കേരളക്കരയുടെ ‘ലോക സഞ്ചാരി’ ഇനിയില്ല

പൈസയോ മതിയായ രേഖകളോ കയ്യിൽ ഇല്ലാതെ ഏഷ്യയിലും യൂറോപ്പിലും ആഫ്രിക്കൻ വൻകരയിലുമായി പരന്നുകിടക്കുന്ന നാൽപതിലധികം രാജ്യങ്ങളിലൂടെ ഒറ്റക്ക് സഞ്ചരിച്ച മനുഷ്യനാണ് മൊയ്‌ദു കിഴിശ്ശേരി. മറ്റുള്ളവരുടെ നീറുന്ന അനുഭവങ്ങള്‍ നേരിട്ടറിയാനും ഇതര സംസ്കാരങ്ങളെ കുറിച്ച് പഠിക്കാനും വേണ്ടിയാണ് അദ്ദേഹം തന്റെ യാത്രയെ ചിലവഴിച്ചത്. ഒരു ഫക്കീറിനെപ്പോലെ ലോകരാജ്യങ്ങളിലൂടെ അലഞ്ഞു നടന്നു. കാൽനടയായും കള്ളവണ്ടി കയറിയുമാണ് അധിക യാത്രകളും അദ്ദേഹം നടത്തിയത്. കൃത്രിമമായി ഐഡന്റിറ്റി കാർഡ് നിർമിച്ച് കൊണ്ട് പാകിസ്ഥാനിലൂടെയും അഫ്ഗാൻ തുര്‍ക്കി ഈജിപ്ത് എന്നീ രാജ്യങ്ങളിലൂടെയും അദ്ദേഹം നിഷ്പ്രയാസം സഞ്ചരിച്ചു.

എന്നാൽ പല രാജ്യങ്ങളിലും ചാരന്‍ എന്നു മുദ്രയടിച്ച് തെരുവുകളിലൂടെ ചങ്ങലയില്‍ ബന്ധിച്ച് കൊണ്ടുപോയിട്ടുണ്ട്. നിരവധി പട്ടാളക്യാമ്പുകളില്‍ അദ്ദേഹം കഴിഞ്ഞിട്ടുണ്ട്. ഒരുപാട് തടവറകളിൽ ദിവസങ്ങളോളം അദ്ദേഹത്തിന് കിടക്കേണ്ടതായി വന്നിട്ടുണ്ട്. മാത്രവുമല്ല ഒരുപാട് തവണ ജയിൽ ചാടിയിട്ടുമുണ്ട് ഈ സാഹസിക സഞ്ചാരി. ഡല്‍ഹി, കശ്മീര്‍, പാകിസ്താൻ , അഫ്ഗാനിസ്ഥാന്‍, ഉസ്‌ബെകിസ്ഥാന്‍, ഉക്രയിന്‍, ഇറാൻ, ഇറാഖ്, ചെച്‌നിയ, ലിബിയ, ടുണീഷ്യ, ഖസാകിസ്ഥാന്‍, അസര്‍ബൈജാന്‍, സോവിയറ്റ് യൂനിയന്‍, തുര്‍ക്കി, തുർക്ക്മെനിസ്ഥാൻ, സ്വിറ്റ്സർലാൻഡ്‌, പോളണ്ട്, ചെച്നിയ ഫ്രാൻസ്, ജെർമനി എന്നിങ്ങനെ നീണ്ടു കിടക്കുന്ന യാത്രയുടെ ലിസ്റ്റാണ് അദ്ദേഹം താണ്ടിയത്. ഇത് അദ്ദേഹത്തിന്റെ ഓർമ്മയിൽ നിലനിൽക്കുന്ന രാജ്യങ്ങളാണ്. ലിസ്റ്റിൽ പെടാത്ത രാജ്യങ്ങൾ ഇനിയുമുണ്ടെന്ന് ചുരുക്കം.

സാഹസികത നിറഞ്ഞ അദ്ദേഹത്തിന്റ യാത്രാനുഭവങ്ങൾ വരച്ചിടുന്ന മനോഹരമായ പുസ്തകമാണ് ‘ലിവിങ് ഓൺ ദ് എഡ്ജ്’.തന്റെ അലക്ഷ്യമായ യാത്രകളിൽ കണ്ടുമുട്ടിയതും,നേരിടേണ്ടി വന്ന അനുഭവങ്ങളും കാഴ്ചകളും സന്ദർഭങ്ങളും വർണ്ണാഭമായ ഭാഷയിൽ അദ്ദേഹം കുറിച്ചിടുന്നുണ്ട്. അത്രത്തോളം ആകർഷണം തുളുമ്പുന്ന ആഖ്യാന ശൈലിയാണ് അദ്ദേഹത്തിന്റെ മറ്റൊരു പ്രധാന പ്രത്യേകത. ഭാഷകളിൽ എന്നുമൊരു അഭിനിവേശം അദ്ദേഹത്തിന്റെ ഉള്ളിൽ നിലനിന്നിരുന്നു. അത് കൊണ്ട് തന്നെ എത്തിപ്പെടുന്ന രാജ്യങ്ങളിലെ ഭാഷകൾ പഠിച്ചെടുക്കാൻ പ്രയാസം ഉണ്ടായിരുന്നില്ല.

ഈ യാത്രയുടെ പല വേളകളിലും പ്രണയത്തിന്റെയും വിരഹത്തിന്റെയും തീവ്രവേദന അദ്ദേഹം അനുഭവിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ ഗുല്‍ബര്‍ഗിലെ ഫിദ എന്ന പ്രണയിനിയോട് യാത്രപറഞ്ഞ് അഫ്ഗാന്‍ അതിര്‍ത്തി കടന്ന് കിര്‍ഗിസ്ഥാനും താജികിസ്ഥാനും ഉസ്ബെക്കിസ്ഥാനും കസാക്കിസ്ഥാനും ചുറ്റി ഇറാനിലെത്തി. അവിടം വിട്ട് ഇറാഖിലേക്ക് കടക്കുമ്പോള്‍ അതിർത്തിയിൽ സൈനികര്‍ പിടികൂടി. ഇസ്ഫഹാനിലെ കൊട്ടാരസദൃശമായ പട്ടാളക്യാമ്പിലായി പിന്നീട് ജിവിതം. ആദ്യമൊക്കെ തടവുകാരന്‍. ഒരു ദിവസം ഖുർ ആൻ ഉറക്കെ വായിക്കുകയായിരുന്നു വായനയില്‍ മുഴകി കുറേനേരം. അല്‍പ്പം കഴിഞ്ഞു നോക്കുമ്പോള്‍ പിന്നിലത്രയും പട്ടാളക്കാര്‍. അവര്‍ക്കാര്‍ക്കും അത്ര ഭംഗിയായി ഖുർ ആൻ വായിക്കാന്‍ അറിയില്ലത്രെ. അതോടെ അവരുടെ അധ്യാപകനായി. ആ ക്യാമ്പിലെ പത്തു വനിതാ സൈനികരില്‍ ഒരാളായ മെഹര്‍നൂശ് എന്ന സുന്ദരിയുമായി പ്രണയത്തിലായി.

ഒടുവില്‍ ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റു കിടക്കുമ്പോള്‍ മെഹര്‍ നെറ്റിയില്‍ പതുക്കെ ചുംബിച്ചുകൊണ്ട് പറഞ്ഞു,, നിനക്കെന്തിങ്കിലും സംഭവിച്ചാല്‍ പിന്നെ ഞാന്‍ ജീവിച്ചിരിക്കില്ല. രക്ഷപ്പെടാന്‍ പറഞ്ഞ് കൊണ്ട് വിലയേറിയ വജ്രം പതിച്ച മോതിരം ചെറുവിരലിലണിയിച്ചു അവള്‍. മെഹറിനെ വിരഹിയാക്കി ആ മോതിരവുമായി ഇറാന്‍ വിട്ടു. പിന്നീട് ഈ മോതിരം വിറ്റാണ് തുര്‍ക്കിയിൽ പഠനം തന്റെ പഠനം മൊയ്തു കിഴിശ്ശേരി പൂർത്തിയാക്കിയത്.

ഡൽഹിയിലെ തെരുവുകളിലൂടെ വിശപ്പുതിന്ന് നടക്കും നേരം ചിതയിലേക്ക് ചാടി സതി’യനുഷ്ഠിക്കുന്ന ഇരുപതുകാരിയുടെ തീയാളുന്ന കാഴ്ച, ലാഹോറിൽ ഷിയാ പള്ളിയിലെ ബോബ് സ്ഫോടനത്തിനു നേർസാക്ഷിയായതിന്റെ ചോരമണക്കുന്ന ഓർമ, തീവ്രാനുഭവങ്ങളുടെ മാറാപ്പുപേറി, ക്രൂരമായ കനൽപാടുകൾ എരിയുന്ന മംഗോളിയൻ മരുഭൂമിയിലൂടെയുള്ള നടത്തം, കൊള്ളസംഘങ്ങളുടെ കരവലയത്തിൽ നിന്നും മുടിനാരിഴക്ക് രക്ഷപ്പെട്ടത്… മൊയ്തു കിഴിശ്ശേരിയുടെ ഉദ്വേഗജനകമായ സഞ്ചാരാനുഭവങ്ങൾ ശ്വാസമടക്കിപ്പിടിച്ചാണ് വായിച്ച് തീർക്കാൻ കഴിയുക.

പഞ്ചാബിലെ അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ എത്തിയപ്പോഴാണ് അതിര്‍ത്തി കടക്കണമെന്ന് മോഹം തുടങ്ങിയത്. അങ്ങനെ അട്ടാരിയില്‍വച്ച് സൈനികര്‍ അദ്ദേഹത്തെ പിടികൂടി മര്‍ദിച്ചു. അവിടന്ന് രക്ഷപ്പെട്ട് ഒടുവില്‍ ചെറുനാരകത്തോട്ടത്തിലൂടെ അതിര്‍ത്തി കടന്ന് പാകിസ്ഥാനിലെത്തി.നല്ല മനുഷ്യരുടെ കാരുണ്യത്തില്‍ പല നാടുകളിൽ പല വേഷങ്ങളിൽ സഞ്ചരിച്ചു. അവസാനം ഇരുപതോളം ഭാഷകള്‍ അദ്ദേഹം പഠിച്ചെടുത്തു.അദ്ദേഹത്തിന്റെ യാത്രയുടെ തുടക്കം, ടിക്കറ്റെടുക്കാതെ കോഴിക്കോടുനിന്നും ഡൽഹിയിലേക്കുള്ള തീവണ്ടി കയറി ദില്ലിയിലെത്തി. അവിടുത്തെ തെരുവീഥികളിലൂടെ അലഞ്ഞുനടന്നു. അപ്പോൾ കണ്ട കാഴ്ചകൾ വളരെ മനോഹരമായാണ് അദ്ദേഹം കുറിച്ച് വെക്കുന്നത്.

“തെരുവുകളിൽ ഭിന്നമുഖങ്ങൾ. മനുഷ്യജീവിതത്തിന്റെ ദുരന്തനാടകങ്ങളാണെങ്ങും. തകരച്ചേരികളുടെ, അഭിസാരികമാരുടെ, ഉന്തുവണ്ടിക്കാരുടെ താളംതെറ്റിയ ജീവിതലയങ്ങൾ. വഴിയോരത്തെ ക്ഷേത്രനടയിൽ നിന്ന് ചന്ദനത്തിരിയുടെ ഗന്ധം മുഖത്തെ തഴുകി കടന്നുപോയി. മുന്നോട്ടു നടന്നപ്പോൾ മായ്ക്കാൻ പറ്റാത്ത വെളുത്ത നിറമുള്ള മുലപ്പാലിന്റെ മണം. തൊട്ടരികെ ഇരുട്ടിന്റെ ഗന്ധം.പെണ്മക്കൾ കടംകൊടുത്ത ശരീരത്തിന്റെ വിയർപ്പുഗന്ധം.

മൃദുവും സൗമ്യവുമായ ഒരു രാഗം, കട്ടിയുള്ള ഇമ്പം, ആർദ്രത കലർന്ന താളം, ശാന്തമായ സ്വരം… ഏതോ കിളവന്റെ കരഞ്ഞ തൊണ്ടയിൽ നിന്നുയർന്ന കവ്വാലി കേട്ട ഭാഗത്തേക്ക് ഞാൻ തിരിഞ്ഞു. അവിടെ പാതയോരത്ത് കണ്ട ആളിക്കത്തുന്ന ചിതയിലേക്ക് സ്വയം എടുത്തുചാടിയ ഇരുപതുകാരിയുടെ കത്തിയമരുന്ന പച്ചശരീരം! പാഠപുസ്തകങ്ങളിൽ കേട്ടുമറന്ന സതിസമ്പ്രദായം! ഹൃദയം അഗ്നിസ്ഫുലിംഗങ്ങളേറ്റു ചുട്ടുപൊള്ളി. തെല്ലകലെ വഴിവക്കിൽ കണ്ട കൽഭിത്തിയിൽ ഞാൻ തളർന്നുകിടന്നു. അര ചാൺ വയറിന്റെ ക്ഷുത്തടക്കാൻ റിക്ഷവലിക്കുന്ന വയസ്സന്റെ കുഴിഞ്ഞ കണ്ണുകളിൽ ഡൽഹിയുടെ സൗന്ദര്യത്തിന് പുഴുക്കുത്ത് നിറഞ്ഞപോലെ…

സഞ്ചാരനുഭവങ്ങളുടെ ഭാണ്ഡം പേറി ഒരു ഫഖീറായി അലഞ്ഞു നടന്ന ആ മനുഷ്യൻ ദൈവത്തിലേക്ക് മടങ്ങിയിരിക്കുന്നു.

Leave a Reply