സഞ്ചാരികളുടെ പറുദീസയായ കുന്നിന്‍മുകളിലെ കോട്ടയിലേക്കുള്ള ചെങ്കുത്തായ കയറ്റം ആരുടെയും സഹായമില്ലാതെ കയറിരിക്കുകയാണ് 68കാരി. മഹാരാഷ്ട്രയില്‍ നാഷികിലുള്ള ഹരിഹര്‍ കോട്ടയാണിത്. ഇവിടുത്തെ പ്രധാന പ്രത്യേകത കുത്തനെയുള്ള പടവുകളാണ്. കുറെ മുകളിലേക്ക് എത്തിയാൽ പടവുകൾ പോലും കാണാൻ സാധിക്കുകയില്ല. പലതും കാലപ്പഴക്കം കൊണ്ട് തേഞ്ഞ് മാഞ്ഞ് പോയിരിക്കുന്നു. സാധാരണ ആരോഗ്യമുള്ളവർക്ക് പോലും വളരെ ശ്രമകരമായിട്ടല്ലാതെ കുന്ന് കയറാൻ സാധിക്കുകയില്ല.
അങ്ങനെയുള്ള കുത്തനെയുള്ള ചവിട്ടുപടികളാണ് 68കാരിയായ ‘അമ്മ വളരെ എളുപ്പത്തിൽ നടന്നു കയറി സാമൂഹിക മാധ്യമങ്ങളുടെ കൈയടി നേടിയത്.80 ഡിഗ്രിയോളം ചെരിവിലുള്ളതാണ് ഈ കയറ്റം. ഇടുങ്ങിയ പാറക്കല്ല് കൊണ്ടുള്ള ചവിട്ടുപടികളാണ് ഇവിടുത്തെ പ്രധാന ആകർഷണം.പലപ്പോഴും പ്രൊഫഷനല്‍
മല കയറ്റക്കാര്‍ക്ക് പോലും ഈ കയറ്റം വളരെ ദുര്‍ഘടമാണ്.മാത്രവുമല്ല അതിനായി അവർ പ്രത്യേക വസ്ത്രങ്ങളും ധരിക്കാറുണ്ട്, കൂട്ടത്തിൽ സുരക്ഷാ ഉപകരണങ്ങളും.
അവിടെയാണ് സാരിയുടുത്ത 68കാരി തന്റെ പ്രായത്തെ വകവെക്കാതെ പടവുകളില്‍ പിടിച്ച് കയറിയത്.
മുകളിലെത്തിയപ്പോള്‍ കൈയടികളുമായി സന്ദര്‍ശകര്‍ വയോധികയെ സ്വീകരിച്ചു. മുത്തശ്ശി കുന്ന് കയറുന്ന വീഡിയോ പലരും മൊബൈല്‍ ഫോണിൽ പകർത്തുകയും ചെയ്തു.പിന്നീട് സോഷ്യൽ മീഡിയകൾ വഴി പ്രചരിക്കുകയായിരുന്നു. ട്വിറ്ററിലും ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിനിടയിൽ വീഡിയോയിലെ മുത്തശ്ശിയെ ചിലര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ആശ അംബാഡെ എന്നാണ് ഇവരുടെ പേരെന്ന് ചിലര്‍ പറയുന്നുണ്ട്. എന്നാൽ വിഡിയോ എടുത്തത് എപ്പോഴാണ് എന്ന് വ്യക്തമല്ല. ഇതിനകം തന്നെ മുത്തശ്ശി താരമായിരിക്കുകയാണ്.
