ഇടുക്കിയിലെ ഉറുമ്പിക്കരയും മദാമ്മകുളവും!

ഇടുക്കിയിലെ ഉറുമ്പിക്കരയും മദാമ്മകുളവും അധികം അറിയാത്തൊരു ഇടമായതിനാൽ യാത്രക്കാരുടെ ഒഴുക്ക് വളരെ കുറവാണ്. ഏന്തയാർ വഴിയാണ് അധികം വണ്ടി പ്രേമികളും ഉറുമ്പിക്കരയിലേക്ക് പോകുക. ജീപ്പ് പോലുള്ളതിന് മുകളിലേക്ക് കയറാൻ ഇത് വഴി മാത്രമേ സാധിക്കുകയുള്ളു. അല്ലെങ്കിൽ 12 കിലോമീറ്റർ നടക്കേണ്ടി വരും. മാത്രവുമല്ല ഏന്തയാറിൽ നിന്ന് ജീപ്പും ലഭ്യമാണ്. പോകുന്ന വഴിയുടെ ഓരങ്ങളിൽ തന്നെ കൗതുകം നിറക്കുന്ന വെള്ളച്ചാട്ടം കാണാൻ സാധിക്കും.

മഴക്കാലമാകുമ്പോൾ കൂടുതൽ സൗന്ദര്യവതിയായിരിക്കും ഉറുമ്പിക്കര. ഉറുമ്പിക്കരയിൽ നിന്ന് വാഗമൺ പോകാനും സാധിക്കും മാത്രവുമല്ല വാഗമൺ നിന്ന് വരുന്ന യാത്രികർക്ക് കൂടുതൽ സൗകര്യപ്രദവുമായിരിക്കും ഉറുമ്പിക്കരയിൽ എത്തിച്ചേരാൻ. പോകുന്ന വഴിയിൽ തന്നെ ബ്രിട്ടീഷുകാർ ഒരുകാലത്തു നിർമിച്ച തേയില ഫാക്ടറിയും കാണാൻ സാധിക്കും ഇപ്പോൾ പ്രവർത്തനരഹിതമായി കിടക്കുകയാണ്. ട്രെക്കിങിന്റെ വഴിയരികിൽ തന്നെ മനോഹരമായ തേയില തോട്ടങ്ങൾ നീണ്ടു നിവർന്നു കിടക്കുന്നുണ്ടാകും.

ജീപ്പ് വാടക എടുത്ത് പോകുന്നവർ പരമാവധി കൂട്ടമായി പോകാൻ ശ്രമിക്കുക. ഉറുമ്പിക്കരയുടെ മുകളിൽ നിന്നുള്ള കാഴ്ച വളരെ കൺകുളിർമ നല്കുന്നതാണ്. കൂടുതൽ ഉച്ചിയിലേക്ക് പോകുന്നതനുസരിച്ചു വാഗമൺ സൂയിസൈഡ് പോയിന്റ് കാണാൻ സാധിക്കും. പച്ചപ്പുകളെ ഇടയിലെ പാറക്കെട്ടുകൾ ഉറുമ്പിക്കരയെ കൂടുതൽ ഭംഗിയാക്കുന്നുണ്ട്. അവിടുന്ന് അൽപ്പം മാറിയാണ് മാദാമകുളം സ്ഥിതി ചെയ്യുന്നത്. പക്ഷെ ജീപ്പ് പോലുള്ള വാഹനങ്ങളിൽ പോകാൻ സാധിക്കില്ല. പകരം കാൽനടയായി മുന്നോട്ട് പോകണം.

ചെറിയൊരു ഇടവഴിയും നല്ല ഇറക്കവുമാണ്. ചെന്നത്തുമ്പോൾ തന്നെ മനോഹരമായ വെള്ളച്ചാട്ടത്തിന്റെ സാനിധ്യത്തിൽ തെളിമയോടെ കെട്ടി നിൽക്കുന്ന ഒരു കാഴ്ചയാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. വെള്ളം വീഴുന്ന സ്ഥലം അല്പം ആഴമുണ്ട് അതിനാൽ ശ്രദ്ധയോടു വേണം വെള്ളത്തിൽ ഇറങ്ങേണ്ടത്. വെള്ളത്തിൽ നിന്ന് ചുറ്റിനും മലയുടെ പച്ചവിരിച്ച ചരുവുകളാണ്. നല്ല കോട ഇറങ്ങുന്ന പ്രദേശം കൂടിയാണ് ഉറുമ്പിക്കരയും മാദാമകുളവും.