പീരുമേട് വഴി അമ്മച്ചിക്കൊട്ടാരത്തിലേക്കുള്ള യാത്ര

സന്ധ്യ ആർ

Travel

പീരുമേടിന്റെ കാഴ്ച്ചകളെ കുറിച്ച് എത്ര പറഞ്ഞാലും മതിവരില്ല. പീരുമേടിന്റെ വിശേഷങ്ങൾ സന്ധ്യ ആർ യാത്രാഡയറിയുമായി പങ്ക് വെക്കുന്നു.

ഒരൂസം മൊത്തം ഉറക്കത്തിനു തീപിടിച്ച പോലെ. നീരുവന്ന മുഖത്തിനെ നോക്കി ഉത്രാടം കൊഞ്ഞനം കുത്തുന്നു. ഉച്ചമയക്കത്തിൽ ഉരുതിരിഞ്ഞ ബുദിയുടെ ബലത്തിൽ പാതി പുറപ്പെട്ട കൂട്ടുകാരെ കാണാനായി..മനസ്സിൽ ഒരു യാത്ര കനലായി കിടന്നിരുന്നാൽ ഒരു വണ്ടി തീപെട്ടിയുടെ രൂപത്തിൽ തരപ്പെട്ടപ്പോൾ ഒരു യാത്രയും തരായി.

കുട്ടിക്കാനം അമ്മച്ചി കൊട്ടാരം

ഒരു ബൈക്ക് യാത്ര. ഇപ്പ്രാവശ്യം പീരുമേടിന്ടെ ഹൃദയഭാഗത്തേക്കായി നിയോഗം. കുറച്ചു കൂട്ടുകാരും അവടെക്കെത്തും. കുറെ നാളുകള്ക്കു ശേഷമുള്ള കൂടിക്കാഴ്ചയുടെ ആകാംഷയായിരുന്നു യാത്രയിലുടനീളം. മലഞ്ചരുവുകളിലൂടെ ഓരോ കോടകാറ്റു തഴുകുമ്പോഴും ദേഹമാകെ തണുപ്പിന്ടെ വസ്ത്രം അണിഞ്ഞു കൊണ്ടേയിരുന്നു.

തൊടുപുഴ സിഗ്‌നലിനു തൊട്ട് മുന്നേയുള്ള താത്തയുടെ ലഡു കടയിലേക്കുള്ള പ്രവേശനം ഒരു കയറിൽ വിലക്കിയിരിക്കുന്നു. ഓരോ കാപ്പി, പത്തിരിയുടെ അകമ്പടിയോടെ പാലാ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി താണ്ടി, വിജനമായ വളവുകൾ.തുറന്നു വച്ച ഒരു കടയിലെ രണ്ട് പുളിച്ച ദോശ, ചട്ണി ഊർജം കൂട്ടി.. പിന്നെ വണ്ടി മുണ്ടക്കയം ലക്ഷ്യമാക്കി… ഏതാണ്ട് രാത്രിയുടെ മുട്ടിൻവിളിയെ കാതോർത്തു കൂട്ടുകാരും അവടെ…. പീരുമേടിന്റെ മലനടയിലേക്ക് മോട്ടോര്നാദത്തോടെ ഞങ്ങളെത്തി.

വിശ്രമവേളകൾക്കു കുറിച്ച് വച്ച സമയം പുലർച്ചെ രണ്ട്. മുളകുടിൽ പരിസരം ഒക്കെയൊന്ന് നടന്നു കണ്ടു, ചീവീടിൻടെ ശ്രുതിയിൽ അനിയും കൂട്ടരും കലപില.. ചില്ലറ സോമരസം നുകർന്നവരുടെ വാചകമടി കേട്ടു ഇരുന്നുറങ്ങിയ ഞങ്ങളെ തൊണ്ടി വിളിച്ചത് തണുപ്പിന്റെ കൂർത്ത വിരലുകൾ. നേരം പുലരാൻ മിനുട്ടുകൾ ബാക്കി നിൽക്കേ ജനൽ പാളികളിലൂടെ കണ്ട കാഴ്ച… നിറങ്ങളുടെ തിരുവോണമായിരുന്നു എനിക്ക് സമ്മാനിച്ചത്. മജന്തനിറത്തിന്റെ വർണങ്ങൾ കൊണ്ട് ആകാശത്തു പൂക്കളമിട്ടു കൊണ്ട് സൂര്യൻ ആഗമനമുദ്ദേശം അറിയിക്കുന്നു. ചടപടാന്നു എണീറ്റു വണ്ടിയെടുത്തു ഞങ്ങൾ പുറപ്പെട്ടു.

കട്ടന്കാപ്പി ഊറ്റികുടിക്കുമ്പോൾ വായിലൂടെയും മൂക്കിലൂടെയും പുക ഉയരുന്ന പോലെ. ജോസേട്ടൻ മുതലാളി മൗനമായി ഇരിപ്പുണ്ട്. കച്ചവടം ഏതാണ്ട് നിലച്ച മട്ട്. അവിടമെല്ലാം മൗനം തളം കെട്ടികിടപ്പുണ്ടെന്നു ഉറപ്പായി. ഓണഛായയില്ല എന്നത് സത്യം. പരുന്തുംപാറ ലക്ഷ്യമാക്കി ഞങ്ങൾ മുന്നോട്ട്. സമുദ്രതലത്തിൽ നിന്നും 3800 അടി ഉയരമുള്ള മലനാടിന് പറയാനുണ്ട് ഏറെ ചരിത്രം.തിരുവതാംകൂർ രാജാക്കന്മാരുടെ വേനലവധികാല വിശ്രമകേന്ദ്രങ്ങളായിരുന്നു ഇപ്രദേശങ്ങൾ.
ഒരുകാലത്തു മലയൻമാരും മലപണ്ടാരങ്ങളും മാത്രം വസിച്ചിരുന്ന ഇടങ്ങൾ രാജസേവക്കായി മലയാളം തമിഴ് വിഭാഗങ്ങൾ താമസക്കാരായി.. അവരുടെ തലമുറകളാണത്രെ ഇപ്പോഴുള്ളവർ.

കുരുമുളക്, തേയില, ഇഞ്ചി, എലം കൃഷിയാണ് മുഖ്യവരുമാനം. മഹാവ്യാധിയുടെ നേരിട്ടുള്ള തിരിച്ചടികൾ ഇല്ലേലും ആഘാതങ്ങൾ ഏറ്റുവാങ്ങിയ homestay, ചായക്കടകൾ എന്നിവയെല്ലാം അടച്ചിരിക്കുന്നു.
പീർമുഹമ്മദ്‌ എന്നൊരു സൂഫി വര്യന്മായി ബന്ധപ്പെടുത്തുന്നുണ്ട് പീർമേട് എന്ന പേര്. കൂടുതൽ വിശദാംശങ്ങൾ ലഭിക്കുന്നുമില്ല.
പരുന്തുംപാറ ഏതാണ്ട് ഏകവാസിയായാണ് കാണപ്പെട്ടത്. മൂന്നാലുപേർ മാത്രം അങ്ങിങ്ങായി ഇരിപ്പുണ്ട്.

മേഘങ്ങൾ തൂവെള്ള സ്പര്ശവുമായി വരവേറ്റു. പാൽപുഴപോലെ ചീറ്റുന്ന മേഘങ്ങൾ മലകളെ ഗാഢമായി പുണരുന്ന പോലെ. സൗഹൃദങ്ങൾ എന്നെന്നും നിലനിൽക്കുന്ന പ്രകൃതിയുടെ ചിഹ്നങ്ങൾ.. ഇളം കാറ്റിലൂടെ നടക്കുമ്പോൾ തത്തി പോകുന്ന കാലുകൾ.അവിടം വിട്ടു വരാനാകാത്ത പോലെ മനസ്സും.

ആകാശത്തിൽ നിറങ്ങളുടെ പൂക്കളം മാഞ്ഞു പോകാൻ തുടങ്ങിയിരിക്കുന്നു അപ്പോൾ ഇനിയുള്ള കോടയുടെ ധൃതിയുള്ള നൃത്തചുവടുകൾ. ശകലം തണുപ്പിന് കുറവുണ്ട്, കല്ലുകൾ അങ്ങിങ്ങു കൂട്ടിയിട്ടിരിക്കുന്നു.

തിരിക്കേ മുറിയിലേക്കു വരുമ്പോൾ ഗോതമ്പുദോശയുമായുള്ള യുദ്ധകളരിയിൽ കൂട്ടുകാർ. കൊഴഞ്ഞുകലങ്ങിയ കിഴങ്ങുകറിയുടെ ഗുമ്മിൽ അമർത്തി മുക്കിയടിച്ചു ഗോ ദോശ. വീട്ടിലാണേൽ ആകാശത്തു വെടി വയ്‌ക്കേണ്ട സമയം.
വിശപ്പിന്റെ പാമ്പേരികൾ മുഴങ്ങുമ്പോൾ ഗോ ദോശയുടെ സാമീപ്യം കൊണ്ട് പുളകം കൊള്ളുകയേ നിവര്തിയുളൂ, മാത്രമല്ല ഓണമായിട്ടു വീട്ടില് നില്കാത്തതിനുള്ള ശിക്ഷയുമാകാം എന്ന് സ്വയം സമാധാനിച്ചു അവ്ടെന്നു അടുത്ത സ്ഥലം തേടി….

കുട്ടിക്കാനം അമ്മച്ചി കൊട്ടാരം- മൂലം തിരുനാളുടെ വിശ്രമകേന്ദ്രം. ചില്ലു ജനൽ പാളികളിലൂടെ പുറംകാഴ്ച്ചകളുടെ മായാജാലം കാണാൻ തക്കരീതിയിൽ പണിഞ്ഞിരിക്കുന്ന കൊട്ടാരം. പഴമയുടെ പഴമയിൽ ഏതാണ്ട് ദ്രവിച്ചു തീരാറായ അവശേഷിപ്പുകൾ.സംരക്ഷണം അശേഷമില്ലാത്ത ഈ കൊട്ടാരം ബാംഗ്ലൂർതാമസക്കാരനായ ഒരാൾ വാങ്ങിയത്രേ. കൈമോശം വന്നുപോയ ചരിത്രത്തിന്റെ ഒരൊപ്പ് എന്നായി കണക്കൂട്ടാം. കൊട്ടാരമെല്ലാം ചുറ്റിക്കണ്ടപ്പോൾ അന്നത്തെ പ്രതാപം സ്പുരിച്ചിക്കുന്ന ചില തെളിവുകൾ കണ്ടു. താമരപൂവിൻ മാതൃകയിൽ കൈ കഴുകുന്ന താംബാൾ, ദ്രവിച്ച കസേല, കൈക്കോട്ട്, വലിയ ആട്ടുകല്ല്, കല്ല് കൂടിയ അടുപ്പിൻകര, കണ്ണാടി ചില്ലു പതിച്ച ഓടുകൾ..

എന്തോ ഒരു വിങ്ങൽ അനുഭവപെട്ടു. നശിക്കാനനുവദിച്ചു കൂടാ ഇത്തരം കൊട്ടാരങ്ങൾ. പൊളിഞ്ഞ ചുമരും, കതകും, ജനൽ പാളികളും പരാതികൾ ഇല്ലാതെ പഴയ കഥകൾ ഓർത്തു മൗനമായി നിൽകുന്ന പോലെ തോന്നി. കരിപിടിച്ച ചുമരുകൾ. ഞളന്ഗിയ അലൂമിനിയം കലങ്ങൾ മുക്കിലുണ്ട്. പാചകം വയ്പ്പുണ്ട്, തമിഴൻ മേല്നോട്ടക്കാരൻ അവടെ നിപ്പുണ്ട്. ഒരു മുറി അടച്ചിട്ടിരിക്കുന്നതു കണ്ണിൽ പെട്ടു, തുറന്ന പാതി ഞാനോടി.. അകത്തു ടീവി കാണുന്ന ഒരു സ്ത്രീ. കതകിന്റെ സാക്ഷയിൽ പട്ടിയെ കെട്ടിയിട്ടിരിക്കുന്നു. തുറന്നതും കുരയോട് കുര.. നാഗവല്ലിയായി ആ പട്ടി.. ഒരു നിമിഷം പേടിച്ചരണ്ടു പോയി. തമിഴ്ന്ടെ കുടുംബമാകണം അവിടം താമസം. ചാടി കുതിച്ചു പുറത്തു വന്നപ്പോഴാണ് ശ്വാസം നേരേ വീണതെന്നും പറയാം.

അവ്ടെന്നു നേരേ സദ്യക്കായുള്ള പ്രയാണം. മാളൂട്ടിയുടെ കൈപ്പുണ്യം ഇലകളിൽ നിരന്നു. കൈകുഞ്ഞിനെ വച്ച് അവരൊരുക്കിയ സദ്യ.. പ്രജീഷ്ന്ടെ വിരുന്നുസദ്യയുടെ, പായസത്തിന്റെ രുചിക്കു പുറകിൽ മഴയുടെ വരവും കിടിലം അനുഭവമായി. ഇളം ചാറ്റലിൽ തിരികെയുള്ള യാത്ര.. വളഞ്ഞങ്ങാനം വെള്ളച്ചാട്ടം നല്ലൊരു കുളിർമയേകി, മഞ്ഞുമഴയുടെ കുളിർമ നെഞ്ചിലേറ്റി പ്രയാണം തുടർന്ന് കൊണ്ടിരുന്നു. കോടയുടെ മഴക്കാറിന്ടെ കിന്നാരങ്ങൾ ശ്രവിച്ചു കൊണ്ട്, മഴമേഘങ്ങളുടെ പിണക്കങ്ങൾ ശ്രദ്ദിച്ചു കൊണ്ട് ഞങ്ങളും മലയിറങ്ങി…

ഒന്നൊന്നര നാളിന്റെ കുളിർകാഴ്ചകളും ഓർമകളും ഓണനാളിൻ പെരുമയെ എന്നെന്നും മനസ്സിൽ കുറിച്ചുവയ്ക്കാനൊരു യാത്ര. മനസിനൊത്ത കൂട്ടുകാർ പിന്ബലമേകുന്ന ഓരോ ചുവടും നിയോഗമാണ്. രക്തബന്ധങ്ങളെക്കാൾ ഒരു പടിമുന്നേ നിൽക്കുന്നവ. കാണുന്ന കണ്ണുകൾക്കല്ല, തുറന്നു കാണുന്ന മനസിനാണ് വലിപ്പമെന്ന് തെളിയിക്കുന്നവരാണ് യഥാർത്ഥ കൂട്ടുകാർ.

Leave a Reply