ഒരു മലയാളിയുടെ പാറോ താക്ത്സാങിന്റെ വിശേഷങ്ങൾ

ഭൂട്ടാനിലെ പാറോ താക്ത്സാങ് കടുവയുടെ കൂട് സങ്കേതത്തിന്റെ കാഴ്ചകളെ കുറിച്ച് സഞ്ചാരികളെ അധികം പറയേണ്ടതില്ല. മനോഹരമായ പച്ചപ്പിന്റെ ഇടയിലുള്ള പാറക്കെട്ടുകളുടെ ചേർന്ന് അഗാധഗർത്തതിന് ചേർന്ന് മനോഹരമായ ഭൂട്ടാൻ ബിൽഡിങ് കാണാൻ സാധിക്കും. അഖിൽ പി എസ് യുടെ ഭൂട്ടാൻ യാത്രയിലുണ്ടായ അതിമനോഹരമായ സന്ദർഭങ്ങൾ യാത്രാഡയറിയിൽ പങ്കുവെക്കുന്നു.

ഭൂട്ടാനിൽ കണ്ട  പാറോ താക്ത്സാങ് (Tiger’s nest monastry)

ഭൂട്ടാൻ എന്നുകേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന ചിത്രം. കിഴക്കാംതൂക്കായ കുന്നിന്ചെരുവിൽ ഒരു മൊണാസ്റ്ററി. ഇന്ന് നാട്ടിലെ പല സഞ്ചാരികളുടെയും ബക്കറ്റ് ലിസ്റ്റിൽ ഇടം പിടിച്ച ഈ സ്ഥലത്തിനെ കുറിച്ച് കൂടുതലൊന്നും പറയണ്ടല്ലോ. പക്ഷെ ഇവിടേക്കുള്ള യാത്രയിലാണ് അറ എന്ന് ഭൂട്ടാനിൽ അറിയപ്പെടുന്ന അവരുടെ നാടൻ തീ തൈലം ആദ്യമായി പരിചയപ്പെടുന്നത്. അത് ഒരു ഒന്നൊന്നര പരിചയപ്പെടൽ ആയിരുന്നു.അത് എങ്ങനെ ആയിരുന്നു എന്നല്ലേ? പറഞ്ഞുതരാം…

ഭൂട്ടാനിലെ പറോയിൽ നിന്നും 12 km മാറിയാണ് നമ്മുടെ Tiger’s nest monastry. 4 കിലോമീറ്റർ നന്ന് മലകയറി വേണം അവിടെയെത്താൻ. മൂന്ന് പേരുണ്ട് ഞങ്ങൾ- അപ്പു,സിയാർ പിന്നെ ഞാനും.തൃശൂർ നിന്നും വന്നതാണ് ഈ വിസ്മയം കാണാൻ. ആഗസ്ത് മാസത്തിലാണ് പോയത്. നല്ലവെയിലും അപ്രതീക്ഷിതമായ മഴയും ആണ് ഈ സമയത്തു. അങ്ങോട്ടുള്ള കയറ്റം കുറച്ചു ബുദ്ധിമുട്ടാണെന്നും രാവിലെ വെയിൽ വന്നുതുടങ്ങും മുൻപേ കയറിത്തുടങ്ങുന്നതാണ് നല്ലതെന്നും പറോയിലെ ഹോട്ടൽ ജീവനക്കാരായ സ്ത്രീകൾ പറഞ്ഞിരുന്നു.

(ഹോട്ടലുകളുടെയും കച്ചവട സ്ഥാപനങ്ങളുടെയും നിയന്ത്രണം സ്ത്രീ കളുടെ കൈയിലാണ് ഇവിടെ ഭൂട്ടാനിൽ). മഴവന്നാൽ അതും കൊണ്ട് കയറുകയേ വഴിയുള്ളു, പിന്നെ ബാഗിൽ കരുതിയ ഡ്രസ്സ് എടുത്തിടാം (( കുട വടി എന്നും എടുക്കുന്ന ശീലം ഇല്ലാലോ)). ഞാൻ രാത്രിതന്നെ കാമറ ചാർജ് ചെയ്ത് എടുത്തുവച്ചു. ട്രെക്ക് ചെയ്യുമ്പോ ഇടാനും മുകളിൽ എത്തിയിട്ട് ഇടാനുമുള്ളഡ്രെസ്സ്‌ അപ്പു ഡേ പാക്കിൽ എടുത്തുവച്ചു. എല്ലാം സെറ്റ് , കിടക്കുന്നു ഉറങ്ങുന്നു അതിരാവിലെ എനിക്കുന്നു, പോകുന്നു. നല്ല പ്ലാൻ. കൊള്ളാം.

ഭൂട്ടാൻ കഥകൾ പറഞ്ഞു കിടന്നപ്പോ ഉറങ്ങാൻ വൈകി,.. സ്വാഭാവികം. മൂന്നുപേരിൽ ആരാണ് ആദ്യം എണീറ്റത് എന്ന് ഓർമയില്ല പക്ഷെ തലേന്നുപ്ലാൻ ചെയ്തതിലും ഒരുപാട് നേരം വൈകിയിരുന്നു അത്. പിന്നെ എല്ലാം വലിച്ചു വാരിയെടുത്തു വണ്ടിയിലിട്ട് ഒരു വിടലായിരുന്നു. ഒരു ദിവസം ബ്രേക്ഫാസ്റ്റില്ലെങ്കിലും ഒന്നും സംഭവിക്കില്ല – അഹങ്കാരം.

അങ്ങനെ ഒരുവിധം ചോദിച്ചു ചോദിച്ചു പാറോ താക്ത്സാങ് ട്രെക്ക് തുടങ്ങുന്ന ബേസിൽ എത്തി. കാറൊക്കെ പാർക്ക് ചെയ്ത് നോക്കുമ്പോൾ ദൂരെ ടിക്കറ്റ് കൌണ്ടർ . ഞാൻ കാമറ എടുത്ത് ഒന്ന് സെറ്റ് ആകുമ്പോഴേക്കും ടിക്കറ്റ് എടുത്തിട്ട് വരം എന്ന് പറഞ്ഞു ലവന്മാർ രണ്ടും കൂടെ പോയി. പോയതിലും സ്പീഡിൽ അതാ രണ്ടും തിരിച്ചുവരുന്നു. എന്തോ ഒരു പന്തികേട് , അവന്മാരുടെ വരവ്കണ്ടപ്പോ ഒരുനിമിഷം ഭൂട്ടാനികളുടെ തല്ലുകൊള്ളുന്നത് ആലോചിച്ചു പോയി, ഓടനാണെങ്കി ഈ നാട്ടില് വഴിയും അറിയില്ല പുല്ല് . – അങ്ങനാണല്ലോ പതിവ്.

പക്ഷെ സംഗതി മറ്റൊന്നായിരുന്നു വണ്ടീന്ന് പെർസെടുക്കാതെയാണ് രണ്ടും കൂടെ ടിക്കറ്റ് എടുക്കാൻ പോയത്, ((ഒരു ടിക്കറ്റ് 500 )) സില്ലിബോയ്സ്‌ -കിട്ടിയ അവസരം രണ്ടിനേം നന്നായി ട്രോളി . വണ്ടിയിൽ കയറിനോക്കിയപ്പോ സീൻ വീണ്ടും ഡാർക്ക് . മൂന്നുപേരും പേഴ്‌സ് എടുത്തിട്ടില്ല. ശിവാജി സിനിമയിലെ പാട്ട് അങ്ങ് ഭൂട്ടാനിൽ അലയടിച്ച നിമിഷം. കുറച്ചു സമയം ആരും മിണ്ടിയില്ല ,മനസ്സിൽ ഹോട്ടൽ മുറിയും അവിടെന്നു ഇറങ്ങുന്ന സീനും റീവൈൻഡ് ചെയ്തുനോക്കുകയായിരുന്നു.

അതെ എന്റെ പേഴ്‌സ് ഞാൻ ഹോട്ടലിൽ എടുത്തുവച്ച ബാഗിൽ തന്നെ കിടപ്പുണ്ട്. അവരുടെ അവരും കണ്ടു കാണും. പാട്ടൊക്കെ കേട്ട് സെന്റിയായി നിക്കുമ്പോ അതാ ഒരു അട്ടഹാസം ഗ്ലൗ ബോക്സിൽ ലവന്റെ ATM കാർഡ് , ഒന്നല്ല രണ്ടെണ്ണം. ആ ഹാ അന്തസ്സ് -വീണ്ടും സന്തോഷം. കാർഡ് ഉയർത്തി പിടിച്ചു അവന്റെ ഒരു ചിറഞ്ഞ നോട്ടം -കാർഡ് ഒക്കെ വണ്ടിയിൽ വലിച്ചുവരിയിടാതെ പേഴ്സിൽ വക്കണം എന്ന് ഞാൻ പണ്ടൊന്നു ഉപദേശിച്ചായിരുന്നു ..

വണ്ടി തിരിച്ചു- വരുന്ന വഴിയിൽ ഒരു ATM കണ്ടിരുന്നു. മൂന്ന് കിലോമീറ്റര് പുറകോട്ട് . അതാ സംഗതി-( SBI ആയിരുന്നു എന്നാണ് ഓർമ്മ.) നാട്ടിലെ പോലെ, പൈസ ടൈപ്പ് ചെയ്ത് എന്റർ അടിക്കുമ്പോ അയ്യേ പറ്റിച്ചേ പറയും പോലെ ഇവിടെയും ഉണ്ടാവോ എന്ന ഭയം, ഞാനും അപ്പുവും പുറത്തുനിന്നു. -ടെൻഷൻ – ദേ അടുത്ത പണി- ഒരു കാർഡ് എടുക്കുന്നില്ല മറ്റേതിൽ പൈസ ഇല്ല — നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ , വാ പോവാം. ഞങ്ങൾ തിരിച്ചു നടക്കാൻ തുടങ്ങി. ലവന്റെ ഈഗോ ഹാർട്ട് ആകുന്നു -അവസാന ശ്രമത്തിനായി അവൻ ഒന്നുടെ ATM മെഷിനടുത്തു പോയി.

ഇല്ലാത്ത കാശ് എവിടെന്നെടുക്കാനാ, ഇനി അത് തല്ലിപ്പൊളിച്ചു എടുക്കാനായിരിക്കോ – കാറിൽ കയറുമ്പോൾ അപ്പു പറയുന്നുണ്ടായിരുന്നു . പക്ഷെ പോയത് വെറുതെആയില്ല , ക്യാഷ് ഇല്ല എന്ന് പറഞ്ഞ കാർഡിൽ ഒരു 2000 ഉണ്ടായിരുന്നു. നേരത്തെ അവന്റെ ആക്രാന്തത്തിനു എത്രയാണാവോ അടിച്ചേ… എന്തായാലും സംഭവിച്ചതെല്ലാം എല്ലാം നല്ലതിന് എന്നും പറഞ്ഞു വീണ്ടും പാറോ തക്ത്സ്നഗ്ഗിലേക്ക് – 1500 രൂപ മൂന്ന് പാസ് ബാക്കി 500 കൈയിൽ വച്ച് നടന്നു . കവാടത്തിൽതന്നെ നിറയെ സുവനീർ ഷോപ്‌സ് ആണ് . ഒരു പാട് സാധനങ്ങൾ വാങ്ങിക്കാൻ തോന്നിയെങ്കിലും കൈയിലുള്ള 500 രൂപക് മുകളിലെ കഫെറ്റേറിയയിൽ നിന്നും ഭക്ഷണം കഴിക്കാം എന്നും പറഞ്ഞു നടത്തം തുടങ്ങി.

രാവിലെ ബ്രേക്ക് ഫാസ്റ്റ് വേണ്ട എന്ന് പറഞ്ഞതിന്റെ ഫലം കണ്ടു തുടങ്ങിയിരുന്നു. 4 കിലോമീറ്റര് കയറ്റം. പണി കുറച്ചുണ്ട്. ആദ്യം ഒന്നിച്ചു കയറിയെങ്കിലും പിന്നെ മൂന്നുപേരുടെയും സ്പീഡിൽ മാറ്റം വന്നു.ഇനിയാണ് ആദ്യം പറഞ്ഞ തീത്തൈലത്തിന്റെ കഥ _ ഞാൻ മുന്നിൽ നടന്നു കയറി , എന്റെകയിൽ ഒരു കാമറയും അതിന്റെ സ്റ്റെബിലൈസറും ഉണ്ടായിരുന്നു. പുറകിൽ വരുന്നവന്റെ കൈയിലാണ് ബാഗും സ്‌നാക്‌സും വെള്ളവും. തുടക്കത്തിൽ കാഴ്ചകണ്ടും ഷൂട്ട് ചെയ്തും പോയപ്പോ ക്ഷീണം അറിഞ്ഞില്ല , പക്ഷെ കുറച്ചു കഴിഞ്ഞപ്പോ ദാഹം വല്ലാതെ കൂടി. നിരവധിയാളുകൾ കയറുന്നുണ്ട് ,കുറച്ചുപേർ തിരിച്ചിറങ്ങുന്നതും കാണാം . അങ്ങനെ നടന്നു തളർന്നു വരുമ്പോഴാണ് ഒരു കുടിവെള്ളത്തിന്റെ ടാപ്പ് കണ്ണിൽ പെട്ടത് .

പാറയിൽ കെട്ടിയ ഒരു പ്ലാറ്റഫോമിൽ ആണ് അത് ,എന്റെ കൈയിൽ വെള്ളമെടുക്കാൻ ബോട്ടിൽ ഇല്ല . ഞാൻ ചുറ്റും നോക്കിയപ്പോ അവിട ഒന്ന് രണ്ടു ബെഞ്ച് ഉണ്ട് . അതിൽ 5 – 6 പേരടങ്ങുന്ന ഒരു ഭൂട്ടാനി ഫാമിലി ഇരിപ്പുണ്ട്. അവരുടെ കൈയിൽ എന്തോ പത്രമൊക്കെയുണ്ട്. എങ്ങനെ ചോദിക്കാം എന്നാലോചിച്ചപ്പോ അതിലും എളുപ്പം പ്ലാറ്റഫോമിൽ കയറി കൈകുമ്പിളിൽ വെള്ളമെടുത്തു കുടിക്കുന്നതാണ് എന്ന് മനസിലായി, എന്റെ കഷ്ടപ്പാട് കണ്ടിട്ടാകണം അവിടെ ഉണ്ടായിരുന്ന ഫാമിലിയിലെ സ്ത്രീ എനിക്ക് ഒരു കപ്പ് തന്നു -സന്തോഷം. വെള്ളം കുടിച്ചു കപ്പൊക്കെ കഴുകി തിരിച്ചു കൊടുത്തു് താങ്ക്സ് പറഞ്ഞു.

അവരിൽ ഒരാൾ എന്നോട് എന്തൊക്കെയോ ചോദിച്ചു ,പിന്നെ ഭാഷ അറിയതോണ്ട് ഒന്നും മനസിലായില്ല, താങ്ക്സ് പറഞ്ഞു അവിടെ ചിറിയുംഇളിച്ചു നിന്നപ്പോ അതിൽ ഒരാൾ എന്നോട് വൈൻ വേണോ എന്ന് ചോദിച്ചു – ഭാഷ അറിയില്ല എങ്കിലും ഇപ്പൊ പറഞ്ഞത് മനസിലായി. ഞാൻ ചുറ്റും നോക്കി അവന്മാർ ഇതുവരെ കയറിയെത്തിയില്ല, ഞാൻ ആ ഭൂട്ടാനി കുടുമ്പത്തെ ഒന്നുടെ നോക്കി- രണ്ടു പുരുഷന്മാർ അവരുടെ ഭാര്യമാർ രണ്ടു കൊച്ചു കുട്ടികൾ .ഒരു പ്രായമായ സ്ത്രീ -ഇവരുടെ ആരുടെയോ അമ്മ. അപ്പോഴേക്കും ആയമ്മ ഗൗരവത്തിൽ എന്തോ ചെറുപ്പകാരിയെ നോക്കി പറഞ്ഞു , അവരെന്നെ നോക്കി വീണ്ടു വൈൻ തരട്ടെ? കഴിക്കുമോ എന്ന് ചോദിച്ചു.

കൊള്ളാം. നല്ല ചോദ്യം. ഭൂട്ടാൻകാരുടെ ആദിത്യ മര്യാദ ആയിരിക്കണം. ഞാൻ പ്രായമായ സ്ത്രീയെ നോക്കി, ഇനി അവന്മാർ കയറിവരുന്നത് നോക്കിനിന്നിട്ട് കാര്യമില്ല. ഇത് അവരുടെ ആദിത്യ മര്യാദയിലെ അവസാനത്തെ ചോദ്യമാണെങ്കിലോ ..? ഞാൻ തലയാട്ടി, അവർ ഒരു ഫ്ലാസ്കിൽ നിന്നും ഒരു ദ്രാവകം എടുത്തു, ഇതാണോ ഇവിടത്തെ വൈൻ. ഫ്ലാസ്കിന്റെ മൂടിയിൽ തന്നെയാണ് തന്നത് ( ഒരു സ്റ്റീൽ ചായ ഗ്ലാസ് വലുപ്പം). നോക്കിയപ്പോ ഒരു അതിൽ ഓയിൽ പോലെ പാട. ഇത് എന്ത് വൈൻ, എന്തായാലും കുടിക്കാം അവര് സ്നേഹത്തോടെ തരുമ്പോ എങ്ങനെ വേണ്ടാന്ന് വക്കും. എനിക്ക് കമ്പനിക്ക് അവരുടെ കെട്ടിയവന്മാർക്കും ഓരോ ടീ കപ്പിൽ എടുത്ത് കൊടുത്തു് .

ഒന്ന് ഗ്ലാസ് മുട്ടിച്ചു ഒറ്റവലി- ചുണ്ട്-നാക്ക് – അന്നനാളം- ആമാശയം – കുടലുകൾ- എല്ലാം വർക്കിംഗ് ആണ്…കണ്ണിൽ അപ്പോഴും ഒരു ഇരുട്ട് .  നോക്കുമ്പോ എന്റെ കൈയിലിരിക്കുന്ന ഗ്ലാസ് അതാ വീണ്ടും നിറയുന്നു, ചേച്ചിനല്ല പ്രോത്സാഹനമാണല്ലേ …. വീണ്ടും ഒറ്റവലി, നമ്മള് മോശം അവരുതല്ലോ – ഞാൻ തൊണ്ടയിൽ കൈ വച്ചപ്പോ ചേച്ചി പറഞ്ഞു ” ഒന്നും പേടിക്കണ്ട , ഇതിൽ മുട്ടയുടെ വെള്ള ചേർത്തിട്ടുണ്ട് അതുകൊണ്ട് അന്നനാളം പൊള്ളില്ല ” – സംഗതികൊള്ളാം ഇത്തവണ ചേച്ചി പറഞ്ഞതെല്ലാം മനസിലായി.

ഒരു തവണ കൂടി ഗ്ലാസ് നിറയുകയും കാലിയാവുകയും ചെയ്തപ്പോൾ ഞാൻ തിരിച്ചും കുറച്ചു ചോദ്യങ്ങൾ ചോദിച്ചു- അപ്പൊഴാണ് ഇത് അവരുടെ നടൻ മദ്യമാണെന്നും അറ (ARA)എന്നാണ് വിളിക്കുന്നതെന്നും മനസിലാക്കുന്നത്. ഇത് പല വീര്യത്തിലും ഉണ്ടാക്കിയെടുക്കാറുണ്ട് -ഗോതമ്പാണ് പ്രധാന ചേരുവ.വാറ്റിയെടുത്തുകഴുഞ്ഞു മുട്ടയുടെ വെള്ളയും ചേർക്കും. പിന്നെയും ഒരുപാടു കാര്യങ്ങൾ ഞങ്ങൾ സംസാരിച്ചു. ഇത് ഇവരുടെ തീർത്ഥാടന യാത്ര ആണത്രേ. തീർത്ഥാടനം ഇങ്ങനെയാണെങ്കിൽ ട്രിപ്പ് പോണത് ഒന്ന് ഓർത്തുപോയി അറ കൊള്ളാം കേട്ടോ. പിന്നെ ഭൂട്ടാനിലെ വരുന്നവരൊക്കെ ഇത് ട്രൈചെയുനുണ്ടാകും, ഏതായാലും ഞങ്ങൾക്കു ഇത് ഒരു പുതിയ അറിവായിരുന്നു. ഭൂട്ടാനിൽ മദ്ധ്യം പൊതുസ്ഥലത്തും ഉപയോഗിക്കാം. പക്ഷെ പുക വലിച്ചാൽ അകത്തുപോകും.

പിന്നെ അവരുടെ കുട്ടികളോട് കുറച്ചു ലോക കാര്യങ്ങൾ പറഞ്ഞു കൊടുത്തു്. അപ്പോഴേക്കും അവരെല്ലാം പാക്ക് ചെയ്ത് മുന്നോട് നടക്കാൻ തയാറായിരുന്നു. കുഞ്ഞുങ്ങളെ ഒരു പ്രത്യേക രീതിയിൽ തുണികൊണ്ടു പുറത്തുകെട്ടിവച്ചാണ് അമ്മമാർ യാത്ര ചെയ്യുന്നത്. അവരോട് യാത്ര പറയുമ്പഴേക്കും യുഗയുഗാന്തരങ്ങളുടെ പരിചയം അവിടെ ഉടലെടുത്തിരുന്നു.

ഈ സമയവും കടന്നു പോകും – അവിടുത്തെ സന്തോഷത്തിനു അധികം ആയുസുണ്ടായില്ല. അടുത്ത പണി വഴിയിൽ കാത്തുനിൽക്കുകയായിരുന്നു. എന്തായാലും ഞാൻ ഒറ്റക്കല്ല, എന്റെ സഹയാത്രികർ ആടിപ്പാടി കയറ്റം കയറി വരുന്നുണ്ടായിരുന്നു. അവരോട് കാര്യങ്ങളെല്ലാം പറഞ്ഞു. അപ്പോഴേക്കും ആമാശയം നിലവിളിക്കാൻ തുടങ്ങിയിരുന്നു , ബാഗിൽ ഉണ്ടായിരുന്ന സ്നാക്സ് അവന്മാർ വഴിയിൽ വച്ചേ തീർത്തിരുന്നു ( കയറിവരാൻ സമയമെടുത്തപ്പോഴേ തോന്നിയിരുന്നു). ഇനി ഒരു മാർഗ്ഗമേയുള്ളു പാതിവഴിയിലുള്ള കഫെറ്റീരിയ ആണ്. അറയുടെ ആവേശത്തിൽ അങ്ങോട്ട് വെച്ച് പിടിച്ചു. ടർബോ പവറിൽ ഒരു കുതിപ്പ്.

കഫെറ്റീരിയ – പൗരാണികമായ പ്രൗഢിയോടെ സഞ്ചാരികളെ കാത്തിരിക്കുന്ന കൊച്ചു ഭോജനാലയം. പ്രകൃതിയുടെ മനോഹാരിതയിൽ അങ്ങനെ നിലകൊള്ളുന്നു എന്നൊക്കെ പറയണമെന്നുണ്ട് . ആമാശയം അങ്ങാടിപാട്ടു പാടും എന്നുള്ളതുകൊണ്ട് തിരക്കിനിടയിൽ ഊളയിട്ടുകയറി. അകത്തു നിറയെ ആളുണ്ട്. ബുഫെസെറ്റപ് ആണ് – വിഭവങ്ങൾ ഒരുപാടുണ്ട് ,അതും ഭൂട്ടാന്റെ തനതായ- മാംസം ഉണക്കി പഞ്ഞിപോലെയാക്കിയതൊക്കെ നോക്കുമ്പോ കാണുന്നുണ്ട് -പൊളിക്കും – അങ്ങട് മാറിനിക്കട മുന്നിൽ നിന്ന സായിപ്പിന്നെയൊക്കെ തള്ളിമാറ്റി സിയ്യർ ബില്ലിംഗ് കൗണ്ടറിനു മുന്നിലെത്തി.

വീണ്ടും തോൽവികൾ ഏറ്റുവാങ്ങി അവൻ തിരിച്ചു വന്നു – അളിയാ ഒരു ബുഫെ കൂപ്പൺ 500/- അടിപൊളി വാപോവാം. ആകെ 500 രൂപയും ഉണ്ട് 3 ചെള്ളവയറും. കഫെറ്റീരിയാക് അധികം വലിപ്പമില്ലാത്തതുകൊണ്ട് ഭക്ഷണം എടുത്ത് പുറത്തു നിന്ന് കഴിക്കുന്നവരും ഉണ്ട്, അവരുടെ പ്ലേറ്റ് കാണുമ്പോ എന്റെ വിശപ്പ് പതിന്മടങ്ങ് വർധിക്കുന്നു. ഞാൻ നോക്കിയപ്പോ ഞങ്ങളൊഴികെ എല്ലാരും നല്ല പോളിംഗ് ,ഞങ്ങളാണേ കൊതിയിൽ ഊറുന്നു വെള്ളം കൊണ്ട് വിശപ്പ് മാറ്റേണ്ട അവസ്ഥയിലും… ആമാശയത്തിൽ നിന്നും ഒരു വെളിച്ചം അങ്ങ് തലമണ്ടയിൽ വന്നു കയറി. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടിയ കഥ ഓർമ്മയിൽ മിന്നി മറഞ്ഞു – പിന്നെ എല്ലാം പെട്ടന്നായിരുന്നു-

ഒരു കൂപ്പൺ വച്ച് മൂന്ന് വയർ നിറച്ചു. വേറെ വഴിയിന്നും അപ്പൊ മുന്നിൽ വന്നില്ല എന്ന് പറയുന്നതാകും ശെരി.

പാറോ താക്ത്സാങ് (Tiger’s nest monastry) – ഒരു ബെഞ്ചിൽ കിടന്നു കുറച്ചു വിശ്രമിച്ച ശേഷം നേരെ മൊണാസ്റ്ററിയിലേക്ക്. അവിടെത്തെ കാഴ്ചകൾ-അത്ഭുതം-വിസ്മയം…. പിന്നെ തിരിച് – താഴെയെത്തുമ്പോഴേക്കും മഴ- ക്ഷീണം അതിൽ ഒലിച്ചുപോയി.

Tiger’s nest monastry കാത്തുവച്ചിരിക്കുന്ന വിസ്മയങ്ങൾ ഭൂട്ടാനിൽ പോകുന്ന ഏതൊരു സഞ്ചരിക്കും ഒഴിച്ചുകൂടാനാകാത്തവയാണ്. പക്ഷെ അറയും ആയി കാത്തിരിക്കുന്ന അന്നാട്ടുകാര് കാണണം എന്നില്ല. ഭൂട്ടാനിൽ മനോഹരമായ കാഴ്ചകൾ ഒത്തിരി കണ്ടെങ്കിലും തുടക്കം മുതൽ അവസാനം വരെ ഒത്തിരി പണികിട്ടിയിട്ടും ഇത്രയു ആസ്വദിച്ച അനുഭവം വേറെയില്ല.

ഇത്തരം മനോഹരമായ അനുഭവങ്ങൾ പലോപ്പോഴും ജീവിതത്തിൽ മറക്കാനാവാത്തതാണ്. ഏതൊരു സഞ്ചാരിയുടെ മറക്കാനാവാത്ത അനുഭവങ്ങൾ ജീവിതത്തിലെ അമൂല്യരത്നങ്ങൾ തന്നെയാണ്.

 

Leave a Reply