വംശനാശഭീഷണി നേരിടുന്ന ബംഗാൾ കടുവയുടെ പാർപ്പിടത്തിന് പേരുകേട്ട ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ദേശീയ ഉദ്യാനമാണ് ജിം കോർബറ്റ് നാഷണൽ പാർക്ക്. ഉത്തരാഖണ്ഡിലെ നൈനിറ്റാൽ ജില്ലയിലെ ഹിമാലയത്തിന്റെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന വലിയ കോർബറ്റ് ടൈഗർ റിസർവിന്റെ ഭാഗമാണ് കോർബറ്റ് നാഷണൽ പാർക്ക്. കടുവകൾ പോലുള്ള അപൂർവങ്ങളായ സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രമാണ്.
രാത്രികാലങ്ങളിൽ താമസ സൗകര്യം ഏർപ്പെടുത്തിയ ചുരുക്കം ചില കാടുകളിൽ ഒന്നാണ് കോർബറ്റ് ടൈഗർ റിസർവ്വ്. 650 ലധികം ഇനം അപൂർവങ്ങളിൽ അപൂർവ്വമായ പക്ഷികളും ദേശാടനപക്ഷികളുടെയും ആവാസകേന്ദ്രമാണ്. മാത്രവുമല്ല പക്ഷിനിരീക്ഷരുടെ സങ്കേതം കൂടിയാണ് കോർബറ്റ് ടൈഗർ റിസർവ്വ്.
കോർബറ്റ് നാഷണൽ പാർക്കിലെ ഏറ്റവും പ്രശസ്തമായ ആകർഷണം പാട്ടീൽ ഡൺ വാലിയുടെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഫോറസ്റ്റ് ലോഡ്ജായ ധികാലയാണ്.
1936 ൽ ഹെയ്ലി നാഷണൽ പാർക്ക് എന്ന പേരിൽ സ്ഥാപിക്കപ്പെട്ടു. പിന്നീട് പ്രശസ്ത വേട്ടക്കാരനും പ്രകൃതിശാസ്ത്രജ്ഞനുമായ ജിം കോർബറ്റിന്റെ നാമത്തിലാണ് ജിം കോർബറ്റ് നാഷണൽ പാർക്ക് അറിയപ്പെട്ടത് . 1973 ൽ ടൈഗർ പ്രോജക്ട് ആരംഭിച്ച ആദ്യത്തെ ഇടമായിരുന്നു കോർബറ്റ് ടൈഗർ റിസർവ്വ്. ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ബിജ്റാനി, ധികാല, ജിർന, ഡൊമുണ്ട, സോനാനന്ദി എന്നിങ്ങനെ 5 സോണുകളായി 500 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയുള്ള ഈ പാർക്കിനെ തരാം തിരിച്ചു.
ഒരു നിർദ്ദിഷ്ട സോണിന് പെർമിറ്റുകൾ ആവശ്യമാണ്, ആ സോണിൽ മാത്രമേ സഫാരിയും അനുവദിക്കൂ. ഒരു ദിവസം 180 വാഹനങ്ങൾക്ക് മാത്രമേ കോർബറ്റ് നാഷണൽ പാർക്കിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ. ജൂലൈ മുതൽ ഒക്ടോബർ വരെ മഴക്കാലത്ത് ഇം കോർബറ്റ് നാഷണൽ പാർക്ക് അടക്കുന്നതാണ്. എന്നിരുന്നാലും, ജിർന, ധേല, സീതബാനി ടൂറിസം മേഖലകൾ വർഷം മുഴുവനും സഞ്ചാരികൾക്കായി തുറന്നിരിക്കും.
