
Norman P Mohan
Marine Engineer in Merchant Navy. Working at K Line shipping Tokyo .11 years in sailing around the globe. Living at Thrissur, Ollur
ഇത് ആദ്യമായിട്ടാണ് ഫിലാഡൽഫിയയിൽ വന്നിറങ്ങുന്നത്. അമേരിക്കയിൽ ഇവിടം ആദ്യം അതുകൊണ്ടുതന്നെ ഇത്തവണ ഫിലാഡൽഫിയ ഒന്നു നല്ലപോലെ ചുറ്റിക്കാണാം എന്നു കരുതി. 2019 ജനുവരി 26നാണ് കപ്പൽ ജപ്പാൻ തുറമുഖത്തു നിന്നും പുറപ്പെട്ടത്. സിങ്കപ്പൂർ, കേപ്പ് ഓഫ് ഗുഡ് ഹോപ്പ്, സൗത്ത് ആഫ്രിക്ക എന്നിവ ചുറ്റി കൃത്യം 53 ദിവസങ്ങൾക്കു ശേഷം അമേരിക്കയിലെ തുറമുഖ പട്ടണമായ മാർക്കസ് ഹുക്ക് എന്ന പോർട്ടിലെത്തി. ഇന്ന് മാർച്ച് 22, 2019.
ഫിലാഡൽഫിയ ഇവിടെ നിന്നും കൃത്യം അര മണിക്കൂർ ട്രെയിനിൽ പോകാവുന്ന ദൂരമെ ഉള്ളൂ. ട്രെയിൻ ഗതാഗതം വളരെ സാധാരണമായി ഉപയോഗിക്കുന്ന ഒരു ജനതയെ ഇവിടെ കാണാൻ സാധിക്കും.പിന്നെ പ്രാധാന നഗരങ്ങളിലേക്ക് എത്താൻ ട്രെയിൻ തന്നെയാണ് ഏറ്റവും സൗകര്യം, പണത്തിന്റെ കാര്യത്തിലും സമയത്തിന്റെ കാര്യത്തിലും. അങ്ങനെ ട്രെയിൻ യാത്രക്കായി ഉറപ്പിച്ചു.
അൽപ്പം ചരിത്രം.
ഫിലി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഫിലാഡൽഫിയയുടെ ചരിത്രം തുടങ്ങുന്നത് 1682 മുതൽക്കാണ്.ഈ സിറ്റി സ്ഥാപിച്ചത് സർ വില്യം പെൻ ആണ്. അന്ന് ഇത് അറിയപ്പെട്ടിരുന്നത് English Crown province of Pennsylvania എന്നായിരുന്നു. ഈ സിറ്റി സ്ഥിതി ചെയ്യുന്നത് പ്രധാനമായും 2 നദികൾക്കിടയിലാണ്.
- Delaware നദി
- Schuylkill നദി
ഫിലാഡൽഫിയ അതിവേഗം ഒരു കോളനിയായി തീർന്നു. ഇന്ന് അമേരിക്കയിലെ Largest City ആയി ഇതു മാറി.അമേരിക്കൻ വിപ്ലവത്തിൽ പ്രധാന പങ്ക് വഹിക്കാൻ ഈ സിറ്റിക്കു കഴിഞ്ഞിട്ടുണ്ട്. അതു കൊണ്ടു തന്നെയാണ് ചരിത്രമുറങ്ങുന്ന ഒട്ടനവധി സ്മാരകങ്ങൾ നമുക്കിവിടെ കാണാൻ കഴിയുന്നതും ചരിത്ര നഗരം എന്നു വിളിക്കപ്പെടുന്നതും.
അമേരിക്കൻ വിപ്ലവത്തിനു ശേഷം ഫിലാഡൽഫിയ അമേരിക്കയുടെ താൽക്കാലിക തലസ്ഥാനമായി മാറി.19-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഫെഡറൽ, സ്റ്റേറ്റ് ഗവൺമെന്റ് കൾ,ഫിലാഡൽഫിയ വിട്ടു പോയെങ്കിലും അമേരിക്കയുടെ സാംസ്ക്കാരികവും സാമ്പത്തികവുമായ മേഖലകളുടെ കേന്ദ്രമായി ഈ സിറ്റി നിലനിന്നു.വ്യവസായിക വിപ്ലവം അതിവേഗം മാറ്റിമറിച്ചത് ഈ സിറ്റിയെ ആയിരുന്നു. ഇന്ന് ഒട്ടനവധി വ്യവസായങ്ങൾ ഇവിടെ ഉണ്ട്.ടെ കസ്റ്റയിൽ ആണ് അതിൽ പ്രധാനം.
1900ത്തിന്റെ തുടക്കത്തിൽ ഈ സിറ്റി ഭരിച്ചത് തികച്ചും അഴിമതിയിൽ കുളിച്ച ഒരു ഗവൺമെന്റ് ആയിരുന്നു.ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ Most Corrupted and contented എന്ന വിശേഷണത്തിൽ ഈ സിറ്റി വന്നു എന്നത് ഒരു ഇരുണ്ട കാലം. പല തരത്തിലുള്ള മുന്നേറ്റങ്ങളുടെ ഭാഗമായി ഈ സിറ്റിയെ അതിന്റെ യഥാർത്ഥ ശോഭയിലേക്ക് തിരികെ കൊണ്ടുവരാൻ ” മേയർ ” എന്ന പുതിയ സംവിധാനത്തിനു കഴിഞ്ഞു. പതിയെ പതിയെ ഫിലാഡൽഫിയ റിപ്പബ്ലിക്കൻ പാർട്ടിക്കൂ കൊടുത്തിരുന്ന സപ്പോർട്ട് പിൻവലിച്ച് ഡെമോക്രറ്റിക്ക് പാർട്ടിയെ അധികാരത്തിലെത്തിച്ചു. അത് ഒരു നല്ല തുടക്കമായിത്തീർന്നു.
ഈ സിറ്റി കാണാൻ ഇറങ്ങുമ്പോൾ കിട്ടിയ സമയം കഴിയുന്നത്ര ചിലവഴിച്ച് ഈ സിറ്റിയുടെ നടപ്പാതകളിലൂടെ നടന്ന് ഈ നഗരത്തെ അടുത്തറിയാൻ ആഗ്രഹിച്ചിരുന്നു.അതു കൊണ്ടു തന്നെ മർക്കസ് ഹുക്ക് സ്റ്റേഷനിൽ നിന്നും ഫിലാഡൽഫിയ 36 ത് സ്ട്രീറ്റ് സ്റ്റേഷനിലേക്ക് ട്രെയിൻ കയറി. ഇവിടുത്തെട്രെയിൻ സ്റ്റേഷനുകളും ട്രെയിനും ജീവനക്കാരും എന്നും ഒരു മാതൃക ആണ്. നല്ല വൃത്തിയായി സൂക്ഷിച്ച പൊതു സ്ഥലങ്ങൾ. ട്രെയിനുൾവശം ഒത്തിരി വിശാലമായ ശീതീകരിച്ച മുറികൾ.അതിനൊക്കെ ഉപരി ഓരോ കമ്പാർട്ട്മെന്റിലും രണ്ട് ജീവനക്കാർ, യാത്രികരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും.👍🏻
ഇവിടെ ട്രെയിൻ കയറുന്നതിനു മുൻപ് ആവശ്യമെങ്കിൽ മാത്രം ടിക്കറ്റെടുത്താൽ മതി. ട്രെയിൻ കയറിയതിനു ശേഷം ടിക്കറ്റ് തരാൻ Staff Compartment ൽ ഉണ്ട്.8 USD ആണ്Marcus Hook ൽ നിന്നും Philadelphia 36 ത്,സ്ട്രീറ്റ് സ്റ്റേഷനിലേക്കുള്ള ടിക്കറ്റ് നിരക്ക്. ഇത് കാറിലാണെങ്കിൽ 110 USD ചാർജ്ജ്, സമയം രണ്ട് മണിക്കൂറും.
കൃത്യം അരമണിക്കൂറിൽ 36 ത് സ്ട്രീറ്റ് സ്റ്റേഷൻ എത്തി. സ്റ്റേഷനു പുറത്തിറങ്ങിയതും കണ്ണുകളെ അമ്പരപ്പിക്കുന്ന ഒരു സ്റ്റേഷൻ ആണ് കാണാൻ കഴിഞ്ഞത്. ഒരു രാജകീയ കൊട്ടാരത്തിന്റെ പ്രൗഡി നിറഞ്ഞു നിൽക്കുന്ന അകതളങ്ങൾ, കൂറ്റൻ കൽത്തൂണ്ണുകൾ, ചിത്ര പണികൾ, കൊത്തുപണികൾ, വിശാലമായ ലോബി, സഹായിക്കാൻ ജീവനക്കാർ, വഴി പറഞ്ഞു തരാൻ ഒട്ടേറെ ട്രാവൽ ഗൈഡുകൾ. മൊത്തത്തിൽ ഒരു ക്ലാസിക് ടച്ച്.
ഇതിനുള്ളിൽ തന്നെ വിശാലമായ ഡൈനിങ്ങ് ഏരിയ ഉണ്ട്.ഒത്തിരി ഷോപ്പുകളും കാണാൻ കഴിയും. അവിടെ നിന്നും ഒരു ലഘു ഭക്ഷണം കഴിച്ച് നേരെ സിറ്റിയിലോട്ട്, ചരിത്ര നഗരത്തിലേക്ക് ഒരെത്തിനോട്ടത്തിന്. കാണാനുള്ള സ്ഥലങ്ങളുടെ ലിസ്റ്റുണ്ടാക്കി സ്റ്റേഷനിൽ നിന്നും അങ്ങോട്ടുള്ള ദൂരവും കണക്കാക്കി നോക്കിയപ്പോൾ ഒരു കാര്യം ഉറപ്പിച്ചിരുന്നു. കാൽനടയായി ഈ നഗരത്തിലൂടെ യാത്ര ചെയ്യണമെന്ന്, അടുപ്പിച്ചടുപ്പിച്ച് ഒത്തിരി കാണാനുണ്ട്. കാറിൽ ആണെങ്കിൽ മിസ്സ് ആകും കുറെ .
ഒരു 4 മണിക്കൂർ കൊണ്ട് നടന്നു തീർക്കാവുന്നതേ ഉള്ളു.
അങ്ങനെ നേരെ വെച്ചുപിടിച്ചു ഫസ്റ്റ് ലൊക്കേഷനിലേക്ക്
- സെന്റർ സിറ്റി
സെൻറർ സിറ്റി എന്നു പറഞ്ഞാൽ 36 ത് സ്ട്രീറ്റ് സ്റ്റേഷനിൽ നിന്നും ഒരു 15 മിനിറ്റ് നടക്കാവുന്ന ദൂരമെ ഉള്ളൂ.24 മണിക്കൂറും ഉണർന്നിരിക്കുന്ന ഒരു ഡൗൺടൗൺ ആണിത്. മുന്നൂറ് വർഷം പഴക്കമുള്ള കെട്ടിടങ്ങൾ, ആർട്ട്സ് സാംസ്കാരിക നിലയങ്ങൾ, വൈവിധ്യമാർന്ന ഒട്ടനേകം റീട്ടെയിൽ ഷോപ്പുകൾ, ഇതിനൊക്കെ പുറമെ ഭക്ഷണപ്രിയർക്ക് സ്വർഗ്ഗീയ അനുഭവം പ്രദാനം ചെയ്യുന്ന ഭക്ഷണ ശൃംഖലകളും.
വാഷിങ്ങ്ടൺ DC യിൽ നിന്നും ന്യൂയോർക്ക് സിറ്റിയിൽ നിന്നും ഇങ്ങോട്ടേക്കുള്ള ദൂരം തുല്യമാണ്.ഈ ഒരു കണക്ടിവിറ്റി കാരണം ഒത്തിരി വിദ്യാസമ്പന്നരായ ചെറുപ്പക്കാർ ഇവിടെ ജോലി ചെയ്യുന്നു. അനേകം ടൂറിസ്റ്റുകളും ഇങ്ങോട്ട് ആകർഷിക്കപ്പെടുന്നു.
ഇനി ഈ സെന്റർ സിറ്റിക്കു ചുറ്റുമുള്ള സ്ഥലങ്ങൾ നമുക്കൊന്നു പരിചയപ്പെടാം.
- റീഡിങ്ങ് ടെർമിനൽ മാർക്കറ്റ്
- ബെഞ്ചമിൻഫ്രാക്ലിൻ പാർക്ക് വേ
- ലൗ പാർക്ക്
- ലിബർട്ടി ബെൽ
- പെൻസിൽവാനിയ അക്കാദമി ഓഫ് നോട്ടിക്കൽ സയൻസസ്
- ദ ഫാബ്രിക് വർക്ക്ഷോപ്പ്
- ഓൾഡ് സിറ്റി ഹാൾ
- പ്രസിഡന്റ് സ് ഹൗസ്
- സെന്റ്.പീറ്റർ ആൻഡ് സെന്റ്.പോൾ കത്തീഡ്രൽ
- ചൈനാടൗൺ
- റോക്കി സ്റ്റെപ്പ്സ്
12.ഇൻഡിപ്പെൻഡൻസ് ബീർ ഗാർഡൻ - പെൻസിൽവാനിയ കൺവെൻഷൻ സെന്റർ
- സിറ്റി സൈറ്റ് സീയിങ്ങ് ബിഗ് ബസ് സ്റ്റേഷൻ🚌🚌🚌
സെൻറർ സിറ്റിക്കടുത്താണ് സെന്റ്.പീറ്റർ ആൻഡ് സെന്റ്.പോൾ കത്തീഡ്രൽ .യേശുവിന്റെ ശിഷ്യന്മാരായ വിശുദ്ധ പത്രോസിന്റെയും വിശുദ്ധപൗലോസിന്റെയും നാമധേയത്തിലുള്ള ഈ കത്തീഡ്രൽ ഫിലാഡൽഫിയയിലെ റോമൻ കത്തോലിക്ക അതിരൂപതയുടെ പ്രധാന പള്ളിയാണ്. ബെഞ്ചമിൻ ഫ്രാങ്കളിൻ പാർക്ക് വേക്കടുത്തായി 18 ന് സ്ട്രീറ്റ് ൽ ആണ് ഇറ്റാലിയൻ പല്ലോഡിയൻ ശൈലിയിൽ പണികഴിപ്പിച്ച ഈ അതി മനോഹര ദൈവാലയം സ്ഥിതി ചെയ്യുന്നത്.പെൻസിൽവാനിയയിലെ ഏറ്റവും വലിയ കത്തോലിക്കാ ദൈവാലയമാണ് ഈ കത്തീഡ്രൽ.
1971 ൽ അമേരിക്കൻ ഗവൺമെന്റ് നാഷണൽ രജിസ്റ്റർ ഓഫ് ഹിസ്റ്റോറിക് പ്ലേസ സിൽ ഈ കത്തീഡ്രലിനെ ഉൾപ്പെടുത്തുകയുണ്ടായി. ഇതിനു പുറമെ ചരിത്രത്തിൽ 2 പേപ്പൽ ദിവ്യബലികൾക്കു ഈ ദൈവാലയം സാക്ഷ്യം വഹിച്ചിട്ടുണ്ട്.1979-ൽ അന്നത്തെ മാർപ്പാപ്പ പോപ്പ് ജോൺ പോൾ രണ്ടാമനും 2015ൽ ഇപ്പോഴത്തെ മാർപ്പാപ്പ പോപ്പ് ഫ്രാൻസിസും ഈ ദൈവാലയത്തിൽ ദിവ്യബലി അർപ്പിച്ചു പ്രാർത്ഥിച്ചിട്ടുണ്ട്.🙏🏻
നീണ്ട 5 മാസങ്ങൾക്കു ശേഷം ഒരു ദൈവാലയത്തിൽ കയറി പ്രാർത്ഥിച്ചതിന്റെ സന്തോഷത്തിലും ചൈതന്യത്തിലും പ്രസരിപ്പിലും ഞാൻ പുറത്തിറങ്ങി അടുത്ത ലക്ഷ്യത്തിലേക്ക് നടന്നു നീങ്ങി.
നെക്സ്റ്റ് ലക്ഷ്യം റീഡിങ്ങ് ടെർമിനൽ മാർക്കറ്റ് ആണ് അതിനിടയിൽ ഒത്തിരി ഹിസ്റ്റോ റിക് പ്ലേസസ് കവർ ചെയ്യാൻ പറ്റും. ബെഞ്ചമിൻ ഫ്രാങ്കളിൻ പാർക്ക് വേ കത്തീഡ്രലിനടുത്താണ്. സിറ്റി യിലെ ഏറ്റവും നല്ല മ്യൂസിയങ്ങളും കൾച്ചറൽ ഇൻസ്റ്റിറ്റ്യൂഷൻസും ഒക്കെ നിറഞ്ഞ ഒരു സമുച്ചയമാണിത്. 1918 ഒക്ടോബറിൽ ആണ് ഇത് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. വിശാലമായ പ്ലാനിങ്ങിന്റെ ഗുണവും മെച്ചവും ഇന്നും നമുക്ക് ഇവിടെ ദർശിക്കാം.
ഫിലാഡൽഫിയ ചൈനാടൗൺ
കത്തീഡ്രലിൽ നിന്നും വലതു വശത്തു കാണുന്ന റോഡിലൂടെ നേരെ നടന്നാൽ അര മണിക്കൂർ കൊണ്ട് ചൈനാടൗൺ എത്താം. ഇത് ഒരു അമേരിക്കൻ ഏഷ്യൻ സംസ്കാരത്തിന്റെ കൂടിച്ചേരലാണ്. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ നിറയെ ചൈനീസ്, കൊറിയൻ, വിയറ്റ്നാമീസ് കടകളും ജനങ്ങളുമാണ് ഇവിടെ. ബാറുകളും ഹോട്ടലുകളും നിറഞ്ഞു നിൽക്കുന്നതാണ് ഇവിടം.ഏതു ചൈനീസ് ഭക്ഷണങ്ങളും എളുപ്പത്തിൽ ഇവിടെ ലഭ്യമാണ്.കൂടാതെ ഇലക്ട്രിക് ആൻഡ് ഇലക്ട്രോണിക്സ് കടകളും നിരവധി ഇവിടെ ഉണ്ട്.
ചൈനാ ടൗണിൽ നിന്നും നേരെ പോയത് റീഡിങ്ങ് ടെർമിനൽ മാർക്കറ്റ് ലക്ഷ്യമാക്കിയായിരുന്നു. ഒരു 20 മിനിട്ടു നടന്ന തിനു ശേഷം അവിടെ എത്താൻ സാധിച്ചു.1893 മുതൽ പ്രവർത്തനം ആരംഭിച്ച ,ഫിലാഡൽഫിയയുടെ മാർക്കറ്റ് ആണിത്. എല്ലാ ദിവസവും രാവിലെ 8 മുതൽ വൈകീട്ട് 6 വരെയാണ് പ്രവൃത്തി സമയം. ഇവിടുത്തെ ലോക്കൽ മാർക്കറ്റായി ഇതു പ്രവർത്തിക്കുന്നു. മീറ്റ്, ഫളവർ, യൂട്ടെൻസിൽ സ്, വ്യത്യസ്തതയാർന്ന ഒട്ടേറെ ഭക്ഷണവിഭവങ്ങൾ, പ്രശസ്തമായ ഐസ് ക്രീമുകൾ, ബേക്കറി ഐറ്റംസ്, ചീസ് സ്റ്റീക്ക്സ്, സീ ഫുഡ്സ് തുടങ്ങി ഇവിടെ കിട്ടാത്തവ വിരളമാണ്.
നേരിട്ടുള്ള വിൽപ്പനയായതുകൊണ്ട് മാളുകളേക്കാൾ ഒത്തിരി വിലക്കുറവുണ്ട്. ഈ മാർക്കറ്റിന്റെ മറ്റൊരു സവിശേഷത ഇവിടുത്തെ ഫ്രീ ഡെലിവറി ആണ്. മാർക്കറ്റ് ബ്രാറ്റ്സ് എന്ന് വിളിപ്പേരുള്ള ബോയ്സ് ആണ് ഈ തിരക്കുപിടിച്ച നഗരത്തിൽ ഈ സേവനം സാധ്യമാക്കുന്നത്. 78,000 ചതുരശ്ര അടിയിൽ ഏകദേശം 800 കടകൾ ഇതിനുള്ളിൽ പ്രവർത്തിക്കുന്നുണ്ട് എന്നറിയുമ്പോ ഈ മാർക്കറ്റ് ഒരു ചില്ലറക്കാരനല്ലാന്ന് മനസ്സിലാക്കാം.
ഈ മാർക്കറ്റിന്റെ തൊട്ടപ്പുറത്താണ് പെൻസിൽവാനിയ കൺവൻഷൻ സെന്റർ.1990 ൽ കൺവൻഷൻ സെന്റർ അതോറിറ്റി ഈ മാർക്കറ്റിന്റെ പ്രവർത്തന നിയന്ത്രണം ഏറ്റെടുക്കുകയും ഒരു പാട് നവീകരണ പ്രവർത്തനങ്ങൾ നടത്തി ഇന്നത്തെ രീതിയിൽ ആക്കുകയും ചെയ്തു. ഇന്ന് ഫിലാഡൽഫിയയിൽ ലിബർട്ടി ബെല്ലും ഇൻഡിപ്പെൻഡൻസ് ഹാളും കഴിഞ്ഞാൽ ഏറ്റവും അധികം സന്ദർശകർ ഒഴുകിയെത്തുന്ന ഇടമാണ് ഈമാർക്കറ്റ്.
ഇവിടുത്തെ ഭക്ഷണങ്ങളിൽ പ്രശസ്തി നേടിയ ചിലതുണ്ട്.ഇവിടെ വരുന്നവരിൽ അധികവും ഇഷ്ടപ്പെടുന്ന ചില ഒന്നാന്തരം ഫുഡ് ഐറ്റംസ്ഫി. ലി ചീസ് സ്റ്റീക്കാണ് അതിൽ ഏറ്റവും പ്രധാനം. ഐസ് ക്രീമുകളിൽ ബാസറ്റ് ഐസ്ക്രീമും സാൻഡ്വിച്ചുകളിൽ,Dinics ഷോപ്പിലെ റോസ്റ്റ് പോർക്ക് സാൻഡ്വിച്ചും ഡോനട്ടിൽ ബെയ് ലേഴ്സ് ഡോനട്ടും നൂഡിൽസിൽ റോസ്റ്റ് ഡക്ക് ആൻഡ് റോസ്റ്റഡ് പോർക്ക് നൂഡിൽസും ഭക്ഷണ പ്രേമികളുടെ ഇഷ്ടഭോജനങ്ങളാണ്.
റീഡിങ്ങ് ടെർമിനൽ മാർക്കറ്റ് കണ്ടു കഴിയാൻ വിചാരിച്ചതിലും കൂടുതൽ സമയം എടുത്തു. കുറച്ചു ഫുഡ് ഐറ്റംസ് പാർസൽ ചെയ്തു വാങ്ങി ഷിപ്പിൽ ഫ്രണ്ട്സ് കാത്തിരിക്കുന്നുണ്ടേ!!! പിന്നെ നേരെ നടന്നത് ഇൻഡിപ്പെൻഡൻസ് ഹാൾ അമേരിക്കയുടെ ചരിത്രമുറങ്ങുന്ന മണ്ണാണിത്.1776 ൽ വെറും 56 ധീരയോദ്ധാക്കൾ ചേർന്ന് ഇംഗ്ലണ്ടിലെ രാജാവിനെ പുറത്താക്കി തുടക്കമിട്ടു. പിന്നെ പതിനൊന്നു വർഷങ്ങൾക്കു ശേഷം 12 സ്റ്റേറ്റുകളുടെ പ്രതിനിധികൾ ഇവിടെ യോഗം ചേർന്ന് അമേരിക്കൻ ഭരണഘടന തയ്യാറാക്കി അവസാനം ഒരു നേഷൻ രൂപീകരിച്ചു.
യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റുകളിൽ ഒന്നാണിത്. ക്രിസ്തുമസ് രാവിലും Dec 24 സ്വാതന്ത്രദിനത്തിലും July 4 ഇവിടെ പ്രവേശനം സൗജന്യമാണ്. അല്ലാത്ത ദിവസങ്ങളിൽ പാസ്സ് മൂലം പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. ഈ ഹാളിന്റെ വലതു വശത്തായി ലിബർട്ടി ബെല്ലും എതിർവശത്തായി ഇൻഡിപ്പെൻഡൻസ് ഹാൾ വിസിറ്റർ സെന്ററും സ്ഥിതി ചെയ്യുന്നു. സമയം ഇരുട്ടി തുടങ്ങി എന്നെ തിരികെ കപ്പലിൽ എത്തിക്കേണ്ട ഡ്രൈവർ മർക്കസ് ഹുക്കിൽ എത്താറായിട്ടുണ്ട്.
മടങ്ങാൻ നേരമായിരിക്കുന്നു ,ഇനിയെന്നു കാണും നമ്മൾ എന്ന് മനസ്സിലോർത്ത് നേരെ നടന്നു 36 ത് സ്ട്രീറ്റ് റെയിൽവേ സ്റ്റേഷനിലേക്ക് .അവിടെ നിന്നും ട്രെയിൻ കയറി മർക്കസ് ഹുക്ക് സ്റ്റേഷൻ എത്തിയതും ഡ്രൈവർ വന്നതും ഒരുമിച്ചായിരുന്നു. പിന്നെ നേരെ തിരിച്ച് കപ്പലിലേക്ക്
” സഞ്ചാരിയുടെ ലോകത്തിന് അതിരുകൾ ഇല്ല, ഞാനൊരു നാവികനാണ് നമ്മൾ ഇനിയും കണ്ടുമുട്ടിയേക്കാം. ബൈ ബൈ ഫിലാഡൽഫിയ










