അല്ലെങ്കിൽ വേണ്ട ഗൂഗിളിൽ പോലും ഇല്ലാത്ത ഒരു മലയോ ? എന്നാൽ അതൊന്നു കാണണം
ഈ ക്യൂരിയോസിറ്റി ഒന്നു കൊണ്ട് തന്നെയാണ് ഞാനും ഈ സാഹസത്തിനു പിന്നാലെ പോയത്.
പറഞ്ഞു വന്നത് മൂടൽ മല എന്ന അതികായനെ കുറിച്ചാണ്. ശനിയാഴ്ച അളിയന്റെ വാട്സാപ്പിൽ ഒരു മെസ്സേജ് വരുന്നു “പീച്ചിയിൽ ഫോറസ്റ്റ് എക്കോ ടൂറിസം ഒരു പുതിയ ട്രെക്കിങ്ങ് ആരംഭിക്കുന്നു “.
കണ്ട പാടെ പുള്ളി : എടാ ഫ്രീ ആകുമ്പോൾ പറയ് നമുക്ക് പോയി നോക്കാം .
ലെ ഞാൻ : എന്നാൽ നാളെ തന്നെ അങ്ങ് പോയാലോ ?
രണ്ടു പേരും നോക്കി ഒരു ചിരിയാണ്
ഇതാണ് തുടക്കം . പിന്നെ ഞായറാഴ്ച രാവിലെ 8 മണിക്ക് തുടങ്ങി വൈകീട്ടു 3 മണി വരെ നീണ്ടു പോയ കാൽനട യാത്രക്ക് നിർവൃതിയുടെ നെടുവീർപ്പോടെ അവസാനം.
മൂടൽ മലയെപ്പറ്റി പറഞ്ഞു തരാൻ നമുക് ആരുമില്ല കാരണം ഇത് വരെ ഇങ്ങനെ ഒരു മല അവിടെ ഉണ്ടെന്നു പീച്ചി ഡാമിന്റെ സമീപത്തുള്ളവർക്കു അല്ലാതെ ആർക്കും ഒരു ഐഡിയ ഇല്ല.
നട്ടുച്ചക്ക് പോലും കോടമഞ്ഞു കൊണ്ട് മൂടി ആർക്കും പിടി തരാതെ ഒളിച്ചിരിക്കുന്ന ഇവന് നാട്ടുകാർ ഇട്ട വിളിപ്പേര് മൂടൽ മല !
എന്നാൽ മല കയറി ഇറങ്ങിയ ഞാൻ മൂടലിന്റെ ഈ വ്യഖ്യാനത്തെ ഒന്ന് മാറ്റിയെഴുതുന്നുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം മല മൂടപ്പെട്ടിരിക്കുന്നത് മഞ്ഞു കൊണ്ടല്ല, പകരം കാറ്റ് കൊണ്ട് , ആന കൂട്ടങ്ങളെ കൊണ്ട് , എണ്ണിയാൽ തീരാത്ത സസ്യലതാദികൾ കൊണ്ട് . ആരും കടന്നു ചെല്ലാൻ ചെറുതായെങ്കിലും ഒന്ന് ഭയക്കുന്ന ഭീകരത കൊണ്ട് !
untouched forest ! എന്നൊക്കെ പറയാൻ ഒരു കാടുണ്ടോ? എന്നാൽ അതാണ് മൂടൽ മലയിലേക്കുള്ള നടപാത.
നടന്നു കയറാൻ ഫോറസ്റ്റ് ടീം ന്റെ അനുമതിയോടെ വെട്ടിയിട്ടുള്ള വഴി പിന്നിട്ടാൽ പിന്നെ ഇരുട്ട് കുത്തുന്ന കാട് തന്നെയാണ് എന്ന നിർദേശം കേട്ട് കൊണ്ടാണ് ഞങ്ങൾ പുറപ്പെട്ടത് . അത് കഴിഞ്ഞും നടന്നു കയറാൻ പാകത്തിൽ പുല്ലു മാറ്റിയ വഴി കണ്ടപ്പോൾ ചെറിയൊരു പുച്ഛത്തോടെ ഫോറെസ്റ് ഗാർഡിനെ നോക്കി ഞാൻ പറഞ്ഞു “നിങ്ങൾ ചുമ്മാ തള്ളിയത് ആണല്ലേ വഴിയില്ലെന്ന് ? പുള്ളി ചിരിച്ചു കൊണ്ട് എന്നെ ഒന്ന് നോക്കി എന്നിട്ടു പച്ചപ്പ് ഇനിയും വിട്ടു മാറാത്ത ആന പിണ്ഡത്തിൽ നിന്ന് എന്നോട് കാലു മാറ്റിക്കോളാനും പറഞ്ഞു.
കാട്ടാനകൾ നമുക്ക് വേണ്ടി ഒരുക്കിയ short cuts ആയിരുന്നു അതെന്നു മനസ്സിലാക്കാൻ എനിക്ക് അധിക സമയം വേണ്ടി വന്നില്ല.
ചെങ്കുത്തായ കുന്നുകളിൽ വിഹരിക്കുന്ന കാട്ടാനക്കൂട്ടത്തിന്റെ വന്യത ഉളിൽ കയറിയത് കൊണ്ടാകാം തെല്ലൊരു ഭയത്തോടെ തന്നെയാണ് പിന്നെ ഓരോ അടിയും വെച്ചത്.
നടന്നു കയറാനുള്ള വഴി വളരെ എളുപ്പം എന്നൊക്കെ പറഞ്ഞാൽ അത് ചുമ്മാ പുളുവടി ആയി പോകും. നമ്മളെ കിതപ്പിച്ചു തളർത്തി കളയാൻ പോന്ന കുത്തനെയുള്ള രണ്ടു മൂന്നു മലഞ്ചെരിവുകൾ ഒഴിചു നിർത്തിയാൽ മൂടലിലേക്കുള്ള വഴി നിങ്ങളെ അധികം വിഷമിപ്പിക്കില്ല. ഭഗവതി പാറ എന്ന് പേരുള്ള ഒരു കുഞ്ഞൻ പാറക്ക് അടുത്തുള്ള ഒരു കൊക്ക മാത്രമേ അല്പം എങ്കിലും അപകട സാധ്യത ഉള്ളു. പറഞ്ഞു വന്നത് ഇത്രേ ഉള്ളു : ലേശം മനക്കരുത്തും നന്നായൊന്നു കിതച്ചാൽ ചോർന്നു പോകാത്ത യാത്ര ഭ്രമവും നിങ്ങൾക്കുണ്ടെങ്കിൽ ഇത് നിങ്ങളുടെ കൂടെ ഇടമാണ് .
മൊത്തം 8 KM നടന്നു കയറി ചെന്നാൽ പാറക്കെട്ടുകൾ കൊണ്ട് ഇരിപ്പിടങ്ങൾ തയ്യാറാക്കി മൂടൽ നിങ്ങളെ സത്കരിക്കും. ഒന്ന് കണ്ണോടിച്ചാൽ പീച്ചി ഡാമിന്റെ ഭൂരിഭാഗവും നിങ്ങൾക്ക് കാണാം. നേരത്തെ പറഞ്ഞത് പോലെ നട്ടുച്ച വെയിൽ ഉച്ചിയിൽ അടിച്ചാലും ഒരു തണുത്ത കാറ്റിന്റെ അകമ്പടിയോടെ മൂടൽ നിങ്ങളെ വാരിപുണരും
പറ്റുമെങ്കിൽ തിരക്ക് കൂട്ടാതെ അവിടെ കുറച്ചു സമയം ഇരിക്കണം. ആരും കടന്നു ചെന്ന് മലിനമാക്കാത്ത മണ്ണിൽ കാലമർത്തി നീട്ടി ഒന്ന് ശ്വാസം വലിക്കണം നോക്കെത്താ ദൂരത്തു പറന്നു കിടക്കുന്ന പ്രകൃതിയുടെ വിസ്മയത്തെ മനസ്സിൽ ഒപ്പിയെടുക്കണം. അത്രയും ആയാൽ പയ്യെ മല ഇറങ്ങാം
മല ഇറങ്ങിയാൽ നിങ്ങള്‍ക്ക് രണ്ടു വഴികൾ ആണുള്ളത് .
1 . നേരെ ഇറങ്ങി കുതിരാൻ ധർമ്മശാസ്ത അമ്പലത്തിന്റെ അരികിൽ എത്തി യാത്ര അവസാനിപ്പിക്കാം (തിരിച്ചു പീച്ചി ഫോറസ്റ്റ് ഓഫീസിൽ എത്താൻ ബസ് / ഓട്ടോ ആശ്രയിക്കേണ്ടി വരും )
2 . മറ്റൊരു വഴിയിലൂടെ ഡാമിന്റെ ഓരം പിടിച്ചു കാട്ടിലൂടെ തന്നെ 6 KM വീണ്ടും നടന്നാൽ യാത്ര തുടങ്ങിയ പോയിന്റിൽ തന്നെ എത്താം
choice is yours but time won’t wait!
ശരിയാണ് ഒരു പക്ഷെ സമയം കടന്നു പോയാൽ വിലങ്ങൻ കുന്നു പോലും കയറാൻ ഉള്ള സ്റ്റാമിന നിനക്ക് കാണില്ല എന്ന് പറഞ്ഞ സുഹൃത്തിന്റെ കമന്റ് ഒരു വെല്ലുവിളി ആയി സ്വീകരിച്ചു കൊണ്ടു ഞങ്ങൾ രണ്ടാമത്തെ മാർഗം സ്വീകരിച്ചു
ഡാമിന്റെ അലകൾ തീരത്തടിക്കുന്ന ആരവത്തിന്റെ അകമ്പടിയിൽ ക്ഷീണിതരായ ഒരു കൂട്ടം ആളുകളുടെ മടക്ക യാത്ര. ആനകൾ വെള്ളം കുടിക്കാൻ ഇറങ്ങിയപ്പോൾ ബാക്കി വെച്ച് പോയ, അവയുടെ കാൽപാദങ്ങൾ പതിഞ്ഞ വലിയ കുഴികളിൽ കഴിഞ്ഞ ദിവസം പെയ്ത മഴയുടെ വെള്ളം തളം കെട്ടി കിടപ്പുണ്ടായിരുന്നു. ഇടയ്ക്കു കാണുന്ന ഡാമിന്റെ പരന്ന കാഴ്ച്ചകളും പൂത്തുലഞ്ഞു നിൽക്കുന്ന കാട്ടു മരങ്ങളുടെ സൗന്ദര്യവും ആണ് തിരിച്ചു പോക്കിന്റെ പ്രധാന ആകര്ഷണം . ഒന്ന് മുഖം കഴുകാനും കാലു നനക്കാനും തോന്നിയപ്പോൾ ഒട്ടും മടി കൂടാതെ സമ്മതിച്ച മുകുന്ദേട്ടാ (സീനിയർ ഫോറസ്റ്റ്ഗൈഡ് ) നിങ്ങള് സൂപ്പറാണ് . ഒപ്പം ഒരേ വൈബിൽ കൂടെ പിടിച്ച ഷിഗിൽ ബ്രോ (ജൂനിയർ ഫോറസ്റ്റ് ഗൈഡ് ) നിങ്ങളുടെ സപ്പോർട്ട് ഇല്ലേൽ ഒരു പക്ഷെ ഞാൻ തിരിച്ചു വരാനാ ഓപ്ഷൻ 1 തിരഞ്ഞെടുക്കുമായിരുന്നു. നന്ദി പറയുന്നില്ല സ്നേഹം മാത്രം.
മൊത്തം താണ്ടിയ ദൂരത്തെ പറ്റി ആണെങ്കിൽ mi band ചടിച്ചിട്ടില്ലെങ്കിൽ ഏകദേശം 16KM ഞങ്ങൾ നടന്നു കാണും.
ഒരു കാര്യം കൂടെ ഓർമിപ്പിക്കുന്നു. മൂടൽ മല യാത്ര കേവലം ഒരു sight seeing ട്രിപ്പ് അല്ല. അധികം ആരും (ഫോറസ്റ്റ് ഗൈഡ് , അനുബന്ധ പ്രവർത്തകർ ) കടന്നു ചെല്ലാത്ത ഒരു വനത്തിലൂടെ നടന്നു കയറുമ്പോൾ നിങ്ങൾക്കുണ്ടാകുന്ന ഒരു അനുഭൂതിയുണ്ട് . അത് തന്നെയാണ് മൂടലിനെ വ്യത്യസ്തമാക്കുന്നതും
ട്രെക്കിങ്ങ് പ്ലാൻ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന ഒരു ചിത്രത്തിൽ ഉണ്ട്. കോൺടാക്റ്റ് നമ്പറും കാണാം. താല്പര്യമുള്ളവർക്ക് ബന്ധപ്പെടാവുന്നതാണ്.

Sarath Sivaraman
Working as a web developer, Loves to write and travel. From Thrissur






