മൺസൂണുകളിൽ ചിക്കൻപോക്സ് വരുന്ന ബുഡാപെസ്റ്റ് നഗരം

2021 ന്റെ ആദ്യത്തിലിവിടെ ഇറങ്ങുമ്പോൾ, കരിഞ്ഞുണങ്ങി വീഴാറായ മരങ്ങളായിരുന്നെങ്ങും .. നാട്ടിലായിരുന്നെങ്കിൽ ഒക്കെ വെട്ടിക്കൂട്ടി വിറകാക്കി കത്തിച്ചേനെ. ഇവിടെ വിറകടുപ്പില്ലായിരിക്കും എന്ന് മനസ്സിനെ പറഞ്ഞു മനസ്സിലാക്കിയത് കാരണം ഒരു ജനതയെ കുറ്റപ്പെടുത്താൻ അവനെ ഞാൻ അനുവദിച്ചില്ല . കേരളത്തിന്റെയും സിംഗപ്പൂരിന്റെയും പച്ചപ്പും ഹരിതാഭയും കണ്ടു ബോറടിച്ച കാരണമായിരിക്കാം, ഉണങ്ങിയ മരങ്ങൾ എന്നെ ഹഠാതാകർഷിച്ചു എന്നതാണ് സത്യം .

ഒപ്പം, പഴയ കൊളോണിയൻ കെട്ടിടങ്ങൾ കാഴ്ച്ചയുടെ മാറ്റു കൂട്ടുകയും ചെയ്തിരുന്നു .. എന്നിരുന്നാലും, രാത്രിയിൽ അൽപ സമയം മരിച്ചു പോയ മരങ്ങൾക്കു വേണ്ടി ഞാൻ കണ്ണീർ പൊഴിച്ചിരുന്നു . എന്റെ കണ്ണ്നീര് അവയെ വേദനിപ്പിച്ചിരിക്കണം .. ഒന്നോ രണ്ടോ ആഴ്ചകൾ കഴിഞ്ഞപ്പോൾ ഉണങ്ങിയ മരച്ചില്ലകളിൽ കുരു കുരുത്ത എന്തോ പൊങ്ങി വരാൻ തുടങ്ങിയിരുന്നു . മരങ്ങൾക്കും ചിക്കൻ പോക്സോ എന്ന് ഞാൻ അതിശയിച്ചു .. പക്ഷെ അതിശയത്തിനധികം ആയുസ്സുണ്ടായില്ല ..

കുരു കുരുപ്പു മൊട്ടുകളായും മൊട്ടുകൾ പൂക്കളായും മാറാൻ ദിവസങ്ങളെ വേണ്ടി വന്നുള്ളൂ .. പിന്നീട് കണ്ടത് അത്ഭുതം തന്നെയായിരുന്നു.. ഇലകളില്ലാത്ത ഉണങ്ങിയ മരങ്ങൾ നിറയെ പൂക്കൾ .. ചിലതിൽ മഞ്ഞ, മറ്റു ചിലതിൽ പിങ്ക് എന്ന് വെക്കേണ്ട ഒരിക്കലും കണ്ടിട്ടില്ലാത്ത കളറുകളിൽ വരെ പൂക്കളും പുഷ്പങ്ങളും എങ്ങും നിറഞ്ഞു . ചിലരതിനു ചെറി ബ്ലോസോം എന്ന് പേരിട്ടു .. മരങ്ങളിൽ മാത്രമല്ല നിലത്തുള്ള പുല്ലുകളിലും നിറയെ പൂക്കൾ .ഡാന്റിലയൻസ് എന്ന ഓമനപ്പേരിൽ പറിച്ചു ഒഴുവാക്കേണ്ട കളകളാണവയെന്നു വിവരമുള്ളവരെന്നോടു പറഞ്ഞു തന്നു .

പുതിയ അറിവുകൾ . അവയ്ക്കും ആയുസ്സു കുറവായിരുന്നു . ആഴ്ചകൾ കൊണ്ട് പൂക്കൾ കൊഴിയാൻ തുടങ്ങി .. പകരം ഇലകൾ വന്നു . എങ്ങും ഹരിതാഭയായി .. സൂര്യൻ കൂടുതൽ സമയം ജനങ്ങളുമായി സംവദിച്ചു തുടങ്ങി. ആളുകൾ അലസത വെടിഞ്ഞു ഊർജസ്വലരായി .. എങ്ങും ഫെസ്റ്റിവ് മൂഡ് . തിക്കിലും തിരക്കിലും പെട്ട് കോറോണ ഒരു വഴിക്കായി .. മാസ്കുകൾ ഒഴുവാക്കപ്പെട്ടു . ശുദ്ധ വായു യഥേഷ്ടം ലങ്സിനെ തഴുകി .. മാസങ്ങൾ നീണ്ടു നിന്ന ഉത്സവകാലം പച്ചിലകൾകു ഭ്രാന്തു പിടിപ്പിച്ചു കാണും .

അവ പഴുത്തു മഞ്ഞയും ഓറഞ്ചുമാവാൻ തുടങ്ങി .. എവിടെ തിരിഞ്ഞാലും മഞ്ഞയും ഓറഞ്ചും ചുവപ്പും ഇലകൾ പൂക്കളേക്കാൾ ഭംഗി തോന്നിപ്പിച്ചു .. മണിക്കൂറുകളോളം നോക്കി നിന്ന് പോകുന്ന വശ്യത . കണ്ണ് വെച്ച് കണ്ണ് വെച്ച് അവ പൊഴിയാൻ തുടങ്ങി . പക്ഷെ വിഷമം തോന്നിയില്ല .കാരണം, പൊഴിഞ്ഞ ഇലകൾ ഭൂമിയെ കൂടുതൽ സുന്ദരിയാക്കി. കണ്ണുകൾക്കു ആനന്ദവും. പക്ഷെ സൂര്യനു പിടിച്ചില്ലെന്നു തോന്നുന്നു, അവൻ ഉൾവലിയാൻ തുടങ്ങി ..

അതോ തണുപ്പ് കൂടിയത് കൊണ്ട് നേരത്തെ ഉറങ്ങാൻ പോകുന്നതാണോ .. ദിവസത്തിന് നീളം കുറഞ്ഞു വന്നു .. ആപ്പിളും പീച്ചും പ്ലമ്മും വഴിയോരങ്ങളിൽ മഞ്ഞ ഇലകളോടൊപ്പം പഴുത്തു നില്കുന്നത് കണ്ടിരിക്കാൻ എന്ത് ഭംഗി .. പതിയെ ഇല പൊഴിയലിന്റെ ഫ്രീക്വൻസി കൂടി .. ഒട്ടുമിക്ക ഇലകളും നിലത്തായി.. ഇനിയും വീഴാൻ കൂട്ടാക്കാതിരുന്നവരെ തേടി അവൻ വന്നു .. ഒരു വെള്ളിയാഴ്ച ദിവസം .. രാത്രി 2 മണിക്കു കൂർക്കം വലിച്ചുറങ്ങുകയായിരുന്ന എന്നെ തസ്‌നിയാണ് വിളിച്ചുണർത്തി അവനെ കാട്ടി തന്നത് .. ആകാശത്തു നിന്നും ചറപറ വീഴുകയാണ് ..

മണിക്കൂറുകൾ കൊണ്ട് ബാൽക്കണി നിറയുകയാണ് .വേറാരുമല്ല നമ്മുടെ സ്നോ .. ഗെയിം ഓഫ് ത്രോണിലെ ജോൺ സ്‌നോ അല്ല .. സാക്ഷാൽ സ്നോ.. മലയാളത്തിലവന് പ്രത്യേകിച്ചൊരു പേരുണ്ടോ എന്നറിയില്ല .. നമുക്ക് ഫോഗും ഫ്രോസ്റ്റും സ്നോയും ഒക്കെ മഞ്ഞു തന്നെ .. പിറ്റേന്ന് രാവിലെ പുറത്തിറങ്ങിയപ്പോൾ ചുറ്റും വെള്ള നിറം.. മരങ്ങളും, ഭൂമിയും വണ്ടികളും എല്ലാം വെള്ള .. നടന്നു പോകുന്ന വഴികളിൽ കാൽപാദങ്ങൾ ശേഷിപ്പിച്ചു അവൻ എന്നോട് കുശലം ചോദിച്ചു കൊണ്ടേയിരുന്നു ..

രണ്ടു ദിവസം എടുത്തു അവൻ പോകാൻ .. പക്ഷെ ഒരാഴ്ച കൊണ്ട് കൂടുതൽ ഭംഗിയോടെയും ശക്തിയോടെയും തിരിച്ചു വരാനുള്ള പോക്കായിരിന്നു .. ഇപ്പോഴും അവൻ വന്നും പോയും കൊണ്ടൊരിക്കുന്നു .. ഇടയ്ക്കു കാഴ്ചയെ മറച്ചു മൂടൽ മഞ്ഞു വരും .. പിന്നെ ചെറിയ ചാറൽ മഴ .. വീണ്ടും സ്നോവിങ് .. അങ്ങിനെ ആദ്യത്തെ വിന്റർ ഞങ്ങൾ ആഘോഷിക്കുകയാണ് .. അടുത്ത വർഷം ഈ ഒരു എക്സൈറ്റ്മെന്റ് ഉണ്ടാകുമോ എന്നറിയില്ല .. പക്ഷെ, കാലങ്ങളായി ഇവിടെയുള്ളവർ, സ്നോ വരുമ്പോൾ ഉത്സവ പ്രതീതിയിലെത്തുന്നുണ്ട് .

വർഷാ വർഷം മൺസൂണായി പുതുവർഷമെത്തുമ്പോൾ നമ്മൾക്ക് ബോറടിക്കാറില്ലല്ലോ .. അത് പോലായിരിക്കും .. ഈ സീസണും കഴിയും .. വീണ്ടും മരങ്ങൾക്കു ചിക്കൻ പോക്സ് വരും.. അവ പൂക്കളാകും .. ഈ ചക്രമങ്ങനെ കറങ്ങിക്കൊണ്ടിരിക്കും .. മനുഷ്യനെ ബോറടിപ്പിക്കാതിരിക്കാൻ പ്രകൃതിയുടെ ഓരോ കളികളെ .

Ali ayyali

Traveller, Living in Budapest

Leave a Reply