ടം വിപുലീകരിക്കപ്പെടുകയുണ്ടായി. 1976 ല് ബോറിവലി നാഷണൽ പാർക്ക് എന്ന് പുനർനാമകരണം ചെയ്തപ്പോൾ 68 ചത്രുശ്രകിലോമീറ്റർ വിസ്തൃതിയുണ്ടായിരുന്ന സ്ഥലം പിന്നീട് 1996 ല് താനയിലെ വനപ്രദേശം കൂടി കൂട്ടിച്ചേർക്കപ്പെട്ടു, ആകെ 103 ചതുരശ്ര കിലോമീറ്റർ വീതിയുള്ള സംരക്ഷിത മേഖലയായി മാറി, സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക് എന്ന പേരിലാണ് ഇന്ന് ഈ വനപ്രദേശം അറിയപ്പെടുന്നത്.

ബോറിവലി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ ദൂരത്താണ് പാർക്കിന്റെ മുഖ്യകവാടം. നിശ്ചിത ഫീസ് ഈടാക്കി വിനോദസഞ്ചാരികൾക്ക് ഇവിടെ പ്രവേശനം അനുവദിക്കുന്നുണ്ട്. അധികൃതർ ഒരുക്കിയിട്ടുള്ള ബസ്സിലൂടെ ഏഴ് കിലോമീറ്റർ വനത്തിലൂടെ സഞ്ചരിച്ചാൽ കാൻഹേരി ഗുഹകൾ സന്ദർശിക്കാൻ സാധിക്കും. ഗോരേഗാവ് റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ഭാഗത്താണ് ആരേ മിൽക്ക് കോളനിയിലേക്കുള്ള പാത. അന്താരാഷ്ട്ര വിമാനത്താവത്തിനടുത്തുള്ള ആരേ മിൽക്ക് കോളനിയോട് ചേർന്ന് ബോംബെ ഫിലിം സിറ്റിയും ഇതേ വനമേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.

വംശനാശഭീഷണി നേരിടുന്ന നിരവധി സസ്യ-ജന്തുജാലങ്ങളുടെ ആവാസ കേന്ദ്രമാണ് ഈ പാർക്ക്. പാർക്കിലെ വനമേഖലയിൽ ആയിരത്തിലധികം സസ്യ ഇനങ്ങൾ, 260 ല് പരം ദേശാടന, കര, ജല പക്ഷികൾ, അയ്യായോരത്തിലേറെ ഇനം പ്രാണികൾ, നാല്പതിലധികം ഇനം സസ്തനികൾ എന്നിവയുണ്ട്. കൂടാതെ 38 ഇനം ഉരഗങ്ങൾ, 9 ഇനം ഉഭയജീവികൾ, 150 ഇനം ചിത്രശലഭങ്ങൾ, വൈവിധ്യമാർന്ന വിവിധയിനം മത്സ്യങ്ങൾക്കും ഇന്ന് ഈ പാർക്ക് അഭയകേന്ദ്രമാണ്. ഇളം വയലറ്റ് നിറത്തിൽ പൂക്കുന്ന കർവി പൂക്കളുടെ മനോഹരകാഴ്ചയും ഇവിടത്തെ വനത്തിന്റെ പ്രത്യേകതയാണ്.

നിരവധി നാടൻ കുരങ്ങുകളും റീസസ് കുരങ്ങുകളുടെയും ആവാസമേഖലയായ ഇവിടെ വന്യജീവികളും സജീവമാണ്. മാൻ വർഗ്ഗത്തിൽ പെടുന്ന എല്ലാ ജീവികളും ഇവിടെ സുലഭമാണ്. ഹൈനയും പുള്ളിപ്പുലിയും ഒട്ടും കുറവല്ല. മുതലകളും മലമ്പാമ്പ്, അണലി, മൂർഖൻ, മുളമണ്ഡലി തുടങ്ങി വിഷമുള്ളതും ഇല്ലാത്തതുമായ വനത്തിൽ കടുവയുടെ സാന്നിദ്ധ്യവും ഉണ്ടെന്ന് പറയപ്പെടുന്നു. വനത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ ഇരുപത്തിയഞ്ചോളം ചെറുഗ്രാമങ്ങളും അതിൽ ചില ഗോത്രവർഗങ്ങളും താമസിച്ചു വരുന്നുണ്ട്. കട്കരികളും കോലികളും വാർലികളുമാണ് പ്രധാന ഗോത്രവർഗങ്ങങ്ങൾ. പച്ചക്കറിയും പഴവർഗങ്ങളും കൃഷി ചെയ്ത് ഉപജീവനം നടത്തുന്നവരാണ് ഇവർ.

വന്യമൃഗങ്ങളുടെ ആക്രമണം മൂലം നിരവധി അപകടങ്ങളും മരണങ്ങളും ഇവിടെ നിന്ന് റിപ്പോർട്ട് ചെയിതിട്ടുണ്ട്. പുള്ളിപ്പുലിയുടെ ആക്രമണത്തിലാണ് കൂടുതൽ പേരുടെ ജീവൻ നഷ്ടപ്പെട്ടിട്ടുള്ളത്. രാത്രി 8 മുതൽ രാവിലെ 7 വരെ ഇതിനകത്ത് ഗതാഗതം നിരോധനമുണ്ട്. റോഡ് കവർച്ച സംഘങ്ങളുടെയും സാമൂഹ്യദ്രോഹികളുടെയും ശല്യത്തോടൊപ്പം നിറം പിടിപ്പിച്ച പ്രേതകഥകൾക്കും ഇവിടം ഒട്ടും ക്ഷാമമില്ല.

Leave a Reply