മിടുക്കിയായ ഇടുക്കിയിലെ സുന്ദരഭൂമികളിലൊന്ന്. വാഗമണിലെത്തുന്നവര്‍ പലപ്പോഴും വിട്ടുപോകുന്ന ഒരിടമാണ് ഉളുപ്പുണി. ഇയ്യോബിന്റെ പുസ്തകമെന്ന സിനിമയിലൂടെ ഉളുപ്പുണിയുടെ മായിക സൗന്ദര്യം അമല്‍ നീരദ് ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. തൊടുപുഴ കഴിഞ്ഞ് കാഞ്ഞാര്‍ വഴി വരുന്നവര്‍ക്ക് ചോറ്റുപാറയില്‍ നിന്ന് ഇടത്തോട്ട് അഞ്ച് കിലോമീറ്ററുകളോളം പോയാല്‍ ഉളുപുണിയെത്താം.
ഫോര്‍ വീല്‍ ഡ്രൈവ് വാഹനങ്ങളും ടൂ വീലറുകളും മാത്രമേ മുകളിലേക്ക് പോകൂ.
വാഗമണ്ണില്‍ നിന്ന് ജീപ്പ് വാടകക്ക് കിട്ടും. മൂന്ന് മണിക്കൂറിന് രണ്ടായിരം രൂപ വാടക വരും. കോടമഞ്ഞ് ഒഴുകിയിറങ്ങുന്ന പുല്‍മേടുകള്‍. ഒരു കുന്നിറങ്ങി അടുത്ത കുന്നിലേക്കുള്ള വഴികള്‍ ഒരു പ്രത്യേക സൗന്ദര്യം തന്നെയാണ്. അടുത്തത് കവന്തയാണ്. അലോഷിക്ക് കൈ കൊടുത്ത പോലീസുകാരന്റെ വിരല്‍ മുറിഞ്ഞു വീണ കവന്ത. രണ്ട് കുന്നുകള്‍ക്കിടയിലുള്ള സ്ഥലമാണിത്. ഇവിടെയും കോടമഞ്ഞിന്റെ അലയാഴിയാണ്.
മഴയുള്ള സമയങ്ങളില്‍ അട്ടയുണ്ടാകും.
പ്ളാസ്റ്റിക് മാലിന്യങ്ങള്‍ ഉപേക്ഷിക്കാതെ പ്രകൃതിയെ ഉപദ്രവിക്കാതെ കാഴ്ചകള്‍ മതിയാവുവോളം കണ്ട് ഉളുപുണിയില് നിന്ന് വാഗമണിലെ മറ്റ് സ്ഥലങ്ങളിലേക്ക് പോകാം. ചെറിയ കടകള്‍ മാത്രമേ ഉളുപുണിയിലുള്ളൂ. സുവൃതന്‍ എന്ന ചേട്ടന് നടത്തുന്ന ഹോട്ടലുണ്ട്. അവിടെ നേരത്തെ വിളിച്ചു പറഞ്ഞാല്‍ ഭക്ഷണം കിട്ടും. ആ ഹോട്ടലിനു അടുത്ത് നിന്നുള്ള വഴിയിലൂടെ പോയാല്‍ ഒരു വെള്ളച്ചാട്ടവും ടണലുമുണ്ട്. അത് കൂടി കണ്ടാല്‍ ഉളുപുണി ട്രിപ് പൂര്‍ത്തിയായി.
വാഗമണിൽ പോകുന്നവരുടെ സ്ഥിരം സ്പോട്ടുകളിൽ നിന്ന് വ്യത്യസ്തമായി ഏറെ കൗതുകമുണർത്തുന്ന പച്ചപ്പിൽ കുളിച്ചു നിൽക്കുന്ന ഉളുപ്പുണി. മലയുടെ നെറുകയ്യിലേക്ക് സാഹസികപ്രിയരുടെ വണ്ടി കൊണ്ടുള്ള ട്രെക്കിങ്ങ് കലകൾ മലകൾ കയറുമ്പോൾ തന്നെ കാണാം. മലയുടെ മുകളിൽ നിന്നാൽ കുളമാവ് അണക്കെട്ടിന്റെ ദൃശ്യം കൺകുളിർമ നൽകുന്നതാണ്. ഇപ്പോൾ ഉളുപ്പുണി എന്ന് കേട്ടാൽ ഇയ്യോബിന്റെ പുസ്തകമാണ് സഞ്ചാരികളുടെ മനസിലേക്ക് തെളിഞ്ഞു വരുന്നത്.
