കുടജാദ്രി കുറിച്ച് കേട്ടറിവുള്ള ഏതൊരു യാത്രികനും ഒരിക്കലെങ്കിലും പോകാൻ ആഗ്രഹിക്കുന്ന ഇടം തന്നെയാണ് മൂകാബിക ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന കുടജാദ്രി മലനിരകൾ. മഞ്ഞുപുതച്ചുകിടക്കുന്ന മലനിരകളെ തലോടിയുള്ള മഞ്ഞിന്റെ സഞ്ചാരം കണ്കുളിര്മ നൽകുന്നതാണ്. കുടജാദ്രിയിലേക്കുള്ള യാത്ര വിശേഷം ഇഹ്സാന സന യാത്രാഡയറിയിൽ പങ്കുവെക്കുന്നു.
നല്ല കോരിച്ചൊരിയുന്ന മഴയത്തു കുടജാദ്രി പോയിട്ടുണ്ടോ… വേറൊരു ഫീൽ ആണ്…
കോളേജിൽ പഠിക്കുമ്പോ ഏതോ ഒരു യാത്ര വിവരണം വായിച്ചാണ് കുടജാദ്രി ഒന്ന് പോണം എന്ന ആഗ്രഹം മനസ്സിൽ കേറിയത്. കാണുന്നോരുടെ ഒക്കെ കാൽ പിടിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒരാളൂടെ ഉണ്ടേൽ പോയി വരാമെന്ന് കോൺഫിഡൻസ് ആയപ്പോ രണ്ടും കല്പ്പിച്ചു 2 ടിക്കറ്റ് ബുക്ക് ചെയ്തു. പോവാറായപ്പോക്ക് ഞങ്ങൾ 4 പേരായി.

ഓടി കൊണ്ടിരിക്കുന്ന ഓഖ എക്സ്പ്രെസ്സിൽ ചാടിക്കയറി ട്രെയിനിൽ ഉള്ളോരുടെ തെറിയും കേട്ട് നല്ല അടിപൊളി തുടക്കം ആയിരുന്നു.
ഉടുപിയായിരുന്നു ആദ്യത്തെ ലക്ഷ്യം. രാവിലെ 6.30 ആയപ്പോ ഉഡുപ്പി എത്തി. വെട്ടിയിട്ട പോലെ കിടന്നുറങ്ങിയത് കൊണ്ട് ട്രെയിനിൽ നിന്ന് കാഴ്ചകൾ ഒന്നും കാണാൻ ആയില്ല. പ്രത്യേകിച്ച് പ്ലാനിങ് ഒന്നും ഇല്ലാത്തോണ്ട് Breakfast കഴിച്ചു google ആന്റിയോട് അടുത്തുള്ള ഡെസ്റ്റിനേഷൻ ചോദിച്ചു. ഉടുപ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും 2km മാറി കാടിനുള്ളിൽ ഒരു ക്ഷേത്രം – ഇന്ദ്രാണി പഞ്ചാദുര്ഗാ ടെംപിൾ. സ്ഥലം വലിയ ഫേമസ് ഒന്നും അല്ലാത്തോണ്ട് ഞങ്ങൾ പോയപ്പോ ആരും തന്നെ ഉണ്ടായില്ല. ക്ഷേത്രത്തിന്റെ വലത് വശത്തായി താഴേക്ക് ഒരു വഴി. രണ്ട് വശത്തും മരങ്ങളും ചെടികളും… മധ്യത്തിലൂടെ ചവിട്ട് പടികൾ… ഞങ്ങടെ ഫോട്ടോഗ്രഫി and വിഡിയോഗ്രഫി ഒക്കെ മാക്സിമം പരീക്ഷിച്ചു അടുത്ത ഡെസ്റ്റിനേഷൻ തിരഞ്ഞു.

മണിപ്പാൽ ഹസ്ത ശില്പ ഹെറിറ്റേജ്… ഒരു 10 മിനിറ്റ് കാട് കയറിപ്പോയാൽ സ്ഥലം എത്തും… ഗൂഗിൾ ആന്റിയോട് ശെരിക്കും ബഹുമാനം തോന്നിയ നിമിഷം… അവിടടുത്തൊരു കുളം ഉണ്ട്. Man made ആണ്. ഒരു അടിപൊളി creativity… അതൊക്കെ ചുറ്റിക്കണ്ടു വഴിയിൽ നിന്ന് കിട്ടിയ ഒരു ചേട്ടന്റെ സഹായത്താൽ മണിപ്പാൽ യൂണിവേഴ്‌സിറ്റിയും marena sports complex ഉം visit ചെയ്തു…
അവിടുന്ന് നേരെ ശ്രീകൃഷ്ണ മാതാ ക്ഷേത്രത്തിൽ പോയി. ദക്ഷിണേന്ത്യയിലെ പ്രമുഖ കൃഷ്ണക്ഷേത്രങ്ങളില്‍ ഒന്നാണ് ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം. ഒന്‍പത് ദ്വാരങ്ങളുള്ള ഒരു വാതിലിലൂടെയാണത്രെ ഇവിടുത്തെ കൃഷ്ണദര്‍ശനം. ഒരു നാലുകെട്ട് മോഡലിൽ നടുവിൽ ഒരു കുളം ഒക്കെ ആയി നല്ല അടിപൊളി കൺസ്ട്രക്ഷൻ.
ശേഷം ഭക്ഷണവും കഴിച്ചു നേരെ മാൽപേ ബീച്ചിൽ പോയി.ഉടുപ്പിയിൽ നിന്നും 6 km. ഉടുപ്പി സ്റ്റാൻഡിൽ നിന്നും ബസ് ഉണ്ട്. മൺസൂൺ പ്രമാണിച്ചു St Mary’s Island close ആയതിനാൽ കുറച്ചു നേരം ബീച്ചിൽ spent ചെയ്ത് തിരിച്ചു പോരേണ്ടി വന്നു.
ഉടുപ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും 4.40 ന്റെ ട്രെയിൻ പിടിച്ചു മൂകാംബിക പോയി. ട്രെയിൻ കുറച്ചു ലേറ്റ് ആയതിനാൽ 7 ആയി മൂകാംബിക എത്താൻ. ട്രെയിനിൽ നിന്നും പരിചയപ്പെട്ട ഒരു പാലക്കാടൻ ഫാമിലിയുടെ കൂടെ shared taxi വിളിച്ചു മൂകാംബിക എത്തി. 1 hour ഉണ്ട് യാത്ര. കുറെ വാദിച്ചു നോക്കിയെങ്കിലും അവർ അസോസിയേഷൻ നെയിം ഒക്കെ പറഞ്ഞു per person 100 രൂപ വാങ്ങി.

കൊല്ലൂർ എന്ന സ്ഥലത്താണ് മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മൂകാംബികയെ ദർശിച്ചാൽ സർവ്വ ഐശ്വര്യവും കലാസാഹിത്യ തൊഴിൽ മേഖലകളിൽ ഉയർച്ചയും ഉണ്ടാകുമെന്നാണ് വിശ്വാസം. അത് കൊണ്ട് തന്നെ വിദ്യാർത്ഥികളും കലാസാഹിത്യ മേഖലകളിലുള്ളവരും സ്ഥിരമായി സന്ദർശിക്കുന്ന ഒരു ഇടമാണത്രെ മൂകാംബിക ക്ഷേത്രം. ക്ഷേത്രത്തിനടുത് നല്ല ചീപ് റേറ്റിൽ റൂം കിട്ടുന്നൊണ്ട് അവിടത്തന്നെ സ്റ്റേ സെറ്റ് ആക്കി. അതിരാവിലെ കുടജാദ്രി പോവാനുള്ള ആവേശത്തിലായിരുന്നു ഞങ്ങൾ.
കർണാടകത്തിലെ സഹ്യപർവ്വതനിരകളിലെ 1343 മീറ്റർ ഉയരമുള്ള ഒരു കൊടുമുടിയാണ് കുടജാദ്രി (കൊടചാദ്രി). എന്റെ ഒരുപാട് നാളത്തെ dream destination. മൂകാംബിക ക്ഷേത്രത്തിന്റെ പരിസരത്തു നിന്നും shared jeep കിട്ടും 375 രൂപ per person . 7 മണിയായപ്പോക്ക് റെഡി ആയി ഞങ്ങൾ കുടജാദ്രി ക്ക് വിട്ടു. ആ സമയത്ത് ആൾ കുറവായോണ്ട് ഞങ്ങൾ 4 പേരും പിന്നെ വേറൊരു ചേട്ടനും മാത്രേ ഉണ്ടായുള്ളൂ.
ചുറ്റും കാടും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ റോഡിലൂടെ ഒരു കിടിലൻ ഓഫ്‌റോഡ് ട്രിപ്പ് ഒക്കെ കഴിഞ്ഞ് 9.45 ആയപ്പോ കുടജാദ്രി എത്തി . നല്ല മഴയും കൊടും തണുപ്പും പിന്നെ കോടയും.
മൂകാംബിക ദേവി ആദ്യം നിലകൊണ്ടിരുന്നത് കുടജാദ്രി ക്ഷേത്രത്തിൽ ആയിരുന്നെന്നാണ് വിശ്വാസം. ഒന്നും മനസ്സിലായില്ലെങ്കിലും ചരിത്രം ഒക്കെ പൂജാരി വിശദീകരിച്ചു തന്നു. മുകളിലെത്താനുള്ള ആകാംക്ഷ കൊണ്ടായിരിക്കണം ഒന്നും ശ്രദ്ധിക്കാനും തോന്നിയില്ല.

ശങ്കരാചാര്യർ ഇരുന്ന് ധ്യാനിച്ച സ്ഥലം ആണ് കുടജാദ്രി മലകൾ. മുകളിലേക്ക് കയറി ചെന്നാൽ ശങ്കരാചാര്യരുടെ സർവജ്ഞ പീഠവും കാണാം. കോട മൂടിയ മലനിരകൾ ചുറ്റും. നല്ല തകർപ്പൻ മഴയും. നല്ല അടിപൊളി atmosphere. കുറച്ചു നടന്നു കേറണം സർവജ്ഞ പീഠം എത്താൻ. വഴിയിൽ തിരിച്ചു വരുന്നവർ വെള്ളച്ചാട്ടം കാരണം മുകളിലെത്താൻ കഴിയില്ലെന്ന് പറഞ്ഞെങ്കിലും ലക്ഷ്യ സ്ഥാനത്തു എത്താൻ ഉള്ള ആഗ്രഹം കൊണ്ടാവണം രണ്ടും കല്പ്പിച്ചു മുന്നോട്ട് പോയി. വഴിയേ വരുന്ന സഞ്ചാരികളോട് വിശേഷവും ചോദിച്ചു പാട്ടും പാടി കൂവി വിളിച്ചു മല കയറുമ്പോൾ എന്തോ കീഴടക്കാൻ പോകുന്ന ഫീൽ ആയിരുന്നു.
സർവജ്ഞ പീഠം കണ്ടു ശങ്കരാചാര്യർ തപസ്സിരുന്ന ഗുഹയും സൗപര്ണികയുടെ ഉത്ഭവവും കാണാൻ ഒരു വിഫല ശ്രമം നടത്തിയെങ്കിലും കൊടും മഴയും കോടയും കാരണം ഉപേക്ഷിക്കേണ്ടി വന്നു. ഒന്ന് രണ്ട് അട്ടയെയും കിട്ടി കൂട്ടിനു.
ലക്ഷ്യ സ്ഥാനത്തേക്ക് പോകുന്ന സഞ്ചാരികൾക്ക് മോട്ടിവേഷനും കൊടുത്ത് ആവേശം ഒട്ടും കുറക്കാതെ ജീപ്പ് ലക്ഷ്യമാക്കി നടന്നു. ഞങ്ങടെ കൂടെ ഉണ്ടായിരുന്ന ചേട്ടന് വേണ്ടി ഒരു 5 മിനിറ്റ് വെയിറ്റ് ചെയ്തു മലയിറങ്ങി. ആടിയുലയുന്ന ജീപ്പിൽ അറിയാവുന്ന പാട്ടൊക്കെ പാടി തിരിച്ചുള്ള യാത്രയും ഞങ്ങൾ അടിപൊളിയാക്കി.
1 മണിയായപ്പോക്ക് മൂകാംബിക എത്തി. Vacate ചെയ്ത് പോയിരുന്നെങ്കിലും ഹോട്ടലിലുള്ള ചേട്ടന്റെ കയ്യും കാലും പിടിച്ചു ഫ്രഷ് ആയി bus ഇൽ കയറി റയിൽവേ സ്റ്റേഷനിലേക്ക് വച്ചു പിടിച്ചു. 1 hour യാത്രയുണ്ട് റയിൽവേ സ്റ്റേഷനിലേക്ക്. ഇരുട്ടായത് കൊണ്ട് തലേ ദിവസം ആസ്വദിക്കാൻ പറ്റാതിരുന്ന പ്രകൃതി ഭംഗി ആസ്വദിച്ചു തണുത്ത കാറ്റും കൊണ്ട് 3.40 ആയപ്പോ റെയിൽവേ സ്റ്റേഷൻ എത്തി. ട്രെയിൻ ലേറ്റ് ആയത് കൊണ്ട് 3.20 ന്റെ മൂകാംബിക to മുരുഡേശ്വർ ട്രെയിൻ കിട്ടി. മൂകാംബിക റെയിൽവേ സ്റ്റേഷന്റെ ഭംഗിയും പറഞ്ഞറിയിക്കാൻ വയ്യ.
5 ആയപ്പോക്ക് ഞങ്ങൾ മുരുഡേശ്വർ എത്തി. ഓട്ടോ പിടിച്ചാണ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ടെംപിൾ വരെ പോയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ശിവ പ്രതിമ. അടുത്ത് തലയുയർത്തി നിൽക്കുന്ന കൊത്തുപണികളാൽ തീർത്ത 18 നിലയുള്ള ഗോപുരം. രണ്ടു ഗജവീരന്മാർ കാവൽ. 10 രൂപ കൊടുത്താൽ Lift ഉണ്ട് 18ആം നില കേറാൻ. പ്രതിമയും പച്ചപ്പ് നിറഞ്ഞ പരിസരവും പിന്നിൽ കടലും ഉള്ള കിടിലൻ വ്യൂ…
ഒരു സൈഡ് arc രൂപത്തിലുള്ള ബീച്. ഒരു സൈഡ് മത്സ്യ ബന്ധന ബോട്ടുകൾ… കാഴ്ചകൾ കണ്ടിറങ്ങി കടലിലേക്കിറങ്ങി നിൽക്കുന്ന നവീൻ ബീച് റെസ്റ്റോറന്റ് നിന്ന് ചായയും നെയ്‌റോയ്സ്റ്റും കഴിച്ചു ഒരു കിടിലൻ മഴയും കണ്ടു 7 ആയാപ്പോക്ക് റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചു. 40 രൂപ ഓട്ടോ ചാർജ്…
അവിടെ നിന്ന് 8 മണിയുടെ പൂർണ എക്സ്പ്രസ്സ് നു നാട്ടിലേക്ക്. നല്ല അടിപൊളി ട്രിപ്പ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ മനസ്സംതൃപ്തിയും നിങ്ങൾ 4 പെൺപിള്ളേർ മാത്രമോ ന്നുള്ള ചോദ്യവും മാത്രം ബാക്കി…
ഇത് പോലുള്ള യാത്ര ജീവിതത്തിലെ ചില അമൂല്യ രത്നങ്ങളായി ഓർമയിൽ തളം കെട്ടി നിൽക്കും എന്നത് തീർച്ചയാണ്. വായിച്ചു കഴിയുമ്പോൾ കുടജാദ്രിയിലേക്കുള്ള യാത്രക്ക് വേണ്ടി സഞ്ചാരികൾ ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ടാകും.
